റാന്നിയില്‍ വരുമ്പോള്‍ ഓര്‍മയില്‍ ഓടി എത്തുന്ന സ്ഥലമാണ് പെരുന്തേനരുവി. അത്തിക്കയം വഴി പെരുന്തേനരുവി വരുന്നവര്‍ക്ക് കാടും മേടും തോടും കയറിയിറങ്ങുന്ന  ഓഫ് റോഡ് അനുഭവമാണ് സമ്മാനിക്കുന്നത്. പകുതി ദൂരം പിന്നിട്ടു കഴിഞ്ഞാല്‍ യാത്ര പെരുന്തേനരുവിയില്‍ ഡാമിന് സമീപം എത്തുമ്പോള്‍ പാര്‍ക്കിംഗ് സൗകര്യം ലഭിക്കുന്നത്  ഒരാശ്വാസമാണ്. മഴക്കാലം കഴിഞ്ഞുള്ള യാത്ര തിരഞ്ഞെടുത്താല്‍ പെരുന്തേനരുവി ഗാംഭീര്യത്തോടെ നിറഞ്ഞു കുത്തിയൊഴുകുന്ന കാഴ്ച ആരിലും ആരവമുയര്‍ത്തും. 

വേനല്‍ക്കാലമായാല്‍ പെരുന്തേനരുവി വറ്റി വരണ്ടു കിടക്കുന്നതു കണ്ടാല്‍ സങ്കടം അലതല്ലിയെത്തും. ആര്‍ത്തലച്ചു ഒഴുകിയിരുന്ന അരുവിയില്‍ ഡാം കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തി ജലവൈദ്യുതി ഉത്പാദനം കഴിഞ്ഞു തുറന്നു വിടുന്ന ജലം വീണ്ടും അരുവിയിലേക്കു എത്തുമ്പോള്‍ പഴയ പോലെ കാണാന്‍ ചന്തം ഇല്ല. അതുകൊണ്ടു മഴക്കാലത്തിനു ശേഷം അരുവി കാണാന്‍ ഇറങ്ങി തിരിച്ചാല്‍ മനസ്സില്‍ നിറച്ചാര്‍ത്തായി പെരുന്തേനരുവി നല്‍കുന്ന പെരുത്ത സന്തോഷം അനുഭവിക്കാം. തെന്നി കിടക്കുന്ന പാറക്കെട്ടുകളില്‍ സ്വയം സൂക്ഷിച്ചു  സുരക്ഷിതമായി കാഴ്ച കാണാന്‍ ശ്രദ്ധിക്കണം. 

തട്ടുകളായ പാറയിടുക്കില്‍ കൂടി കുതിച്ചു പായുന്ന വെള്ളത്തിന്റെ ഹുങ്കാര ശബ്ദവും പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ നിറവും കണ്ടു പരിസരം മറന്നു നിന്ന് പോകുന്ന അനുഭൂതി പറഞ്ഞു ഫലിപ്പിക്കുന്നതു എളുപ്പമല്ല.  ആവേശം കൂടുമ്പോള്‍ പാറയില്‍ വഴുക്കല്‍ സാധ്യത ഉള്ളതിനാല്‍  വെള്ളത്തില്‍ ഇറങ്ങാന്‍ തുനിയാതെ സ്ഥലം ചുറ്റിയടിച്ചു കാണുന്നതാണ് അഭികാമ്യം. പായല്‍ പിടിച്ചു കിടക്കുന്ന പാറയില്‍ നമ്മളറിയാതെ തെന്നി വീഴാന്‍ ഉള്ള സാധ്യത നിസാരമായി കാണാതിരുന്നാല്‍ യാത്ര ആസ്വദിക്കാം.  

നദിക്കു കുറുകെയുള്ള പാലത്തിന്റെ ഇരുകരയിലും കാണാന്‍ എത്തുന്നവരുടെ മനസ് കുളിര്‍പ്പിക്കുന്ന കാനന ഭംഗി തുളുമ്പുന്ന കാഴ്ചകള്‍ മതിയാവോളം കണ്ടു മടങ്ങാം. മറുകരയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിനോദ സൗകര്യം ഒരുക്കിയത് തുടക്കത്തിലേ ആവേശം മാത്രമായി ഒതുങ്ങാതെ  മെച്ചപ്പെട്ട പരിപാലനവും കൂടുതല്‍ അനുബന്ധ സംവിധാനങ്ങളും വൈവിധ്യമാര്‍ന്ന രീതിയില്‍ ഒരുക്കി ഒരിക്കല്‍ എത്തുന്ന സഞ്ചാരികളെ വീണ്ടും സന്ദര്‍ശിക്കാന്‍ കഴിയുന്ന നിലയിലേക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷകമാകണം.  

പരിമിതമായ വരുമാന സാധ്യതകള്‍ വര്‍ധിപ്പിച്ചു മുകളിലുള്ള നാവീണരുവി, പതിനൊന്നു തട്ടുകളുള്ള പനംകുടന്ത, താഴെയുള്ള കട്ടിക്കലരുവി തുടങ്ങിയ സമീപ പ്രദേശങ്ങളെ  ചെയിന്‍ ടൂറിസം വഴി പരസ്പരം ബന്ധപ്പെടുത്തി കാനനസൗന്ദര്യം ഒപ്പിയെടുക്കാന്‍  ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ മതിയാകാതെ വന്നാല്‍ പ്രകൃതിയോട് ചേര്‍ന്ന് മധ്യ സ്ഥലമായ പെരുന്തേനരുവിയില്‍ തങ്ങാനും ഭാവിയില്‍  മികച്ച വഴി തെളിയുമെന്നു കരുതാം.

വന്ന വഴി തിരികെ മടങ്ങാന്‍ ഇനി വീണ്ടും ഒരു ഓഫ് റോഡ് പരീക്ഷണത്തിന് നില്കാതെ പാലം കയറി മറുവഴിയുള്ള റോഡ് തെരഞ്ഞെടുത്തു.   അല്പം വളഞ്ഞ വഴിയില്‍ കൂടി കൂടുതല്‍ സഞ്ചരിക്കണമെന്നത് മാത്രമാണ് പ്രയാസമായി തോന്നിയത്. വഴി ഏതായാലും യാത്ര ആരംഭിച്ച അത്തിക്കയത്തു തന്നെ പോയത് പോലെ  രണ്ടു വഴികളും തിരിച്ചു കൂട്ടിമുട്ടും എന്ന് ഓര്‍ത്തപ്പോള്‍ ആശ്വാസവും തോന്നി. 

പെരുന്തേനരുവി പാലം കടന്നു മുക്കൂട്ടുതറ സൂചനാ ഫലകം കണ്ടു മുന്‍പോട്ടു പോയി  വെച്ചൂച്ചിറ റൂട്ടില്‍ പരുവ  എത്തി  തിരിഞ്ഞു  മടന്തമണ്‍ വഴി അത്തിക്കയം കണ്ടു തുടങ്ങിയപ്പോള്‍ ശ്വാസം നേരെ വീണു. പെരുന്തേനരുവിക്കു അത്തിക്കയം, തോണിക്കടവ്, കുടമുരുട്ടി വഴി പോയ വഴിയെക്കാള്‍ ദൂരക്കൂടുതല്‍ തോന്നിച്ച തിരിച്ചു വന്ന വഴി സമയം എടുത്തെങ്കിലും കാടും മേടും ഹരിതാഭ നിറഞ്ഞ ഇടുങ്ങിയ റോഡിനിരുവശവും തിങ്ങി നിറഞ്ഞ  ഗ്രാമീണ ഭംഗി  ഞങ്ങളെ നിരാശരാക്കിയില്ല. 

ദൂരക്കൂടുതല്‍ ഉള്ള മറുകര വഴി സൂചനാബോര്‍ഡുകള്‍  നോക്കിയും വിജനമായ വഴിവക്കില്‍ വിരളമായി കണ്ടവരോടു  ചോദിച്ചും പറഞ്ഞും അത്തിക്കയം റൂട്ടില്‍ തിരികെ എത്തിയപ്പോള്‍ സമാധാനമായി.അത്തിക്കയത്തു എത്തിയപാടെ ബസ് സ്റ്റാന്‍ഡിനു സമീപം കണ്ട ചായക്കടയില്‍ കയറി ഞങ്ങള്‍ ചായ കുടിക്കാന്‍ വണ്ടിയൊതുക്കി. കൂട്ടത്തില്‍ നാലുമണി കടികള്‍ ഒരു പാത്രം നിറച്ചു മുന്‍പില്‍ എത്തിയപ്പോള്‍ മുഴുവന്‍ തീര്‍ക്കാനുള്ളതാണ് എന്ന് വിചാരിച്ചു പാത്രം കാലിയാക്കാന്‍ തിടുക്കം കൂട്ടി.  

പലതരം പലഹാരങ്ങള്‍ ഒരുമിച്ചു ഒരു പാത്രത്തില്‍ കൂനകൂട്ടി മുന്നിലെത്തിയപ്പോള്‍ ആവേശം അടങ്ങാതെ പലഹാര പാത്രം ഒന്നൊന്നായി തീരുന്നതു അറിഞ്ഞില്ല. ചായകുടി കഴിഞ്ഞപ്പോള്‍ പലഹാരക്കൂട്ടം പരമാവധി തീര്‍ത്തു തൃപ്തിയായി ചായക്കടയുടെ പടിയിറങ്ങി.  വണ്ടിയുടെയും യാത്രക്കാരുടെയും ഓഫ് റോഡ് അനുഭവം അടുത്ത കാലത്തെങ്കിലും മാറികിട്ടുമെന്ന പ്രതീക്ഷയില്‍ പെരുന്തേനരുവി സമ്മാനിച്ച ഓര്‍മ്മയില്‍ തിരിച്ചു വരുന്ന വഴിയില്‍ ഭാര്യവീടായ പേമരുതിയില്‍ എത്തി വീടണഞ്ഞു.

ഡാം ടൂറിസത്തോടു ചേര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ കുടുംബശ്രീ, വനശ്രീ ഉത്പന്നങ്ങള്‍ , ഭഷ്യ വിഭവങ്ങള്‍, കാന്റീനുകള്‍  ഉള്‍പ്പെടെ തദ്ദേശ പങ്കാളിത്തം ഉറപ്പു വരുത്താനും  ശ്രദ്ധപതിപ്പിക്കണം. ബാംബു, വന, ആയുര്‍വേദ, ഹെര്‍ബല്‍, എണ്ണ,  ഉത്പന്നങ്ങള്‍ ,  അടങ്ങുന്ന സ്റ്റാളുകള്‍, ഇക്കോ ഷോപ്സ് തുടങ്ങിയ  ഡാം ടൂറിസത്തോടു ചേര്‍ന്ന് ക്രമീകരിക്കാനും പ്രാദേശിക വിപണി സാധ്യത ഉപയോഗപ്പെടുത്താനും മുന്‍ഗണന ഉണ്ടാകണം.

കെഎഫ് ഡി സി, കെ റ്റി ഡി സി  ശൃംഖല പരസ്പരം ബന്ധപ്പെടുത്തി ഡാമുകളോട് ചേര്‍ന്ന് വിനോദത്തിനും താമസത്തിനും ഉതകുന്ന രീതിയില്‍ പെരുന്തേനരുവിയോട്  ചേര്‍ന്ന് പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കേണ്ടതാണ്. പെഡല്‍ ബോട്ട്, സിപ് ലൈന്‍ , വാട്ടര്‍ സ്‌കൂട്ടര്‍, കുട്ടവഞ്ചി, മുളചങ്ങാടം, തുഴവഞ്ചി, കയാക്കിങ്  തുടങ്ങിയ ഡാമുകള്‍ക്കു അനുയോജ്യമായ വിനോദങ്ങള്‍ സമീപ ഭാവിയില്‍ ഏര്‍പെടുത്തുവാന്‍ പദ്ധതികള്‍  ആവിഷ്‌കരിക്കുമെന്ന് കരുതാം. 

വില്ലേജ് ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞു സ്വന്തം നാട്ടിലെ പ്രകൃതി കനിഞ്ഞ പ്രദേശങ്ങള്‍ ഓരോ പഞ്ചായത്തിലും ഉയര്‍ന്നുവരുന്ന നല്ല നാളേക്കുവേണ്ടി സഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന വൈവിധ്യങ്ങള്‍ നിറക്കുന്ന കാഴ്ചകളുടെ നവീന കേന്ദ്രങ്ങള്‍  ആയി വീണ്ടും കാണണമെന്ന താല്പര്യത്തോടെ അടുത്ത യാത്രയുടെ പ്ലാന്‍ മനസ്സില്‍ വരച്ചു  കാത്തിരിക്കുന്നു .

എങ്ങനെ എത്താം?

പത്തനംതിട്ടയിലെ വെച്ചൂചിറ ഗ്രാമത്തിലാണ് പെരുന്തനരുവി വെള്ളച്ചാട്ടം. വെച്ചൂചിറ നവോദയ സ്‌കൂളില്‍ നിന്നും അഞ്ചുമിനിറ്റ് നടക്കാനുള്ള ദൂരമുണ്ട്. അടുത്തുള്ള പട്ടണം റാന്നിയും തിരുവല്ലയുമാണ്. തിരുവല്ലയിലേക്ക് 16 കിലോമീറ്റര്‍ ദൂരമുണ്ട്. ട്രെയിനില്‍ വരുന്നവര്‍ക്ക് തിരുവല്ലയിലോ ചെങ്ങന്നൂരിലോ ഇറങ്ങാം. റോഡ് മാര്‍ഗം പത്തനംതിട്ട-റാന്നി, കോട്ടയം-എരുമേലി വഴികളിലൂടെ പെരുന്തേനരുവി എത്താം. അടുത്തുള്ള ബസ് സ്റ്റേഷന്‍ റാന്നിയാണ്.

സന്ദര്‍ശിക്കാവുന്ന സമയം

സെപ്റ്റംബര്‍ മുതല്‍ മേയ് വരെ സന്ദര്‍ശിക്കാവുന്ന സമയമാണ്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനസമയം.

കാണാനുള്ള മറ്റ് സ്ഥലങ്ങള്‍

കോന്നി, ഗവി, ചരല്‍കുന്ന്, കവിയൂര്‍, മണിയാര്‍, മൂഴിയാര്‍, ശബരിമല, ആറന്മുള, പമ്പ, നിരണം, കക്കി റിസവര്‍വോയര്‍, പന്തളം.

Content Highlights: what all you can explore in perumthenaruvi