മുക്കിനി സ്വർഗത്തെപ്പറ്റി ഒന്നു സങ്കൽപ്പിച്ചു നോക്കാം. നമുക്കറിയാവുന്ന ഭൂഖണ്ഡങ്ങളിൽ നിന്നുമൊക്കെ വളരെ അകലെയാണീ സ്ഥലം. ഇളംനീലനിറത്തിലുള്ള കടലാണ് ചുറ്റും. പഞ്ചാരമണലുള്ള തീരത്ത് നിറയെ തെങ്ങുകളാണ്. ദ്വീപിനകത്ത് എല്ലാത്തരം ജീവജാല ങ്ങളുമുണ്ട്. ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും കുന്നുകളും വേറെ. കടലിൽ നിറയെ മീൻ. കരയിൽ വളരാത്ത ഭക്ഷ്യവസ്തുക്കൾ ഒന്നുമില്ല. പൈനാപ്പിൾ തൊട്ട് എല്ലാ പഴവർഗങ്ങളും ഇഷ്ടംപോലെ. അധികം ചൂടോ തണുപ്പോ ഇല്ലാത്ത കാലാവസ്ഥ. യുദ്ധവും ദുരന്തവും ഉണ്ടാകുന്ന സ്ഥലങ്ങളൊന്നും അടുത്തില്ല. മാനുഷരെല്ലാരുമൊന്ന് പോലെ ജീവിക്കാൻ പറ്റിയ സ്ഥ ലം. ഇങ്ങനെയൊക്കെ ഒരു നാടുണ്ടെങ്കിൽ അതല്ലേ സ്വർഗം? ഇതൊക്കെ പോരാഞ്ഞിട്ട് ദൈവം അവരുടെ മധ്യത്തിൽ ഒരു കുന്നോളം സ്വർണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപം പൂഴ്ത്തിവെച്ചു. ദ്വീപിലെ ചെറിയ മനുഷ്യസമൂഹത്തിന് കാലാകാലങ്ങളോളം ഇരുന്നു. തിന്നാനുള്ള സമ്പത്ത് അതിലുണ്ടായിരുന്നു. 

ഇങ്ങനെ ഒരു സ്ഥലം ലോകത്ത് ഉണ്ടോ മാഷേ? - ഉണ്ടെന്നു മാത്രമല്ല, ഞാൻ അവിടെ പോയിട്ടുമുണ്ട്. അവിടെ പോയിട്ടുള്ള മലയാളികൾ വേറെയുണ്ടോ, ഇനി അവിടെ മലയാളികൾ പോകാൻ സാധ്യതയുണ്ടോ എന്നൊന്നും എനിക്കറിയില്ല. അതുകൊണ്ട് ആ കഥ ഞാൻ തന്നെ പറഞ്ഞുവെച്ചേക്കാം. ബുഗൻവില്ല എന്നാണീ ദ്വീപിന്റെ പേര്. ഇന്ത്യയിൽനിന്നും ഏറെ അകലെ ശാന്തസമുദ്രത്തിൽ ന്യൂസീലൻഡും കഴിഞ്ഞ് ലോകത്തിന്റെ മാപ്പിൽ പൊട്ടും പൊടിയും പോലെ രാജ്യങ്ങൾ ഇല്ലാതാകുന്നതിനടുത്താണ് ഈ ദ്വീപിന്റെ സ്ഥാനം. ആയിരക്കണക്കിന് വർഷത്തേക്ക് ഇവർ മറ്റു ള്ളവരുമായി വലിയ ബന്ധമൊന്നുമില്ലാതെ കഴിഞ്ഞതാണ്. അവർക്ക് ജീവിക്കാനുള്ളതൊക്കെ ദ്വീപിൽ തന്നെ ഉണ്ടായിരുന്നു. 1768-ൽ ഫ്രഞ്ച് സഞ്ചാരിയായിരുന്ന ലൂയി ബുഗൻവില്ല ആണ് ഇവിടെ എത്തിപ്പറ്റിയത്. അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് സ്ഥലം പുള്ളി സ്വന്തം പേരിലാക്കി. അങ്ങനെയാണ് ദ്വീപിന് ബുഗൻവില്ല എന്ന പേര് കിട്ടുന്നത്. 

1899-ൽ ജർമനി ഈ ദ്വീപ് പിടിച്ചെടുത്ത്, തങ്ങളു ടെ അധീനതയിൽ ആയിരുന്ന ന്യൂഗിനിയിലേക്ക് ചേർത്തു. ഒന്നാം ലോക മഹായുദ്ധകാലത്ത് ഓസ്ട്രേലിയ ജർമനിയിൽനിന്നും ദ്വീപ് പിടിച്ചെടുത്തു. ഈ സ്ഥിതി രണ്ടാം ലോകമാഹായുദ്ധം വരെ തുടർന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഏതാണ്ട് പകുതിയിൽ അമേരിക്കയെ പ്രതിരോധിച്ച് ഏഷ്യ കീഴടക്കാൻ ജപ്പാൻ വ്യാപകമായ പദ്ധതികൾ ഉണ്ടാക്കി. അതിന്റെ ഭാഗമായി ശാന്തസമുദ്രത്തിൽ ചിതറിക്കിടന്ന ദ്വീപസമൂഹത്തിൽ എല്ലാം അവർ ആധിപത്യം സ്ഥാപിച്ചു. ഓസ്ട്രേലിയയെ തുരത്തി ബുഗൻവില്ലയിലും ഹോളണ്ടിനെ തുരത്തി ഇൻഡൊനീഷ്യൻ ദ്വീപുകളിലും ബ്രിട്ടനെ തുരത്തി സിംഗപ്പൂർ, മലേഷ്യൻ പ്രദേശത്തും അമേരിക്കയെത ന്നെ അടിച്ചോടിച്ച് ഫിലിപ്പീൻസിലും ജപ്പാൻ ആധിപ ത്യവും ആർമി ബാരക്കുകളും സ്ഥാപിച്ചു. അങ്ങനെ മറ്റാരുടെയോ യുദ്ധത്തിന്റെ മുൻനിരയായി ഈ നാട്.

Bougainville Island 2
ചെമ്പുതടാകം

രണ്ടാം ലോകമഹായുദ്ധത്തിന്റെ ദിശയോ വേഗമോ നിർണയിക്കുന്നതിൽ ഈ ദ്വീപിന് വലിയ പങ്കൊന്നും ഇല്ല. എന്നാലും ജപ്പാന്റെ കയ്യിൽനിന്നും തോൽവി മേടിച്ച് നാട്ടിൽ പോകേണ്ടിവന്നത് ഒസ്ട്രേലിയക്കാർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ഇതു വീണ്ടെടുക്കാൻ വൻ പദ്ധതികൾ ഉണ്ടാക്കി. ജപ്പാനാകട്ടെ ഒരിഞ്ചുപോലും വിട്ടുകൊടുക്കാൻ തയ്യാറുമല്ലായിരുന്നു. ദ്വീപിൽ പലയിടത്തും അവർ വിമാനത്താവളങ്ങൾ ഒരുക്കി, കപ്പൽവ്യൂഹത്തിന് കാത്തുകിടക്കാൻ തുറമുഖങ്ങളും. നീണ്ട യുദ്ധത്തിന് തയ്യാറെടുത്ത് മലനിരകളിൽ പ്രതിരോധ സംവിധാനങ്ങളും തീർത്തു. അൻപതിനായിരത്തിൽ താഴെ ജനസംഖ്യ ഉണ്ടായിരുന്ന ദ്വീപിൽ അറുപത്ത യ്യായിരം ജപ്പാനീസ് ഭടൻമാരാണ് തമ്പടിച്ചത്. 

1943 നവംബറിൽ ദ്വീപിനുവേണ്ടിയുള്ള യുദ്ധം ആരംഭിച്ചു. ആയിരക്കണക്കിന് ഓസ്ട്രേലിയൻ നാവികരും അവരെ സഹായിക്കാൻ ന്യൂസീലൻഡ് എഞ്ചിനിയർമാരും അമേരിക്കൻ വിമാനസേനയും ഒക്കെ വന്നെത്തിയതോടെ ബുഗൻവില്ല. വലിയൊരു യുദ്ധക്കളം ആയി. ആയിരക്കണക്കിന് പട്ടാളക്കാർ പൊരുതി മരി ച്ചു, അതിലേറെ പേർ പട്ടിണിയും പനിയും രോഗം മൂലവും മരിച്ചു. എന്നിട്ടും ജാപ്പനീസ് സേന കീഴടങ്ങിയില്ല. 1945ൽ ജപ്പാനിൽ അണു ബോംബ് വീണ് ജപ്പാൻ തോൽവി സമ്മതിച്ചു കീഴടങ്ങിയതിനുശേഷം മാത്രമാണ് ബുഗൻ - വില്ലിലെ ജാപ്പനീസ് സൈന്യം വെടിനിറുത്തി ആയുധംവെച്ചത്.

ബുഗൻവില്ലിന്റെ കഷ്ടകാലം പക്ഷേ, ഇതുകൊണ്ടും കഴിഞ്ഞില്ല. ഓസ്ട്രേലിയ വീണ്ടും ദ്വീപിന്റെ അധികാരിയായി. 1975-ൽ പാപ്പുവ - ന്യൂഗിനിക്ക് സ്വാതന്ത്യം നൽകിയപ്പോൾ ബുഗൻവില്ലിനെ ആ രാജ്യത്തിൽ ലയിപ്പിച്ചു. അതിൽ ആ നാട്ടുകാർ എതിർപ്പു പ്രകടിപ്പിക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ഒക്കെ ചെയ്തിട്ടും കാര്യമുണ്ടായില്ല. ഇതിന്റെയൊക്കെ ഇടയ്ക്കാണ് ദ്വീപിന്റെ നടുക്ക് വിലപിടിച്ച ലോഹങ്ങളുടെ വൻ ശേഖരം ഉണ്ടെന്ന് ഓസ്ട്രേലിയൻ കമ്പനി ആയ റിയോറ്റിൻടോ കണ്ടെത്തുന്നത്. 1975-ൽ ബുഗൻവില്ല കോപ്പർ പ്രവർത്തനം ആരംഭിച്ചു. സ്വർണവും ചെമ്പും വൻതോതിൽ കയറ്റി അയയ്ക്കാൻ തുടങ്ങിയ തോടെ ബുഗൻവില്ലിൽ വിമാനത്താവളവും തുറമുഖവും ഗോൾഫ് കോഴ്സസും ഇന്റർനാഷണൽ സ്കൂളുകളും ഒക്കെ ഉണ്ടായി. പക്ഷേ, ഈ ഖനിയിൽ ജോലി ചെയ്തിരുന്ന ഭൂരിഭാഗവും ഓസ്ട്രേലിയയിൽ നിന്നോ അല്ലെങ്കിൽ മറ്റുനാടുകളിൽനിന്നോ ഉള്ളവർ ആയിരുന്നു. കിട്ടുന്ന വരുമാനം മുഴുവനും പാപ്പുവ ന്യൂഗിനിയിലെ കേന്ദ്രസർക്കാരിനാണ് പോയിക്കൊണ്ടിരുന്നത്. അതേസമയം വൻ ഖനിയിൽ നിന്നുണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങൾ എല്ലാം ആ നാട്ടുകാർ അനുഭവിക്കേണ്ടതായും വന്നു.

Bougainville Island 3
പൂട്ടിക്കിടക്കുന്ന ഫാക്ടറി

ഖനികളിൽനിന്നുള്ള വരുമാനവും കൂടുതൽ സ്വയംഭരണ അധികാരവും ലഭിക്കണം എന്ന ആവശ്യമുന്നയിച്ച് ബുഗൻവില്ലക്കാർ 1988-ൽ സമരം ആരംഭിച്ചു. ഖനിയിലെ സൗകര്യങ്ങൾ അട്ടിമറിച്ചു. പിടിച്ചുനിൽക്കാനാവാതെ കമ്പനി സ്ഥലം വിട്ടു. പക്ഷേ, നാട്ടുകാരെ ഒരു പാഠം പഠിപ്പിക്കാൻ കേന്ദ്രസൈന്യം ബുഗൻവില്ലയിലെത്തി. ബുഗൻവില്ല ആഭ്യന്തരയുദ്ധത്തി ന്റെ നടുവിലായി. 1999-ൽ ആഭ്യന്തരയുദ്ധം അവസാനിക്കുമ്പോഴേക്കും ആയിരക്കണക്കിന് ദ്വീപുവാസികൾ മരണപ്പെട്ടിരുന്നു. സ്കൂളുക ളും ആശുപ്രതികളും എല്ലാം അടച്ചു. വിമാനത്താവളത്തിൽ വിമാനം വരാതായി. ഗോൾഫ് കോഴ്സ് പുല്ലുകയറി, തുറമുഖം കാടുകയറി, ആകപ്പാടെ ബുഗൻവില്ല തലസ്ഥാനം ആയ അരാവ ഒരു ഭൂതനഗരം ആയി.

പിന്നെ പതുക്കെ പതുക്കെ സമാധാനശ്രമങ്ങൾ തുടങ്ങി. കൂടുതൽ സ്വയംഭരണം അവർക്ക് കിട്ടി. പുതിയ ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടന്നു. വേണമെങ്കിൽ മാതൃരാജ്യം ആയ പപ്പുവയിൽ നിന്നും വേറിട്ട് പോകാൻ വോട്ടെടുപ്പ് നടത്താനുള്ള അവകാശം അവർക്കുണ്ട്. പക്ഷേ, സ്വന്തം രാജ്യം ആകണമെങ്കിൽ സ്വർണഖനി വീണ്ടും തുറന്നേ പറ്റൂ. ബുഗൻവില്ലിൽ ഖനനത്തിന് ലൈസൻസ് ഉള്ള ബുഗൻവില്ല കോപ്പർ കമ്പനിയും അവിടുത്തെ ഏറെക്കുറെ സ്വയംഭരണം ഉള്ള സർക്കാരും നാട്ടുകാരും തമ്മിലുള്ള സമാധാനശ്രമങ്ങ ളിൽ സാങ്കേതികസഹായം നൽകാനാണ് ഞാൻ 2013-ൽ ബുഗൻവില്ലിൽ എത്തുന്നത്. ഖനിയെല്ലാം പൂട്ടിയിട്ട് അപ്പോഴേക്കും കാൽ നൂറ്റാണ്ട് കഴിഞ്ഞു. അക്കാലത്തിനിടയ്ക്ക് മ റ്റു നാട്ടിൽനിന്നും ഒരാളെപ്പോലും നാട്ടുകാർ അവിടെ പ്രവേശിപ്പിച്ചിട്ടില്ല. പക്ഷേ, ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ആയതിനാൽ ഖനി ഉൾപ്പടെ ഭൂതനഗരം മുഴുവൻ സന്ദർശിക്കാനും നാട്ടുകാരുമായി സംവദിക്കാനും എനിക്ക് അവസരം ലഭിച്ചു.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത - ഗർത്തമാണ് ബുഗൻവിലിലെ ഖനി. ഒരു വൻ മല നിന്നിടം ആണിപ്പോൾ കുഴിയായിരിക്കുന്നത്. ഒരു ദിവസം പെട്ടെന്ന് പണിയുപേക്ഷിച്ച് ആളുകൾ ഓടി - പ്പോയതിനാൽ വാഹനങ്ങൾ ഉൾപ്പെടെ ഖനിയിലെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാം അതുപോലെ തന്നെ കിടക്കുന്നു. കെട്ടിടങ്ങളിൽ കാടുകയറി, ഖനി വെള്ളം നിറഞ്ഞ് തടാകമായി. ഖനിയിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം ചെമ്പിന്റെ ആധിക്യത്താൽ ഇളംപച്ചനിറമായി. ബുഗൻവില്ലിൽ ഒഴുകിയിരുന്ന നദിയിപ്പോൾ ഖനിയിൽ നിന്നും ഒഴുകിയ വെള്ളത്തിലെ പൊടി നിറഞ്ഞ് ഗതിമാറി ഒഴുകുന്നു. ഖനിയിലെ എക്കൽ അടിഞ്ഞ് എംപ്ബൈ എന്ന ഉൾക്കടൽ ഇപ്പോൾ ഒരു ചെറിയ ഡൽറ്റ പ്രദേശം ആണ്. ഭൗതികവും രാസപരമായും ഈ പ്രദേശത്ത് ഏറെ മാറ്റങ്ങൾ ഉണ്ടായി. അതിന്റെ പ്രതിഫലനം ഇവിടുത്തെ ആളുകളുടെ ആരോഗ്യത്തിലും ജീവ ജാലങ്ങളുടെ സ്ഥിതിയിലും ഉണ്ടാവുക സ്വാഭാവി കമാണ്. അത് പഠിക്കുക എന്നതാണ് അടുത്ത പടി.

Bougainville Island 4
ചെമ്പ് കലര്‍ന്ന് പച്ചയായ വെള്ളം

രണ്ടു ദിവസം അരാവായിൽ താമസിച്ചു. അവിടെ താമസിക്കാൻ ഹോട്ടലൊന്നും ഇല്ല. ഒരു അതിഥി ഉണ്ടെന്നു പറഞ്ഞ് ആരുടെയൊ വീട്ടിൽ മുറി സംഘടിപ്പിച്ചു. വേറെ ആരോ ഭക്ഷണം പാകം ചെയ്തതന്നു. ദ്വീപിൽ സഞ്ചാരത്തിന് നടപ്പാണ് പ്രധാന മാർഗം. ഞങ്ങൾ വന്നതല്ലാതെ വേറെ ജീ പ്പൊന്നും ആ രാജ്യത്തില്ല. ഹൈസ്കൂളോ ആശുപത്രിയോ ഇല്ല. വൈദ്യുതി കമ്മിയാണ്. ശരാശരി ആളുകൾക്ക് പട്ടിണി ഒരു ദൈനംദിന യാഥാർഥ്യ മാണ്. സ്വർഗം പോലെയിരിക്കുന്ന നാട്ടിൽ സ്വർണഖനി വന്നപ്പോൾ നാട്ടുകാരുടെ ഗതി ഓർക്കുക. ഇതു പക്ഷേ, ഒരു ബുഗൻവിലിന്റെയോ ഒഗോണി ലാൻഡിന്റെയോ മാത്രം കഥയല്ല. വൻ വിലയുള്ള വിഭവങ്ങൾ കാൽക്കീഴിൽ ഇല്ലാത്ത ജനതയാണ് വാസ്തവത്തിൽ ഭാഗ്യം ചെയ്തവർ. അല്ലെങ്കിൽ സ്വന്തം നാട്ടുകാരോ മറുനാട്ടുകാരോ ആ വിഭവങ്ങൾ തട്ടിയെടുക്കാൻ വേണ്ടി നമ്മെ കരുവാക്കും, നാടുകടത്തും പട്ടിണിയാവും.

രണ്ടു ദിവസം അരാവായിലെ താമസം കഴിഞ്ഞ് ഞാൻ ഇപ്പോഴത്തെ തലസ്ഥാനമായ ബുക്കയിൽ എത്തി. ബുഗൻവില്ലിയോട് ചേർന്നുകിടക്കുന്ന ഒരു ചെറു ദ്വീപാണ് ബുക്ക്. ഇവിടെ ഒന്നുരണ്ട് ചെറിയ ഹോട്ടലൊക്കെ ഉണ്ട്. ഞാൻ താമസിക്കുന്നത് കടലിന്റെ മുകളിലേക്ക് നീട്ടി പണിതിരിക്കുന്ന ഹോട്ടലിലാണ്. ഒന്നാം നിലയിൽ ഹോട്ടലുടമസ്ഥനും കുടുംബവും താമസിക്കുന്നു. രണ്ടാം നില ഒരു റസ്റ്റോറന്റാണ്. മൂന്നാംനിലയിൽ കുറച്ചു മുറികൾ അത്രേ ഉള്ളൂ. മുറിയുടെ ബാൽക്കണിയിലിരുന്നാൽ താഴെകാണുന്നത് പവിഴപ്പുറ്റുകളും അതിൽ അധിവസിക്കുന്ന വർണമത്സ്യങ്ങളുമാണ്.

പെട്ടെന്ന് ഒരു പ്രസിഡന്റ് 

രാവിലെ തുടങ്ങിയ മീറ്റിങ്ങുകളാണ്. കമ്പനി അധികാരികളും സർക്കാർ ഉദ്യോഗസ്ഥരും കേന്ദ്രസർക്കാരിന്റെ പ്രതിനിധികളും ഉണ്ട്. മധ്യസ്ഥം വഹിക്കുന്ന ഒരു ഓസ്ട്രേലിയൻ പ്രൊഫസർ ഉണ്ട്. സാങ്കേതികസഹായത്തിന് ഞാനും. ഖനി വീണ്ടും തുറക്കുക എന്നുള്ളത് ദ്വീപിന്റെ മൊത്തം ഭാവിയെ ബാധിക്കുന്ന തീരുമാനമാണ്. ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോൾ ഉണ്ടാക്കിയ കരാർ അനുസരിച്ച് 2018-വരെ എന്നുവേണമെങ്കിലും ബുഗൻവില്ലിന് സ്വതന്ത്രരാജ്യം ആകാൻ ജനാഭിപ്രായസർവേ നടത്താം. ഖനി വീണ്ടും തുടങ്ങിയാൽ ചെറിയ ജനസംഖ്യയുള്ളതിനാൽ ഒരു സ്വതന്ത്ര രാജ്യമായി അവർക്ക് നിലനില്ക്കാൻ പറ്റുകയും ചെയ്യും. നന്നായി പണം ഉപയോഗിച്ചാൽ ഉടൻ എല്ലാവരുടെയും സ്ഥിതി മെച്ചപ്പെടും. സമാധാനപരമായി ചർച്ച മുന്നോട്ടു കൊണ്ടു പോകുന്നതിൽ എല്ലാവർക്കും താത്പര്യമുണ്ട്. പക്ഷേ, കാൽ നൂറ്റാണ്ടുകാലത്തെ അവിശ്വാസം കക്ഷികൾ തമ്മിൽ ഉണ്ട്. കാര്യങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞുറപ്പിക്കുക എളുപ്പമല്ല. ചർച്ച രാത്രി എട്ടായിട്ടും കഴിഞ്ഞില്ല.

രാത്രി ഒൻപതുമണിക്ക് പ്രസിഡന്റ് മോമിസ് നിങ്ങളെ കാണും എന്ന് അദ്ദേഹത്തിന്റെ ഓഫീസിൽനിന്നും ഫോൺ വന്നു. പാപ്പുവ ന്യൂ ഗിനിയയുടെ ഭാഗമാണെങ്കിലും ബുഗൻവില്ലിന് സ്വയംഭരണ അധികാരങ്ങളുണ്ട്. അതിനാൽ സ്വന്തം പ്രസിഡന്റുമുണ്ട്. പതിറ്റാണ്ടുകളായി ബുഗൻവില്ലയുടെ രാഷ്ട്രീയത്തിൽ നിറഞ്ഞുനില്ക്കുന്ന മോമിസ് എന്നയാളാണ് പ്രസിഡന്റ്. പാപ്പുവ ന്യൂഗിനിയയിലെ മന്ത്രിയായിരുന്നു, ചൈനയിലെ അംബാസഡർ ആയിരുന്നു, ലോകം ബഹുമാനിക്കുന്ന വ്യക്തിത്വം ആണ്. ഒരു രാജ്യത്തെ പ്രസിഡന്റിനെ കാണാൻ പോകുമ്പോൾ നയതന്ത്രരംഗത്ത് പ്രവർത്തിക്കുന്നവർ എങ്ങനെ പെരുമാറണം എന്നതിന് ചില നിബന്ധനകളൊക്കെ ഉണ്ട്. കറുപ്പോ കറുപ്പുകലർന്ന നീലയോ ഉള്ള ജാക്കറ്റ് ധരിക്കണം, കടും നിറത്തിലുള്ള ടൈ ഉപയോഗിക്കാൻ പാടില്ല. പ്രസിഡന്റ് നമ്മോട് സംസാരിക്കാതെ അങ്ങോട്ട് സംസാരിക്കാൻ പാടില്ല. യുവർ എക്സലൻസി ‌എന്ന് എപ്പോഴും അഭിസംബോധന ചെയ്യണം. രാജ്യത്ത് നല്ല ചൂടായതിനാലും മുറിയിൽ ഏസി ഇല്ലാത്തതിനാലും ഞാൻ ജാക്കറ്റും ടൈയും ഇല്ലാതെയാണ് മീറ്റിങ്ങിനു വന്നത്. പ്രസിഡന്റിനെ കാണാനുള്ള ഔദ്യോഗിക അനുമതി ഓഫീസിൽനിന്നും കിട്ടിയിട്ടില്ല. സംസാരിക്കാനുള്ള ബ്രീഫിങ് നോട്ട് ഇല്ല. ചെറിയ പരിഭ്രമം ഉണ്ട്.

“മുരളി, ഇതു പസിഫിക് ആണ്. ഇവിടെ വലിയ പ്രോട്ടോക്കാൾ ഒന്നുമില്ല.'' ഓസ്ട്രേലിയൻ പ്രൊഫസർ എന്നെ സമാധാനിപ്പിച്ചു. എട്ടരയോടെ ഞങ്ങൾ പ്രസിഡന്റിന്റെ വില്ലയിലേക്ക് പോയി. പറഞ്ഞതുപോലെ അവിടെ യാതൊരു പ്രോട്ടോക്കാളും ഇല്ല. ഒരു മൂന്നുനില വലിയ വീടാണ് പ്രസിഡന്റിന്റെ വില്ല. അതിന്റെ മുറ്റത്ത് അല്പം ഉയരത്തിൽ തൂണിൻമേൽ സ്ഥാപിച്ച ഒരു റിസപ്ഷൻ ഏരിയ ഉണ്ട്. അവിടെ കുറച്ചു പേർ കൂടിനിന്ന് വർത്തമാനം പറയുന്നുണ്ട്. മുറ്റത്ത് പാരമ്പര്യവാദ്യവും ആയി കുറച്ചു പേർ പ്രോഗ്രാമിനു തയ്യാറെടുക്കുന്നു. ഞാനും റിസപ്ഷൻ ഏരിയയിലേക്ക് ചെന്നു. 

“ഹലോ വെൽക്കം ടു ബുഗൻവില്ല.''എന്നു പറഞ്ഞ് ഒരാൾ എന്റെ കൈ പിടിച്ചു കുലുക്കി. 

“നീ ഭയങ്കര ധൈര്യക്കാരൻ തന്നെ. ഇവിടെ വന്ന് ഇരുപത്തിനാലു മണിക്കൂറിനകം ഖനിയെല്ലാം പോയി സന്ദർശിച്ചല്ലോ. രണ്ടു പതിറ്റാണ്ടായി പുറമെനിന്ന് ആരുംതന്നെ അവിടെ പോയിട്ടില്ല. ചെല്ലാൻ അവർ അനുവദിക്കാറുമില്ല.'' അദ്ദേഹം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

“താങ്ക് യു സാർ. അവിടുത്തുകാർ നല്ല ആളുകൾ ആണ്. എനിക്ക് ഒരു പ്രശ്നവും ഉണ്ടായില്ല.''

“ഐ ആം ജോൺ മോമിസ്' അദ്ദേഹം പറഞ്ഞു.

Momis
പ്രസിഡന്റ് മോമിസ്

രാജ്യത്തിന്റെ പ്രസിഡന്റാണ് യാതൊരു മുന്നറിയിപ്പോ കൂട്ടാളികളോ ഇല്ലാതെ നേരെ വന്ന് പരിചയപ്പെട്ടതും നല്ല വാക്കു പറഞ്ഞതും. “യുവർ എക്സലൻസി' വാക്കുകൾ എന്റെ തൊണ്ടയിൽ കുരുങ്ങി. ബുഗൻവില്ലിലെ പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. 2018 അടുത്തു വരുന്നു, അതിനു മുൻപ് ഖനി തുറക്കുന്നതിൽ ഒരു തീരുമാനം ആക്കണം എന്ന് പ്രസിഡന്റിനും നാട്ടുകാർക്കും താത്പര്യം ഉണ്ട്. പക്ഷേ, അതിനു മുൻപ് കീറാമുട്ടികൾ പലതുണ്ട്. കാത്തിരുന്നു കാണുക. കേരളംപോലെ പച്ചപ്പുള്ള പ്രദേശം ആണ് ബുഗൻവില്ല. കേരളത്തിലെ വെട്ടുകല്ലിൽ സ്വർണം ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. തത്കാലം അത് വേർതിരിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ, സ്വർണവില ഏറെ കൂടുകയോ സാങ്കേതികവിദ്യ മാറുകയോ ചെയ്താൽ ചിലപ്പോൾ വെങ്ങോലയെല്ലാം സ്വർണഖനി ആകും. ഇപ്പോൾ തന്നെ പാറമട കാരണം നടക്കുന്ന പരിസ്ഥിതിനാശം കൊണ്ട് വീർപ്പുമുട്ടുകയാണ് വെങ്ങോലയും കേരളത്തിലെ അനവധി മലയോര ഗ്രാമങ്ങളും.

Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

അപ്പോൾ നമ്മുടെ ഭൂമിക്കടിയിൽ എണ്ണയോ സ്വർണമോ വ്രജമോ ഉണ്ടാകുന്നത് നമുക്ക് പാരയായി വരും. നമ്മുടെ ഭൂമി കൃഷിക്ക് മാത്രം കൊള്ളാവുന്നതായിരിക്കുന്നതാണ് നമുക്ക് ഏറ്റവും നല്ലതെന്നാണ് ഒഗോനിലാൻഡും ബുഗൻവില്ലയുമൊക്കെ നമ്മെ പഠിപ്പിക്കുന്നത്. വെങ്ങോലയിൽ സ്വർണം വരാതിരിക്കട്ടെ എന്നാണെന്റെ പ്രാർഥന.

മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Murali Thummarukudi Travel, How Bougainville Island lost its paradisal ambience, Mathrubhumi Yathra