എന്തുകൊണ്ടാണ് നമ്മള്‍ യാത്രചെയ്യേണ്ടത് എന്ന് പറഞ്ഞല്ലോ. അടുത്ത ചോദ്യം എന്തുകൊണ്ടാണ് ആളുകള്‍ യാത്ര ചെയ്യാത്തത് എന്നാണ്. നിങ്ങള്‍ യാത്രചെയ്യാന്‍ താല്‍പ്പര്യമുള്ള ആളും പങ്കാളിയോ മാതാപിതാക്കളോ ഉടക്ക് പാര്‍ട്ടികളുമാണെങ്കില്‍ ഈ ലേഖനം തീര്‍ച്ചയായും വായിക്കണം. എന്നിട്ട് ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് എല്ലാവരും കാണുന്നിടത്ത് വെക്കണം. അല്ലെങ്കില്‍ വീട്ടുകാരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലിടണം, സൂചന കിട്ടട്ടെ.
ഒന്നാമത്തെ കാരണം മടി തന്നെ: ഇംഗ്ലീഷില്‍ ഇനേര്‍ഷ്യ എന്നു പറയുന്ന സംഗതി. 'Inertia is a property of matter by which it continues in its existing state of rest or uniform motion in a straight line, unless that state is changed by an external force' എന്നാണ് ഫിസിക്‌സില്‍ പഠിച്ചത്. ആളുകളുടെ കാര്യവും ഇതുപോലെ തന്നെയാണ്. മാമ്പഴപുളിശ്ശേരിയും കൂട്ടി ചോറുണ്ട്, ചാരുകസേരയില്‍ മലര്‍ന്നുകിടന്ന്, വൈകിട്ട് ടിവി സീരിയലും ചാനല്‍ചര്‍ച്ചയും കണ്ടു ജീവിക്കുന്ന ഒരാള്‍ക്ക് തമിഴ്നാട്ടിനപ്പുറത്തേക്ക് ഒരു യാത്ര പോവുക എന്നുപറഞ്ഞാല്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദിനചര്യകള്‍ തെറ്റും, അല്‍പ്പം പ്ലാനിങ് ഒക്കെ വേണം. പാസ്സ്‌പോര്‍ട്ടും വിസയും എടുത്ത് വിമാനം കയറുക എന്ന് പറഞ്ഞാല്‍ പിന്നെ പറയാനുമില്ല.
ശക്തമായ ബാഹ്യശക്തിയുടെ ഇടപെടല്‍ തന്നെ വേണം ഇവരെ ഇളക്കാന്‍. അത് കുടുംബത്തിലുള്ളവരോ പുറത്തുള്ളവരോ ആകാം. പുറത്തുള്ള ഉറ്റ സുഹൃത്തുക്കളും വീട്ടില്‍ നിന്നുതന്നെ യാത്രചെയ്യാന്‍ താല്‍പ്പര്യമുള്ള അഞ്ചാംപത്തികളുമായും രഹസ്യധാരണ ഉണ്ടാക്കിയാല്‍ മിക്കവാറും ആളുകളെ അവരുടെ 'state of rest' ല്‍ നിന്നും പുറത്തിറക്കാന്‍ പറ്റും.
യാത്രയൊക്കെ വലിയ ചിലവല്ലേ: പണം പലര്‍ക്കും ഒരു പ്രശ്‌നമാണ്.
ഇത് രണ്ടുതരത്തിലുണ്ട്. ഒന്ന്, വീട്ടിലെ ആവശ്യങ്ങള്‍ കഴിഞ്ഞ് യാത്രയ്ക്ക് മിച്ചം പണമില്ലാത്തത്. രണ്ട്, യാത്രക്ക് എത്ര പണം വേണമെന്ന് കൃത്യമായി അറിയാത്തത്. ഒന്നാമത്തെ കാര്യം നമുക്ക് എളുപ്പത്തില്‍ പരിഹരിക്കാം. യാത്ര എന്നത് 'വിനോദം' എന്ന കള്ളിയില്‍നിന്ന് 'വിദ്യാഭ്യാസം' എന്ന കള്ളിയിലേക്ക് മാറ്റിയാല്‍ മതി. അപ്പോള്‍ യാത്രക്കാവശ്യമുള്ള പണം അനാവശ്യമാണെന്ന ചിന്ത മാറും (മറ്റുള്ളവര്‍ പലതും പറയും. കാര്യമാക്കേണ്ട. അവരൊന്നും എന്നെ വായിക്കുന്നവരല്ലല്ലാ). അതേസമയം ഇപ്പോള്‍ ആവശ്യം എന്ന കള്ളിയിലുള്ള പലതും അനാവശ്യം കള്ളിയിലേക്ക് മാറ്റാം. അടുത്ത ബന്ധുക്കളുടെയോ അയല്‍ക്കാരന്റെയോ പോലെ ബ്രാന്‍ഡിനൊത്ത വാഹനമോ വീടോ വേണമെന്ന തോന്നല്‍ 'അനാവശ്യ'ത്തിലേക്ക് മാറ്റാം. നമുക്ക് ഗുണകരമല്ലാത്ത, എന്നാല്‍ മറ്റുള്ളവര്‍ ചെയ്യുന്നതുകൊണ്ട് മാത്രം ചെയ്യുന്ന പലതും മാറ്റിവെച്ചാല്‍ എല്ലാവരുടെ കൈയിലും അല്‍പ്പം പണം മിച്ചം വരും.
അടുത്ത തെറ്റിദ്ധാരണ യാത്രകള്‍ വലിയ ചെലവുള്ളതാണെന്നാണ്. ധാരാളം പണം മുടക്കി യാത്ര ചെയ്യാം, തീരെ പണം ചിലവാക്കാതെയും. ഏതു ബജറ്റിലും നമുക്ക് പറ്റിയ യാത്രകള്‍ സംഘടിപ്പിക്കാം. യാത്ര എന്നാല്‍ ദൂരയാത്ര എന്ന് നിര്‍ബന്ധം ഇല്ല. അഞ്ഞൂറ് രൂപക്ക് ഒരു കുടുംബത്തിന് വരാവുന്ന സ്ഥലങ്ങള്‍ കേരളത്തില്‍ എവിടെയും ഉണ്ട്. അയ്യായിരം രൂപ ഉണ്ടെങ്കില്‍ കേരളത്തിന് പുറത്തു പോയി ദിവസം താമസിച്ചു തിരിച്ചു വരാം. ചിലവ് കുറഞ്ഞ ഒരു വിദേശയാത്ര നടത്തണം എന്ന് കരുതുക. ശ്രീലങ്കയിലേക്കുള്ള ടിക്കറ്റിനും മലേഷ്യയിലേക്ക് പോകുന്ന എയര്‍ഏഷ്യ ടിക്കറ്റിനും ഇപ്പോള്‍ ഡല്‍ഹിക്ക് പോകുന്ന അത്ര ചിലവില്ല. വികസിത രാജ്യങ്ങളിലെല്ലാം തന്നെ ട്രെയിന്‍ ടിക്കറ്റിന്റെ നാലിലൊന്നും അതിലും താഴെയുമാണ് പലപ്പോഴും വിമാനടിക്കറ്റ് നിരക്ക്. ഇന്ത്യയിലും യാത്രച്ചിലവ് കുറഞ്ഞുവരികയാണ് (എങ്ങനെയാണ് ചിലവ് കുറഞ്ഞ ടിക്കറ്റുകള്‍ സംഘടിപ്പിക്കുന്നതെന്ന് പിന്നീട് പറയാം).
മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
ഇങ്ങനെ തന്നെയാണ് ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യം. പറഞ്ഞുവരുന്നത് യാത്രയുടെ പ്രധാന പ്രതിബന്ധം പണമല്ല എന്നാണ്. എത്ര പണം വേണമെന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയും തീരുമാനമെടുക്കാനുള്ള മടിയുമാണ് പലപ്പോഴും ആളുകളെ പിന്നോട്ടു വലിക്കുന്നത്.
Fear of the Unknown: അറിയില്ലാത്ത എല്ലാ കാര്യത്തിലും മനുഷ്യന് പേടി സ്വാഭാവികമാണ്. മറ്റു നാടുകളില്‍ പോയാല്‍ നമ്മുടെ ഭാഷ അവര്‍ക്ക് മനസ്സിലാകില്ല, അവരുടേത് നമുക്കും. അത് ബുദ്ധിമുട്ടാകില്ലേ, അവരുടെ ഭക്ഷണം നമുക്ക് പിടിക്കുമോ, മറ്റൊരു നാട്ടില്‍ വെച്ച് നമുക്കൊരു അസുഖം വന്നാല്‍ എന്തുചെയ്യും, അവിടെ കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമോ തുടങ്ങി അനേകം പേടികളാണ് നമുക്ക്. ഒറ്റക്ക് പോകാന്‍ ഒരു തരത്തിലുള്ള പേടിയുള്ളപ്പോള്‍ ഭാര്യയെയും കുട്ടികളെയും കൂട്ടിപ്പോകാന്‍ മറ്റൊരു തരം പേടിയാണ്. ഒറ്റക്ക് പോകാന്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പേടി വേറെയും ഉണ്ട്.
ഇത്തരം പേടികളൊക്കെ മനുഷ്യസഹജമാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് പേടി കൂടും. തമിഴ്നാട്ടിലെത്തിയാല്‍ പോലും നമ്മളെ പറ്റിക്കാന്‍ ആളുകള്‍ തക്കം നോക്കിയിരിക്കുകയാണ് (ഇവിടെ വരുന്ന തമിഴന്മാരെ നമ്മുടെ ആളുകളും പറ്റിക്കുന്നുണ്ട്). സ്ത്രീകളുമായി യാത്ര ചെയ്യുമ്പോള്‍ വൃത്തിയുള്ള ടോയിലറ്റ് തൊട്ട് അതിലും അറയ്ക്കുന്ന പെരുമാറ്റമുള്ള മനുഷ്യര്‍ വരെ ഇന്ത്യയിലെവിടെയും പ്രശ്‌നമാണ് (പ്രത്യേകിച്ച് കേരളത്തില്‍).
ഇതിനൊക്കെയും പരിഹാരങ്ങളുണ്ട്. മുംബൈയും നാഗ്പൂരും ബറോഡയും ഒക്കെ സ്ത്രീകള്‍ക്ക് പകലും രാത്രിയും ഏറെ സുരക്ഷിതമാണ്. സ്ത്രീകള്‍ക്ക് തനിച്ചോ സ്ത്രീകളോടൊപ്പമോ രാത്രിയും പകലും നിരത്തും പൊതുഗതാഗതവും ഏറെ വിദേശങ്ങളില്‍ സുരക്ഷിതമാണ്. എന്റെ അഭിപ്രായത്തില്‍ കുടുംബവും ആയി ദൂരയാത്ര യാത്രചെയ്യാന്‍ പേടിയുള്ളവര്‍ക്ക് ആദ്യം പോകാന്‍ പറ്റിയ സ്ഥലങ്ങളാണ് സിംഗപ്പൂരും ദുബായും. ഡല്‍ഹിയില്‍ പോയി വരുന്ന ചിലവില്ല. വൃത്തിയുള്ള സ്ഥലങ്ങള്‍ ആണ്, സ്ത്രീകള്‍ ഒറ്റക്കാണെങ്കില്‍ പോലും ഒട്ടും അരക്ഷിതാവസ്ഥ തോന്നില്ല. മിക്കവാറും മലയാളികള്‍ക്കെല്ലാം ഒരു ബന്ധുവോ സുഹൃത്തോ അവിടെ കാണും.
ആരോഗ്യപ്രശ്‌നങ്ങള്‍: ശാരീരികവും മാനസികവുമായ വെല്ലുവിളികളുള്ളവര്‍, ഗുരുതരമായ അസുഖമുള്ളവര്‍ ഒക്കെ യാത്രകള്‍ പരമാവധി ഒഴിവാക്കും. ഇന്ത്യയിലെ സാഹചര്യത്തില്‍ ഇത് സ്വാഭാവികമാണ്. വീല്‍ചെയറില്‍ റെയില്‍വേ പ്ലാറ്റഫോമിലെത്തുന്ന ആള്‍ക്ക് അവസാനനിമിഷം ട്രെയിന്‍ അടുത്ത പ്ലാറ്റ്ഫോമിലാണ് വരുന്നതെന്നറിഞ്ഞാല്‍ ആകെ ബുദ്ധിമുട്ടാകും. കാഴ്ചയുള്ളവര്‍ക്ക് പോലും മുംബൈയിലെ സബര്‍ബന്‍ ട്രെയിന്‍യാത്ര വെല്ലുവിളിയാകുമ്പോള്‍ അന്ധരുടെ കാര്യം പറയാനുണ്ടോ. അതിനാല്‍ പ്രായമായവരും മറ്റ് വെല്ലുവിളികള്‍ ഉള്ളവരും വീടിനകത്ത് ഒതുങ്ങിക്കൂടുകയാണ് പതിവ്.
ഇവിടെയാണ് വിദേശയാത്രകള്‍ നമുക്ക് നല്ല അവസരങ്ങള്‍ തരുന്നത്. പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും യാത്രക്കൂലി കുറവാണെന്ന് മാത്രമല്ല, എയര്‍പോര്‍ട്ട് മുതല്‍ ഹോട്ടല്‍ വരെ എല്ലായിടത്തും അവരുടെ സഞ്ചാരസൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ജനീവയിലെ പുതിയ ബസുകളില്‍ പുറത്തേക്ക് ഓട്ടോമാറ്റിക്കായി നീണ്ടുവരുന്ന റാമ്പുകളുണ്ട്. വീല്‍ചെയറിലുള്ളവര്‍ക്ക് അവരുടെ റാമ്പും ഉപയോഗിക്കാം. പഴയ ബസുകളില്‍ വീല്‍ചെയറുകാരെ കണ്ടാല്‍ ഡ്രൈവര്‍ പുറത്തിറങ്ങി കൃത്രിമറാംപ് ഉപയോഗിച്ച് അവരെ ബസില്‍ കയറാന്‍ സഹായിക്കും. കണ്ണിന് കാഴ്ചയില്ലാത്തവര്‍ക്കുള്ള നടപ്പാതയും, അവര്‍ക്കായി ട്രാഫിക് ലൈറ്റില്‍ ശബ്ദമുണ്ടാക്കുന്ന സിഗ്‌നലുകളുമുണ്ട്.
അതിനാല്‍ നിങ്ങളുടെ വീട്ടില്‍ പ്രായമായവരോ, ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുള്ളവരോ ഉണ്ടെങ്കില്‍, അവരെ ഒരിക്കലെങ്കിലും അത്തരക്കാരെ സമൂഹത്തിലേക്ക് ചേര്‍ത്തുപിടിക്കുന്ന പ്രദേശങ്ങളില്‍ കൊണ്ടുപോകാന്‍ ശ്രമിക്കണം.
തീരാത്ത ഉത്തരവാദിത്തങ്ങള്‍: നാട്ടില്‍ അധികം പേരും യാത്ര ചെയ്യാത്തതിന്റെ മറ്റൊരു കാരണം വ്യക്തിപരമായ ഉത്തരവാദിത്തങ്ങളാണ്. പ്രായമായ അച്ഛനും അമ്മയും ഉള്ളവര്‍ (മക്കള്‍ ദൂരെ പോയാല്‍ സ്വന്തം കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടേണ്ടിവരുന്ന മാതാപിതാക്കള്‍) എല്ലാവര്‍ക്കും പ്രശ്‌നമാണ്. ഇതൊക്കെ നിങ്ങള്‍ ഒന്ന് ശ്രമിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ. മുന്‍പ് പറഞ്ഞതുപോലെ സാധിക്കുമെങ്കില്‍ അവരെയും യാത്രയില്‍ കൂടെക്കൂട്ടുക, അതെത്ര ചെറിയ യാത്രയാണെങ്കിലും. തീരെ കിടപ്പിലായവരെ മാത്രമേ യാത്രയില്‍നിന്ന് ഒഴിവാക്കേണ്ടതുള്ളൂ. വയസ്സായവരെ പറ്റുന്നിടത്തോളം കാലം യാത്രയില്‍ കൂടെ കൂട്ടിയിട്ടുണ്ടെങ്കില്‍ മക്കള്‍ കുറച്ചുദിവസം മാറിനിന്നാലും അവര്‍ക്കത് മനസ്സിലാകും. അവര്‍ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും.
വിട്ടുമാറാത്ത കുറ്റബോധം: കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളത് മറ്റൊന്നാണ്. നമ്മുടെ വീട്ടില്‍ തീരെ യാത്രചെയ്യാന്‍ പറ്റാത്ത ഒരാളുണ്ടെന്ന് കരുതുക. അപകടത്തില്‍പ്പെട്ട് അബോധാവസ്ഥയിലുള്ള ഒരാളോ (അപകടങ്ങളുടെ ബാഹുല്യം കാരണം നാട്ടില്‍ ഇത്തരം വീടുകള്‍ കൂടുകയാണ്), വര്‍ദ്ധക്യത്താല്‍ കിടപ്പിലായ ഒരാളോ. അവരെ ശുശ്രൂക്ഷിച്ച് അടുത്തുനിന്ന് മാറാതെ ജീവിക്കുന്ന ചിലര്‍ക്ക് (മിക്കയിടത്തും സ്ത്രീകള്‍) സ്വന്തക്കാര്‍ ഈ നിലയിലാകുമ്പോള്‍ 'വിനോദയാത്ര' പോകാന്‍ കുറ്റബോധം തോന്നും.
ഇക്കാര്യം ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ സാധാരണക്കാരേക്കാള്‍ യാത്ര പോകേണ്ടതിന്റെ ആവശ്യം ഇവര്‍ക്കാണ്. കാരണം, ഇവരുടെ ജീവിതത്തിലെ എല്ലാ സുഖങ്ങളും സന്തോഷങ്ങളും ത്യജിച്ചാണിവര്‍ വര്‍ഷങ്ങളായി ജീവിക്കുന്നത്. ഏതൊരാള്‍ക്കും, കിടപ്പിലായവരോട് എത്ര സ്‌നേഹമുണ്ടെങ്കിലും ചില അവസരങ്ങളില്‍ ഒരു മടുപ്പും വിഷാദവും തോന്നും, ആ സാഹചര്യത്തോട് ദേഷ്യവും സങ്കടവും ഉണ്ടാകും. അതിനാല്‍ ഇടക്കൊക്കെ ദിവസത്തില്‍ ഒരു മണിക്കൂറോ, ആഴ്ചയില്‍ ഒരു ദിവസമോ, വര്‍ഷത്തില്‍ ഒരാഴ്ചയോ സ്ഥിരം സാഹചര്യത്തില്‍നിന്ന് മാറിനില്‍ക്കാന്‍, അവരുടെ മനസ്സിനും ശരീരത്തിനും ഉണര്‍വേകാന്‍ വീട്ടിലെ മറ്റുള്ള അംഗങ്ങള്‍ സഹായിക്കേണ്ടതാണ്. അതിനെ നമ്മള്‍ തെറ്റായി കാണാതെ, പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഒരുപക്ഷെ, സമൂഹം വിമര്‍ശിച്ചാല്‍ പോലും വിഷമിക്കേണ്ട കാര്യമില്ല. ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് നിങ്ങളാണ്, മറ്റുള്ളവരല്ല. നിങ്ങളുടെ ആത്മാര്‍ത്ഥതയെ അളക്കാന്‍ അവര്‍ക്ക് അവകാശം ഒന്നുമില്ല.
നല്ല കൂട്ടില്ലാത്തത്: ഒറ്റക്ക് പോകുന്നതിലും സുഖകരമാണ് ആരുടെ എങ്കിലും കൂടെ പോകുന്നത്. പക്ഷെ അങ്ങനെ കൂട്ടിനു വരുന്നവര്‍ ഉടക്കുകാരാണെങ്കില്‍ പിന്നെ യാത്രയില്‍ ഒരു സുഖവും ഇല്ല. എന്റെ അനുഭവത്തില്‍ യാത്രചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ ഇല്ല. അപ്പൂപ്പന്മാര്‍ മുതല്‍ കൊച്ചുമക്കള്‍ വരെ എല്ലാവര്‍ക്കും യാത്ര ഇഷ്ടമാണ്. ഏതെങ്കിലും വീട്ടില്‍ വീട്ടമ്മമാര്‍ 'എനിക്ക് യാത്ര ഇഷ്ടമല്ല' എന്ന് പറഞ്ഞാല്‍ എനിക്കുറപ്പാണ് അവിടുത്തെ ചേട്ടനെ വീട്ടിനകത്തു പോലും സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും, അപ്പോള്‍ പിന്നെ പുറത്തിറങ്ങിയാലുള്ള കാര്യം പറയേണ്ടല്ലോ. സ്ത്രീകള്‍, വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മറ്റു സ്ത്രീകളോടൊത്ത്, ഭര്‍ത്താവും കുട്ടികളും ഒന്നും കൂടെയില്ലാതെ, യാത്ര ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.
ഇത്രയും വായിച്ചിട്ടും നിങ്ങളുടെ വീട്ടില്‍ ഇനേര്‍ഷ്യ ഉള്ള ആള്‍ അനങ്ങുന്നില്ലെങ്കില്‍ ഞാനൊരു അറ്റകൈ പറയാം. 'വാസ്തവത്തില്‍ രണ്ടര ലക്ഷം വര്‍ഷത്തെ മനുഷ്യചരിത്രത്തില്‍ മനുഷ്യന്‍ വിദ്യാഭ്യാസത്തിനും വിനോദത്തിനും വേണ്ടി വ്യാപകമായി സഞ്ചരിച്ച് തുടങ്ങിയിട്ട് ഇരുനൂറ് വര്‍ഷം പോലുമായിട്ടില്ല (ഫാഹിയാന്‍ തൊട്ടു മാര്‍ക്കോ പോളോ വരെ ഉള്ളവരെ ഓര്‍ക്കാതെ അല്ല ഇത് പറയുന്നത്, പക്ഷെ അവരുടെ കാലത്ത് അവര്‍ സഞ്ചരിച്ചു എന്നത് ചരിത്രമായിരുന്നു, ഇപ്പോള്‍ അങ്ങനെയല്ലല്ലോ). അപ്പോള്‍ 'വിനോദ' സഞ്ചാരം എന്നത് അടുത്ത കാലത്തായി മനുഷ്യന്റെ സംസ്‌കാരത്തില്‍ വന്നുചേര്‍ന്ന ഒന്നാണ്. അതിന് മുന്‍പ് മനുഷ്യന്‍ മറ്റു മൃഗങ്ങളെപ്പോലെ തന്നെയായിരുന്നു. പറ്റുന്നിടത്തോളം ഒരു പ്രദേശത്തു തന്നെ ചുറ്റിക്കറങ്ങും. ആഫ്രിക്കയില്‍ ഒക്കെ മൈഗ്രെഷന്‍ കാലത്ത് മൃഗങ്ങള്‍ യാത്രചെയ്യും എന്നത് ശരിയാണ്, പക്ഷെ അത് ഭക്ഷണം തേടി മാത്രമാണ്, കാഴ്ച കാണാനല്ല. ഭക്ഷണത്തിനായും ശത്രുക്കളെ പേടിച്ചും ആണ് പണ്ട് മനുഷ്യരും നാട് വിട്ടിരുന്നത്. ആ മൃഗസ്വഭാവത്തില്‍ നിന്നും മുന്നോട്ടുവന്നവരാണ് യുദ്ധത്തിനും ജോലിക്കും കച്ചവടത്തിനുമായി നാടുവിട്ടത്. പിന്നെയത് വിദ്യാഭ്യാസത്തിനും ഇപ്പോളത് വിനോദത്തിനുമായി. ഇതൊക്കെ സാംസ്‌കാരിക പുരോഗതിയുടെ ഭാഗമാണ്. 'ഓ, ഞാന്‍ എങ്ങോട്ടുമില്ല' എന്ന് ചാരുകസേരയിലിരുന്ന് പറയുന്നത് പരിണാമത്തിന്റെ ശേഷിപ്പാണ്, പറഞ്ഞിട്ടു കാര്യമില്ല', എന്ന് ഉറക്കെയങ്ങ് പറയുക. മിക്കവാറും പേര്‍ അതില്‍ വീഴും (അടുത്ത ലക്കം - പാസ്സ്‌പോര്‍ട്ടും വിസയും).
ഈ കോളത്തിന്റെ കഴിഞ്ഞ ലക്കങ്ങള്‍ -
1. മഞ്ഞ പാസ്സ്‌പോര്‍ട്ട് ഇല്ലാത്ത കുട്ടി
2. വയസ്സാംകാലത്ത് പശ്ചാത്തപിക്കാതിരിക്കാന്‍ നല്ല കാലത്ത് സഞ്ചരിക്കാം