കൂടല്ലൂര്‍മന പാലക്കാട് ജില്ലയിലാണ്. എം.ടി. വാസുദേവന്‍നായരെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന പേരാണ് കൂടല്ലൂര്‍. പക്ഷേ, എം.ടി.യുടെ കൂടല്ലൂരിലല്ല ഈ മന സ്ഥിതിചെയ്യുന്നത്. കൂടല്‍ എന്നാല്‍ ഇരുപുഴകള്‍ കൂടുന്ന സ്ഥലമെന്നാണ് അര്‍ഥം. ഭാരതപ്പുഴയും തൂതപ്പുഴയും കൂടുന്ന കൂടല്ലൂരായിരുന്നു മനയുടെ സ്ഥാനം എന്നും പിന്നീട് മന നാഗലശ്ശേരിയായും അത് ലോപിച്ച് നാറേരി മനയായി എന്നും പറഞ്ഞുപോരുന്നു. മഹര്‍ഷിയായ പതഞ്ജലിയുടെ പ്രതിഷ്ഠയുള്ള ഏക സ്ഥലമാണ് കൂടല്ലൂര്‍മന. മഹര്‍ഷിയുടെ ഉള്ളംകയ്യില്‍ സ്വര്‍ഗത്തില്‍നിന്നു പതിച്ച ചെറിയ ഒരു സര്‍പ്പരൂപം ആദിശേഷന്റെ അവതാരമാണെന്നും ആ നാഗരാജ പ്രതിഷ്ഠയുടെ കീര്‍ത്തിയിലാണ് മനയുള്‍ക്കൊള്ളുന്ന സ്ഥലം നാഗരാജശ്രേണി അഥവാ നാഗലശ്ശേരിയായി അറിയപ്പെട്ടതെന്നും പറയുന്നു. 14 തലമുറകള്‍ മാറിമറഞ്ഞുവന്നൊരിടം. അഗ്‌നിഹോത്രിയുടെ വംശജരാണ് കൂടല്ലൂര്‍ തറവാട്ടിലെ മലയാളി നമ്പൂതിരിമാര്‍. സംസ്‌കൃതമായിരുന്നു ഒരുകാലത്ത് മനയിലെ വ്യവഹാര ഭാഷ. അഗ്‌നിഹോത്രിയുടെ മൂന്നുപത്‌നിമാരിലൊന്നിലെ പരമ്പരയില്‍പെട്ട വിശ്വാമിത്ര ഗോത്രക്കാരായ ഇവര്‍ക്ക് അഗ്‌നിഹോത്രിയുടെ പേരിലെ പര്യായമായ ബ്രഹ്മദത്തന്‍ എന്ന പേരിനോടാണ് ഏറെ പ്രിയം.

Kudallur Mana

മനയുടെ മുന്‍വശത്തെ വാതിലിലെയും തിണ്ണയുടെ മുകളിലുള്ള മച്ചിലെയും കൊത്തുവേലകള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. 450 വര്‍ഷത്തെ പഴക്കമുണ്ട് കൂടല്ലൂര്‍ മനയ്ക്ക്. പടവുകള്‍ കെട്ടിയ മനോഹരമായ രണ്ടു കുളങ്ങള്‍ ഇന്നുമുണ്ട്. മൂന്നു കുളങ്ങള്‍ ഉണ്ടായിരുന്നു. അഞ്ച് കിണറുകള്‍ മനയുടേതായുണ്ട്. മനയ്ക്കല്‍ രണ്ട് പത്തായപ്പുരകള്‍ ഉണ്ടായിരുന്നത് പൊളിച്ചു പോയിട്ടുണ്ട്. ആ പത്തായപ്പുരകളില്‍ താമസിച്ചായിരുന്നത്രേ നമ്പൂതിരിമാരല്ലാത്ത വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. സര്‍പ്പക്കാവ് മനയ്ക്കു നേരെ മുമ്പില്‍ കുറച്ച് ഉയര്‍ന്ന സ്ഥലത്താണ് നിലകൊള്ളുന്നത്. നിലവിലെ നമ്പൂതിരി തറവാടുകളില്‍ ഇന്ന് ഏറ്റവും വലിയ നടുമുറ്റമാണ് കൂടല്ലൂര്‍ മനയ്ക്ക് അവകാശപ്പെടാനുള്ളത്. നടുമുറ്റത്ത് ചതുരത്തില്‍ കെട്ടിയ തറയില്‍ വളര്‍ന്നു പടര്‍ന്ന ചന്ദ്രക്കാരന്‍ എന്ന ഒട്ടുമാവ് നല്ല തണലേകുന്നുണ്ട്. കൂടാതെ മുല്ലത്തറ, കരിങ്കല്‍ വിളക്കുകള്‍, നമസ്‌കാരക്കല്ല്, ഓണത്തിന് പൂക്കളിടാനുള്ള തറ, തിരുവാതിരക്കളിക്കും കൈകൊട്ടിക്കളിക്കും മുറ്റത്ത് പ്രത്യേക സ്ഥലം. പാതിരാപൂചൂടലും, കുടിവെപ്പും നടന്നതും ഈ മുറ്റത്തുവെച്ചുതന്നെ. ഇപ്പോള്‍ എട്ടുകെട്ടാണ് ബാക്കി നില്‍ക്കുന്നത്. അതില്‍ പ്രധാന നാലുകെട്ടിനുള്ളിലാണ് ഭഗവതിയും പതഞ്ജലി പ്രതിഷ്ഠയും, ശ്രീകൃഷ്ണനും സരസ്വതിയും ശിവനും കുടികൊള്ളുന്നത്. നാലുകെട്ടിലെ വടക്കിനി ഭാഗത്താണ് കുടിവെപ്പ്, വിവാഹം, മരണാനന്തര ക്രിയകള്‍, ചോറൂണ്, ഉപനയനം തുടങ്ങിയ ക്രിയാദികളെല്ലാം ചെയ്തുവന്നിരുന്നത്. വലിയ ലൈബ്രറികളും വിവിധതരം പാത്രങ്ങളും വിളക്കുകളും ഭരണികളും സൂക്ഷിച്ചുവെച്ചിട്ടുണ്ട് മുറികളില്‍. കുറച്ച് സിനിമകള്‍ ഇവിടെ വെച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥയും അനന്തഭദ്രവും ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

Kudallur Mana

പതിമൂവായിരത്തിലധികം ശാസ്ത്രഗ്രന്ഥങ്ങളും താളിയോലകളും ഉണ്ടായിരുന്നതില്‍ ഏറിയ പങ്കും കേരള സര്‍വകലാശാലയ്ക്ക് നല്‍കുകയുണ്ടായി. മനയുടെ മുഖം പടിഞ്ഞാറാണ്. മുറ്റത്ത് കഥകളി കാണാന്‍ ആളുകള്‍ക്ക് ഇരിക്കാനുള്ള പടവുകള്‍ വലുതായി ഉണ്ടാക്കിയിട്ടുണ്ട്. ആനകള്‍ക്ക് മുറ്റത്തേക്ക് ഇറങ്ങാന്‍ ആനപ്പടവ് ഈ ഇരിപ്പിടത്തിന് തൊട്ടുകൊണ്ട് ഉണ്ട്. കൂടല്ലൂര്‍ കളരിയില്‍നിന്നാണ് ഇന്നത്തെ ലോകപ്രശസ്ത കഥകളി നടന്റെ ആദ്യ ചുവടുവെപ്പിന്റെ നാന്ദികുറിച്ചത്. കലാമണ്ഡലം ഗോപിയാശാന്റെ കഥകളിയുടെ തുടക്കം ഇവിടെവെച്ചാണ്. തേക്കിന്‍കാട്ടില്‍ രാവുണ്ണിനായരായിരുന്നു കഥകളിയുടെ പ്രധാന ആശാന്‍. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍.

ഏകദേശം 40 മുറികള്‍ ഇന്നും ഈ തറവാടിനുണ്ട്. അവസാന തലമുറയിലെ ലോകപ്രശസ്ത ന്യൂറോ സര്‍ജന്‍ ആയിരുന്ന ഡോ. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മകനായ ഡോ. കെ.എന്‍.ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടാണ് കൂടല്ലൂര്‍മനയുടെ ഇന്നത്തെ അവകാശി. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജിസ്റ്റായിരുന്നു. ഇപ്പോള്‍ കോയമ്പത്തൂരില്‍ ജോലിയില്‍ തുടരുന്നു. ഡോ. നാരായണന്‍ നമ്പൂതിരിപ്പാട് 1995-ലാണ് അന്തരിച്ചത്. അദ്ദേഹം ക്രിസ്തീയ മത പ്രകാരമാണ് ജീവിച്ചത്. അദ്ദേഹത്തിന്റെ ശവക്കല്ലറ മനയുടെ മുന്‍വശത്ത് ഉയര്‍ന്നൊരു പറമ്പില്‍ ഉണ്ട്. മനയുടെ പൂമുഖത്ത് പൂര്‍വികരുടെ രണ്ട് എണ്ണഛായാചിത്രങ്ങള്‍ പ്രത്യേകമായുണ്ട്. കൂടാതെ ഡോ. നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും. മാനേജര്‍ നാരായണേട്ടന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി മനയെയും അതോടനുബന്ധിച്ചുള്ള മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലത്തേയും പൊന്നുപോലെ വൃത്തിയായി സൂക്ഷിച്ചുവരുന്നു.

Kudallur Mana
Photo Credits - Vinayak P Menon 
Kudallur Mana
Photo Credits - Vinayak P Menon

പട്ടാമ്പിയില്‍ നിന്നും ഗുരുവായൂര്‍ ബസ്സിന് 8 കിലോമീറ്റര്‍ യാത്ര ചെയ്ത് വാവന്നൂര്‍ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോയില്‍ ഒന്നര കി.മീറ്റര്‍ യാത്രചെയ്താണ് കൂടല്ലൂര്‍ മന വരയ്ക്കാന്‍ എത്തിയത്. എന്റെ സഹപ്രവര്‍ത്തകന്‍ ശ്യാമും ഒന്നിച്ചുണ്ടായിരുന്നു. എന്‍.എന്‍. കക്കാടിന്റെ മകനായ ശ്യാം.