• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Travel
More
Hero Hero
  • Chinese Travel
  • Jyothilal
  • Sthalanamam
  • Biju Rocky
  • Travel Frames
  • K A Beena
  • M V Shreyams Kumar
  • Mohanlal
  • G Shaheed
  • Anitha Nair
  • Thummarukudy
  • N P Rajendran
  • Anilal

എവിടേക്കാണ് നാം യാത്ര പോകേണ്ടത്? | Thummarukudy Writes

Oct 8, 2017, 01:38 PM IST
A A A

ഇന്റര്‍വ്യൂവിന് പോകലും സ്ഥലംകാണലും കാശില്ലാതിരുന്ന കാലത്തേ എന്റെയൊരു തന്ത്രമായിരുന്നു. രാജസ്ഥാനിലെ കോട്ട (JK Synthetics), ഗുജറാത്തിലെ ബറോഡ (Paramount Pollution Control) എന്നിങ്ങനെ എത്രയോ സ്ഥലങ്ങള്‍ ഞാന്‍ എംപ്ലോയറുടെ ചെലവില്‍ കണ്ടിരിക്കുന്നു! വാസ്തവത്തില്‍ എനിക്ക് കിട്ടിയിട്ടുള്ള ജോലികളെല്ലാം തന്നെ (ഇപ്പോഴത്തേത് ഉള്‍പ്പെടെ) ഈ യാത്രക്കായി അപേക്ഷിച്ചവയില്‍ നിന്ന് കിട്ടിയതാണ്.

# മുരളി തുമ്മാരുകുടി
Muralee Thummarukudy
X

പണ്ടൊക്കെ മുംബൈയിലെ ടൈംസ് ഓഫ് ഇന്ത്യയില്‍ ഞായറാഴ്ചകളില്‍ വിദേശജോലികളെക്കുറിച്ചുള്ള പരസ്യങ്ങള്‍ വരാറുണ്ട്. അതുകൊണ്ടുമാത്രം ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ വാങ്ങും. അതിലാണ് ബ്രൂണെയിലെ എണ്ണക്കമ്പനിയില്‍ (പേര് പറയുന്നില്ല) പരിസ്ഥിതി പഠനവിഭാഗം തലവനായി ഒരാളെ വേണമെന്ന പരസ്യം കണ്ടത്. ഞാനന്ന് മുംബൈയില്‍ ഒരു ഗവേഷണസ്ഥാപനത്തില്‍ ജോലിചെയ്യുകയാണ്. ഒരു എണ്ണക്കമ്പനി  മതിലിനകത്ത് പോയി കണ്ടിട്ടുകൂടിയില്ല. പിന്നെ പരിസ്ഥിതി പഠനം. പണ്ട് നടത്തിയിട്ടുണ്ട്, പി എച്ച് ഡി യുമുണ്ട്. കിടക്കട്ടെ ഒരപേക്ഷ എന്നുകരുതി അയച്ചു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂവിന് വിളി വന്നു. നേരിട്ട് ചെല്ലണം പോലും. പാസ്സ്‌പോര്‍ട്ടിന്റെ കോപ്പി വാങ്ങി ഒരാഴ്ചക്കുള്ളില്‍ ടിക്കറ്റ് വന്നു. അപ്പോഴാണ് അതിശയിച്ചത്. സിംഗപ്പൂര്‍ വഴിയാണ് യാത്ര. ഇതെന്തു കഥ? എണ്ണയാല്‍ സമ്പന്നമായ, സുല്‍ത്താന്‍ വാഴുന്ന ബ്രൂണെ ഒരു ഗള്‍ഫ് രാജ്യമാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്തുമാകട്ടെ, ഫ്രീ ടിക്കറ്റ് കിട്ടിയതല്ലേ, സ്ഥലമൊന്ന് കണ്ടുകളയാം എന്ന് കരുതി ഞാന്‍ ബ്രൂണെക്ക് വിമാനം പിടിച്ചു. Rest is history as they say.

ഈ ഇന്റര്‍വ്യൂവിന് പോകലും സ്ഥലംകാണലും കാശില്ലാതിരുന്ന കാലത്തേ എന്റെയൊരു തന്ത്രമായിരുന്നു. രാജസ്ഥാനിലെ കോട്ട (JK Synthetics), ഗുജറാത്തിലെ ബറോഡ (Paramount Pollution Control) എന്നിങ്ങനെ എത്രയോ സ്ഥലങ്ങള്‍ ഞാന്‍ എംപ്ലോയറുടെ ചെലവില്‍ കണ്ടിരിക്കുന്നു! വാസ്തവത്തില്‍ എനിക്ക് കിട്ടിയിട്ടുള്ള ജോലികളെല്ലാം തന്നെ (ഇപ്പോഴത്തേത് ഉള്‍പ്പെടെ) ഈ യാത്രക്കായി അപേക്ഷിച്ചവയില്‍ നിന്ന് കിട്ടിയതാണ്.

സ്‌കൈപ്പ് ഇന്റര്‍വ്യൂവിന്റെ ഇക്കാലത്ത് ഈ തന്ത്രം അത്ര വിജയിക്കില്ലെങ്കിലും ശ്രമിക്കാതിരിക്കരുത്. അത്യാവശ്യം നല്ല ബയോഡാറ്റ ഒക്കെ കയ്യില്‍ ഉണ്ടെങ്കില്‍ ഇപ്പോഴും കുറച്ചു സാധ്യത ഒക്കെ ഉണ്ട്.

എവിടേക്ക് യാത്രചെയ്യണം എന്നതാണ് ഇന്നത്തെ വിഷയം. യാത്രചെയ്യാന്‍ ആഗ്രഹമുള്ളവര്‍ പാരീസ്, ലണ്ടന്‍, മൈസൂര്‍, ഊട്ടി, ആഗ്ര, ജയ്പൂര്‍, അതിരപ്പിള്ളി, വീഗാലാന്‍ഡ് എന്നൊക്കെയാണ് ആദ്യം ചിന്തിക്കുന്നത്. ഇത് നമുക്കൊന്ന് മാറ്റിപ്പിടിക്കണം. ആദ്യമായി നമ്മള്‍ യാത്രയെ പ്രണയിച്ചുതുടങ്ങണം, യാത്ര ഒരു ഹരമാക്കിയെടുക്കണം. അത് എങ്ങോട്ട്, എന്തിന്, ആരുടെകൂടെ,  എന്നതൊക്കെ പ്രസക്തമാണെങ്കിലും രണ്ടാമത്തെ കാര്യമാക്കണം. ഒന്നാമത്തെ ലക്ഷ്യം എപ്പോഴും യാത്ര തന്നെയായിരിക്കണം.

Muralee Thummarukudyയാത്രക്ക് നമ്മുടെ കൈയില്‍ ഏറ്റവും വേണ്ടത് ജിജ്ഞാസയാണെന്ന് പറഞ്ഞല്ലോ. ഓരോ യാത്രയിലും കണ്ണും കാതും തുറന്നിരിക്കണം. പരമാവധി ആളുകളോട് സംസാരിക്കാനും പരമാവധി വൈവിധ്യമുള്ള ഭക്ഷണം കഴിക്കാനും നമുക്ക് അളവില്ലാത്തത്ര ഉത്സാഹം വേണം. അതേസമയം നമ്മള്‍ ഉപേക്ഷിക്കേണ്ട ഒന്നാണ് നമ്മള്‍ പരിചയിച്ച ശീലങ്ങളും അതോടനുബന്ധിച്ചുള്ള നിര്‍ബന്ധബുദ്ധിയും. ഉദാഹരണത്തിന്, വൃത്തിയുള്ള ടോയ്ലറ്റിലേ കാര്യം സാധിക്കൂ എന്ന ചിന്ത മനസ്സിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയിലും മറ്റനവധി രാജ്യങ്ങളിലും യാത്ര ദുരിതം തന്നെയായിരിക്കും. നമ്മുടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തില്‍ എവിടെയും കാര്യം സാധിക്കാന്‍ നമ്മള്‍ പഠിക്കണം. ഇതത്ര എളുപ്പമല്ലെങ്കിലും മനസ്സുവെച്ചാല്‍ സാധ്യമാണ്. ചൂടുവെള്ളത്തില്‍ കുളിയും (എന്തിന് കുളി തന്നെ?) തൈര് കൂട്ടിയുള്ള ഊണുമൊന്നും നടക്കില്ല. ചില ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്ന സമയം പോലും ആകെ തെറ്റും. ഇതൊക്കെ യാത്രയുടെ സ്പിരിറ്റില്‍ എടുക്കാന്‍ പഠിച്ചാലേ യാത്ര ആസ്വദിക്കാന്‍ കഴിയൂ.

ഓരോ ഗ്രാമവും മനോഹരം  യാത്ര എന്നാല്‍ അത് വിദേശയാത്ര തന്നെ ആകണമെന്നില്ല. കേരളത്തിലെ ഓരോ ഗ്രാമവും മനോഹരമാണ്. ഓരോ ഗ്രാമത്തിലും കാണേണ്ടതായ എന്തെങ്കിലുമുണ്ടാകും. വെങ്ങോലയിലാണെങ്കില്‍ തുമ്മാരുകുടിയുണ്ട്. അവിടെ നൂറുവര്‍ഷം പഴക്കമുള്ള രണ്ടാമന്റെ തറവാടുണ്ടെന്നതല്ല പ്രധാന ആകര്‍ഷണം. ആളുകളുടെ ശവം മറവുചെയ്യാന്‍ ഉപയോഗിച്ചിരുന്ന രണ്ടായിരം വര്‍ഷം പഴക്കമുള്ള വലിയ മണ്‍പാത്രങ്ങളുടെ (നന്നങ്ങാടി എന്ന് ചരിത്രഗവേഷകര്‍, ചാറ എന്ന് തുമ്മാരുകുടിക്കാര്‍) അവശിഷ്ടങ്ങളുണ്ട്. തുമ്മാരുകുടി ഇപ്പോഴും കഴിഞ്ഞ നൂറുവര്‍ഷം മുമ്പുള്ളതു പോലെതന്നെ കാടും പടലും പിടിച്ചുകിടക്കുകയാണ്. ഇതുപോലെ ഓരോ ഗ്രാമത്തിലും എന്തെങ്കിലും കാഴ്ചയുണ്ടാകും. ഒരവധി കിട്ടുമ്പോള്‍ ആതിരപ്പള്ളിയിലും വാഗമണ്ണിലും പോയി തിരക്കുകൂട്ടി നിങ്ങള്‍ യാത്രയുടെ രസം കൊല്ലുകയാണ്, സ്ഥലങ്ങളെയും. 

കഴിഞ്ഞ ഡിസംബറില്‍ ഞാന്‍ തൃശൂരില്‍ എന്റെ ഫേസ് ബുക്ക് സുഹൃത്ത് മനോജിന്റെ കൂടെ കോള്‍ നിലങ്ങള്‍ കാണാന്‍ പോയി. മനോജിനെ തന്നെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. തൃശൂരില്‍ എത്രയോ തവണ പോയിരിക്കുന്നു പക്ഷെ ഒരിക്കല്‍ പോലും ഇത്ര മനോഹരമായ സ്ഥലങ്ങള്‍ അവിടെ അടുത്തുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. പോയിട്ടില്ലാത്തവര്‍ എങ്ങനെയും പോകണം, ഹൈവേ യില്‍ ഇരുന്നുള്ള ബോറന്‍ യാത്രയല്ല, എത്രയോ സന്തോഷം തരുന്ന യാത്രയാണിത്. ഒരു മണിക്കൂര്‍ കൂടുതല്‍ എടുക്കുകയേ ഉള്ളൂ. 

ഞാനൊരു ഐഡിയ പറയാം. അടുത്ത അവധിക്ക് നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തായ ഒരാളുടെ ഗ്രാമത്തിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുക. ബസിലോ കാറിലോ ബൈക്കിലോ ആകാം. സുഹൃത്തിനോട് മുന്‍കൂട്ടി പറഞ്ഞിട്ടാകണമെന്നു മാത്രം. അവരുടെ വീടും അതിനടുത്ത അമ്പലമോ മറ്റ് ആരാധനാലയങ്ങളോ, കാണാനുള്ള എന്തും കണ്ട് പറ്റിയാല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നോ ആ നാട്ടിലെ  ചായക്കടയില്‍ നിന്നോ ഒരൂണും തരമാക്കി തിരിച്ചുപോരുക. ഏത് ആതിരപ്പള്ളിയേക്കാളും ഉന്മേഷം തരുന്ന യാത്രയായിരിക്കും അത്.

ഭാരത്  ദര്‍ശന്‍, സഹപാഠികളോടൊപ്പം  ഇതുപോലെ തന്നെയാണ് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെയും കാണേണ്ടത്. പ്രത്യേകിച്ചും കേരളത്തിന് പുറത്തു പഠിച്ചവര്‍ക്കെല്ലാം അവരുടെ മറുനാട്ടുകാരായ സഹപാഠികളുണ്ടാകും. അവരുടെ നാടുകളിലേക്ക് ഒരു യാത്ര പോയി നോക്കണം. പൊതുവെ ആളുകള്‍ക്ക് ഇത് വളരെ ഇഷ്ടമാണ്. അലിഗഡിനടുത്തുള്ള ഗോമത് എന്ന ഗ്രാമത്തിലാണ് എന്റെ സുഹൃത്തായ അതുല്‍  വളര്‍ന്നത്. അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് ഞാന്‍ നടത്തിയ യാത്ര യു പി യില്‍ എത്രയോ വര്‍ഷം താമസിച്ച എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. (അതുലും കുടുംബവും എന്റെ വീട്ടിലും വന്ന് താമസിച്ചിട്ടുണ്ട്). നമ്മുടെ നാടിനെ ശരിക്കറിയണമെങ്കില്‍ നഗരങ്ങളൊക്കെ വിട്ട്, സാധാരണ ടൂറിസ്റ്റുകള്‍ കാണുന്നതെല്ലാം മാറ്റിവെച്ച്, അനുഭവങ്ങളുടെ യാത്ര ചെയ്യാന്‍ നമ്മള്‍ പഠിക്കണം. അതത്ര എളുപ്പമല്ല. 

സ്വച്ഛമല്ലാത്ത  ഭാരതം. വടക്കേ ഇന്ത്യയില്‍ ഞാന്‍ പോയിട്ടുള്ള ഒരു  സുഹൃത്തിന്റെ കുടുംബം വളരെ സമ്പന്നരാണ്. യു പി ഗവണ്മെന്റിലും ഇന്ത്യന്‍ ആര്‍മിയിലും വിദേശത്തുമൊക്കെ ജോലിചെയ്യുന്നവരാണ് മിക്കവരും. ഏതാണ്ട് ഇരുപതോളം കുടുംബങ്ങളാണ് ചേര്‍ന്ന് നില്‍ക്കുന്ന, എന്നാല്‍ പ്രത്യകം അടുക്കളയുള്ള വീടുകളില്‍ ഒരു മതില്‍ക്കെട്ടിനുള്ളില്‍ താമസിക്കുന്നത്. നാലുനിലയില്‍ പരന്നുകിടക്കുന്ന വലിയ കെട്ടിടങ്ങള്‍. അവിടെയുള്ള പ്രശ്‌നം നമ്മള്‍ ഉപയോഗിക്കതുപോലെയുള്ള  കക്കൂസ് അവിടെയില്ല എന്നതാണ്. പകരം സമാന്തരമായ അരമതിലുകള്‍ക്കുള്ളില്‍ ചെറിയ ഇടമതില്‍ കെട്ടിമറച്ചൊരു സ്ഥലം, നിരയായി അഞ്ചോ ആരോ ഉണ്ട്. അതില്‍ ഓരോന്നിലും കുന്തിച്ചിരിക്കാന്‍ പാകത്തിന് രണ്ടു കല്ലുകള്‍. നമുക്ക് അതില്‍ കയറിയിരുന്ന് കാര്യം സാധിക്കാം. മുകളില്‍ ആകാശം താഴെ ഭൂമി! വെങ്ങോലയില്‍ കക്കൂസില്ലാതെ വളര്‍ന്നതുകാരണം വെളിമ്പ്രദേശത്ത്  കാര്യം സാധിക്കുന്നതോ കുന്തിച്ചിരിക്കുന്നതോ എനിക്ക് പ്രശ്‌നമല്ല. പക്ഷെ, അവിടെ ഒരു അഡീഷണല്‍ പ്രശ്‌നം കൂടിയുണ്ടായിരുന്നു. നമ്മള്‍ ഇരിക്കുന്നതറിയാതെ സ്ഥലത്തേക്ക് മറ്റൊരാള്‍ ഏതുസമയത്തും കടന്നുവന്നേക്കാം. അതിനെ മുരള്‍ച്ച ശബ്ദം കൊണ്ടാണ് നേരിടുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ കാര്യം സാധിച്ചുകൊണ്ടിരിക്കുന്നു, എന്നുകരുതുക. അപ്പോള്‍ പുറത്തൊരാള്‍ വന്ന് ഹ്റും ഹ്റും എന്ന് ശബ്ദമുണ്ടാക്കും. ഉടനെ നിങ്ങള്‍ അതെ ശബ്ദം മൂന്നുപ്രാവശ്യം കേള്‍പ്പിക്കണം. അതോടെ മറ്റെയാള്‍ വേറെ മുറി നോക്കി പൊക്കോളും. ഇവരൊക്ക കോടീശ്വരന്മാരും ആര്‍മി കേണല്‍മാരും വിദേശത്ത് താമസിക്കുന്നവരും മറ്റു സംവിധാനങ്ങള്‍ പരിചയം ഉള്ളവരും ഒക്കെയാണ്.  രാവിലെ പത്തുമണിയോടെ മിക്കവരുടെയും കാര്യം സാധിക്കല്‍ കഴിയും. അപ്പോള്‍ ഗ്രാമത്തിലുള്ള കക്കൂസ് വൃത്തിയാക്കലുകാര്‍ വന്ന് അതെല്ലാം ഒരു കുട്ടയില്‍ വാരിക്കൊണ്ടുപോകും. ഈ ആളുകളെ സമൂഹം ഏറ്റവും മോശമായിട്ടാണ് കാണുന്നത്. ഗ്രാമത്തിന് ഏറ്റവും പുറത്തായിട്ടാണ് ഇവര്‍ ജീവിക്കുന്നതും. ഈ വര്‍ഗ്ഗക്കാരുടെ പ്രശ്‌നമെല്ലാം ഞാന്‍ കേട്ടിട്ടുണ്ടണ് പക്ഷെ അതൊക്ക അപ്പോഴും നില നില്‍ക്കുന്നു എന്ന്, ആളുകള്‍ എത്ര സമ്പന്നരായാലും, വിദ്യാഭ്യാസം നേടിയാലും എങ്ങനെ ചില കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു, എന്ന് നമ്മള്‍ കണ്ടാലേ അറിയൂ. സ്വച്ഛ് ഭാരത് എന്നൊക്ക പറയുന്നത് വെറും കക്കൂസ് ഉണ്ടാക്കുന്ന പണിയല്ല എന്ന് ഇതൊന്നും കാണാത്തവര്‍ക്ക് മനസ്സിലാവാന്‍ ബുദ്ധിമുട്ടാണ്.

സാമ്പാറിന്റെ വിധി : കേരളത്തില്‍ ഇരുന്ന് മറ്റു സ്ഥലങ്ങളിലെ ആചാരങ്ങളെ വിധിക്കുക എളുപ്പമാണ്.    മുന്‍പൊരിക്കല്‍  പറഞ്ഞത് പോലെ കണ്ടതിനെ നമ്മള്‍ വിധിക്കാന്‍ നോക്കരുത്, അനുഭവിക്കുക അറിയുക.  ഇതിനെ വിധിക്കാന്‍ മുട്ടുന്നവരോട് ഒരു കഥ പറയാം. നമ്മുടെ നാട്ടിലെ സദ്യയെ പറ്റി നമുക്ക് നല്ല അഭിപ്രായം ആണല്ലോ, ഒരിക്കല്‍ എന്റെ ഒരു വടക്കേ ഇന്ത്യന്‍ സുഹൃത്ത് പറഞ്ഞു സദ്യ ഒക്കെ കൊള്ളാം, പക്ഷെ ബക്കറ്റും ആയി ഒരാള്‍ (സാമ്പാര്‍ വിളമ്പാന്‍) വരുമ്പോള്‍ അവരുടെ ഗ്രാമത്തില്‍ ആളുകള്‍ ബക്കറ്റുമായി കാര്യം സാധിക്കാന്‍ പോകുന്ന ഓര്‍മ്മ വരും, പിന്നെ ഭക്ഷണം കഴിക്കാന്‍ തോന്നില്ല. നമുക്ക് തികച്ചും സ്വാഭാവികം അയി തോന്നുന്നത് മറ്റുള്ളവര്‍ക്ക് അരോചകം ആകും എന്ന് കാണിക്കാന്‍ പറഞ്ഞു എന്നെ ഉള്ളൂ, അടുത്ത തവണ  സാമ്പാറുകാരനെ കാണുമ്പോള്‍ ഇതൊന്നും ഓര്‍ക്കേണ്ട.

മരുഭൂമിയിലെ ജീവിതം ഗള്‍ഫില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരു ശതമാനം പോലും ആ നാട്ടുകാരുടെ വീട്  സന്ദര്‍ശിച്ചിട്ടുണ്ടാകില്ല. പൊതുവെ ഗള്‍ഫില്‍ വിവിധ സമൂഹങ്ങള്‍ വ്യത്യസ്ത കുമിളകളില്‍ ആണ് ജീവിക്കുന്നത് (ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരു കുമിള, അറബികള്‍ മറ്റൊന്ന്, പാശ്ചാത്യര്‍ വേറെ, ഫിലിപ്പീന്‍സുകാര്‍ വേറെ ബംഗാളികള്‍ വേറെ). അഥവാ അറബികളുടെ വീട്ടില്‍ പോയിട്ടുള്ളവരില്‍ ഒരു ചെറിയ ശതമാനമേ അവരുടെ ഗ്രാമങ്ങളില്‍ പോയിട്ടുണ്ടാകൂ. ഞാന്‍ ഒമാനിലായിരുന്ന കാലത്ത് നിര്‍ബന്ധം പിടിച്ച് സുഹൃത്ത് അബ്ദുള്ളയുടെ വീട്ടില്‍ പോയി. അതിശയിപ്പിക്കുന്ന ആതിഥ്യമര്യാദയാണ് അവര്‍ക്കുള്ളത്. നഗരത്തില്‍ കാണുന്ന അറബികളല്ല, ഗ്രാമത്തിലുള്ളത്. പ്രത്യേകിച്ചും ഒമാനില്‍. സമയം കിട്ടുമ്പോള്‍ എഴുതാം, പക്ഷെ അവിടെ ഉളളവരില്‍ നാട്ടുകാരും ആയി അത്യാവശ്യം അടുപ്പമുള്ളവര്‍  നേരിട്ടുകാണാന്‍ ശ്രമിച്ചുനോക്കുക. ഡെസേര്‍ട്ട് കാമ്പില്‍ പോയി കാണുന്ന ബെഡുജീവിതം അല്ല സത്യം.

വിദേശങ്ങളില്‍ ഇപ്പോള്‍ AirBnB  വന്നതോടെ ഇക്കാര്യം നല്ല എളുപ്പമായി. ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ വീടുകള്‍ യാത്രക്കാര്‍ക്കായി തുറന്നിട്ടിരിക്കുന്നത്. അവിടങ്ങളില്‍ താമസിക്കുന്നതിന് ചെലവ് കുറവാണെന്ന് മാത്രമല്ല, ആ നാട്ടുകാരെ പരിചയപ്പെടാനും അവരുടെ സംസ്‌കാരത്തെപ്പറ്റി അറിയാനുമുള്ള സുവര്‍ണ്ണാവസരങ്ങല്‍ കൂടിയാണ് നമ്മുടെ മുന്നില്‍ തുറന്നുകിട്ടിയിരിക്കുന്നത്. യാത്രചെയ്യുമ്പോള്‍ ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുക. (നല്ല ആതിഥേയരെ കിട്ടുന്നതെങ്ങനെ എന്ന് പിന്നീടെഴുതാം).

പേരുകേള്‍ക്കാത്ത സ്ഥലങ്ങള്‍: ലോകത്ത് എവിടെയും ടൂറിസത്തിന്  പേരുകേട്ട ഇടങ്ങളുണ്ട്. കേരളത്തില്‍ മൂന്നാര്‍, തമിഴ്നാട്ടില്‍ കന്യാകുമാരി, വടക്കേ ഇന്ത്യയില്‍ ജയ്പൂര്‍, ഗള്‍ഫില്‍ ദുബായ്, യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിങ്ങനെ. അവിടെയെല്ലാം എപ്പോഴും യാത്രികരുടെ തിരക്കായിരിക്കും. ഇത്തരം സ്ഥലങ്ങളിലൊന്നും പോകുന്നതില്‍ തെറ്റില്ലെങ്കിലും അതിന്റെയൊക്കെ കൂടെ സാധാരണ ആളുകള്‍ പോകാത്ത മനോഹരങ്ങളായ സ്ഥലങ്ങളും കാണാന്‍ ശ്രമിക്കണം. 

ഉദാഹരണത്തിന്, ആലുവക്കടുത്ത് തിരുവാലൂര്‍ എന്നൊരു ഗ്രാമമുണ്ട്. അവിടെ ഐതിഹ്യമാലയില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു ക്ഷേത്രമുണ്ട്. പക്ഷെ, എന്തുകൊണ്ടോ അതിന് ഗുരുവായൂരോ വൈക്കമോ പോലുള്ള തിരക്കില്ല. ഐതിഹ്യമാല വായിച്ച ഓര്‍മ്മയില്‍ ഞാനൊരിക്കല്‍ അവിടെ പോയി. എത്ര മനോഹരമാണ് ആ ക്ഷേത്രമെന്നോ! ദൈവവിശ്വാസിയല്ലെങ്കില്‍ പോലും ആ വഴി പോകുന്നവര്‍ ഒന്ന് കയറണം. ഇതുപോലെ നമ്മളറിയാത്ത എത്രയോ ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്‌ക്കുകള്‍, മലകള്‍, കുന്നുകള്‍, അരുവികള്‍ നമ്മുടെ ചുറ്റുമുണ്ട്! നാം കേട്ടിട്ടില്ലാത്ത മനോഹരമായ സ്ഥലങ്ങളെപ്പറ്റി അറിയാന്‍ സാധിക്കുന്നു എന്നത് ഫേസ്ബുക്ക് വന്നതില്‍പ്പിന്നെ ഞാന്‍ കണ്ട ഒരു ഗുണമാണ്. നിങ്ങളുടെ അറിവില്‍ അത്ര പ്രശസ്തമല്ലാത്തതും എന്നാല്‍ കണ്ടിരിക്കേണ്ടതുമായ സ്ഥലങ്ങളുണ്ടെങ്കില്‍ പറയൂ, അത് കേരളത്തിലോ ഇന്ത്യയിലോ ലോകത്ത് മറ്റെവിടെയാണെങ്കിലും.

കോണ്‍ഫറന്‍സ് യാത്രകള്‍.  സ്‌കൈപ്പ് വന്നതോടെ  ഇന്റര്‍വ്യൂ തന്ത്രത്തിന് ഇനിയധികം ഭാവിയില്ല. അതുകൊണ്ട് കോണ്‍ഫറന്‍സ്, വര്‍ക്ക് ഷോപ്പ്, ട്രെയിനിംഗ് എന്നിങ്ങനെ റൂട്ട് ഒന്ന് മാറിപ്പിടിക്കണം. ലോകത്ത് മത്തങ്ങ മുതല്‍ സെക്‌സ് വരെ ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഫറന്‍സുകളുണ്ട്. നിങ്ങളൊരു പ്രൊഫഷനലാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ അറിയാം. ഇല്ലെങ്കില്‍ https://conferencealerts.com ല്‍ പോയി വിഷയവും രാജ്യവും തിരിച്ചുള്ള ലിസ്റ്റില്‍ നിങ്ങള്‍ക്ക് താല്പര്യമുള്ള വിഷയം നോക്കിയോ പോകാനിഷ്ടമുള്ള സ്ഥലം നോക്കിയോ ഒരു കോണ്‍ഫറന്‍സ് തെരഞ്ഞെടുക്കുക. ശേഷം പരമാവധി ചുരുങ്ങിയ ചെലവില്‍ യാത്രചെയ്യാനും ശ്രദ്ധിക്കണം. ആദ്യം തന്നെ ഇന്ത്യക്കാരനായതുകൊണ്ട് (അയ്യോ...പാവം) കോണ്‍ഫറന്‍സ് ഫീ വേണ്ടെന്ന് വെക്കാന്‍ പറയുക. സമ്മതിച്ചില്ലെങ്കില്‍ താമസമെങ്കിലും ഫ്രീയാക്കാന്‍ പറയുക. അതു സമ്മതിച്ചാല്‍ ടിക്കറ്റും കൂടി കിട്ടിയാല്‍ ഉപകാരമായിരുന്നു എന്നുപറയുക. നിങ്ങളുടെ ബയോഡേറ്റയുടെ ഗുണമനുസരിച്ചും നിങ്ങള്‍ ഏതു ഗ്രൂപ്പില്‍നിന്ന് (ഗവണ്മെന്റ്, അക്കാദമിക്, എന്‍ ജി ഓ, സ്വകാര്യ മേഖല, മീഡിയ) വരുന്നു എന്നതുമായിരിക്കും നിങ്ങളുടെ വിജയസാധ്യത. എന്‍ ജി ഓ യിലുള്ള ഇന്ത്യന്‍ പെണ്‍കുട്ടികളാണെങ്കില്‍ സപ്പോര്‍ട്ട് ഉറപ്പാണെങ്കിലും എന്തെങ്കിലുമൊക്കെ സപ്പോര്‍ട്ട് കൂടി കൂടുതല്‍ കിട്ടുമോ എന്ന് പരീക്ഷിക്കുക. ഇതൊക്കെ സംഘടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ സ്ഥാപനത്തില്‍ പോയി 'എന്നെ ഇന്നയിടത്ത് കോണ്‍ഫറന്‍സില്‍ വിളിച്ചിട്ടുണ്ട്, ഞാന്‍ ചെല്ലണം എന്ന് അവര്‍ക്ക് വലിയ നിര്‍ബന്ധം' (ഇവിടെ അയ്യോ പാവം മാറി, 'ഞാന്‍ ആരാ മോന്‍' ഭാവം എടുക്കുക, കുറെ കയ്യില്‍ നിന്നും ഇറക്കുക), എന്നൊക്ക പറഞ്ഞു അവധിയും പറ്റിയാല്‍ എന്തെങ്കിലും സഹായവും താരമാക്കുക. കോണ്‍ഫറന്‍സിന് പോകാന്‍ പല സര്‍ക്കാര്‍ വകുപ്പുകളും സഹായം നല്‍കുന്നുമുണ്ട്. ഇത്രയുമായാല്‍ കോണ്‍ഫറന്‍സ് കൂടി വിവരമുണ്ടാക്കിക്കളയാം എന്നൊന്നും വിചാരിച്ചേക്കരുത്. പകരം അവിടെ വരുന്നവരില്‍ പ്രാസംഗികരുള്‍പ്പെടെ പരമാവധി ആളുകളെ പരിചയപ്പെടുക. നഗരം ചുറ്റുക, മലയാളികളെ തപ്പിപ്പിടിച്ച് ചായ് പേ ചര്‍ച്ച നടത്തുക. വിവരം ഒക്കെ വായിച്ചുണ്ടാക്കിയാല്‍ മതി.

ഈ കോണ്‍ഫറന്‍സ് തട്ടിപ്പ് പരിപാടി അറിയാവുന്ന തട്ടിപ്പുകാര്‍ ലോകത്തുണ്ട് കേട്ടോ, അത് കൊണ്ട് ഇങ്ങനെ നടക്കുന്നവരെ പറ്റിക്കാനുള്ള കോണ്‍ഫറന്‍സുകളും ഉണ്ട്, സൂക്ഷിക്കണം. നിങ്ങളെ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും ഒക്കെ കോണ്‍ഫറന്‍സിന് തിരഞ്ഞെടുത്തു എന്നും, വണ്ടിക്കൂലി എല്ലാം ഫ്രീ ആയി തരും എന്നൊക്കെ എഴുത്തയക്കും. നിങ്ങള്‍ അതില്‍ വീണാല്‍ പെട്ടു .

സുഹൃത്തുക്കളും ബന്ധുക്കളും: യാത്ര പോയി തുടങ്ങുന്ന കാലത്ത് നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ഉള്ള നാട്ടിലേക്ക് യാത്ര പോകുന്നതാണ് ഏറ്റവും എളുപ്പമുള്ള പരിപാടി. അവരുടെ ചിലവിലോ അവരുടെ വീട്ടില്‍ താമസിച്ചോ ഒന്നും ആകേണ്ടതില്ല (അങ്ങനെ ആയാലും കുഴപ്പമില്ല), പക്ഷെ അവര്‍ അവിടെ ഉണ്ടെങ്കില്‍ ആധികാരികമായ വിവരങ്ങള്‍ കിട്ടും, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അവര്‍ ഉണ്ടെന്ന ധൈര്യവും ഉണ്ടല്ലോ. നിങ്ങളും അവരും തമ്മിലുള്ള ഇരിപ്പു വശം അനുസരിച്ച് അവരുടെ കൂടെ താമസിക്കുകയോ യാത്രക്ക് അവരെ കൂട്ടുകയോ ഒക്കെ ചെയ്യാം, അതൊന്നും അത്ര പ്രധാനമല്ല, പക്ഷെ യാത്ര പോയി തുടങ്ങുന്ന കാലത്ത് നിങ്ങള്‍ക്ക് ധൈര്യം കിട്ടാന്‍ ഇതെല്ലം നല്ല ഉപായങ്ങള്‍ ആണ്. ഇതൊക്കെ അവര്‍ക്കല്പം ബുദ്ധിമുട്ടല്ലേ എന്ന് തോന്നാം. ആണ്, പക്ഷെ സുഹൃത്തുക്കള്‍ക്ക് വേണ്ടി അല്പം ബുദ്ധിമുട്ടുന്നതൊക്കെ സൗഹൃദത്തിന്റെ ഭാഗമാണ്. ഫേസ്ബുക്ക് സൗഹൃദവും യാത്രക്ക് വേണ്ടി ഉപയോഗിക്കാം, പക്ഷെ ഒരിക്കലും നേരിട്ട് കാണാത്തവരുമായി ഇടപെടുമ്പോള്‍ സുരക്ഷ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരിക്കലും കണ്ടിട്ടില്ലാത്തവരുടെ വീട്ടില്‍ പോയി താമസിക്കാം എന്നുള്ള പരിപാടികള്‍ കുഴപ്പത്തില്‍ ചാടിക്കും.

നിങ്ങള്‍ ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നതിനു മുന്‍പ് ആ സ്ഥലത്തെപ്പറ്റി എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പിന്നീട് എഴുതാം.

PRINT
EMAIL
COMMENT

 

Related Articles

ചന്ദ്രനെ അനുസ്മരിപ്പിക്കും വിധം താമസയിടങ്ങൾ; സഞ്ചാരികളേ, സാഹസികരേ നിങ്ങൾക്കായാണിത്
Travel |
Food |
തിന്നു മരിക്കുന്ന മലയാളി!
Videos |
മുങ്ങിമരണങ്ങള്‍ തടയുന്നതില്‍ കേരളം പരാജയപ്പെട്ടോ?
News |
ആ സുരക്ഷാ ബോധമാണ് മൂന്നു സ്ത്രീകള്‍ പത്തു മിനിറ്റുകൊണ്ട് തകര്‍ത്തു കളഞ്ഞത്: തുമ്മാരുകുടി
 
More from this section
Murali Thummarukudi
ഉലകസഞ്ചാരിയുടെ പോക്കറ്റിലെ നോട്ടുകള്‍ രാജ്യാന്തരങ്ങളില്‍ കണ്ടുമുട്ടുമ്പോഴുള്ള കൗതുകക്കാഴ്ചകള്‍
Bougainville Island
സ്വര്‍ഗം പോലെയിരുന്ന നാട്ടില്‍ സ്വര്‍ണഖനി കണ്ടെത്തിയതോടെ അവിടം പട്ടിണിയിലായ കഥ
Thumarukudi
എല്ലാവരുടെയും യാത്ര | Thummarukudy Writes
Travel
ദുരന്തമാകുന്ന യാത്ര | Thummarukudy Writes
Travel
യാത്രയും വസ്ത്രവും | Thummarukudy Writes
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.