കേരളത്തിലുള്ള എല്ലാവരും അവസരം കിട്ടുമ്പോഴൊക്കെ എവിടേക്കെങ്കിലുമൊക്കെ യാത്ര ചെയ്യണമെന്നാണ് എന്റെ അഭിപ്രായം എന്ന് ഞാന്‍ പല തവണ പറഞ്ഞല്ലോ. അതിന് ആളുകളെ പ്രേരിപ്പിക്കാനും സഹായിക്കാനും ആണ് യാത്ര സീരീസ് തുടങ്ങിയത്. വളരെ നല്ല പ്രതികരണം ആണ് വായനക്കാരില്‍ നിന്നും ഉണ്ടായത്. ഈ സീരിസിലെ അവസാനത്തെ എപ്പിസോഡ് ആണ് ഇത്. സീരിസില്‍ ഏറെ പറഞ്ഞത് വിദേശയാത്രയെ പറ്റിയായിരുന്നു. വിദേശ യാത്ര മാത്രം ആണ് യാത്ര എന്നത് കൊണ്ടല്ല, മറിച്ച് നാട്ടില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ക്ക് അത്ര അറിവ് കുറവ് ഇല്ലല്ലോ എന്നത് കൊണ്ടും വിദേശ യാത്രയെ പറ്റി പറയുമ്പോള്‍ ഉള്ള പല തന്ത്രങ്ങളും നാട്ടിലെ യാത്രക്കും ബാധകമായതു കൊണ്ടും ആണ് വിദേശ യാത്രയില്‍ ഫോക്കസ് ചെയ്തത്.
അത് കൊണ്ട് കാശുണ്ടായി വിദേശ യാത്ര ചെയ്യാന്‍ മാത്രം ആയി മാറി നില്‍ക്കേണ്ട. അടുത്ത അവധി ദിവസത്തില്‍ നിങ്ങളുടെ ഗ്രാമം ചുറ്റി നടന്നു കാണുന്നതും യാത്രയാണ്. താല്പര്യമുള്ളവര്‍ തുമ്മാരുകുടിയിലേക്ക് വരൂ. രണ്ടായിരത്തി അഞ്ഞൂറു വര്‍ഷം മുന്‍പേ ജനവാസത്തിന്റെ തെളിവായ നന്നങ്ങാടിയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉള്ള സ്ഥലം ആണ്. എന്റെ 'അമ്മ ജനിച്ചതില്‍ പിന്നെ വെങ്ങോല എന്ന ഗ്രാമം ഏറെ പുരോഗമിച്ചെങ്കിലും തുമ്മാരുകുടിയിലെ പ്രകൃതിയില്‍ ഒരു മാറ്റവും ഇപ്പോഴും ഇല്ല. സര്‍പ്പക്കാവും പാലമരവും നെല്‍പ്പാടങ്ങളും തോടും ശുദ്ധജലവും ഒക്കെയായി ഒരു തുരുത്ത് അവിടെ ഉണ്ട്. ?
മൈക്കല്‍ ജാക്‌സന്റെ ഡാന്‍സ് ഇഷ്ടപ്പെടുന്ന അബ്ദുള്‍ കാദിറിനെ പോലെ ബൗള്‍ ചെയ്യുന്ന രാമായണവും ബെന്യാമിനും ഒരുപോലെ വായിക്കുന്ന എന്റെ അമ്മ ഇപ്പോഴും അവിടെ ഉണ്ട്. നിങ്ങളുടെ യാത്രകള്‍ അവിടെ നിന്നും തുടങ്ങാം.
യാത്ര എന്നത് വിനോദം മാത്രമല്ല മുഖ്യമായും വിദ്യാഭ്യാസം ആണെന്ന് പറഞ്ഞുവല്ലോ. തുറന്ന മനസ്സോടെ യാത്ര ചെയ്യുന്നവരുടെ സങ്കുചിത മനസ്ഥിതി ഏറെ മാറും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മലയാളികള്‍ തൊഴിലിനും പഠനത്തിനും ആയി യാത്ര ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ യാത്ര ചെയ്യാത്തവര്‍ക്ക് പുറത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഉണ്ട്, അവരെ സന്ദര്‍ശിക്കാനായി തന്നെ യാത്രകള്‍ തുടങ്ങാം. കേരളത്തിന് പുറത്ത് ബഹുഭൂരിപക്ഷം മലയാളികളും യാത്ര ചെയ്യുന്ന കാലത്ത് നമ്മുടെ ഭൂപ്രകൃതിയുടെ, സംസ്‌കാരത്തിന്റെ, മത സൗഹാര്‍ദ്ദത്തിന്റെ ഒക്കെ ഭാഗ്യങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് കഴിയും.
അപ്പോള്‍ നമുക്ക് എന്തില്ല എന്ന പരാതി മാറിയിട്ട്, എന്തുണ്ട്, ആ വിഭവങ്ങള്‍ എങ്ങനെ സുസ്ഥിര വികസനത്തിന് വേണ്ടി ഉപയോഗിക്കാം എന്നുള്ള തരത്തില്‍ നമ്മുടെ ചിന്തകള്‍ മാറും. അങ്ങോട്ടും ഇങ്ങോട്ടും രാഷ്ട്രീയവും ജാതിയും മതവും പാരമ്പര്യവും ഒക്കെ പറഞ്ഞു സമൂഹത്തെ വിഭജിക്കുന്നത് മാറി നമ്മിലെ മാറ്റങ്ങള്‍ എല്ലാം എത്രയോ നിസാരങ്ങള്‍ ആണെന്ന് നമ്മള്‍ അറിയും. അപ്പോഴാണ് നാം സംസ്‌കാരസമ്പന്നമായ ഒരു ജനതയാകുന്നത്. വികസനം വരുന്നത് വിമാനത്താവളവും മെട്രോയും വഴി മാത്രമല്ല, ചിന്തയില്‍ കൂടിയും ആളാണ്.
യാത്ര ചെയ്യാതിരിക്കാന്‍ ഏറെ ന്യായങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ട് എന്ന് ഞാന്‍ പറഞ്ഞല്ലോ. ചിലര്‍ക്ക് മടി, ചിലര്‍ക്ക് പണം, ആരോഗ്യം ഇവയുടെ കുറവ്, മറ്റ് ചിലര്‍ക്ക് കുടുംബപ്രാരാബ്ധങ്ങള്‍. എന്നാല്‍ ഇതിനെയൊക്കെ മറികടന്നും കേരളത്തിലെ 99 ശതമാനം ആളുകള്‍ക്കും യാത്ര പോകാന്‍ സാധിക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം. യാത്ര ചെയ്യാന്‍ പൊതുവെ ബുദ്ധിമുട്ടുള്ളവര്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്ന്.
കുട്ടികളെ കൂട്ടിയുള്ള യാത്ര: കുട്ടികളെ കൂട്ടി യാത്രചെയ്യാന്‍ അധികമാളുകള്‍ക്കും ഭയമാണ്. അതില്‍ കാര്യമുണ്ട്. അന്തരീക്ഷ മലിനീകരണം, മറ്റുള്ളവരില്‍ നിന്നും അസുഖം പടരാനുള്ള സാധ്യത, യാത്രയുടെ അസൗകര്യങ്ങള്‍, യാത്രയില്‍ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന അസൗകര്യങ്ങള്‍, ഇതെല്ലാം പ്രശ്‌നമാണ്.
എന്റെ മകനെയും കൂട്ടി ഞാന്‍ ആദ്യം യാത്രചെയ്യുമ്പോള്‍ നാലു മാസമാണ് അവന്റെ പ്രായം. മസ്‌ക്കറ്റില്‍നിന്നും ഓമനിലേക്ക് വിമാനത്തിലായിരുന്നു യാത്ര. ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. അതിനുശേഷം ലോകത്ത് എവിടെയെല്ലാം എത്രയോ യാത്രകള്‍. അവന് യാത്ര ഒരു പ്രശ്‌നമേ അല്ല. യാത്ര അന്നും ഇന്നും അവന് സന്തോഷം ആണ്. ഏതു കുട്ടികള്‍ക്കാണ് യാത്ര സന്തോഷം അല്ലാത്തത് ?
ഇന്ത്യക്ക് വെളിയില്‍, പ്രത്യേകിച്ചും വികസിതരാജ്യങ്ങളിലേക്ക് കുട്ടികളെ കൂട്ടി യാത്രചെയ്യുന്നത് ഒരു ബുദ്ധിമുട്ടല്ല. എല്ലായിടത്തും നല്ല ടോയ്‌ലറ്റുണ്ട്, മുലപ്പാലൂട്ടാനും നാപ്കിന്‍ മാറ്റാനും സൗകര്യങ്ങളുണ്ട്. ആരോഗ്യപരിപാലനവും പ്രശ്‌നമല്ല. ഇന്ത്യക്ക് അകത്താകുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അപ്പോള്‍ കുട്ടികളുടെ പ്രായമല്ല പ്രശ്‌നം, എവിടേക്കാണ് യാത്ര എന്നതാണ്.
എന്റെ നിര്‍ദ്ദേശം ഇതാണ്. കുട്ടികള്‍ ഉണ്ടാകുന്നത് കൊണ്ട് യാത്ര ഒന്നും മാറ്റി വക്കേണ്ട. യാത്രയുടെ പ്ലാനിങ്ങ് മാറ്റിയാല്‍ മാത്രം മതി. ഓരോ കുട്ടിയുടെയും ആരോഗ്യസ്ഥിതി കണക്കാക്കി ആറുമാസം കഴിഞ്ഞാല്‍ അല്പം ദൂരയാത്രയൊക്കെ ആകാം. അവരുടെ ഭക്ഷണത്തെപ്പറ്റിയും മുലയൂട്ടലിനെപ്പറ്റിയും കുടിവെള്ളത്തെപ്പറ്റിയുമൊക്കെ മുന്‍കൂര്‍ ധാരണ വേണമെന്ന് മാത്രം. പാക്കിങ്ങിന് സാധനങ്ങളും സമയവും കൂടുതലാകും എന്നത് ഒരു സത്യമാണ്. എന്നിരുന്നാലും പരമാവധി ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ യാത്രയില്‍ കൂട്ടുന്നതാണ് നല്ലത്. എങ്കിലേ വയസാംകാലത്ത് നിങ്ങളെയും അവര്‍ യാത്രയില്‍ കൂട്ടൂ.
കുട്ടികള്‍ ചെറുപ്പത്തിലേ തന്നെ യാത്രകള്‍ ആസ്വദിച്ചു തുടങ്ങും. എന്നാല്‍ അവര്‍ യാത്രകള്‍ ഓര്‍ത്തിരിക്കണമെങ്കില്‍ ഏഴു വയസ്സെങ്കിലും ആകണം. അതിനാല്‍ നിങ്ങള്‍ അധികം സഞ്ചരിക്കാത്ത ആളോ, അഥവാ, സഞ്ചരിക്കാനിഷ്ടമുണ്ടെങ്കിലും സാമ്പത്തികഞെരുക്കമുള്ള ആളോ ആണെങ്കില്‍ കുട്ടികളെ കൂട്ടി ദൂരയാത്ര ചെയ്യുന്നത് അവര്‍ക്ക് ഏഴു വയസായതിനു ശേഷമായിരിക്കണം. ഇന്ത്യയില്‍ നിന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഡിസ്‌നി ലാന്‍ഡ് കാണാന്‍ പോവുകയാണെങ്കില്‍ കുട്ടികള്‍ക്ക് ഏഴു വയസ്സായിട്ട് മതി, അല്ലെങ്കില്‍ അതൊന്നും അവരുടെ ഓര്‍മ്മയിലുണ്ടായിരിക്കില്ല.
സ്‌കൂളിലെ വിനോദയാത്ര: ഞാന്‍ മലയാളത്തില്‍ ആദ്യമായി ഒരു പുസ്തകം എഴുതിയത് വിനോദയാത്രയെ പറ്റിയതാണെന്ന് ഇപ്പോള്‍ ആര്‍ക്കും തന്നെ അറിയില്ല കാരണം ഇപ്പോള്‍ ആ പുസ്തകം വില്‍പ്പനക്ക് ലഭ്യമല്ല. തട്ടേക്കാട് ദുരന്തം ഉണ്ടായതിന്റെ അടുത്ത വര്‍ഷം എന്റെ മരുമക്കള്‍ എന്നോട് പരാതി പറഞ്ഞു
'മാമ, ടീച്ചേര്‍സ് ഞങ്ങളെ എക്‌സ്‌കര്‍ഷന് കൊണ്ട് പോകുന്നില്ല, എന്തെങ്കിലും അപകടം വരുമോ എന്ന് പേടി ആണ്. അന്ന് അപകടം ഉണ്ടായപ്പോള്‍ എല്ലാവരുടെയും പേരില്‍ കേസൊക്കെ വന്നു.'.
അത് വളരെ കഷ്ടമാണല്ലോ എന്നെനിക്ക് തോന്നി, കാരണം വിനോദ യാത്ര എന്ന് പറയുമെങ്കിലും സ്‌കൂളില്‍ നിന്നും കൂട്ടുകാരും ചേര്‍ന്നുള്ള യാത്ര വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. വീട്ടില്‍ നിന്നും ദൂരയാത്ര ഒന്നും പോകാത്ത ഏറെ കുട്ടികള്‍ക്ക് ആകപ്പാടെ യാത്ര ചെയ്യാന്‍ അവസരം കിട്ടുന്നത് സ്‌കൂള്‍ യാത്രയില്‍ ആണ്. യാത്ര എന്നാല്‍ സ്ഥലം കാണുക മാത്രമല്ല, വീട്ടില്‍നിന്നും മാറിനില്‍ക്കുക കൂടിയാണ്, മറ്റ് കുട്ടികളോട് ചേര്‍ന്ന് പെരുമാറാന്‍ പഠിക്കുകയും. അതെ സമയം എന്തെങ്കിലും അപകടം ഉണ്ടായാല്‍ ഉടന്‍ ആളുകളുടെ ദേഷ്യം മാറ്റാന്‍ അധ്യാപകരുടെ ഒക്കെ പേരില്‍ കേസ് എടുക്കുന്ന നാട്ടില്‍ അധ്യാപകര്‍ ആവശ്യമില്ലത്ത റിസ്‌ക്ക് എടുക്കാന്‍ പോകാതിരുന്നാല്‍ കുറ്റം പറയാനും വയ്യല്ലോ. അത് കൊണ്ട് എങ്ങനെ സുരക്ഷിതമായി ഒരു സ്‌കൂള്‍ എക്‌സ്‌കര്‍ഷന്‍ നടത്താം എന്നതിനെ പറ്റി ഞാന്‍ ഒരു കൈപ്പുസ്തകം എഴുതി.
ഏത് സ്ഥലത്ത് പോകണം, എവിടെ പോകരുത്, തിരക്കില്‍ എങ്ങനെ കുട്ടികളെ ശ്രദ്ധിക്കാം, എവിടെ നിന്ന് ഭക്ഷണം കഴിക്കണം, എന്ത് കഴിക്കരുത് എന്നിങ്ങനെ പലതും ഉണ്ടായിരുന്നു അതില്‍. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ എം എ ബേബി ആണ് അവതാരിക എഴുതിയത്. ഡി ജി പി ആയിരുന്ന ശ്രീ ജേക്കബ് പുന്നൂസ് ആണ് പ്രകാശനം ചെയ്തത്. കേരളത്തിലെ എണ്ണായിരം സ്‌കൂളുകളിലും അതിന്റെ ഓരോ കോപ്പി സൗജന്യമായി എത്തിച്ചു കൊടുത്തു. കുറച്ചു പേരെങ്കിലും വായിച്ചു കാണണം. ഈ പുസ്തകം ഇപ്പോള്‍ പ്രിന്റില്‍ ലഭ്യമല്ല, പക്ഷെ താല്പര്യമുള്ളവര്‍ thummarukudy@gmail.com ഇല്‍ ഒരു മെയില്‍ അയച്ചാല്‍ പുസ്തകത്തിന്റെ ഒരു പി ഡി എഫ് കോപ്പി അയച്ചു തരാം. സ്‌കൂള്‍ കുട്ടികളെ ഉദ്ദേശിച്ചാണ് എഴുതിയതെങ്കിലും ഏതു യാത്രക്കും ഉപകരിക്കുന്നതാണ്.
ഭിന്നശേഷിയുള്ള കുട്ടികള്‍: ശാരീരികമായോ മാനസികമായോ ഏതെങ്കിലും തരത്തില്‍ ഭിന്നശേഷി ഉള്ളവരെ നമ്മുടെ സമൂഹം മൊത്തം ഒഴിവാക്കുകയാണ് പതിവ്. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്ര പോയിട്ട് കൂട്ടുകാരുടെ പിറന്നാളിന് പോലും അവരെ വിളിക്കാറില്ല. കേരളത്തില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് യാത്രചെയ്യാന്‍ പര്യാപ്തമല്ല. വീട്ടില്‍നിന്നും പുറത്തുപോയാല്‍ മല കയറാനോ മ്യൂസിയത്തിലോ മൃഗശാലയിലോ പോകാനോ പോലും അവര്‍ക്ക് ബുദ്ധിമുട്ടാണ്. അവര്‍ക്കാവശ്യമായ ഒരു സൗകര്യങ്ങളും ഇവിടങ്ങളിലില്ല. നമ്മുടെ വീടുകളും സ്‌കൂളുകളും സര്‍ക്കാരും ഒരുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. സ്‌കൂള്‍ യാത്രകളില്‍ ഒരു കാരണവശാലും ഈ കുട്ടികളെ ഒഴിവാക്കരുത്. വേണമെങ്കില്‍ അമ്മയെയോ ഒരു സഹായിയെയോ കൂടെ കൂട്ടാം. ബസിലും ട്രെയിനിലും മ്യൂസിയത്തിലും അസ്സംബ്ലിയിലും ഭിന്നശേഷിക്കാര്‍ക്ക് സഞ്ചാരസൗകര്യം ഒരുക്കിക്കൊടുക്കണം. മെട്രോയില്‍ ഒക്കെ ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ട്. അടുത്ത യാത്ര മെട്രോയില്‍ തന്നെ ആകട്ടെ. മെട്രോ റെയില്‍ വരുമ്പോഴല്ല, അത് എല്ലാവര്‍ക്കും പ്രാപ്യമാകുമ്പോഴാണ് നമ്മള്‍ മെട്രോ സംസ്‌കാരം ഉള്ളവര്‍ ആകുന്നത്..
സിംഗപ്പൂരും ദുബായും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭിന്നശേഷിക്കാരെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് അവരുടെ പൊതുസംവിധാനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ഭിന്നശേഷിയുള്ളവരുടെ കുട്ടികളെ മാതാപിതാക്കള്‍ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒരിക്കലെങ്കിലും അവിടങ്ങളില്‍ കൊണ്ടുപോകാന്‍ ശ്രമിക്കണം. നിങ്ങളുടെ കാലശേഷം ഒരിക്കലും ആരും അവരെ അവിടെ കൊണ്ടുപോകില്ല. അതുകൊണ്ട് പിന്നീട് അവര്‍ക്കത് കാണാന്‍ സാധിച്ചില്ലെന്ന് വരും. യൂറോപ്പ് ഭിന്നശേഷിക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണെന്ന് പറഞ്ഞല്ലോ. ഏതെങ്കിലും തരത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളോ അവരുടെ മാതാപിതാക്കളോ യൂറോപ്പിലേക്ക് യാത്രചെയ്യാന്‍ പ്‌ളാനിട്ടാല്‍ വിസ സംഘടിപ്പിക്കുന്നത് ഉള്‍പ്പടെ എനിക്ക് പറ്റുന്ന സഹായങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.
വയസ്സായവരുടെ യാത്ര: പഴയ നാട്ടുനടപ്പനുസരിച്ച് അറുപത് വയസ്സ് കഴിഞ്ഞാല്‍ 'വയസ്സായി' പിന്നെ യാത്രയൊന്നുമില്ല. കുട്ടികള്‍ക്ക് അസൗകര്യമാകുമോ എന്ന പേടി, ആരോഗ്യപ്രശ്‌നങ്ങള്‍, പടികള്‍ കയറാനും ഇറങ്ങാനുമുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പലതുമുണ്ട് കാരണങ്ങള്‍. ഇപ്പോള്‍ ഇതൊക്കെ മാറി വരുന്നുണ്ട്. എന്റെ അദ്ധ്യാപകന്‍ ആയിരുന്ന ഗ്രേഷ്യസ് സര്‍ അധികം യാത്ര തുടങ്ങിയത് തന്നെ റിട്ടയര്‍ ചെയ്തു കഴിഞ്ഞാണ്. ഇതാണ് അനുകരിക്കേണ്ടത് മാതൃക.
നമ്മള്‍ ശരീരം കൊണ്ടും മനസ്സ് കൊണ്ടും എത്രനാള്‍ ആക്ടീവായിരിക്കുന്നുവോ അത്രയും കാലം വാര്‍ദ്ധക്യം പിടിപെടില്ല എന്നതിന് ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. വയസ്സായതു കൊണ്ട് മാത്രം യാത്രകള്‍ ആശ്രമത്തിലേക്കോ അമ്പലത്തിലേക്കോ മെക്കയിലേക്കോ ദിവ്യനാട്ടിലേക്കോ മാത്രം ആക്കേണ്ട ഒരു കാര്യവുമില്ല. തായ്‌ലന്‍ഡ് മുതല്‍ മക്കാവു വരെ ദുബായ് മുതല്‍ മൗറീഷ്യസ് വരെ ഏതു സ്ഥലവും എല്ലാവരുടെയും കൂടി ആണ്. യാത്ര ചെയ്യാന്‍ ആയി കുട്ടികളെ ഒക്കെ പഠിപ്പിച്ചു കല്യാണവും കഴിപ്പിച്ചു വിട്ടാല്‍ പിന്നെ ബാക്കിയുള്ള പത്തു സെന്റ് സ്ഥലം വിട്ടിട്ടാണെങ്കിലും യാത്ര പോകണം. ഒറ്റ ജീവിതമേയുള്ളൂ. അത് വെറുതെ സീരിയല്‍ കണ്ട് തീര്‍ക്കരുത്.
സ്ത്രീകളുടെ യാത്ര: ഞാന്‍ അറിയുന്നിടത്തോളം യാത്ര സ്ത്രീകള്‍ക്കും വലിയ ഇഷ്ടമുള്ള കാര്യമാണ്. എന്റെ വായനക്കാരില്‍ അധികം സ്ത്രീകളാണ്. ബഹുഭൂരിപക്ഷവും കമന്റൊന്നും ഇടുന്നില്ലെങ്കിലും ആയിരക്കണക്കിന് സ്ത്രീകള്‍ എന്നെ വായിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവരോട് എനിക്കൊന്നേ പറയാനുള്ളു, ഇനിയെങ്കിലും യാത്രചെയ്യാന്‍ മുന്നിട്ടിറങ്ങുക. അത് നിങ്ങള്‍ പതിനഞ്ചു വയസ്സുള്ള കുട്ടിയാണെങ്കിലും എണ്‍പത് വയസ്സുള്ള മുത്തശ്ശിയാണെങ്കിലും. സുരക്ഷയുടെ കാര്യം ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞല്ലോ. യാത്രയില്‍ സ്ത്രീകളോടുള്ള പെരുമാറ്റം കേരളത്തിലും സുഖപ്രദം ആണ് മിക്കവാറും നമ്മള്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍. യാത്ര ചെയ്യാന്‍ കാരണങ്ങള്‍ കണ്ടെത്തുക, അവസരം കിട്ടുമ്പോള്‍ ഒക്കെ യാത്രചെയ്യുക. ടോയ്‌ലറ്റ്, കുളി, ഭക്ഷണം, തുടങ്ങിയവയിലെ നിര്‍ബന്ധബുദ്ധികള്‍ ഉപേക്ഷിക്കുക. നിങ്ങളുടെ ഭര്‍ത്താവിന്റെയും മക്കളുടെയും സന്തോഷത്തിനുവേണ്ടി നിങ്ങളുടെ സന്തോഷം മാറ്റിവെച്ചാല്‍ അത് നഷ്ടമേ വരുത്തൂ. നിങ്ങളെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളുടെ സന്തോഷമായിരിക്കും വലുത്. അങ്ങനെയല്ലാത്തവര്‍ എങ്ങനെ നിങ്ങളുടെ യഥാര്‍ത്ഥ ബന്ധുവാകും?!
യാത്ര ചെയ്യുന്ന കാര്യത്തില്‍ ഏറെ താല്പര്യം ഉള്ളത് വയസ്സായ സ്ത്രീകള്‍ക്കാണ്. എന്റെ 'അമ്മ ഞങ്ങള്‍ എപ്പോള്‍ എവിടെ യാത്ര പ്ലാന്‍ ചെയ്താലും മുന്നില്‍ ഉണ്ട്. ഒരു പ്രായോഗിക ബുദ്ധിമുട്ടും പറയില്ല. മിക്കവാറും സ്ത്രീകള്‍ ചെറുപ്പം മുതല്‍ അവരുടെ ആഗ്രഹങ്ങള്‍ അടക്കിവെച്ചും മറ്റുള്ളവരുടേതിന് മുന്‍ഗണന കൊടുത്തും അവര്‍ ജീവിക്കുകയാണ്. അതുകൊണ്ടാണ് പലപ്പോഴും അവര്‍ യാത്ര ഒഴിവാക്കുന്നത്. ഭര്‍ത്താക്കന്മാര്‍ മരിച്ച ഭാര്യമാര്‍ ഇപ്പോള്‍ മക്കളുടെ കൂടെ ആണെങ്കിലും കൂട്ടുകൂടി ആണെകിലും ഏറെ യാത്ര ചെയ്യുന്നുണ്ട്. ഇതേറെ നല്ല കാര്യം ആണ്. ഭര്‍ത്താവ് മരിച്ചവര്‍ വെള്ള വസ്ത്രവും ധരിച്ചു വീട്ടില്‍ ദൈവത്തെ ധ്യാനിച്ച് കുട്ടികളുടെ കാര്യം മാത്രം നോക്കി ഇരിക്കേണ്ട ഒരു കാര്യവും ഇല്ല. അവരാണ് വാസ്തവത്തില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടത്, കാരണം ജീവിതത്തിലെ മിക്കവാറും ഉത്തര വാദിത്തങ്ങള്‍ എല്ലാം ചെയ്തു തീര്‍ത്തവര്‍ ആണ്. നിങ്ങള്‍ യാത്ര ചെയ്യുന്നതിനെയും അതിനു വേണ്ടി പണം ചിലവാക്കുന്നതിനെയും ഒക്കെ മക്കള്‍ ഉള്‍പ്പടെ പലരും കുറ്റം പറഞ്ഞെന്നു വരും. അതൊന്നും ഇനി കാര്യമാക്കേണ്ട കാര്യം ഇല്ല.
ആണ്‍ കുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം. എന്റെ വായനക്കാരായ ആണ്‍ കുട്ടികളോടും ചിലത് പറയാനുണ്ട്. കേരളത്തിലെ പുതിയ തലമുറയിലെ ആണ്‍കുട്ടികള്‍ ഇപ്പോള്‍ ഏറെ കൂട്ടുകൂടി യാത്ര ചെയ്യുന്നുണ്ട്. അതെനിക്ക് ഏറെ സന്തോഷം നല്‍കുന്നു. എന്റെ സുഹൃത്തായ സിബി (മൂന്നാര്‍) ഒക്കെ പറയുന്നത് പുതിയ തലമുറ പ്രകൃതി അറിയാനും പ്രകൃതിയില്‍ അധികം പരിക്കേല്‍പ്പിക്കാതെയും ആണ് യാത്ര ചെയ്യുന്നത് എന്നാണ്. അങ്ങനെ ആണ് വേണ്ടത്. സഞ്ചാരിയും യാത്രക്കാരുടെ ശ്രദ്ധക്കും പോലുള്ള ഫേസ്ബുക്ക് പേജുകളുടെ വലിയ പബ്ലിസിറ്റിയും അതാണ് കാണിക്കുന്നത്. യാത്ര ചെയ്യുന്ന ആണ്‍കുട്ടികളും പുരുഷന്മാരും പറ്റുമ്പോള്‍ ഒക്കെ നിങ്ങളുടെ ചുറ്റും ഉള്ള സ്ത്രീകളെയും യാത്രകളില്‍ കൂടെ കൂട്ടണം, അത് സഹോദരി ആയാലും, 'അമ്മ ആയാലും, ഭാര്യ ആണെങ്കിലും ക്‌ളാസ്സ്‌മേറ്റ് ആയാലും (ഗേള്‍ ഫ്രണ്ടിനെ കൂടെ കൂട്ടാന്‍ എന്റെ ഉപദേശം വേണ്ടല്ലോ). പ്ലാനിങ്ങില്‍ ഒക്കെ അല്പം മാറ്റം വരുത്തേണ്ടി വന്നേക്കാം, കുറച്ചു അസൗകര്യങ്ങള്‍ ഉണ്ടായി എന്നും വരാം, എന്നാലും യാത്രകള്‍ സമൂഹത്തില്‍ എല്ലാവര്ക്കും സാധിക്കുമ്പോള്‍ ആണ് സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. നമ്മുടെ സമൂഹത്തില്‍ നാം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ പുറത്തു നിന്ന് ആരെങ്കിലും കൊണ്ടുവരില്ല. നമ്മള്‍ ഓരോരുത്തരും മാറുമ്പോള്‍ ആണ് സമൂഹവും മാറുന്നത്.
യാത്ര ചെയ്യൂ, ചെയ്തു കൊണ്ടേ ഇരിക്കൂ. ആശംസകള്‍. (രണ്ടോ മൂന്നോ മാസത്തിനകം ഈ യാത്ര ഉപദേശങ്ങളും പന്ത്രണ്ട് യാത്ര വിവരണങ്ങളും ഉള്‍പ്പടെ പുതിയ പുസ്തകം വിപണിയില്‍ ഇറക്കും)