
അടയാളക്കല്ലിൽനിന്നുള്ള കാഴ്ച | ഫോട്ടോ: മാതൃഭൂമി
കട്ടപ്പന: ഇപ്പോഴും അധികം സഞ്ചാരികളെത്താത്ത പ്രകൃതിസൗന്ദര്യം തുളുമ്പുന്ന പല പ്രദേശങ്ങളും ഹൈറേഞ്ചിലുണ്ട്. അത്തരം ഒരു സ്ഥലമാണ് ഇരട്ടയാർ ചെമ്പകപ്പാറ മേഖലയിലെ അടയാളക്കല്ല്. തമിഴ്നാട് അതിർത്തി പ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമായ രാമക്കൽമേടിനോട് തോന്നുന്ന സാദൃശ്യമാണ് അടയാളക്കല്ലിന്റെ പ്രത്യേകത.
ഇരട്ടയാറിൽനിന്ന് ചെമ്പകപ്പാറ റോഡിൽ കരടിയള്ളിൽനിന്ന് കുത്തനെയുള്ള കയറ്റം കയറിയാൽ അടയാളക്കല്ലിലെത്താം. ഇരട്ടയാറിൽനിന്ന് ആറുകിലോമീറ്റർ മാത്രമാണ് ദൂരം. കൊടും വളവുകൾ നിറഞ്ഞ ചെങ്കുത്തായ പാത ഒരു ചുരം കയറിപ്പോകുന്ന പ്രതീതിയാണ് സഞ്ചാരികളിൽ തോന്നിക്കുക. കോടമഞ്ഞും കാറ്റുമേറ്റ് മുകളിലെത്തിയാൽ ഒഴുകിനീങ്ങുന്ന മേഘങ്ങൾ കാണാം. കാറ്റിൽ മേഘങ്ങൾ മാറുമ്പോൾ ഹൈറേഞ്ചിന്റെ വിവിധ സ്ഥലങ്ങളിൽ പച്ചവിരിച്ച് നിൽക്കുന്ന കൃഷിയിടങ്ങളും കുന്നിൻ ചെരിവുകളിലെ ചെറുപട്ടണങ്ങളും കാണാം.
മൂന്നാർ ഗ്യാപ്പ് റോഡ്, രാമക്കൽമേട് കാറ്റാടിപ്പാടം, കട്ടപ്പന നഗരം, പള്ളിവാസൽ ജല വൈദ്യുത നിലയത്തിന്റെ രാത്രിക്കാഴ്ചയും സഞ്ചാരികൾക്ക് ദൃശ്യവിസ്മയം ഒരുക്കുന്നു. ചുരുക്കം വഴിയാത്രക്കാർക്കും നാട്ടുകാർക്കും അല്ലാതെ പുറത്തുനിന്നുള്ള സഞ്ചാരികൾക്ക് ഇന്നും അജ്ഞാതമാണ് ഈ പ്രദേശം. കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ പ്രദേശത്ത് ഇരട്ടയാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കണമെന്ന് നാട്ടുകാർ പറയുന്നു.
സഞ്ചാരികൾ ഏറെ എത്തുവാൻ സാധ്യതയുള്ള സ്ഥലമാണ് അടയാളക്കല്ല് പ്രദേശത്ത് അടിസ്ഥാന സൗകര്യം ഒരുക്കാൻ പഞ്ചായത്ത് നടപടിയെടുക്കണം
-വർഗീസ് തോമസ്, കുപ്പക്കൽ പ്രദേശവാസി
ഭൂവുടമകൾ സഹകരിക്കണം
പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ ഹൈറേഞ്ചിലെ മറ്റു പ്രദേശങ്ങളേക്കാൾ മികച്ച പ്രദേശമാണ് അടയാളക്കല്ല്. പ്രദേശത്തെ ഭൂവുടമകൾ പഞ്ചായത്തുമായി സഹകരിച്ചാൽ സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യം ഒരുക്കും.
-റെജി ഇലിപ്പുലിക്കാട്ട്, ഇരട്ടയാർ പഞ്ചായത്തംഗം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..