ലോകബാങ്കില്‍ പരിശീലനത്തിന് എന്ന നമ്പറിട്ട് 1998ലാണ് ഞാനാദ്യമായി  അമേരിക്കയില്‍ പോയത്. അന്ന് ലോകബാങ്കിന് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു, മലയാളിയായിരുന്ന വിനോദ്  തോമസ് ആയിരുന്നു അതിന്റെ മേധാവി. (ഇപ്പോള്‍ ആ സ്ഥാപനം ഓപ്പണ്‍ ലേണിങ് കാംപസ് എന്ന പേരില്‍ അനവധി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഫ്രീ ആയി നടത്തുന്നുണ്ട്, https://olc.worldbank.org/, നിങ്ങള്‍ വെബ്‌സൈറ്റ് ഒന്ന് നോക്കണം.

കേരളത്തില്‍ അധികം അറിയപ്പെടുന്നില്ലെങ്കിലും  വിനോദ് തോമസ് ആഗോള രംഗത്ത് ഒരു വമ്പന്‍ പുലിയാണ്, ഒരു പക്ഷെ ഇന്ത്യക്ക് പുറത്ത് ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന മലയാളി,  ഇപ്പോള്‍ ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ ഡയറക്ടര്‍ ജനറല്‍ ആണ്, https://en.wikipedia.org/wiki/Vinod_Thomas)  അമേരിക്കയിലേക്ക് വിസ കിട്ടാന്‍ അന്നും ഇന്നും ഏറ്റവുമെളുപ്പം ഇതുപോലെ റെപ്യുട്ടഡ് ആയ സ്ഥാപനത്തിലെ ഒരു ക്ഷണക്കത്ത് സംഘടിപ്പിക്കുകയാണ്. ട്രെയിനിംഗ് മൂന്നുദിവസത്തെ ആണെങ്കിലും വിസ പത്തുവര്‍ഷത്തേക്ക് കിട്ടി. 

അന്ന് ഇന്റര്‍നെറ്റ് ഉണ്ടെങ്കിലും booking.com ഒന്നുമില്ലാത്തതിനാല്‍  ട്രാവല്‍ ഏജന്റാണ് ടിക്കറ്റും ഹോട്ടലുമൊക്കെ ബുക്ക് ചെയ്യുന്നത്. ബ്രൂണെയിലെ എന്റെ സുഹൃത്താണ് മുറി ബുക്ക് ചെയ്തത്. രാവിലെ അഞ്ചര മണിക്കാണ് വാഷിംഗ്ടണിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  എത്തുന്നത്. അമേരിക്കയില്‍ എല്ലാവര്ക്കും കാറൊക്കെ ഉള്ളത് കൊണ്ടാകണം തലസ്ഥാനമായ വാഷിംഗ്ടണില്‍ പോലും അന്ന്  ട്രെയിനോ മെട്രോയോ പോലുള്ള കണക്ടിവിറ്റിയില്ല, അന്നെനിക്ക് എയര്‍പോര്‍ട്ട്  സൂപ്പര്‍ ഷട്ടില്‍ (https://www.supershuttle.com/locations/washingtondcaiad/)  എന്ന പരിപാടിയെപ്പറ്റി അറിയില്ലാത്തതിനാല്‍ ടാക്‌സി വിളിച്ചു. വികസിതരാജ്യങ്ങളില്‍ ടാക്‌സിയിലിരുന്ന് മീറ്ററില്‍ നോക്കിയാല്‍ നെഞ്ചിടിപ്പ് കൂടും. കമ്പനി കാശ് തരുന്ന ട്രിപ്പ് അല്ലെങ്കില്‍ ഒരു കാലത്തും വികസിത രാജ്യങ്ങളില്‍ ടാക്‌സി വിളിക്കരുത്, ആയുസ്സു കുറയും, പണവും.

Related Read - പ്‌ളഗ്ഗും സോക്കറ്റും മറ്റ് കുന്ത്രാണ്ടങ്ങളും

രാവിലെയാണ് ഹോട്ടലിലെത്തുന്നത്. പണ്ട് തിരുവനന്തപുരത്ത്   ലോഡ്ജില്‍ എപ്പോള്‍ ചെന്നാലും റൂം എടുക്കാം. 24 മണിക്കൂറാണ് ചെക്ക് ഔട്ട് സമയം. അമേരിക്കയില്‍ അതൊന്നും നടക്കില്ല. ഉച്ചക്ക് രണ്ടുമണിക്കാണ് ചെക്ക് ഇന്‍. അതുവരെ വേണമെങ്കില്‍ ലോബിയിലിരിക്കാം. (ഔദാര്യം), അല്ലെങ്കില്‍ ഒരു ദിവസത്തെ റേറ്റ് വേറെ കൊടുക്കണം. ഇതിലൊന്നും വിട്ടു വീഴ്ച ഒന്നുമില്ല. നമ്മള്‍ ഇരുപത്തി നാല് മണിക്കൂര്‍ യാത്ര ചെയ്ത് ജെറ്റ് ലാഗ് അടിച്ചിരിക്കുകയാണെന്നതൊന്നും അവര്‍ ഗൗനിക്കുകയെ ഇല്ല.

മുരളി തുമ്മാരുകുടിയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാന്‍ പറഞ്ഞുവന്നത് 20 വര്‍ഷം മുമ്പ് വിദേശയാത്ര ചെലവു കുറഞ്ഞതാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു  എന്നാണ്. ഇന്നത്തെ പോലെ വിവരങ്ങളൊന്നും നമ്മുടെ വിരല്‍ത്തുമ്പിലില്ല. ആദ്യത്തെ അമേരിക്കന്‍ യാത്രക്ക് അയ്യായിരം ഡോളറെങ്കിലും ചെലവായിക്കാണും. 

Related Read - യാത്രയും പണവും: നാടനും മറുനാടനും

ആ യാത്രയില്‍ ഒരു ഗുണം ഉണ്ടായി.  എനിക്ക് ട്രാവല്‍ ഏജന്റ് മുറി ബുക്ക്‌ചെയ്തത് വാട്ടര്‍ഗേറ്റിലെ ഒരു ഹോട്ടലിലായിരുന്നു. പിന്നീടാണ് ഞാനറിഞ്ഞത് അതേ ഹോട്ടലിലാണ്   റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫിസില്‍ ചാരപ്രവൃത്തിക്കായി പ്രസിഡന്റ് നിക്‌സന്റെ  കൂട്ടാളികള്‍  പ്ലാന്‍ ചെയ്തത് ഈ ഹോട്ടലിലെ മുറിയിലിരുന്നാണെന്ന്. ആ മുറി അന്ന്  ചരിത്രമായി സൂക്ഷിച്ചിരിന്നു. ഇന്ന് ഞാന്‍ ഗൂഗിള്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ഉണ്ട് ആ ഹോട്ടല്‍ തന്നെ മാറി സ്റ്റുഡന്റ്  ഹോസ്റ്റല്‍ ആക്കിയത്രെ (https://www.washingtonian.com/2013/06/27/soon-there-could-be-no-traces-of-the-watergate-scandal-at-watergate/) . ചരിത്രം കാണാന്‍ പറ്റിയതില്‍ ഒരു സന്തോഷം, കുറച്ചു കാശ് പോയാല്‍ എന്താ.

ഇക്കാലത്ത് നമ്മുടെ യാത്ര ചെലവ് കുറഞ്ഞതാക്കാന്‍ ധാരാളം സംവിധാനങ്ങളുണ്ട്. ഇതേ യാത്ര ഞാന്‍ ഇന്ന് ചെയ്താല്‍ രണ്ടായിരം ഡോളര്‍ പോലും ആകില്ല. വേണമെങ്കില്‍ അതിലും കുറച്ചും ഒരാഴ്ച അമേരിക്കന്‍ യാത്ര ചെയ്യാം.  ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

പൊതുഗതാഗതം ഉപയോഗിക്കുക:  വികസിത രാജ്യങ്ങളില്‍ ടാക്‌സിയില്‍ കയറിയാലത്തെ കാര്യം പറഞ്ഞല്ലോ. ഇന്ത്യയില്‍ ടാക്‌സി അത്ര ചിലവില്ല, എന്നാലും ബസിന്റെ റേറ്റ് വച്ച് നോക്കുമ്പോള്‍ ഒന്നുമല്ല. ഇന്ത്യയില്‍ പക്ഷെ ഏറ്റവും ചിലവ് കുറഞ്ഞത് ട്രെയിന്‍ തന്നെയാണ്. പണ്ടൊക്കെ ട്രെയിനുകള്‍ പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ഒക്കെ വൈകുന്നത് സാധാരണ ആയിരുന്നു. ഇപ്പോള്‍ അങ്ങനെ അല്ല. ടോയിലറ്റിന്റെ കാര്യത്തില്‍ ഒക്കെ അല്പം അഡ്ജസ്റ്റ് ചെയ്യാമെങ്കില്‍ ഇന്ത്യയില്‍ ട്രെയിന്‍ യാത്ര ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ യാത്ര പദ്ധതി ആണ്. യൂറോപ്പില്‍ ആണെങ്കില്‍ ട്രെയിനുകള്‍ ഏറെ ചിലവുള്ളതാണ്. മുന്‍കൂര്‍ ബുക്ക് ചെയ്താല്‍ വിമാനവും അല്ലെങ്കില്‍ ബസും ആണ് ഒരു മുന്നൂറു കിലോമീറ്ററില്‍ കൂടുതല്‍ ഉള്ള ദൂരങ്ങളിലേക്ക് ലാഭം. പല രാജ്യങ്ങളിലും പക്ഷെ കുറെ ദിവസം യാത്ര ചെയ്യുകയാണെങ്കില്‍ ട്രെയിന്‍ പാസ്സ് എടുക്കുന്നത് ലാഭം ആണ് (യുറെയില്‍ പാസ്സ്, സ്വിസ്സ് പാസ്സ്, ജെറെയില്‍ പാസ്സ്  ഒക്കെ ഇങ്ങനെ ആണ്). https://www.swisspass.ch/auth/login .

വികസിതരാജ്യങ്ങളിലെല്ലാം പൊതുഗതാഗതം നല്ല നിലവാരമാണ് പുലര്‍ത്തുന്നത്.  അതിനാല്‍ വിമാനമിറങ്ങിയാല്‍ അഴകിയ രാവണനില്‍ കൊച്ചിന്‍ ഹനീഫ ചെയ്യുന്നതുപോലെ മുംബൈയില്‍ നിന്ന് വന്നതുകൊണ്ട് മാത്രം ടാക്‌സി പിടിക്കേണ്ട കാര്യമില്ല. ജനീവയില്‍ ആര്‍ക്കും അടുത്ത 80 മിനിറ്റ് ഇവിടുത്തെ ട്രാം, ബസ്, ബോട്ട് എല്ലാം ഫ്രീയാണ്.

Related Read - വയസ്സാംകാലത്ത് പശ്ചാത്തപിക്കാതിരിക്കാന്‍ നല്ല കാലത്ത് സഞ്ചരിക്കാം

ഫ്രീടിക്കറ്റ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസിന് തൊട്ടുമുമ്പ്  ഉണ്ട്. അപ്പോള്‍ വിമാനമിറങ്ങി ഹോട്ടലിലെത്തുന്നതിന് അഞ്ചുപൈസ പോലും ചെലവില്ല. മറ്റു രാജ്യങ്ങളില്‍ ഇതുപോലെ സൗകര്യമില്ലെങ്കിലും പൊതുഗതാഗതം (മെട്രോ, ബസ്) ഉപയോഗിക്കുന്നത് ചെലവ് പത്തിലൊന്നായി ചുരുക്കും. നഗരത്തിനകത്ത് യാത്രചെയ്യുന്നതും എപ്പോഴും പൊതുഗതാഗതത്തിലായിരിക്കണം.  അതാണ് അനുഭവങ്ങള്‍ക്ക് നല്ലത്. (ലോകത്ത് എല്ലായിടത്തും പൊതുഗതാഗതം സുരക്ഷിതമല്ല. അതിനെപ്പറ്റി വിശദമായെഴുതാം). 

Muralee Thummarukudy

മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓരോ നഗരത്തിലും ഒരു ദിവസത്തേക്കോ ഒരാഴ്ചത്തേക്കോ ഒക്കെ എല്ലാ പൊതു ഗതാഗതവും ഫ്രീ ആയി ഉപയോഗിക്കാന്‍ ഉള്ള പാസ് കിട്ടും. ജനീവയില്‍ ഒരു ദിവസത്തേക്ക് പത്തു ഫ്രാങ്ക് ആണ് ഇതിന്റെ ചാര്‍ജ്. ബസ്, ട്രാം, ബോട്ട് എല്ലാം ഉപയോഗിക്കാം.  പഠിക്കുന്നവര്‍ക്ക്, കുട്ടികള്‍ക്ക്, പ്രായമായവര്‍ക്ക് എന്നിങ്ങനെ പല ഇളവുകള്‍ വേറെയും ഉണ്ട്.  http://www.tpg.ch/en/web/site-international/fares-2015 . 

വില കുറഞ്ഞ വിമാനടിക്കറ്റ്: എവിടേക്കെങ്കിലും ഔദ്യോഗികമല്ലാത്ത  യാത്ര പോകുമ്പോള്‍ നമ്മള്‍ ഓഫിസില്‍ അവധി കിട്ടുന്ന സമയംനോക്കി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നില്‍ക്കരുത്. ആ രാജ്യത്തേക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ ടിക്കറ്റ് കിട്ടുന്ന സമയത്തായിരിക്കണം നിങ്ങള്‍ യാത്ര പ്ലാന്‍ ചെയ്യണ്ടത്. ക്രിസ്ത്മസ്, ന്യൂ ഇയര്‍ ഒക്കെ എല്ലായിടത്തും ടൂറിസ്റ്റുകളുടെ  തള്ളിച്ചയുള്ള സമയമായതുകൊണ്ട് ടിക്കറ്റിനും വിലക്കൂടുതലായിരിക്കും.

Related Read - എന്തുകൊണ്ടാണ് ആളുകള്‍ യാത്ര ചെയ്യാത്തത്

നവംബറും ഫെബ്രുവരിയും ലോ സീസണ്‍ ആണ്. ലോകത്തെ അനവധി രാജ്യങ്ങളില്‍ കുട്ടികളുടെ പരീക്ഷയുള്ള മെയ് മാസവും ഏതാണ്ട് ഇതുപോലെയാണ്. (ഓരോ രാജ്യത്തുനിന്ന് അവിടുത്തെ അവധിക്കാലം, കാലാവസ്ഥ, പ്രത്യേക ആഘോഷങ്ങള്‍ ഇതൊക്കെ  അനുസരിച്ച് ചെലവ് കൂടും). ഇതൊക്കെ അഞ്ചുനിമിഷം കൊണ്ട് ഇന്റര്‍നെറ്റില്‍ കണ്ടെത്താം. (http://thriftynomads.com/booking-cheapest-flight-possible-anywhere/)

മാസങ്ങളിലെ മാറ്റം പോലെ ദിവസങ്ങളിലുമുണ്ട്. ആഴ്ചാവസാനം (പ്രത്യേകിച്ച്  വെള്ളിയും, ഞായറും) യാത്രക്ക് ചെലവ് കൂടുതലാണ്. ഗള്‍ഫിലും ഇറാനിലും സുഡാനിലും ആഴ്ചാവസാനം എന്നാല്‍ ബുധനും വ്യാഴവുമാണ്. അപ്പോള്‍ ചൊവ്വാഴ്ചത്തെ ടിക്കറ്റിന് വെള്ളിയാഴ്ചത്തേതിലും കുറവാണ്. 

Related Read - എവിടേക്കാണ് നാം യാത്ര പോകേണ്ടത്?

വിമാനക്കമ്പനികള്‍ക്ക് പലതാണല്ലോ റേറ്റ്. സാധാരണ പ്രീമിയം  എയര്‍ലൈനുകളില്‍ തന്നെ ഇരുപതോ മുപ്പതോ ശതമാനം മാറ്റമുണ്ടാകാം. വിവിധ എയര്‍ലൈനുകളുടെ റേറ്റ് ഒരുമിച്ചു കാണിക്കുന്ന (https://www.makemytrip.com/ , https://www.ebookers.ch/)  ഇവ നോക്കി കുറഞ്ഞ റേറ്റ് എളുപ്പത്തില്‍ കണ്ടുപിടിക്കാം.

യൂറോപ്പിനകത്ത് രാജ്യങ്ങളില്‍ യാത്രചെയ്യാന്‍ ഏറ്റവും ചെലവ്  കുറവ് വിമാനത്തിനാണെന്ന് പറഞ്ഞല്ലോ. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ജനീവയില്‍നിന്നും പാരീസിലേക്ക് മുപ്പത് ഫ്രാങ്കേ ഉള്ളു. അതേസമയം ബസിന് നാല്പതും ട്രെയിനിന് എണ്‍പതും ഫ്രാങ്ക് കൊടുക്കണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നമ്മള്‍ നാട്ടിലിരുന്ന് കൊച്ചി, ജനീവ, പാരീസ്, ആംസ്റ്റര്‍ഡാം,  വെനീസ്, റോം, കൊച്ചി എന്നിങ്ങനെ പ്ലാനുണ്ടാക്കി അതിന്റെ റേറ്റ് നോക്കിയാല്‍ വളരെ കൂടുതലായിരിക്കും, കാരണം, പരസ്പരധാരണയില്ലാത്ത ഒന്നിലധികം വിമാനക്കമ്പനികള്‍ ഉള്‍പ്പെടുന്ന ടിക്കറ്റ് ഏറെ ചെലവുള്ളതാണ്. മറിച്ച് കൊച്ചിജനീവകൊച്ചി ടിക്കറ്റ് എടുക്കുകയും യൂറോപ്പിലെ ടിക്കറ്റ്  യൂറോപ്പിലെ തന്നെ എയര്‍ലൈനില്‍ (ഉദാ: ഈസിജെറ്റ്) എടുക്കുകയും ചെയ്താല്‍ റേറ്റ് നന്നായി കുറയും. ഗള്‍ഫിലെ വിമാനക്കമ്പനികള്‍ ഒരു സ്ഥലത്തിറങ്ങി മറ്റൊരിടത്തുനിന്നും തിരിച്ചുവരുന്ന (ഉദാ: കൊച്ചിദുബായ്ജനീവപാരീസ്ദുബായ്‌കൊച്ചി) ടിക്കറ്റ് ഒരേ നിരക്കില്‍ തരാറുണ്ട് (Openjaw ticket).  യൂറോപ്യന്‍ വിമാനക്കമ്പനികളില്‍ ഇതിന് വലിയ ചാര്‍ജ്ജാണ്. 

അമേരിക്കയില്‍ ആഭ്യന്തരമായി ലോ കോസ്റ്റ് എയര്‍ലൈന്‍ ഒന്നുമില്ലെങ്കിലും  ഒരാഴ്ചത്തേയും ഒരു മാസത്തെയുമൊക്കെ ട്രാവല്‍ പാസുകളുണ്ട്. ഇന്ത്യയിലും ഇത്തരം ട്രാവല്‍ പാസ്സ് ഉണ്ട്, പല നിയന്ത്രണങ്ങളും ഉണ്ടെങ്കിലും, (http://www.indiatraveltours.com/india-tours-discover-india.htm).

ചിലവ് കുറഞ്ഞ താമസം: യാത്രയില്‍ പണ്ടൊക്കെ ഏറ്റവും ചെലവുള്ള കാര്യം താമസമായിരുന്നെങ്കില്‍  ഇന്റര്‍നെറ്റ് വന്നതോടെ ഇത് ഏറെ കുറഞ്ഞു. എന്റെ സുഹൃത്തുക്കള്‍ സാജനും ബിന്ദുവും പാരീസില്‍ താമസിച്ചത് വെറും പതിനഞ്ച് യൂറോക്കാണ്. ഞാനിതുവരെ 100 യൂറോക്ക് താഴെ താമസിക്കാന്‍ പഠിച്ചിട്ടില്ല. https://www.airbnb.com/ എന്ന പ്രസ്ഥാനമാണ് താമസത്തെ ഇത്ര ചെലവ് കുറഞ്ഞതാക്കിയത്. അവിടെ പോയി ഒരു പ്രൊഫൈലുണ്ടാക്കി,  പോകേണ്ട നഗരത്തില്‍ സേര്‍ച്ച് ചെയ്യുക. കിട്ടുന്ന സ്ഥലങ്ങളിലെ യൂസര്‍ റിവ്യൂ പരിശോധിച്ച് ബുക്ക് ചെയ്യുക. കഴിഞ്ഞു കാര്യം. നല്ല റിവ്യൂ ഉള്ള സ്ഥലങ്ങളില്‍ പോയി ധൈര്യമായി താമസിക്കാം. കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ താമസിക്കുക മാത്രമല്ല നാട്ടുകാരും ആയി പരിചയപ്പെടാം എന്നതും ഇതിന്റെ ഒരു ഗുണം ആണ്.

ചെറുപ്പക്കാരായ സഞ്ചാരികള്‍ക്ക് ഏറെ ഗുണകരമായത് യൂത്ത് ഹോസ്റ്റലുകള്‍ ആണ്. മിക്കവാറും നഗരങ്ങളില്‍ ഇതുണ്ട്. യൂറോപ്പില്‍ പലതും നാലും എട്ടും പേര്‍ ഒരുമിച്ചുള്ള മുറികള്‍ ആയിരിക്കും, പലതിലും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടാകില്ല (മനസ്സില്‍ ഒരു ലഡു പൊട്ടിച്ചോ, കുഴപ്പമില്ല, നാട്ടിലെ തനി സ്വഭാവം കാണിച്ചാല്‍ അവര്‍ കരണത്ത് പൊട്ടിക്കും എന്ന് മാത്രം). ലാഭമായി താമസിക്കാം എന്ന് മാത്രമല്ല ഏറെ നാടുകളില്‍ നിന്നും വരുന്ന ചെറുപ്പക്കാരായ സഞ്ചാരികളും ആയി പരിചയപ്പെടാം എന്നതാണ് ഇതിന്റെ പ്രത്യേക ഗുണം. (http://www.youthhostel.ch/de/hostels?gclid=EAIaIQobChMIjo7D7tvm1gIVipPtCh0rngZGEAAYAiAAEgIJYvD_BwE), നാട്ടില്‍ നിന്ന് വരുന്ന കുട്ടികള്‍, ആണ്‍കുട്ടികള്‍ ആണെങ്കിലും പെണ്‍ കുട്ടികള്‍ ആണെങ്കിലും ഇവിടെ താമസിക്കണം എന്നതാണ് എന്റെ നിര്‍ദ്ദേശം. 

ഇംഗ്ലണ്ടില്‍ ഞാന്‍ ആദ്യം പോയപ്പോള്‍ താമസിച്ചത് ഒരു കോളേജിന്റെ ഹോസ്റ്റലില്‍ ആയിരുന്നു. പത്തോ പതിനഞ്ചോ പൗണ്ട്, അത്രേ ഉള്ളൂ, രാവിലെ ഭക്ഷണം ഫ്രീ. ഏറെ ലാഭം ആണെന്ന് മാത്രമല്ല, അവിടുത്തെ മിടുക്കന്മാരായ കുട്ടികളെ പരിചയപ്പെടാനുള്ള അവസരം കൂടിയാണ്. http://www.universityrooms.com/en/countries/GB. നമ്മുടെ കുട്ടികള്‍ക്കും ആഗോളമായ ചിന്തയും ബന്ധങ്ങളും ഉണ്ടാകണമെങ്കില്‍ നമ്മുടെ ഹോസ്റ്റലുകളും ഇത് പോലെ തുറന്നു കൊടുക്കണം. ഔദ്യോഗികം ആയിട്ടല്ലെങ്കിലും ഞങ്ങള്‍ ഒക്കെ ബോംബെയിലും ഡല്‍ഹിയിലും ഒക്കെ പോയാല്‍ അവിടുത്തെ ഐ ഐ ടി കളില്‍ പോയി ഹോസ്റ്റലില്‍ നാട്ടില്‍ പോയ മലയാളികളുടെ മുറിയില്‍ താമസിക്കാറുണ്ട്. ഇതൊക്കെ എന്തുകൊണ്ടാണ് ഒരു സംവിധാനം ആക്കാത്തത് ?

Muralee Thummarukudy

റെയില്‍വേ സ്റ്റേഷനിലെ താമസം: ഇന്ത്യയിലെ പല റെയില്‍വേ സ്റ്റേഷനുകളിലും വളരെ ചിലവ് കുറഞ്ഞ താമസ സൗകര്യങ്ങള്‍ ഉണ്ട്. സുരക്ഷിതവും ആണ്. ഇത് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാമെന്ന് തോന്നുന്നു, പണ്ടൊന്നും ബുക്കിങ് ഒന്നും നടക്കില്ല, ട്രെയിന്‍ ഇറങ്ങി ചെല്ലുമ്പോള്‍ റൂം കിട്ടിയാല്‍ കിട്ടി. അധികം ആര്‍ക്കും ഇതറിയില്ലാത്തതു കൊണ്ട് മിക്കവാറും കിട്ടും.

ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും: ഇന്ത്യയിലെ ഒരു പ്രത്യേക പരിപാടിയാണ് റെസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും. സര്‍ക്കാര്‍ വകുപ്പുകളുടെ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ ഉടനീളം അനവധി അടിപൊളി റസ്റ്റ് ഹൗസുകള്‍ ഉണ്ട്. മന്ത്രിമാര്‍ തൊട്ടു താഴെ ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗികം ആയി യാത്ര ചെയ്യുമ്പോള്‍  താമസിക്കാന്‍ ആണ് ഇത് ഉദ്ദേശിച്ചിട്ടുള്ളത്. പണ്ടൊക്കെ ഹോട്ടലുകള്‍ ഒന്നും ഇല്ലാത്ത കാലത്ത് ഉണ്ടാക്കിയതാകണം. ഇപ്പോള്‍ വാസ്തവത്തില്‍ ഇതൊക്കെ ഹോട്ടലുകള്‍ ആക്കി എല്ലാവര്ക്കും തുറന്നു കൊടുത്ത് കാശുണ്ടാക്കേണ്ടതാണ്. അതിനു പകരം അധികാരം ഉള്ളവര്‍ക്കും, അവരും ആയി ബന്ധം ഉള്ളവര്‍ക്കും, ഇതിനെ പറ്റി അറിവുള്ളവര്‍ക്കും ഒക്കെ വളരെ കുറഞ്ഞ ചിലവില്‍ നന്നായി താമസിക്കാന്‍ ഉള്ള സ്ഥലമായി ഇത് മാറിയിട്ടുണ്ട്. എവിടെ പോകുമ്പോഴും, പ്രത്യേകിച്ച് ഹില്‍ സ്റ്റേഷനില്‍ ഒക്കെ ഏതൊക്ക റസ്റ്റ് ഹൌസ് ഉണ്ടെന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്.

പൊതു മേഖല സ്ഥാപനങ്ങളുടെയും യൂണിവേഴ്‌സിറ്റികളുടെയും ഒക്കെ ഗസ്റ്റ് ഹൗസുകളും ഇതുപോലെ അനവധി ഉണ്ട്. പുറത്ത് അയ്യായിരം രൂപ ചിലവുള്ള സ്ഥലങ്ങള്‍ അഞ്ഞൂറ് രൂപക്ക് താരമാകും. ഇതൊന്നും അത്ര ശരിയല്ല, പക്ഷെ ലോകം നമ്മള്‍ ഒറ്റക്കല്ലല്ലോ നന്നാക്കേണ്ടത്.

ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം: യാത്രകളിലെ ചിലവ് ഏറെ കുറക്കാന്‍ പറ്റും നമ്മള്‍ ചെല്ലുന്ന ഇടത്ത് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കില്‍. യൂത്ത് ഹോസ്റ്റലുകളില്‍ ഒക്കെ പലപ്പോഴും എല്ലാവര്ക്കും ഉപയോഗിക്കാവുന്ന അടുക്കള കാണും.  AirBnB എടുക്കുമ്പോള്‍ അവിടെ പാചകം ചെയ്യാനുള്ള സൗകര്യവും അനുമതിയും ഉണ്ടോ എന്ന് നോക്കുക. ഇന്ത്യക്കാരുടെ പാചകം നാട്ടുകാരെ മുഴുവന്‍ 'നാറ്റിക്കുന്നതാണ്' എന്ന് നമുക്ക് തോന്നില്ലെങ്കിലും സത്യമാണ്, അത് കൊണ്ട് തന്നെ അക്കാര്യം പ്രത്യേകം പറയണം. കുടുംബവും ആയി പോവുകയാണെങ്കില്‍ സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ എടുക്കുന്നത് ഏറെ ലാഭം ആണ്. (http://www.bangkok.com/top10-serviced-apartment.htm )
   
 

ചിലവ് കുറഞ്ഞ ഹോട്ടലുകള്‍: യാത്രയില്‍ ചിലവ് കുറക്കുക പ്രധാനം ആണെങ്കിലും സുരക്ഷയാണ് പരമ പ്രധാനം.     താമസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ലാഭം നോക്കുന്നവര്‍  ഒരു കാര്യം കൂടി ശ്രദ്ധിക്കണം. പൊതുവില്‍ നൂറ്റിയമ്പത് ഡോളര്‍ ചോദിക്കുന്ന സൗകര്യമുള്ള ഹോട്ടലുകളില്‍ ഏതെങ്കിലുമൊരു ഹോട്ടലുകാരന്‍ മാത്രം എണ്‍പതേ ചോദിക്കുന്നുള്ളുവെങ്കില്‍ അതില്‍ എന്തോ കുഴപ്പമുണ്ട്. ഇത് ഹോട്ടലിന്റെ റിവ്യൂവില്‍ വ്യക്തമാകണമെന്നില്ല. ഹോട്ടലിരിക്കുന്ന സ്ഥലത്ത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടോ,  റിപ്പയറിംഗ് നടക്കുന്നതിനാല്‍ റെസ്റ്റോറന്റ് അടച്ചിട്ടിരിക്കുന്നതോ ആ പ്രദേശം സുരക്ഷിതം അല്ലാത്തതോ ഒക്കെയായാകാം  കാരണം. 

ഓണ്‍ലൈന്‍ ബുക്കിങ്ങിലെ തന്ത്രങ്ങള്‍: സുരക്ഷാകാരണങ്ങളാല്‍ എനിക്ക് ഏതു ഹോട്ടലിലും   താമസിക്കാന്‍ ഔദ്യോഗിക  അനുമതിയില്ല. ഓരോ നഗരത്തിലും ഞങ്ങളുടെ സുരക്ഷാ വിഭാഗം കുറെ ഹോട്ടലുകള്‍ പരിശോധച്ചു ഉറപ്പു വരുത്തിയിട്ടുണ്ട്, അവിടെ മാത്രമേ താമസിക്കാന്‍ പറ്റൂ.  അത് കൊണ്ട് തന്നെ കൂടുതല്‍ സമയവും ഞാന്‍ ഹോട്ടലുകളില്‍ ആണ് താമസിക്കുന്നത്. പണ്ടൊക്കെ ഒരു ഓണ്‍ലൈന്‍ ബുക്കിങ് വഴി ആണ് റൂം ബുക്ക് ചെയ്യാറുള്ളത്.   ഞാന്‍ സ്ഥിരം യാത്രികനായതിനാല്‍ ഞാനവിടെ ജീനിയസ് മെമ്പര്‍ ഒക്കെ ആണ്. 10% സ്‌പെഷ്യല്‍ കിഴിവ് എന്നൊക്കെ പറഞ്ഞ് സുഖിപ്പിക്കും. ഞാനൊരിക്കല്‍ ഹരീഷ് വാസുദേവന് വേണ്ടി മലേഷ്യയില്‍ ഒരു റൂം നോക്കി. ജീനിയസായതിനാല്‍  എനിക്ക് 3600 രൂപക്ക് തരാമെന്ന് അവര്‍ ഓഫര്‍ ചെയ്തു. അതേസമയം അതെ ബുക്കിങ് സൈറ്റില്‍ കൊച്ചിയിലിരുന്ന് സേര്‍ച്ച് ചെയ്ത ഹരീഷിന് അതേ റൂം 2500ന് വാഗ്ദാനം ചെയ്തു. അന്ന് തീര്‍ന്നതാ തിരുമേനി ഈ ഓണ്‍ലൈന്‍ സുഖിപ്പിക്കലുകാരുമായുള്ള ബന്ധം. ഇത് പോലെ പല തട്ടിപ്പും അവരുടെ അടുത്തുണ്ട്. നമ്മള്‍ ഒരിക്കല്‍ നോക്കിയ സ്ഥലത്ത് രണ്ടാമത് നോക്കിയാല്‍ (അതെ കമ്പ്യൂട്ടറില്‍ നിന്നും) ആ റൂമിന്റെ റേറ്റ് കൂടി എന്ന് കാണിക്കും, നമ്മളെ പേടിപ്പിക്കാനും വേഗം ബുക്ക് ചെയ്യിക്കാനും. അതിലൊന്നും വീഴരുത്.

 ഇപ്പോള്‍ ഗൂഗിള്‍ തന്നെ താമസവും വിമാനടിക്കറ്റും സജസ്റ്റ് ചെയ്യുന്നുണ്ടല്ലോ (https://support.google.com/websearch/answer/6276008). ഞാന്‍ ഒരു സ്ഥലത്തിന്റെ പേരടിക്കുമ്പോഴേക്കും അവിടുത്തെ ഹോട്ടലുകളുടെ ലിസ്റ്റ് അടിച്ചു തരും. ഈ ഗൂഗിള്‍ നമ്മുടെ എല്ലാ കാര്യങ്ങളും അറിയുന്നത് അത്ര നല്ല കാര്യം ഒന്നുമല്ല, പക്ഷെ ഇപ്പോള്‍ തന്നെ നമ്മുടെ കാര്യങ്ങള്‍ എല്ലാം ഗൂഗിളിന് അറിയാം.  വലിയ  താമസമില്ലാതെ നമ്മുടെ സേര്‍ച്ച് ഹിസ്റ്ററി നോക്കി പറ്റിയ പങ്കാളിയെയും ഗൂഗിള്‍ ഇങ്ങോട്ടു സജസ്റ്റ് ചെയ്യും എന്നാണ് എന്റെ ഇരിത്. കുറ്റം പറയാനാവില്ല, നമ്മുടെ ഇഷ്ടങ്ങള്‍ നമ്മളെക്കാള്‍ സത്യസന്ധമായി അറിയാവുന്നത് ഗൂഗിളിനാണല്ലോ!. 

ചിലവ് കുറഞ്ഞ ഭക്ഷണം: യാത്രയിലെ ഭക്ഷണത്തെപ്പറ്റി ഞാന്‍ പിന്നീട് വിശദമായെഴുതാം.  ഇവിടെ എങ്ങനെയാണ് യാത്രയില്‍ ഭക്ഷണത്തിന്റെ ചെലവ് കുറക്കാന്‍ പറ്റുന്നതെന്ന് മാത്രം പറയാം. ഇത് നിങ്ങള്‍ ഏതു രാജ്യത്താണെന്നതും ഏതൊക്കെ ഭക്ഷണം കഴിക്കില്ല എന്നതും അനുസരിച്ചിരിക്കും. പൊതുവെ പറഞ്ഞാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ (കൊറിയയും ജപ്പാനും ഒഴിച്ച്)  ഭക്ഷണത്തിന് വില തീരെ  കുറവാണ്. അങ്ങോട്ട് പോകുന്നുവെങ്കില്‍ ഭക്ഷണച്ചെലവില്‍  അധികം വേവലാതി വേണ്ട. . യൂറോപ്പില്‍ കാര്യങ്ങള്‍ തിരിച്ചാണ്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിലും നല്ലത് അതിന്റെ അഞ്ചിലൊന്ന് വിലയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷണം പാക്ക് ചെയ്തുവാങ്ങാം. ഭക്ഷണച്ചെലവ് കുറക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍.

Muralee Thummarukudy

ലോകത്തെവിടെയും വയറിന് അസുഖം വരാത്തതും വലിയ വിലയില്ലാത്തതും ആണ് കെ.എഫ്.സി യും  മക് ഡൊണാള്‍ഡും. എന്നാല്‍ ഇത് കഴിക്കാന്‍ വേണ്ടി ലോകയാത്ര ചെയ്യുന്നത് കഷ്ടമാണ് താനും. 

ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ്, ജാം, ബട്ടര്‍, ഓട്‌സ്, ഹണി, ഫ്രൂട്ട് ജ്യൂസ് എല്ലാം  സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങി കരുതിയാല്‍ മതി.

നാട്ടില്‍നിന്ന് പരിപ്പും പാലക്ക് പനീറും പാക്ക് ചെയ്ത് വരുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.  അല്പം ബോറ് പരിപാടിയാണ്. എന്നാല്‍ ചമ്മന്തിപ്പൊടിയോ അച്ചാറോ കൈയില്‍ കരുതുന്നതില്‍ തെറ്റുമില്ല. ഏതു ഭക്ഷണവും നമ്മുക്ക് അത് വച്ച് അകത്തെത്തിക്കാം. ബ്രെഡും ചമ്മന്തിപ്പൊടിയും എന്റെ ഇഷ്ട കോമ്പിനേഷന്‍ ആണ്.

നല്ല മന സംയമനം ഉള്ളവര്‍ക്ക് ഒരു പണി പറഞ്ഞു തരാം. വലിയ സൂപ്പര്‍ മാര്‍ക്കറ്റിനകത്തും ഐക്കിയയിലും കാസിനോകളിലും ഒക്കെ താരതമ്യേന ചിലവ് കുറഞ്ഞ അടിപൊളി ഭക്ഷണം കിട്ടും. ആളുകളെ ഷോപ്പിങ്ങിലും ഗാംബ്ലിങ്ങിലും പിടിച്ചു നിര്‍ത്താനുള്ള വ്യാപാര തന്ത്രം ആണിത്. നിങ്ങള്‍ക്ക് അകത്തു കയറി ഭക്ഷണം കഴിച്ചിട്ട് അവരുടെ വലയില്‍ പെടാതെ പുറത്തിറങ്ങാം എന്ന് ധൈര്യം ഉണ്ടെങ്കില്‍ ഇവിടുങ്ങളില്‍ പോയാല്‍ മതി. 

പല സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലും ചൂടുള്ള ഭക്ഷണം കിലോക്കണക്കിന് കുറഞ്ഞ വിലയില്‍ തൂക്കിവില്‍ക്കുന്നുണ്ടാകും. ജപ്പാനിലെ റെയില്‍വേ സ്റ്റേഷനിലും നല്ല ഭക്ഷണം പാക്ക് ചെയ്തു വച്ചിട്ടുണ്ടാകും. (http://justbento.com/handbook/bento-culture/all-about-ekiben-japanese-train-station-bentos)

നിങ്ങള്‍ പാചകമറിയാവുന്ന ആളോ, കുടുംബമായിട്ടോ ആണ് താമസമെങ്കില്‍ പാചകം ചെയ്യാന്‍ സൗകര്യമുള്ള  സര്‍വിസ്ഡ് അപ്പാര്‍ട്ട്‌മെന്റ് തെരഞ്ഞെടുക്കുക. വാടക അല്പം കൂടിയാലും അത് ഭക്ഷണച്ചെലവില്‍ ലാഭിക്കാം.

പഴവര്‍ഗ്ഗങ്ങള്‍ ധാരാളം വാങ്ങി കൈവശം വെച്ചാല്‍ ആവശ്യമുള്ളപ്പോള്‍ കഴിച്ച് വിശപ്പടക്കാം.  മുന്തിരിങ്ങയില്‍ അധികം നോട്ടം ഇല്ലാത്തതാണ് നല്ലത്.

സിറ്റി ടൂറുകള്‍: ഓരോ നഗരത്തിലും നാം എത്തുമ്പോള്‍ അവിടുത്തെ   മുഖ്യ ആകര്‍ഷണങ്ങള്‍ കാണുന്നത് പ്രധാനമാണ്. അവിടെ എത്തിയതിനു ശേഷം ഓരോന്നായി കാണാന്‍ നോക്കിയാല്‍ സമയവും പണവും പോകും. ഏതൊക്കെ സ്ഥലമാണ് കാണേണ്ടതെന്ന് മുന്‍കൂട്ടി നോക്കിവെക്കണം. അവിടെയെത്താന്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങളാണുള്ളതെന്നും. ഇത്തരം കാര്യങ്ങള്‍ക്ക് പൊതുവായ ഒരു മാര്‍ഗ്ഗരേഖ തരാന്‍ എളുപ്പമല്ല. ചില സൂചനകള്‍ ശ്രദ്ധിക്കുക.

ജപ്പാനും കൊറിയയും ഒഴിച്ചുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ടാക്‌സി വിളിക്കുന്നത് വലിയ ചെലവല്ല.  ഹോട്ടലില്‍നിന്നും ഏര്‍പ്പാടാക്കുന്നതും മുന്‍കൂര്‍ റേറ്റ് പറഞ്ഞുറപ്പിച്ചതും ഇംഗ്ലീഷ് അറിയാവുന്ന ഡ്രൈവറുള്ളതും ആയിരിക്കണമെന്നു മാത്രം. തായ്‌ലാന്റിലും ടാക്‌സിക്കൂലി കുറവാണ്.

Muralee Thummarukudy

യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലുമെല്ലാം നഗരത്തില്‍ പൊതുഗതാഗതം ചെലവു കുറഞ്ഞതും, രാത്രി  വൈകിയും നഗരത്തിന്റെ ഏതു കോണിലും കിട്ടുകയും ചെയ്യും. കയ്യില്‍ നിന്നാണ് പങ്ക് ചിലവാക്കുന്നതെങ്കില്‍ ടാക്‌സി എന്ന് ഈ നാടുകളില്‍ ചിന്തിക്കുക പോലും ചെയ്യരുത്.

വന്‍ നഗരങ്ങളില്‍ എല്ലാം തന്നെ ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് എന്നപേരില്‍ ഷട്ടില്‍ ബസുകളുണ്ട് (https://www.hop-on-hop-off-bus.com/)..  ഒരു ദിവസത്തേക്ക് ടിക്കറ്റെടുത്താല്‍ നഗരം മുഴുവന്‍ കറങ്ങുന്ന വാഹനങ്ങളാണിവ. ഓരോ പതിനഞ്ചു മിനുട്ടിലും പുതിയ ബസ് വരും. പല ഭാഷകളില്‍ ഓഡിയോ ഗൈഡ് ഉണ്ടാകും, ചിലപ്പോള്‍ മനുഷ്യ ഗൈഡുകളും.  നമുക്ക് എവിടെനിന്നും കയറാം, എവിടെയും ഇറങ്ങാം. എനിക്കേറ്റവും ഇഷ്ടപ്പെട്ട നഗരടൂര്‍ സംവിധാനം ഇതാണ്.

നഗരത്തിനകത്തും നഗരത്തിന് അല്പം പുറത്തേക്കുമുള്ള ഒറ്റദിവസ ബസ് ടൂറുകള്‍ എപ്പോഴും  നല്ലതാണ്. ധാരാളം നാടുകളില്‍ നിന്നുള്ള യാത്രികരെ കാണാം. തമാശക്കാരായ ഗൈഡുകളാണ് പൊതുവില്‍ ഈ ടൂറുകളിലുള്ളത്. പാരീസില്‍ നിന്നും വെര്‍സായിലേക്കോ
 ബാങ്കോക്കില്‍നിന്നും Bridge Over River Kwai ) https://www.tripadvisor.com/Attraction_Review-g297924-d317608-Reviews-Bridge_Over_the_River_Kwai-Kanchanaburi_Kanchanaburi_Province.html) യിലേക്കോ ബ്രസല്‍സില്‍നിന്നും ഗെന്റിലേക്കോ ഇത്തരം യാത്രകള്‍ നടത്തണം.

നഗരത്തില്‍ ബോട്ട് ടൂറുകള്‍  ഉണ്ടെങ്കില്‍ അതും ഉപയോഗിക്കണം. പക്ഷെ എത്ര ചീപ്പ് ആണെങ്കിലും  വാട്ടര്‍ ടാക്‌സി എന്ന സംവിധാനത്തില്‍ കയറരുത്. മോട്ടോര്‍ സൈക്കിള്‍ ടാക്‌സിയിലും. സുരക്ഷയാണ് പ്രശ്‌നം... 

(കൂടുതല്‍ പിന്നീട്).