കാന്തൻപാറ വെള്ളച്ചാട്ടത്തിനരികെ | ഫോട്ടോ: ഷമീർ മച്ചിങ്ങൽ
പ്രകൃതിയെ തൊട്ടറിഞ്ഞ്, തലകുനിച്ച്, ദുർഘടമായൊരിടത്തേക്ക് മറ്റൊരാളുടെ കൈപിടിച്ചെത്തുക. അവിടെയെത്തിയാൽപ്പിന്നെ മനസ്സിൽ ആകുലതകളില്ല, ഞാനെന്ന ഭാവമില്ല. നമ്മളെ തൊട്ടുപോകുന്ന കാറ്റിനുപോലും വല്ലാത്ത ഒരു അനുഭൂതിയാവും. മകനേ നിനക്കിരിക്കട്ടെ ഇത്തിരി തണുപ്പെന്ന് ആശ്വസിപ്പിച്ച് പ്രകൃതി മഴയായും കാറ്റായും കാട്ടുചോലയായും നമ്മളെ തണുപ്പിക്കും. ആ നേരം കണ്ണടച്ചിരിക്കണം. തണുപ്പൊന്ന് ആത്മാവിൽ നിറയ്ക്കണം. അത്രമേൽ മനോഹരമാണ് ഓരോ യാത്രയും...
കാന്തൻപാറയിലേക്കുള്ള വഴികളും അങ്ങനെത്തന്നെ. പരസ്പരസഹായത്തിന്റെയും സ്നേഹത്തിന്റെയും കൈമാറ്റമെന്ന് അടയാളപ്പെടുത്തിയ യാത്ര. കാട്, ചെങ്കുത്തായ മലയിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം, പുഴ, പാറക്കെട്ടുകൾ, ഓരോ വഴികളും പുതുതായി വെട്ടണം. ഓരോ ദൃശ്യവും ഏറെ പ്രിയപ്പെട്ടതും.
യാത്രികരുടെ കൂട്ടമായ ഗ്ലോബ് ട്രക്കേഴ്സിനൊപ്പമായിരുന്നു ട്രക്കിങ്. പുഴയുടെ ഓരംപിടിച്ച് കാട്ടിലൂടെ സ്ത്രീകളടക്കം 27 പേരടങ്ങുന്ന സംഘം. ട്രക്കിങ്ങിന്റെ പ്രയാസമറിയാവുന്നതുകൊണ്ട് കൈയിലെടുത്തത് മൊബൈലും ക്യാമറകളുംമാത്രം. യാത്രികരെ അഞ്ചുപേരടങ്ങുന്ന ചെറുസംഘങ്ങളായി തിരിച്ചു. ഏറ്റവും മുന്നിൽ അനുഭവസമ്പത്തുള്ളവരും പ്രദേശം അറിയാവുന്നവരും. വാക്കിടോക്കിയിലൂടെ മുന്നിൽ നടക്കുന്ന സംഘം കൈമാറുന്ന നിർദേശങ്ങൾക്കനുസരിച്ചായിരുന്നു യാത്ര.

പുഴ കടന്ന്, കാടിനെയറിഞ്ഞ്...
പുഴമുറിച്ച് അക്കരെ കടന്നു, പിന്നാലെ ചെങ്കുത്തായ ഇറക്കം. ചെറിയ കുന്നുകളിൽനിന്ന് വെള്ളം പതിക്കുന്ന ശബ്ദം, നീണ്ടുകിടക്കുന്ന പുഴ, ഭൂമിയും ആകാശവും തൊട്ടുള്ള കാഴ്ചകൾ. കൂറ്റൻ പാറകൾക്കിടയിലൂടെ അള്ളിപ്പിടിച്ചിറങ്ങണം. ഇട്ടിരിക്കുന്ന ഷൂ ട്രക്കിങ്ങിന് യോജിച്ചതല്ലെന്ന് എളുപ്പം തിരിച്ചറിഞ്ഞു. പലസ്ഥലത്തും ഞരങ്ങിയിറങ്ങി. വീഴ്ചകളിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെടുന്നു. ഒടുക്കം ഷൂ ഊരി ബാഗിൽ കെട്ടിവെച്ചു. സൂര്യൻ ഇപ്പോൾ തലയ്ക്ക് മുകളിൽത്തന്നെയുണ്ട്. പാറ ചുട്ടുപൊള്ളുന്നുണ്ട്, പാദങ്ങളിൽ അറിയുന്നുണ്ട് കാടിന്റെ കാഠിന്യം.
കയറുകെട്ടി വെള്ളച്ചാട്ടം കടന്നു. താഴെ വലിയ കൊക്കയാണ്. ഒപ്പമുള്ള അഗസ്റ്റിന്റെ കൈപിടിച്ച് പാറയുടെ ഇടയിലൂടെനൂണ്ട് പുഴകടന്നു. പിന്നാലെ വലിയ താഴ്ച. വടംകെട്ടി കയറിൽ തൂങ്ങിയിറങ്ങണം. മെയ്യും മനസ്സും ഏകാഗ്രമാക്കി, ഒരു കൈയിൽ ക്യാമറ ഓണാക്കി മറുകൈയിൽ കയറും പിടിച്ചിറങ്ങി. വീണ്ടും നടത്തം.
വെള്ളരിമലയിൽനിന്നുതുടങ്ങുന്ന ഈ നീരുറവ മലകളെ കടന്ന് സമതലങ്ങളിലെത്തുമ്പോൾ ചാലിയാറാകും. ചെമ്പ്രമലയെയും വെള്ളരിമലയെയും ചുറ്റുന്ന കൈവഴികൾ ഇവിടെയിത് ചുളുക്കപുഴയും മീനാക്ഷി പുഴയും കള്ളാടി പുഴയും ചൂരൽമല പുഴയെന്നുമൊക്കെ പേരിൽ ഒഴുകുന്നു. ഇനിയും സംരക്ഷിക്കപ്പെടേണ്ട അതീവ പരിസ്ഥിതിലോല മേഖലകളാണിത്.

പുഴയുടെ കൈവഴികളിൽ പുത്തുമല
പുഴയരികിലൂടെ മുന്നോട്ടുനടന്നപ്പോൾ ജനൽക്കമ്പികളും വീടിന്റെ അവശിഷ്ടങ്ങളും പാത്രങ്ങളും പുതപ്പും ചെരിപ്പുമെല്ലാം... 2019-ലെ പുത്തുമല ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ. ദുരന്തഭൂമിയിൽനിന്ന് പ്രളയജലത്തിനൊപ്പം ഒഴുകിയെത്തിയതാണ് ഇല്ലാതായൊരു ഗ്രാമത്തിന്റെ അവശേഷിപ്പുകൾ. പുത്തുമലയെ തൊട്ടൊരു പ്രാർഥന മനസ്സിലൂടെ കടന്നുപോയി.
നടത്തം വേഗത്തിലാക്കാൻ മുന്നിലുള്ള സംഘം വാക്കിടോക്കിയിലൂടെ നിർദേശിക്കുന്നുണ്ട്. പത്തുകിലോമീറ്ററോളം പാറകൾ ഇറങ്ങിയും കയറിയും വിശ്രമമില്ലാതെ അതീവ അപകടസാധ്യതയുള്ള ട്രക്കിങ്ങായിരുന്നു പിന്നെ. എവിടെങ്കിലും ഒന്നിരുന്നാൽ മതിയെന്നായി. പിന്നാലെ സൂചിപ്പാറയുടെ താഴ്‍വാരത്തെത്തി. ചുറ്റും മലകൾ, താഴെനിന്ന് നോക്കിയാൽ സൂചിപ്പാറയ്ക്കുമുകളിൽ സൂചിയുടെ അറ്റംപോലെയുള്ള അഗ്രഭാഗം കാണാം. വെള്ളം ഒഴുകിയിറങ്ങി പാറകൾ വെണ്ണക്കല്ലിൽ കൊത്തിയെടുത്തതുപോലെ. മനോഹരമായ താഴ്‍വാരം... അല്പസമയം വിശ്രമം.

തിരിച്ചുകയറണം, ഇറങ്ങിയ ദൂരമത്രയും
കാടറിയുന്ന, വഴിയറിയുന്ന ലൂക്കാ ഫ്രാൻസിസ് തിരക്കാക്കി. ഇനിയും കിലോമീറ്ററുകൾ നടക്കണം പുറത്തെത്താൻ. കാട്ടാനയ്ക്കുമുമ്പിലകപ്പെടാനും സാധ്യതയുണ്ട്. വഴിവെട്ടി ലൂക്ക മുമ്പിലുണ്ട്. വന്ന വഴികളത്രയും തിരിച്ചുകയറുകയാണ്. ആന നടന്നതും മരത്തിന്റെ ഇലവീണുമൂടിയതുമായ കുഴികൾ. സൂക്ഷിച്ചില്ലെങ്കിൽ കാല് കുഴിയിൽപ്പോകും. വടിയും കുത്തിപ്പിടിച്ചു ശ്രദ്ധയോടെയാണ് യാത്ര. കാട്ടിൽ വെളിച്ചം കുറയുന്നുണ്ട്. നടത്തത്തിന്റെ വേഗം കൂട്ടണം, പലരും ക്ഷീണിതരാണ്. ചിലർക്ക് ചെറിയ പരിക്കുകളുണ്ട്. സംഘാംഗമായ ഡോക്ടർ അസ്‍ലം മുഹമ്മദ് മരുന്നുകൾ നൽകി.
പുഴ മുറിച്ചു കയറുന്നത് പ്രയാസമേറിയതായിരുന്നു. നല്ല ആരോഗ്യവും പരിചയസമ്പത്തുമുള്ളവർക്കേ ഇത്തരം ഘട്ടങ്ങളിൽ മുന്നോട്ട് നയിക്കാൻ പറ്റൂ. ഗ്ലോബ് ട്രക്കേഴ്സിലെ പലരും പരിശീലനം നേടിയവരാണ്, അതു തുണയായി. മഴ ചെറുതായി പെയ്യുന്നത് ആശങ്കയേറ്റി. ഇനി അധികവും കയറ്റമാണ്. അതും ഉരുളൻപാറയുടെ മുകളിലൂടെ. പാറകൾ നനഞ്ഞു തെന്നാൻ തുടങ്ങി. സംഘാംഗങ്ങളുടെ കൈപിടിച്ച് പുഴ മുറിച്ചുകടന്നു, കയറ്റം തുടങ്ങി. വെളിച്ചം കുറഞ്ഞുതുടങ്ങി. ഇനിയും രണ്ട് കയറ്റമുണ്ട്.

വലുതും ചെറുതുമായ ഇറക്കവും കയറ്റവും താണ്ടി ഞങ്ങൾ ഒരു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. കാന്തൻപാറക്ക് തൊട്ടുതാഴെയുള്ള രണ്ടാമത്തെ വെള്ളച്ചാട്ടം. ഇനിയൊരു വലിയ കയറ്റമാണ്. ആദ്യം കയറിയെത്തി പരിചയസമ്പന്നരായ അഗസ്റ്റിനുൾപ്പെടെയുള്ളവർ അക്ഷരാർഥത്തിൽ ഓരോരുത്തരെയായി വലിച്ചുകയറ്റുകയായിരുന്നു. ഈ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കയറ്റം, പുറകിൽനിന്ന് ലിന്റോയും ഷാജിയുമെല്ലാം തുണച്ചു.
ട്രക്കിങ്ങിന്റെ സൗന്ദര്യമതാണ്. സംഘാംഗമായ അഭിലാഷ് ഗോപിനാഥ് പറഞ്ഞപോലെ നമ്മുടെ ധീരതയും സാഹസികതയും പ്രകടിപ്പിക്കാനുള്ള ഇടമല്ലത്. പരസ്പരം കൈകൊടുത്ത്, താങ്ങായി, എല്ലാ ഈഗോകളെയും മാറ്റിവെച്ച് പ്രകൃതിയെ ആദരിക്കാനുള്ള ശ്രമമാണ് ഓരോ ട്രക്കിങ്ങും.. അവസാന കയറ്റവും കയറി കാടിനെ മനസ്സിൽ നിറച്ച് ഞങ്ങളും മടങ്ങി നാടിന്റെ തിരക്കുകളിലേക്ക്.
Content Highlights: Kanthanpara Waterfalls, Kanthanpara Trekking, Adventure Travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..