എൻ ഊര് ഗോത്ര ഗ്രാമം | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി
യാത്രകള്‍ക്കൊരു സ്വഭാവമുണ്ട്. നമ്മള്‍ പ്രതീക്ഷിക്കുന്ന അനുഭവമേ അല്ല തരിക. വന്‍ പ്രതീക്ഷയോടെ പോയി നിരാശ സമ്മാനിക്കുകയും അതേ സമയം ഒരു പ്ലാനുമില്ലാതെ പുറപ്പെട്ട് വന്‍ സര്‍പ്രൈസുകള്‍ നല്‍കുകയും ചെയ്യും ചിലയിടങ്ങള്‍. അനുഭവങ്ങളുടെ അങ്ങേയറ്റമായിരിക്കും ഓരോ യാത്രയും. ഒരു പ്രതീക്ഷയുമില്ലാതെ എത്തുകയും തിരിച്ചുപോരാതെ അവിടത്തന്നെ അങ്ങ് കുറ്റിയടിച്ച് നിന്നാലോ എന്ന് തോന്നിക്കുകയും ചെയ്യുന്ന ഒരിടം. അതാണ് വയനാട്ടില്‍ കേരളസര്‍ക്കാര്‍ തന്നെ സജ്ജീകരിച്ച എന്‍ ഊര് ഗോത്രഗ്രാമം.
യാത്ര പുറപ്പെടുന്നതിന് മുമ്പ് ചെറിയ വിവരശേഖരണമൊക്കെ നടത്തിയിരുന്നു. എവിടെ ഇറങ്ങണം, എപ്പോഴെത്തണമെന്നൊക്കെയുള്ള പൊതുവായ വിവരങ്ങള്‍. ഗ്രാമത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ലഭ്യമായിരുന്നെങ്കിലും അതിലേക്ക് മനഃപൂര്‍വം ശ്രദ്ധകൊടുത്തില്ല. കാരണം കാണാത്ത കാഴ്ചകള്‍ അതിമധുരമായിരിക്കുമല്ലോ. കെ.എസ്.ആര്‍.ടി.സി ബസാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. താമരശ്ശേരിയില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. ഫാസ്റ്റ് ബസ് തന്നെ കിട്ടി. എന്‍ ഊരിലേക്ക് പോകാന്‍ ഇറങ്ങേണ്ടത് ലക്കിടിക്ക് സമീപമുള്ള പൂക്കോട് വെറ്ററിനറി കോളേജ് സ്‌റ്റോപ്പിലാണ്. 43 രൂപ ടിക്കറ്റ് ചാര്‍ജ്.

രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ് എന്‍ ഊരിലേക്കുള്ള പ്രവേശനം. നേരത്തേയെത്താനായി നേരത്തേ തന്നെ യാത്ര പുറപ്പെട്ടു. എത്രയോവട്ടം കണ്ടതാണെങ്കിലും ചുരം കയറി മുകളിലെത്തുമ്പോള്‍ വെറുതേ ബസിനകത്ത് നിന്നും പുറത്തേക്ക് നോക്കും. ശീലമായിപ്പോയി. ആ മഞ്ഞും മലയും തണുപ്പും എത്ര അനുഭവിച്ചാലാണ് മതിവരിക. മഴക്കാലമായതിനാല്‍ ചുരത്തിന്റെ പലഭാഗങ്ങളിലുമുള്ള ചെറുവെള്ളച്ചാട്ടങ്ങള്‍ സജീവമായിട്ടുണ്ട്. വെറ്ററിനറി കോളേജ് സ്‌റ്റോപ്പിലിറങ്ങുമ്പോള്‍ സമയം ഒമ്പതേ കാലായിരുന്നു. കോളേജ് ഗേറ്റിന് മുന്നില്‍ത്തന്നെയാണ് ബസ് നിര്‍ത്തുന്നത്. വലിയ ഗേറ്റിന് മുന്നില്‍ത്തന്നെ എന്‍ ഊരിലേക്കുള്ള വഴി സൂചിപ്പിക്കുന്ന ബോര്‍ഡുണ്ടായിരുന്നു. നേരെ ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു. എന്‍ ഊരിനെക്കുറിച്ച് പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പറയാം. ലക്കിടിയിലെ സുഗന്ധഗിരിക്കുന്നിലാണ് കേരള സര്‍ക്കാര്‍ ഈ ഗോത്രഗ്രാമം നിര്‍മിച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യ ഗോത്ര പൈതൃക ഗ്രാമം കൂടിയാണിത്. കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എന്‍ ഊര് കാണാന്‍ സ്വന്തം വണ്ടിയില്‍ വന്നാലും മുകളിലേക്ക് കയറ്റിവിടില്ല. വെറ്ററിനറി കേളേജിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചാല്‍ നേരെ നോക്കുന്നത് ടിക്കറ്റ് കൗണ്ടറിലേക്കാണ്. ഇവിടെ നിന്ന് ജീപ്പ് ടിക്കറ്റെടുക്കലാണ് യാത്രയുടെ ആദ്യപടി. 20 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റിന്. ഈ ചാര്‍ജ് അങ്ങോട്ടും ഇങ്ങോട്ടുമുള്ള നിരക്കാണ്. സംഗതി കൊള്ളാമല്ലോ എന്നാലോചിച്ച് ടിക്കറ്റെടുത്ത് മുന്നോട്ടു നടന്നപ്പോള്‍ മൂന്ന് ജീപ്പ് ഒന്നിനുപിറകേ ഒന്നായി നിര്‍ത്തിയിട്ടിരിക്കുന്നു. ടിക്കറ്റ് കാണിച്ചശേഷം അവര്‍ നിര്‍ദേശിക്കുന്ന ജീപ്പില്‍ കയറിയിരിക്കാം. ഏഴുപേരായിക്കഴിഞ്ഞപ്പോള്‍ ജീപ്പ് പതിയെ മുന്നോട്ടെടുത്തു. മലമുകളിലേക്കാണ് യാത്ര. ജീപ്പിനകത്ത് ഒരു ഹിന്ദി ഗാനത്തിന്റെ ഡി.ജെ മിക്‌സിന്റെ ചങ്കിലിടിക്കുന്ന താളം. കോണ്‍ക്രീറ്റ് ചെയ്ത, വീതി കുറഞ്ഞ, വളഞ്ഞുപുളഞ്ഞ വഴിയിലൂടെ ജീപ്പ് മുന്നോട്ട്. പത്തുമിനിറ്റെടുത്തില്ല എന്‍ ഊര് എന്നെഴുതിയ വലിയ കവാടത്തിന് മുന്നില്‍ യാത്രയുടെ ആദ്യഘട്ടം അവസാനിച്ചു.

ഊര് കാണാന്‍ മുകളിലേക്ക്
ഗോത്ര ഗ്രാമം കാണാന്‍ ടിക്കറ്റ് വേറെയെടുക്കണം. പ്രധാന കവാടത്തില്‍ത്തന്നെയാണ് കൗണ്ടര്‍. അമ്പത് രൂപയാണ് ഒരാള്‍ക്ക്. അകത്തേക്ക് കയറുമ്പോള്‍ ഈ ടിക്കറ്റില്‍ ഒന്ന് പഞ്ച് ചെയ്തുതരും. കവാടം കടന്ന് അകത്തുപ്രവേശിച്ചാല്‍ ആദ്യം കണ്ണില്‍പ്പെടുക മണ്ണിന്റെ നിറമുള്ള നീണ്ട മതിലാണ്. മതിലിനപ്പുറം പച്ചപ്പ് നിറഞ്ഞ താഴ് വര. അതിനുമപ്പുറം പച്ചയും നീലയും ഇടകലര്‍ന്ന നിറത്തില്‍ വയനാടന്‍ മലനിരകള്‍. നമ്മള്‍ വന്നിറങ്ങിയ ബസ് സ്റ്റോപ്പും വെറ്ററിനറി കോളേജും വിദൂരക്കാഴ്ചയായി നിലകൊള്ളുന്നു. മലമുകളിലേക്കെത്താന്‍ നേരെയും അല്ലാതെയുമുള്ള വഴികളുണ്ട്. ഏത് വഴി വേണമെന്ന് അവരവരുടെ ഇഷ്ടം.

നേരെ മുകളിലേക്ക് കയറിയാല്‍ കാണുന്നത് കരകൗശല വസ്തുക്കള്‍ വില്ക്കുന്ന ഷോപ്പും ഭക്ഷണശാലയുമാണ്. ഇതിന്റെ ഇടതുവശം ചേര്‍ന്ന് വിശാലമായ സ്റ്റേജ്. പശ്ചാത്തലത്തില്‍ എന്‍ ഊര് എന്നെഴുതിയിരിക്കുന്നു. കസേരകള്‍ക്ക് പകരം മതിലിന്റെ അതേ നിറത്തിലുള്ള വീതി കൂടിയ പടവുകളാണ്. മുകളിലേക്ക് കയറുമ്പോള്‍ വഴിയുടെ വലതുഭാഗത്താണ് ശുചിമുറികളും ആദിവാസിമേഖലയില്‍ തയ്യാറാക്കുന്ന മരുന്നുകളും കരകൗശലവസ്തുക്കളും വില്ക്കുന്ന ശാലകളും. അപ്പുറം കുടുംബശ്രീ നടത്തുന്ന ഭക്ഷണശാല. ഇവിടെയെല്ലാം നേരത്തെ കണ്ട മതിലുകളുടെ തുടര്‍ച്ചയാണ്. അതങ്ങനെ വളഞ്ഞുപുളഞ്ഞ് കിടക്കുന്നു.

ഏറ്റവും മുകളിലെത്തിക്കഴിഞ്ഞാല്‍ത്തന്നെ കാണാം വയനാട്ടിലെ ആദിവാസികള്‍ ഉപയോഗിക്കുന്ന തരം പുല്‍വീടുകള്‍. അടുപ്പിച്ചടുച്ച് ചെറുതും വലുതുമായി ഏതാനും വീടുകള്‍. പായ വിരിച്ച് അതിന് മുകളില്‍ ഷീറ്റിട്ട് അതിനും മേലെയായാണ് പുല്ല് വിരിച്ചിരിക്കുന്നത്. എല്ലായിടത്തും ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഇതിലേ നടക്കാം. വീടുകള്‍ക്കുള്ളില്‍ക്കയറി പരിചയപ്പെടാം. ചിത്രങ്ങളെടുക്കാം. തലേന്ന് മഴ പെയ്ത ലക്ഷണമുണ്ടായിരുന്നു. മേല്‍ക്കൂരയിലെ പുല്‍ത്തുമ്പത്ത് താഴേക്ക് പതിക്കാന്‍ വെമ്പുംവിധം വെള്ളത്തുള്ളികള്‍. പതിയെ തൊട്ടപ്പോള്‍ നല്ല തണുപ്പ്.

വീടിനകത്തുനിന്ന് പുറത്തിറങ്ങി. വീടുകള്‍ നില്‍ക്കുന്ന ഭാഗം കഴിഞ്ഞാല്‍ അപ്പുറത്ത് പച്ചപുതച്ച മലനിരയാണ്. കോട്ട കാക്കും പോലെ നില്‍ക്കുന്ന അവയിലേക്ക് പതിയെ കോടമഞ്ഞ് ഒഴുകിപ്പതിക്കാന്‍ തുടങ്ങി. വെറുതേ പിന്നിലേക്കൊന്ന് നോക്കി. ഞാന്‍ നില്‍ക്കുന്നിടം മഞ്ഞുമൂടി ഇരുണ്ട് നില്‍ക്കുന്നു. മഴക്കാറുമുണ്ട്. എനിക്ക് നേരെ എതിര്‍വശമുള്ള മലനിരയില്‍ വെള്ളിപൂശിയപോലെ സൂര്യകിരണങ്ങള്‍. അധികം താമസമുണ്ടായില്ല, മഴ ചെറുതായി പെയ്യാന്‍ തുടങ്ങി. മലയില്‍ ഒരേസമയം മഞ്ഞും മഴയും. വിശാലമായി അതൊന്നനുഭവിക്കാന്‍ കിട്ടിയ തണലിലൂടെ നേരെ 'എന്‍ ഊരി'ന്റെ മുന്‍വശത്തേക്കോടി.

പ്രധാനകവാടത്തിന്റെ തൊട്ടുമുകളിലുള്ള ഭാഗമാണ് ലക്ഷ്യം. ഇവിടെ നിന്നാല്‍ മുന്നിലും വശങ്ങളിലും മഴ പെയ്യുന്നത് കാണാം. എന്‍ ഊരിന്റെ പല ഭാഗങ്ങളിലും ചെറിയ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെയൊരെണ്ണം ഞാന്‍ നിന്നിടത്തും ഉണ്ടായിരുന്നു. അതിലൊന്നിരുന്ന് മഞ്ഞും മഴയും കൊള്ളണമെന്ന് തോന്നിയെങ്കിലും ചെറിയ പനിപ്പേടി പിന്നോട്ടുവലിച്ചു. നല്ല മഴ. ഒപ്പം മഞ്ഞും തണുത്ത കാറ്റും. ശരീരമാസകലം കിടുകിടാ വിറയ്ക്കാന്‍ തുടങ്ങി. അപ്പോഴേക്കും ആ ഗോത്രഗ്രാമത്തെയാകെ കോടമഞ്ഞ് വെളുത്ത പുതപ്പ് പുതപ്പിച്ചിരുന്നു.

കുന്നിന്‍മുകളില്‍ വീണ്ടും കാറ്റുവീശി. മഴയിലും മഞ്ഞിലും തണുത്തുവിറച്ചിരുന്ന പ്രകൃതി ഒന്നുകൂടി തണുത്തു. ഇരുന്ന് കാഴ്ചകാണാന്‍ നിലത്തുറപ്പിച്ചിരുന്ന സിമന്റ് ഇരിപ്പിടം വരെ തണുത്തുവിറച്ചോ എന്ന് സംശയം. പിടിച്ചുനില്‍ക്കാന്‍ ആവതില്ലാത്തവണ്ണം മലയോരത്തെ പച്ചപ്പ് മുഴുവന്‍ ആടിയുലഞ്ഞു. പിന്നെ പതിയെ ശാന്തമായി.

തണുത്ത് വിറച്ചെങ്കിലും ഇങ്ങനെയൊരനുഭവം ആദ്യമായിട്ടായിരുന്നു. അതിന്റെ ആവേശത്തില്‍ മഴമാറിയയുടന്‍ താഴേക്കിറങ്ങി. ചന്ദനിറമുള്ള, മണ്ണുകൊണ്ട് നിര്‍മിച്ചതെന്ന് തോന്നിക്കുന്ന സിമന്റ് മതിലിനപ്പുറം കാഴ്ചകള്‍ മറ്റൊരു രൂപം പ്രാപിക്കാന്‍ തുടങ്ങിയിരുന്നു. കട്ടപിടിച്ച കോടമഞ്ഞ് താന്‍ പ്രകൃതിക്ക് മേല്‍ മൂടിയിരുന്ന പുതപ്പ് പതുക്കെ മാറ്റി വെളിച്ചത്തെ സ്വാ?ഗതമോതുമ്പോള്‍ സമയം ഉച്ചതിരിഞ്ഞ് ഒരുമണിയോടടുത്തിരുന്നു. തിരിച്ചിറങ്ങാന്‍ സമയമായെന്ന് മനസു പറഞ്ഞു. രാവിലെയെടുത്ത ടിക്കറ്റ് പുറത്തെ ജീവനക്കാരന്റെ കയ്യില്‍ക്കൊടുത്തു. താഴെ നിന്ന് ജീപ്പ് വരുമ്പോള്‍ ടിക്കറ്റ് നമ്പര്‍ അനുസരിച്ച് വിളിക്കാമെന്ന് മറുപടി. അവസാനവട്ടമെന്നോണം എന്‍ ഊരിന്റെ കവാടത്തിലേക്കും മറ്റ് കാഴ്ചകളിലേക്കും ഒരിക്കല്‍ക്കൂടി കണ്ണോടിക്കുമ്പോഴേക്കും ജീപ്പില്‍ കയറാനുള്ള വിളിയെത്തി. ഇനി തിരികെ വീട്ടിലേക്ക്.
Content Highlights: wanderings, en ooru tribal village near lakkidi, wayanad destinations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..