ഐടിയില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ നാട്ടില്‍നിന്നും കടുമാങ്ങയും  ചമ്മന്തിപ്പൊടിയും ഒക്കെ കൊണ്ടുപോകും. ആറുമാസത്തില്‍ ഒരിക്കലാണ് നാട്ടില്‍ പോകുന്നത്. അപ്പോള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ കുറേശ്ശെ കഴിച്ചാലേ ആറുമാസം പിടിച്ചുനില്‍ക്കാന്‍ കഴിയൂ. അത്താഴസമയത്ത് അച്ചാര്‍ കുപ്പിയുമായി മെസ് ഹാളിലെത്തും. മറ്റുള്ളവര്‍ക്ക് കൂടി ഷെയര്‍ ചെയ്യുന്നതല്ലേ മര്യാദ  എന്നുകരുതി അവരോട് ചോദിക്കും. ചിലര്‍ വാങ്ങും, ചിലര്‍ വാങ്ങില്ല. ഒരിക്കല്‍ ഒരു കടുമാങ്ങ മഹാരാഷ്ട്രക്കാരന് കൊടുത്തു. അവനത് കടിച്ചിട്ട് ബാക്കിവെച്ചുപോയി. നമുക്കാണെങ്കില്‍ ഒരു കാടുമാങ്ങയുടെ നാലിലൊന്ന് മതി ഒരു നേരം ഊണിന്. എന്തുകൊണ്ടാണ് അവന്‍ അതിഷ്ടപ്പെടാതിരുന്നത് എന്നെനിക്ക് അന്ന് മനസ്സിലായില്ല.

ഭക്ഷണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്  ഇക്കാര്യമാണ്. ലോകത്ത് 'ഏറ്റവും രുചിയുള്ള ഭക്ഷണം' എന്നൊന്നില്ല. മനുഷ്യന്റെ നാവുകള്‍ ഒരുപോലെയാണെങ്കിലും ചെറുപ്പത്തില്‍ നാം എന്ത് കഴിച്ചുശീലിച്ചു എന്നതാണ് നമ്മുടെ രുചിതാല്പര്യങ്ങളെ നിര്‍വ്വചിക്കുന്നത്. ഒരുനേരത്തെ ഭക്ഷണത്തിന് 25000 രൂപ വിലയുള്ള മൂന്ന് മിഷ്ലിന്‍ സ്റ്റാര്‍  റേറ്റിങ് (Michelin star, https://www.viamichelin.com/web/Restaurants) ഉള്ള റെസ്റ്റോറന്റില്‍നിന്നും ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. കവിയര്‍ മുതല്‍ ലോബ്സ്റ്റര്‍ വരെ ഉള്‍പ്പെട്ട ഡിന്നര്‍. പക്ഷെ, വെങ്ങോലയില്‍ അമ്മയുണ്ടാക്കുന്ന തേങ്ങാ ചുട്ടരച്ച ചമ്മന്തിയും കഞ്ഞിയും കഴിക്കുന്നതിന്റെ രുചി അതിനില്ല. ഇനി ഈ ജന്മം ഉണ്ടാവുകയുമില്ല.

Muralee Thummarukudy

എന്നുവെച്ച് ഞാന്‍ എല്ലാദിവസവും കഞ്ഞികുടിക്കാന്‍ പോവുകയല്ല.  വാസ്തവത്തില്‍ ഇത്തവണ നാട്ടില്‍നിന്ന് വന്നിട്ട് ഇതുവരെ അരിയാഹാരം കഴിച്ചിട്ടേയില്ല. യാത്രചെയ്യുമ്പോള്‍ ഇങ്ങനെ ഒരു നിര്‍ബന്ധബുദ്ധിയും ഇല്ലാതിരുന്നത് അനുഗ്രഹമാണ്. എന്റെ മുന്നില്‍ കിട്ടിയ ഒരു ഭക്ഷണവും ഞാന്‍ കഴിക്കാതെ വിട്ടിട്ടില്ല. അത് ബാങ്കോക്കിലെ വറുത്ത തേളാണെങ്കില്‍ പോലും.   ഏത് ഹോട്ടലില്‍ ചെന്നാലും അവിടെ എനിക്ക് ഒട്ടും മനസ്സിലാകാത്ത ഭക്ഷണം ഏതാണോ അതാണ് ഓര്‍ഡര്‍ ചെയ്യുന്നത്.

Related Read - പ്‌ളഗ്ഗും സോക്കറ്റും മറ്റ് കുന്ത്രാണ്ടങ്ങളും

ഇങ്ങനെയൊക്കെ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തുന്ന കാലത്താണ് ഞാന്‍  ബി ബി സി യില്‍ ബീജിങ്ങിലെ 'penis emporium' എന്ന ഹോട്ടലിലെപ്പറ്റി അറിയുന്നത്.(http://news.bbc.co.uk/2/hi/programmes/from_our_own_correspondent/5371500.stm). പലതരം മൃഗങ്ങളുടെ പുല്ലിംഗം കൊണ്ടുള്ള കറിയാണ് അവിടുത്തെ പ്രധാന ഐറ്റം. പന്നി മുതല്‍ പോത്ത് വരെ മെനുവിലുണ്ട്. ചൈന ആയതിനാല്‍ മെനുവിലില്ലാത്ത പലതും കിട്ടുമെന്നും ബി ബി സി പറയുന്നു. അടുത്തതവണ ചൈനയില്‍ പോകുമ്പോള്‍ ഈ പുല്ലിംഗക്കറി ഒന്നു കഴിച്ചിട്ടുതന്നെ കാര്യം എന്ന് ഞാനും കരുതി.

പക്ഷെ, വിചാരിച്ചത്ര എളുപ്പമായില്ല കാര്യങ്ങള്‍. ഗൂഗിളില്‍ penis  emporium എന്ന് സേര്‍ച്ച് ചെയ്താല്‍ അനേകം റിസള്‍ട്ട് വരും. അത് മിക്കതും ഈ റെസ്റ്റോറന്റിനെ പറ്റിയാണെങ്കിലും എല്ലാം ഈ ബി ബി സി ന്യൂസിനെ ഉദ്ധരിച്ചുകൊണ്ടാണ്. റെസ്റ്റോറന്റ് ഏതു ഭാഗത്താണെന്ന് യാതൊരു സൂചനയുമില്ല. ബീജിങ്ങിലാണെന്ന് മാത്രം. ഞഞ്ഞായി!

Muralee Thummarukudy

ചൈനയിലെ ടാക്‌സിക്കാരൊന്നും തന്നെ ഇംഗ്ലീഷ് തീരെ പറയില്ല.  ഇംഗ്ലീഷ് വായനയും കമ്മിയാണ്. അതുകൊണ്ട് എന്റെ ഓഫീസിലെ സ്റ്റാഫിനെക്കൊണ്ട് പോകുന്നസ്ഥലങ്ങള്‍ എഴുതിച്ച് കാണിച്ചുകൊടുക്കുകയാണ് പതിവ്. പക്ഷെ, ഇത്തരം ഒരു കാര്യത്തിന് അവരെക്കൊണ്ട് എഴുതിക്കാന്‍ എനിക്കൊരു മടി. താമസിക്കുന്ന ഹോട്ടലിലെ ലോബിയിലും  പെണ്‍കുട്ടികളാണ്. ചമ്മല്‍ തന്നെ  അവിടെയും. 

Muralee Thummarukudy

മൂന്നുതവണ ബീജിംഗില്‍ പോയിട്ടും ഗൂഗിളില്‍ പലതരത്തില്‍ പരതിയിട്ടും  സംഗതി കേന്ദ്രത്തിലേക്ക് എത്തുന്നില്ല. എനിക്കൊരു ബുദ്ധിതോന്നി. ചൈനയില്‍ ഹോട്ട് പോട്ട് എന്നോരു വിഭവമുണ്ട്. നമ്മള്‍ ഇരിക്കുന്ന മേശയുടെ നടുക്ക് തിളക്കുന്ന എണ്ണ, നമ്മുടെ അടുത്ത് പലതരം മാംസം. നമുക്കത് നേരിട്ട് എണ്ണയില്‍ മുക്കി പൊരിച്ചെടുത്ത് കഴിക്കാം. എന്നാലിനി ചൈനീസ് പെനിസ്  ഹോട്ട് പോട്ട്  (http://www.seriouseats.com/2015/02/how-to-make-chinese-hot-pot-at-home-guide.html)എന്ന് സെര്‍ച്ച് ചെയ്തുകളയാം എന്നുകരുതി. അതു ഫലിച്ചു. 

Related Read - യാത്രയും പണവും: നാടനും മറുനാടനും

വാസ്തവത്തില്‍ ഈ ഹോട്ടലിന്റെ പേര് 'Your Strength in a  Pot' എന്നാണ്. ഈ പുല്ലിംഗം ഹോട്ട് പോട്ടിലിട്ടു കഴിച്ചാല്‍ നമ്മുടെ strength കൂടുമെന്നാണോ അതോ മൃഗങ്ങളുടെ ശക്തിയെല്ലാം ഹോട്ട് പോട്ടിലായി എന്നാണോ കവി ഉദ്ദേശിച്ചത് എന്ന് വര്‍ണ്ണ്യത്തിലാശങ്ക. എന്തായാലും ഒരു വൈകുന്നേരം കുടത്തിനുള്ളിലെ ശക്തി  തേടി രണ്ടാമന്‍ ബീജിങ്ങിലെ തെരുവിലിറങ്ങി സ്ഥലം  കണ്ടുപിടിച്ചു. സംഗതി സത്യമാണ്. കണ്ടു, അറിഞ്ഞു, അനുഭവിച്ചു.  

Muralee Thummarukudy

യാത്രയുടെ സുഖം പരമാവധി അനുഭവിക്കണമെങ്കില്‍ ഭക്ഷണകാര്യത്തില്‍  പരമാവധി വിട്ടുവീഴ്ച വേണം. ഏതു ഭക്ഷണം കഴിക്കുന്നു എന്നുമാത്രമല്ല, എവിടെനിന്ന് കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നുകൂടിയാണ്. ചിലപ്പോള്‍ ഒന്നും കിട്ടില്ല, ചിലപ്പോള്‍ കഴിച്ചത് മനസ്സില്‍ പിടിച്ചുകാണില്ല, എന്നൊക്കെവരും. പക്ഷെ, ഇതിന് പരിഹാരമായി എല്ലാ നേരവും ഇന്ത്യന്‍ ഭക്ഷണം  തേടിപ്പോയാല്‍ പിന്നെ സഞ്ചാരം കാണുന്നതും സഞ്ചരിക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസം?

Muralee Thummarukudy

യാത്രയിലെ ഭക്ഷണത്തെപ്പറ്റി കുറച്ച് നിര്‍ദ്ദേശങ്ങള്‍ കൂടി തരാം.  മറ്റു യാത്രികര്‍ക്ക് അവരുടെ നിര്‍ദ്ദേശങ്ങളും പങ്കുവെക്കാം. 

Related Read - ചെലവ് കുറഞ്ഞ യാത്ര

യാത്രക്കിടയില്‍ ഭക്ഷണമൊന്നും കിട്ടിയില്ലെന്നു വന്നാല്‍ ഒരുനേരം വയറുനിറക്കാനുള്ള  എന്തെങ്കിലും (ബ്രെഡ്, പഴങ്ങള്‍) കൈയില്‍ കരുതണം. പ്രത്യേകിച്ചും ഗര്‍ഭിണികള്‍, കുട്ടികള്‍, വയസ്സായവര്‍, അസുഖമുള്ളവര്‍ ഒക്കെ കൂടെയുണ്ടെങ്കില്‍.

Muralee Thummarukudy

ഭക്ഷണത്തില്‍ നിന്നും അസുഖം വരാതിരിക്കുക എന്നതും പ്രധാനമാണ്. അതിനാല്‍ ചില മുന്‍കരുതലികള്‍  എടുക്കണം. നല്ല തിരക്കുള്ള ഹോട്ടലുകളില്‍ വേണം ഭക്ഷണം കഴിക്കാന്‍. സാലഡുകള്‍ ഒഴിവാക്കണം. നന്നായി വേവിച്ച ഭക്ഷണം കഴിക്കുക. ഇടയ്ക്കിടെ പവര്‍കട്ട് ഉള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാംസവും മത്സ്യവും കഴിക്കാതിരിക്കുന്നതാണ് നല്ലത്.

വയറിന് അസുഖമുണ്ടാക്കുന്നതില്‍ ഏറ്റവും വില്ലന്‍ വെള്ളമാണ്. വികസിതരാജ്യങ്ങളില്‍ ടാപ്പ്വെള്ളം  വിശ്വസിച്ച് കുടിക്കാമെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മിനറല്‍ വാട്ടര്‍ എന്ന് പറഞ്ഞു കിട്ടുന്നതുപോലും വിശ്വസനീയമല്ല. സാധിക്കുമെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ഹോട്ടലില്‍ ചൂടുവെള്ളം ചോദിക്കുക. മിനറല്‍ വാട്ടറിന്റെ സീല്‍ പരിശോധിക്കുക. പരിചയവും ഉറപ്പുമില്ലാത്ത സ്ഥലങ്ങളില്‍ ഫീല്‍ഡില്‍ പോകുമ്പോള്‍ ഞാന്‍ സെവന്‍ അപ്പോ അതുപോലെ ആഗോള കുത്തകകളുടെ ഡ്രിങ്കോ മാത്രമേ കുടിക്കാറുള്ളു. അതില്‍ കൂടിയ തോതില്‍ പഞ്ചസാര ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല. വയറിളക്കം ഒഴിവാക്കാനാണ്.

Muralee Thummarukudy

അടുത്ത വില്ലനാണ് എണ്ണ. വെളിച്ചെണ്ണയില്‍ പാകം ചെയ്തതെന്തും നമുക്ക് അമൃതാകുമ്പോള്‍  ബംഗാളില്‍ അത് അരോചകമാണ്. അവരുടെ കടുകെണ്ണ നമുക്കും. മനസ്സില്‍ പിടിക്കാത്ത എണ്ണയാണെങ്കില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. മനസ്സില്‍ പിടിക്കാത്തത് വയറ്റിലും പിടിക്കില്ല.

Muralee Thummarukudy

ലോകത്തെവിടെയുമുള്ള റെസ്റ്റോറന്റുകളുടെ റിവ്യൂ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.  പണ്ടൊരിക്കല്‍ കേരളത്തിലെ റെസ്റ്റോറന്റുകളുടെ റിവ്യൂ ഒരാള്‍ ഉണ്ടാക്കിയിട്ടിരുന്നു. അത് ഞാന്‍ പ്രിന്റെടുത്ത് വണ്ടിയില്‍ വെച്ചിട്ടുണ്ട്. എവിടെ പോയാലും ഇത് ശ്രദ്ധിക്കുക. ഡല്‍ഹിയില്‍ ചെങ്കോട്ടക്കടുത്ത് ഏറെ ബുദ്ധിമുട്ടി മാത്രം ചെന്നെത്താവുന്ന ഒരിടത്ത് നൂറു വര്ഷം പഴയ ഒരു റെസ്റ്റോറന്റ് ഉണ്ട്. മുഗളായി ഭക്ഷണത്തിന്റെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഇതാണ്. (http://www.independent.co.uk/life-style/food-and-drink/features/fit-for-an-emperor-old-delhis-most-enduring-restaurant-karims-celebrates-its-centenary-8586968.html)

തട്ടുകടകളും ചായക്കടകളും ധാബകളും യാത്രാനുഭവത്തിന്റെ ഭാഗമാക്കണം. എന്നുവെച്ച്  ഓവറാക്കണ്ട. അവിടെ കിട്ടുന്നതെന്തും കഴിക്കുക എന്നല്ല, അവിടെ വരുന്ന നാട്ടുകാരോടും കട നടത്തുന്നവരോടും സംസാരിക്കാനും പരിചയപ്പെടാനും അവസരമുണ്ടാക്കുക എന്നതാണ് മുഖ്യം. ഇവിടെയും വെള്ളം, എണ്ണ, മാംസം എന്നിവ ശ്രദ്ധിക്കുക. ഡല്‍ഹിയില്‍ നിന്നും ചാണ്ഡിഗറില്‍ പോകുന്ന വഴിക്ക് ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു എയര്‍ കണ്ടീഷന്‍ തട്ടുകട ഉണ്ട് (സുഖ്ദേവ് ധാബ, http://www.amriksukhdev.com/) . അവിടുത്തെ ആലൂ പൊറോട്ട കഴിക്കേണ്ടത് തന്നെ.

വാട്ട്‌സ് ആപ്പ്പില്‍നിന്നും  പൊതുവിജ്ഞാനം ആര്‍ജ്ജിക്കുന്നവര്‍ക്ക് ഉറപ്പായ ഒരു കാര്യമുണ്ട്. കെ എഫ് സി യിലെ ചിക്കന്‍ സത്യത്തില്‍ ചിക്കനേയല്ല.
പക്ഷെ അതെന്താണെങ്കിലും എന്റെ ഏറ്റവും ഫേവറിറ്റ് ചിക്കന്‍ അവിടുത്തെയാണ്. ലോകത്തെവിടെ പോയാലും ഞാന്‍ അത് തെരഞ്ഞുപിടിച്ച് കഴിക്കും. കാരണം നമുക്ക് പരിചയമുള്ള സ്വാദാണ്,  വില കുറവ്, വയറ് കേടാകില്ല. യാത്രക്ക് ഉത്തമം.

ഉന്നതമായ റെസ്റ്റോറന്റുകള്‍. ഫ്രാന്‍സില്‍ റെസ്റ്റോറന്റുകളെ റേറ്റ് ചെയ്യുന്ന ഒരു  പ്രസ്ഥാനമുണ്ട്. മിഷലിന്‍ സ്റ്റാര്‍.  പറ്റിയാല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും മിഷലിന്‍ സ്റ്റാര്‍ റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കണം. എന്താണെന്ന് അറിയാനാണ്. ഒടുക്കത്തെ കാശാകും, ചുരുങ്ങിയത് ഒരാള്‍ക്ക് പതിനായിരം രൂപ. പുറത്തിറങ്ങുമ്പോഴേക്കും വയറ് വിശക്കുകയും ചെയ്യും. എന്നിരുന്നാലും അനുഭവമാണല്ലോ യാത്ര!

Muralee Thummarukudy

ലോകത്ത് എല്ലായിടത്തും നമ്മള്‍ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളുണ്ട് (http://www.travelchannel.com/interests/food-and-drink/photos/must-eat-foods-from-around-the-world). ഇന്ത്യ പോലെ വലിയ  രാജ്യത്ത് തന്നെ ഏറെ ഭക്ഷണ വൈവിധ്യം ഉണ്ട്.  (https://www.humanium.org/en/indian-food-diversity/). ഇന്ത്യയില്‍ ആണ് ലോകത്തില്‍ ഏറ്റവും  ഭക്ഷണ വൈവിധ്യം എന്നൊക്കെ  നമുക്ക് തോന്നാം. ചുമ്മാതാ. ഒരിക്കല്‍ ഞാന്‍ ടിബറ്റിന്റെ അതിര്‍ത്തി പ്രദേശത്തുള്ള ഒരു ചൈനീസ് ഗ്രാമത്തില്‍ പോയപ്പോള്‍ അവിടുത്തെ ഗ്രാമത്തലവന്‍ എനിക്കൊരു ഡിന്നര്‍ തന്നു. അവിടെ കൂണ്‍ കൊണ്ട് മാത്രമുണ്ടാക്കിയ 23 വിഭവങ്ങളുണ്ടായിരുന്നു (https://forums.egullet.org/topic/141717-mushrooms-and-fungi-in-china/).  നമ്മുടെ കൂണ്‍ വൈവിധ്യം എത്രയുണ്ട്?

Related Read - വയസ്സാംകാലത്ത് പശ്ചാത്തപിക്കാതിരിക്കാന്‍ നല്ല കാലത്ത് സഞ്ചരിക്കാം

ഭക്ഷണം കഴിക്കുന്നത് കൂടാതെ ഓരോ രാജ്യത്തും ഭക്ഷണത്തെപ്പറ്റിയും ഭക്ഷണരീതിയെപ്പറ്റിയും  മനസ്സിലാക്കാനും ശ്രദ്ധിക്കണം. ഇറ്റലിയും ഫ്രാന്‍സും ഭക്ഷണ വൈവിധ്യത്തില്‍ ഏറെ സമ്പന്നമാണ്. ലെബനനും തായ്ലാന്‍ഡും ആണ് പിന്നെ എനിക്കിഷ്ടപ്പെട്ട രാജ്യങ്ങള്‍. അമേരിക്കക്ക് സ്വന്തമായി അധികം വിഭവങ്ങളൊന്നുമില്ല. എന്നാല്‍ മെക്‌സിക്കോ ഭക്ഷണകാര്യത്തില്‍ മികച്ചതാണ്. നോര്‍വേയില്‍ മീനിന്റെ  അച്ചാറുകള്‍ തന്നെ പത്തിനം കാണും ബ്രേക്ക് ഫാസ്റ്റിന്. ഇതെല്ലം സ്വാദ് നോക്കുകയെങ്കിലും വേണം.

Muralee Thummarukudy

ദുബായിലും സിംഗപ്പൂരുമൊക്കെ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണം കിട്ടും.  അവിടെ പോകുമ്പോള്‍ ഓരോ ദിവസവും ഒരിക്കലെങ്കിലും പുതിയവ രുചിച്ചു നോക്കണം. 

Related Read -കൂട്ടുകൂടി യാത്രചെയ്യുമ്പോള്‍

യാത്രയില്‍ വയറിനെ സൂക്ഷിക്കണം എന്നുപറഞ്ഞല്ലോ. അതുകൊണ്ട് അവസാന ദിവസം വരെ കെ എഫ്  സി യും ബ്രെഡുമാണ് കഴിക്കുന്നതെങ്കില്‍ അവസാനദിവസം നാടനടിച്ച് നാടുവിടുക. വയറിളകിയാലും നാട്ടിലേക്കല്ലേ പോകുന്നത്.