കോഴിപ്പാറ വെള്ളച്ചാട്ടം | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി
പതിവില്‍നിന്ന് വ്യത്യസ്തമായി സ്വന്തം വണ്ടിയിലാകാമെന്ന് വെച്ചു ഇപ്രാവശ്യത്തെ യാത്ര. മലപ്പുറം ജില്ലയിലെ കോഴിപ്പാറ വെള്ളച്ചാട്ടമാണ് ലക്ഷ്യം. മലയോര മേഖലയാണ്. റോഡ് എങ്ങനെയായിരിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. മുക്കത്ത് നിന്ന് കാരമൂല വഴി കൂടരഞ്ഞിയെത്തി. ഇന്ധനം നിറയ്ക്കാന്‍ കയറിയപ്പോള്‍ അവിടത്തെ ജീവനക്കാരനോട് വഴി കൃത്യമായി ചോദിച്ചു മനസിലാക്കി. കൂടരഞ്ഞിയില്‍ നിന്ന് കക്കാടംപൊയിലിലെത്തിയിട്ട് വേണം കോഴിപ്പാറയിലെത്താന്. മലയോരഹൈവേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ട് എളുപ്പത്തിലെത്താവുന്ന വഴി അടച്ചിരിക്കുന്നു. ഇനി കൂമ്പാറ വഴി വേണം പോകാന്‍.
കൂമ്പാറയെത്തിയപ്പോഴേക്കും മലയോര ഹൈവേയുടെ രൂപപ്പെടല്‍ കണ്ടുവന്നു. ഇവിടെയൊരു റോഡുണ്ടായിരുന്നു എന്ന് പല വഴികളും ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു. കൂമ്പാറ പിന്നിട്ട് അല്പദൂരം ചെന്നപ്പോള്‍ ഒന്ന് ഞെട്ടി. മുകളിലേക്കാണ് പോകേണ്ടത്. കുത്തനെയുള്ള വഴിയില്‍ നിറയെ പൊടിപടലവും ചെളിയും. റോഡ് നിര്‍മാണത്തിന്റെ കോലാഹലങ്ങള്‍ വേറെയും. കക്കാടംപൊയിലിലെത്താന് ഈയൊരു വഴി മാത്രമേയുള്ളോ എന്ന് അടുത്തുവന്ന നാട്ടുകാരനോട് തിരക്കി. അതെ എന്ന് മറുപടി. ഉള്ളൊന്ന് കാളി. എന്തും വരട്ടെ എന്ന് വിചാരിച്ച് ബൈക്ക് മുന്നോട്ടെടുത്തു.

മുന്നോട്ടുള്ള വഴിയില്‍ പലയിടത്തും റോഡ് എന്നൊരു വസ്തു ഉണ്ടായിരുന്നില്ല. വഴി നമ്മള് സ്വയം ഒരുക്കണം എന്ന അവസ്ഥ. പ്രധാന ഘട്ടം പിന്നിട്ടപ്പോള്‍ പിന്നീടങ്ങോട്ട് കാഴ്ചകളുടെ തലപ്പുകള്‍ ഉയര്‍ന്നുവരികയാണ്. കയറ്റങ്ങള്‍ മാത്രമുള്ളത്, അതും സാമാന്യം നല്ല രീതിയില്‍ വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡ്. ഒരു ഭാഗത്ത് റിസോര്‍ട്ടുകള്‍ കാണാം. മറുഭാഗത്ത് കൃഷിഭൂമിയും അതിനപ്പുറം മലനിരകളും. നേരത്തെ അനുഭവിച്ച കഷ്ടപ്പാട് അല്പം മറക്കാമെന്ന് തോന്നി. പിന്നെയും മുന്നോട്ട് നീങ്ങിയപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വലിയ വാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും പോകാനായി പ്രത്യേകം റോഡുകള്‍ തിരിച്ചിട്ടിരിക്കുന്നത് കണ്ടു. ഇരുചക്രവാഹനയാത്രക്കാര്‍ക്ക് അനുവദിച്ചിരുന്ന റോഡിലൂടെ അല്പദൂരം പോയപ്പോഴേക്കും കക്കാടംപൊയില്‍ അങ്ങാടിയായി.,നേരെ കണ്ട റോഡിലൂടെ കുറച്ചുപോയപ്പോഴേക്കും കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ള സൂചനാ ബോര്‍ഡ് കണ്ടു. വരാനിരിക്കുന്ന കാഴ്ചകള്‍ എന്തെല്ലാമായിരിക്കും എന്ന ആകാംക്ഷ മനസില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ യാത്ര തുടര്‍ന്നു.

ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമാണ് കക്കാടംപൊയിലില്‍ നിന്ന് കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ളത്. വീതി കുറഞ്ഞ വഴിയിലൂടെ പോകുമ്പോള്‍ കാപ്പിച്ചെടി പൂത്ത ഗന്ധം നാസാരന്ധ്രങ്ങളെ തേടിയെത്തി. കക്കാടംപൊയില്‍ കോഴിക്കോട് ജില്ലയിലാണെങ്കിലും വെള്ളച്ചാട്ടം മലപ്പുറം ജില്ലയിലാണ്. വീതി കുറഞ്ഞ റോഡാണ്. ഇരു വശങ്ങളും കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. ഒരു കയറ്റത്തിന്റെ ഓരം ചേര്‍ന്നാണ് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റെടുക്കാനുള്ള കൗണ്ടര്‍. കൗണ്ടറിനോട് ചേര്‍ന്ന് വനവിഭവങ്ങള്‍ വാങ്ങാനുള്ള സ്റ്റാളുമുണ്ട്. നാല്പത് രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ടിക്കറ്റെടുത്തശേഷം വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടക്കാനാരംഭിച്ചു. വീതികുറഞ്ഞ പാതയില്‍ ഇന്റര്‍ലോക്ക് ഇഷ്ടികകള്‍ പാകി വൃത്തിയാക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്റെ നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകള്‍ അവിടവിടെയായി സ്ഥാപിച്ചിട്ടുണ്ട്.

വലിയ പാറക്കെട്ടാണ് മുന്നില്‍. അപ്പുറമാണ് വെള്ളച്ചാട്ടം. കനത്ത ചൂടില്‍ വെള്ളം കുറഞ്ഞ് ശോഷിച്ചാണ് ജലപാതത്തിന്റെ സഞ്ചാരം. കനത്ത ചൂടില്‍ പൊള്ളിനില്‍ക്കുകയാണ് ഉരുളന്‍കല്ലുകളുടെ ചെറുതും വലുതുമായ കൂട്ടങ്ങള്‍. നിറഞ്ഞൊഴുകുന്ന സമയത്ത് വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാതിരിക്കാന്‍ സ്ഥാപിച്ച വേലി സാക്ഷിയായി നില്പുണ്ട്. ജലപാതത്തിനപ്പുറം വനമാണ്. അതിനും അപ്പുറം മലനിരകള്‍. എല്ലാം വെയില് കൊണ്ട് അവശരാണ്. വന്ന സമയം തെറ്റിയോ എന്നൊരു സംശയം മാത്രം മനസില്‍ ബാക്കി നിന്നു.

വെള്ളച്ചാട്ടത്തിനിപ്പുറം നിന്ന് കാഴ്ചകള്‍ കാണവേ ഒരു വാച്ചറെത്തി. ടിക്കറ്റ് കൗണ്ടറില്‍ നേരത്തെ ഇരുന്നയാളാണ്. വേലിക്കപ്പുറം ഒരു നിശ്ചിത ദൂരെ വരെ പോകാന്‍ അനുവാദമുണ്ടെന്ന് പറഞ്ഞു. അദ്ദേഹമാണ് പറഞ്ഞത് വെള്ളച്ചാട്ടം കോഴിക്കോടല്ല, മലപ്പുറം ജില്ലയിലാണെന്ന്. മറ്റുചില വിവരങ്ങള്‍ കൂടി അദ്ദേഹത്തില്‍ നിന്ന് അറിയാനായി. വനത്തില്‍ നിന്ന് യാത്രപുറപ്പെട്ട് കോഴിപ്പാറയിലെത്തുന്നതുവരെ ഈ ജലത്തിന് യാതൊരുവിധത്തിലുമുള്ള മനുഷ്യ സ്പര്ശവുമേല്ക്കുന്നില്ലത്രേ. നല്ല വൃത്തിയാണ് എല്ലായിടത്തും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാണാനേയില്ല എന്നത് സന്തോഷം തരുന്ന കാര്യമാണ്.

വെള്ളരിമലയില്‍ നിന്നാണ് വെള്ളച്ചാട്ടം ഉദ്ഭവിക്കുന്നത്. ഇതിന്റെ രണ്ട് കൈവഴികള്‍ മലപ്പുറം ജില്ലയിലും ഒരെണ്ണം കോഴിക്കോട് ജില്ലയിലൂടെയുമാണ് ഒഴുകുന്നത്. കാഞ്ഞിരപ്പുഴയും കുറുവമ്പുഴയുമാണ് മലപ്പുറത്തിന്റെ ഭാഗത്തുള്ളത്. കോഴിക്കോടിനോട് കൂട്ടുകൂടിയിരിക്കുന്നത് സാക്ഷാല്‍ ഇരുവഞ്ഞിപ്പുഴയും. കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭാഗത്തുള്ളത് കുറുവമ്പുഴയാണ്. ഈ മൂന്ന് നദികളും ചാലിയാറിലാണ് സംഗമിക്കുന്നത്. എല്ലാം അവസാനിക്കുന്നത് നിലമ്പൂരിലെ കനോലി പ്ലോട്ടിലുമാണ്.

ഒഴുക്ക് കുറവായത് അനുഗ്രഹമായി തോന്നിയത് മത്സ്യങ്ങളെ കണ്ടപ്പോഴാണ്. അധികം ഒഴുക്കില്ലാത്ത പുഴയില്‍ സൈ്വര്യവിഹാരം നടത്തുകയാണ് അവ. പാറക്കെട്ടുകളില്‍ രൂപംകൊണ്ട ചെറിയ കുഴികളില്‍ വെള്ളം കെട്ടിനില്‍പ്പുണ്ട്. അതിന് മേലെ പച്ചയും മഞ്ഞയും കറുപ്പും നിറങ്ങളില്‍ ചിത്രശലഭങ്ങള്‍ ധ്യാനിച്ചുകൊണ്ടിരുന്നു. എന്റെ കാലടി ശബ്ദം അവയുടെ സ്വസ്ഥതയെ രണ്ടായി മുറിച്ചു. ഒന്നിന് പിറകെ ഒന്നായി അവ എന്റെ ചുറ്റിനുമായി പറന്നുയര്‍ന്നു. ഒന്ന് വട്ടമിട്ടശേഷം വീണ്ടും പൂര്‍വസ്ഥിതിയിലേക്ക്, ധ്യാനത്തിലേക്ക്. പൂമ്പാറ്റകളെ ഇതേ രീതിയില്‍ ഒന്ന് രണ്ടിടങ്ങളില്‍ക്കൂടി കാണാനായി. സ്ഥിരം വാസസ്ഥാനമായിരിക്കണം.

ഏതാണ്ട് മൂന്നുമണിക്കൂറാണ് കോഴിപ്പാറയില്‍ ചിലവിട്ടത്. മഴയുടെ വരവറിയിച്ച് കാര്‍മേഘങ്ങള്‍ പതിയെ ഉരുണ്ടുകൂടാന്‍ തുടങ്ങിയിരുന്നു. വാഹനം വെച്ചയിടം ലക്ഷ്യമാക്കി നടക്കവേ പുതിയ യാത്രക്കാര്‍ വന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചു. ദുര്‍ബലമായ വെള്ളച്ചാട്ടത്തിലേക്ക് തിരിഞ്ഞുനോക്കി. മഴപെയ്ത് സുന്ദരിയാവുമ്പോള്‍ വീണ്ടും വരാമെന്ന് മനസില്‍ പറഞ്ഞുകൊണ്ട് യാത്രയവസാനിപ്പിച്ചു. തിരികെ കോഴിക്കോട്ടേക്ക്...
- വെള്ളച്ചാട്ടത്തിനടുത്ത് ഭക്ഷണശാലകളൊന്നുമില്ലാത്തതിനാല് ഭക്ഷണത്തിന് തിരികെ കക്കാടംപൊയില്‍ അങ്ങാടിയിലെത്തണം.
- അഞ്ച് മെഗാപിക്സലിന് മുകളില്‍ ക്യാമറയുള്ള സ്മാര്‍ട്ട്ഫോണാണ് കയ്യിലുള്ളതെങ്കില്‍ ടിക്കറ്റിനൊപ്പം പത്ത് രൂപ അധികം നല്‍കേണ്ടിവരും.
Content Highlights: Wanderings, Solo Travel, Travel to Kozhippara Waterfalls, Kakkadampoil Travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..