പി.ഡബ്‌ള്യു.ഡി.യില്‍ ജോലിക്ക് കയറി കുറച്ച് കൈക്കൂലിയൊക്കെ മേടിച്ച് സുഖമായി ജീവിക്കാനാണ് ഞാന്‍ സിവില്‍ എഞ്ചിനീയറിംഗ് തന്നെ തെരഞ്ഞെടുത്തത്. പക്ഷെ, പഠിച്ചു പാസ്സായി വന്നപ്പോഴേക്കും പി ഡബ്‌ള്യു ഡി പിടിച്ച് അവാര്‍ഡ് തന്നില്ലെന്ന് മാത്രമല്ല, ജോലി പോലും കിട്ടിയില്ല.
എന്നാല്‍പ്പിന്നെ ഗള്‍ഫില്‍ പോയേക്കാമെന്ന് കരുതി. 'സിവിലിന് നല്ല സ്‌കോപ്പാണ്' എന്നു പറയാറുള്ള കുറച്ച് ബന്ധുക്കളും പരിചയക്കാരുമുണ്ട് അവിടെ. അതിനായിട്ടാണ് ആദ്യമായി പാസ്സ്പോര്‍ട്ട് എടുക്കാന്‍ ശ്രമിച്ചത്. 1986-ല്‍.
അക്കാലത്ത് പാസ്സ്പോര്‍ട്ട് എടുക്കല്‍ ഇന്നത്തെപ്പോലെ അത്ര ഈസിയല്ല. അഞ്ചാറു മാസം എടുക്കുന്ന പണിയാണ്. പക്ഷെ സ്ഥലത്തെ പാര്‍ലമെന്റംഗത്തിന്റെ ഒപ്പോടു കൂടി അപേക്ഷ സമര്‍പ്പിച്ചാല്‍ പോലീസ് വെരിഫിക്കേഷനൊന്നുമില്ലാതെ സംഗതി നടക്കും. എനിക്ക് ഒരു പാര്‍ലമെന്റേറിയനെയും അറിയില്ല. പെരുമ്പാവൂര്‍ അന്ന് മുകുന്ദപുരം നിയോജകമണ്ഡലമാണ്. അന്നും ഇന്നും ഈ മുകുന്ദപുരം എവിടെയാണെന്ന് എനിക്കറിയില്ല. അവിടുത്തെ പാര്‍ലമെന്റ് അംഗത്തെയും.
അന്ന് കോതമംഗലത്തെ പാര്‍ലമെന്റംഗത്തെ എല്ലാവരും അറിയും. മുണ്ടക്കല്‍ ബേബി എന്ന് വിളിപ്പേരുള്ള ജോര്‍ജ്ജ് ജോസഫ് മുണ്ടക്കല്‍. വലിയ വാഗ്മിയോ സംഘാടകനോ ഒന്നുമല്ലെങ്കിലും, പറഞ്ഞുകേട്ടിടത്തോളം രാഷ്ട്രീയത്തിലിറങ്ങി പൈസ കളഞ്ഞതല്ലാതെ ഉണ്ടാക്കിയെന്ന് ശത്രുക്കള്‍ പോലും ആരോപിക്കാത്ത ആളാണ്. അദ്ദേഹത്തിന്റെ കോതമംഗലത്തെ വീട് ബിനോയിക്കറിയാം. ഞങ്ങള്‍ അങ്ങോട്ട് വെച്ചുപിടിച്ചു.
എം പി യുടെ വീട്ടില്‍ ചെന്നപ്പോള്‍ മകളാണുള്ളത്. വളരെ സൗമ്യമായ, ഒട്ടും ജാടയില്ലാത്ത നല്ല പെരുമാറ്റം. പിറ്റേന്ന് ചെല്ലാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അവിടുന്ന് അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ചുകൊടുത്തു. പിറ്റേന്ന് ചെന്നപ്പോഴേക്കും ഒപ്പ് റെഡി. അന്നത്തെ ആ കുട്ടിയും കുട്ടിയുടെ കുട്ടിയും ഇത് വായിക്കുന്നുണ്ടാകുമോ എന്നറിയില്ല. ഏറെ നന്ദിയുണ്ട്.
അധികം താമസിയാതെ പാസ്സ്പോര്‍ട്ട് കിട്ടി, ഡിഗ്രിയും. പക്ഷെ അപ്പോഴേക്കും 'സ്‌കോപ്പുകാര്‍' കാലുമാറി, 'ഇപ്പോള്‍ പഴയ സ്‌കോപ്പൊന്നുമില്ല' എന്നായി ഡയലോഗ്. നിങ്ങളില്‍ വിദേശത്ത് പോകാന്‍ ശ്രമിച്ചിട്ടുള്ളവരില്‍ പലരും സ്വന്തം ബന്ധുക്കളുടെയടുത്ത് നിന്ന് ഇത് കേട്ടിട്ടുണ്ടാകും. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി 'ഗള്‍ഫില്‍ പഴയതുപോലെ സ്‌കോപ്പില്ല' എന്നാണ് സ്ഥിരം പല്ലവി. അത് വിശ്വസിച്ചിരുന്നാല്‍ ഒരാളും ഗള്‍ഫില്‍ പോക്കുണ്ടാവില്ല.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും പാസ്സ്‌പോര്‍ട്ടില്ല. ഇന്ത്യ വലിയൊരു രാജ്യമായതിനാലും പുറത്തുപോകേണ്ടതിന്റെ ആവശ്യവും സാധ്യതയും കുറവായതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. കേരളത്തിലെ കാര്യം വ്യത്യസ്തമാണെങ്കിലും സാധാരണഗതിയില്‍ ആളുകള്‍ വെറുതെ പാസ്സ്പോര്‍ട്ട് എടുക്കാറില്ല. ചെറിയ രാജ്യങ്ങളില്‍ പക്ഷെ ഇങ്ങനെ അല്ല, കാരണം എന്തിനും ഏതിനും അവര്‍ക്ക് അതിര്‍ത്തി കടക്കണം. ബ്രൂണെയില്‍ ഉള്ള ആള്‍ക്ക് കള്ളു കുടിക്കണം എങ്കില്‍ അതിര്‍ത്തി കടന്ന് മലേഷ്യയില്‍ എത്തണം, ജനീവക്ക് ചുറ്റും അതിര്‍ത്തിയാണെന്ന് ഞാന്‍ പറയാറുണ്ടല്ലലോ, ഒരു സിഗ്‌നല്‍ മിസ് ആയാല്‍ തന്നെ അതിര്‍ത്തി കടന്നു പോകും. അത് കൊണ്ട് ഈ രാജ്യങ്ങളില്‍ എല്ലാവര്‍ക്കും പാസ്സ്പോര്‍ട്ട് ഉണ്ടാകും (കുട്ടികള്‍ക്ക് മാത്രമല്ല, പട്ടിക്ക് വരെ). എന്റെ അഭിപ്രായത്തില്‍ എന്റെ വായനക്കാരെല്ലാം പാസ്സ്പോര്‍ട്ട് എടുക്കണം. സ്വയവും പങ്കാളിക്കും കുട്ടികള്‍ക്കും. എപ്പോഴാണ് പുറത്തുപോകാന്‍ ഒരവസരം വരുന്നതെന്ന് പറയാന്‍ പറ്റില്ല. അവസരങ്ങള്‍ നമുക്ക് ഉണ്ടാക്കുകയും ചെയ്യാം.
ഈ പാസ്സ്പോര്‍ട്ട് എന്ന സാധനത്തിന് ക്രിസ്തുവിനേക്കാള്‍ പഴക്കമുണ്ട്. ഒരു രാജ്യത്തിന്റെ അതിര്‍ത്തി കടക്കാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് പാസ്സ്പോര്‍ട്ട്. പക്ഷെ, അന്നൊക്കെ യാത്രക്കാര്‍ വളരെ കുറവായതിനാല്‍ ഇത് എല്ലാവര്‍ക്കും ആവശ്യം വരുന്ന ഒരു സംഗതിയല്ലായിരുന്നു. ഏതാണ്ട് നൂറുവര്‍ഷം മുന്‍പ് വരെ ഇതായിരുന്നു സ്ഥിതി. ഒന്നാം ലോകമഹായുദ്ധമാണ് അതിര്‍ത്തി കടക്കുക എന്നത് ഇത്രയും ദുഷ്‌ക്കരമാക്കിയത്. അയല്‍രാജ്യങ്ങള്‍ തമ്മില്‍ ശത്രുക്കളായപ്പോള്‍ അകത്തേക്ക് വരുന്നവരെ വിശ്വസിക്കാന്‍ പറ്റാതായി. അങ്ങനെ വരുന്നവരോട് തിരിച്ചറിയല്‍ രേഖ ചോദിച്ചുതുടങ്ങി. അതേസമയം തന്നെ യുദ്ധകാലത്ത് എന്തെങ്കിലും തൊഴിലുകള്‍ അറിയുന്നവര്‍ നാടുവിട്ട് സമാധാനമുള്ള സ്ഥലത്തേക്ക് പോകാന്‍ തുടങ്ങി. ഇത് യുദ്ധത്തിന്റെ തയ്യാറെടുപ്പിനെയും യുദ്ധത്തെ തന്നെയും ബാധിക്കുമെന്നായപ്പോള്‍ തൊഴിലാളികള്‍ നാടുകടക്കുന്നത് തടയാന്‍ രാജ്യങ്ങള്‍ സ്വന്തം അതിര്‍ത്തിയിലും പരിശോധന തുടങ്ങി. ഇപ്പോള്‍ മറ്റു രാജ്യത്ത് നിന്ന് തൊഴിലന്വേഷകര്‍ നാട്ടിലെത്തുന്നത് തടയാനാണ് പല യൂറോപ്യന്‍ രാജ്യങ്ങളും പാസ്സ്പോര്‍ട്ട് ഉപയോഗിക്കുന്നത്. ചരിത്രത്തിന്റെ ഒരു കളി നോക്കണേ!
പാസ്സ്പോര്‍ട്ട് ഇല്ലാത്ത വിദേശ യാത്ര. പൊതുവ പറഞ്ഞാല്‍ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ പാസ്സ്പോര്‍ട്ട് നിര്‍ബന്ധം ആണ്. പക്ഷെ എല്ലാ നാട്ടില്‍ നിന്നും എല്ലാ നാട്ടിലെക്കും കടക്കാന്‍ പാസ്സ്പോര്‍ട്ട് വേണ്ട, ഉദാഹരണത്തിന് ഇന്ത്യക്കാര്‍ക്ക് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും യാത്രചെയ്യാന്‍ പാസ്സ്പോര്‍ട്ട് വേണ്ട. ഏതെങ്കലിലും തിരിച്ചറിയല്‍ കാര്‍ഡ് മതി. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ളില്‍ യാത്രചെയ്യാനും അറബ് രാജ്യങ്ങളിലും പശ്ചിമ ആഫ്രിക്കയിലും ഇതുപോലെ തന്നാട്ടിലെ താമസത്തിന്റെ രേഖയുണ്ടെങ്കില്‍ യാത്ര ചെയ്യാനുള്ള ഉടമ്പടികളുണ്ട്. ഇതില്‍ ഏതൊക്ക അവിടെ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ബാധകം ആണെന്ന് അന്വേഷിച്ചിട്ടു വേണം യാത്ര ചെയ്യാന്‍.
വിസയില്ലാത്ത വിദേശ യാത്ര: വിദേശയാത്രയെപ്പറ്റി ചിന്തിക്കുമ്പോള്‍ ധാരാളം പേര് പിന്നോട്ട് മാറുന്നത് വിസ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ട ഓര്‍ത്തിട്ടാണ്. പക്ഷെ എല്ലാ രാജ്യത്തും പോകാന്‍ നമുക്ക് വിസ വേണ്ട. നമ്മുടെ കയ്യില്‍ ഏതുരാജ്യത്തെ പാസ്സ്പോര്‍ട്ട് ഉള്ളതെന്ന് അനുസരിച്ചിരിക്കും എവിടെ ഒക്കെ നമുക്ക് വിസ വേണം എന്നത് (വിദേശത്തു താമസിക്കുന്ന ഏറെ മലയാളികള്‍ക്ക് ആ നാട്ടിലെ പാസ്സ്പോര്‍ട്ട് ഉണ്ടല്ലോ). ഒരു രാജ്യത്തെ പാസ്സ്പോര്‍ട്ട് വച്ച് നമുക്ക് ഏതൊക്ക രാജ്യങ്ങള്‍ വിസയില്ലാതെ സഞ്ചരിക്കാം എന്നതിനെ അനുസരിച്ച് ഒരു 'ഗ്ലോബല്‍ പാസ്സ്പോര്‍ട്ട് പവര്‍ റാങ്ക്' ഉണ്ട്. രണ്ടായിരത്തി പതിനേഴില്‍ അവര്‍ ജര്‍മ്മനിയുടെയും സിംഗപ്പൂരിന്റെയും പാസ്സ്പോര്‍ട്ട് ആണ് ഒന്നാമത് കൊടുത്തിട്ടുള്ളത് (https://www.passportindex.org/byRank.php), നൂറ്റി അന്‍പത്തി എട്ടു രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് വിസ വേണ്ട. ഇന്ത്യയുടെ സ്ഥാനം നൂറ്റി അന്‍പത്തി ഒന്പതാണ്. അന്‍പത്തി ഒന്ന് രാജ്യങ്ങള്‍ നമുക്ക് വിസയില്ലാതെ സഞ്ചരിക്കാം. ഇതുകൊണ്ട് തന്നെയാണ് പല മലയാളികളും അവര്‍ താമസിക്കുന്ന രാജ്യത്തെ പാസ്സ്പോര്‍ട്ട് എടുക്കുന്നത് (പാസ്സ്പോര്‍ട്ട് ഓഫ് കണ്‍വീനിയന്‍സ്), തികച്ചും ന്യായമാണെന്നാണ് എന്റെ പക്ഷം. എനിക്കിവിടെ സ്വിസ്സ് പാസ്സ്പോര്‍ട്ട് സംഘടിപ്പിച്ചാല്‍ നൂറ്റി അന്‍പത്തി അഞ്ചു രാജ്യങ്ങള്‍ വിസയില്ലാതെ സഞ്ചരിക്കാം, ചിലപ്പോള്‍ ടെംപ്റ്റിംഗ് ആണ്, പക്ഷെ ഇന്ത്യയുടെ ഇപ്പോഴത്തെ നിയമം അനുസരിച്ച് വേറൊരു രാജ്യത്തെ പാസ്സ്പോര്‍ട്ട് സംഘടിപ്പിച്ചാല്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഉപേക്ഷിക്കണം (സ്വിസ്സ് പൗരന്മാര്‍ക്ക് എത്ര രാജ്യത്തെ പാസ്സ്പോര്‍ട്ട് വേണമെങ്കിലും ആകാം കേട്ടോ, എന്റെ സുഹൃത്തിന് സ്വിസ്സ്, കാനഡ, കരീബിയന്‍ എന്നിങ്ങനെ മൂന്നു പാസ്‌പോര്ട്ട് ഇപ്പോള്‍ തന്നെ ഉണ്ട്). ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ചാല്‍ സാധാരണ എന്‍ ആര്‍ ഐ കളുടെ പ്രധാന ഉദ്ദേശങ്ങള്‍ ആയ നാട്ടിലേക്ക് യാത്ര, നാട്ടില്‍ കുട്ടികളെ പഠിപ്പിക്കല്‍, നാട്ടില്‍ ഫ്‌ലാറ്റ് വാങ്ങല്‍ എല്ലാം നടക്കുമെങ്കിലും നാട്ടില്‍ ഇലക്ഷന് നില്‍ക്കാന്‍ നുണപറയേണ്ടി വരും, അത് കൊണ്ട് തല്‍ക്കാലം ഐക്യരാഷ്ട്ര സഭയുടെ പാസ്സ്പോര്‍ട്ട് വച്ച് യാത്ര അഡ്ജസ്റ്റ് ചെയ്യുന്നു.
ഇന്ത്യയില്‍ താമസിക്കുന്നവരും പുതിയതായി യാത്ര തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും ഇതൊന്നും കേട്ട് പേടിക്കേണ്ട. വിഷമിക്കേണ്ട കാര്യമില്ല. മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഉണ്ടെങ്കില്‍ സഞ്ചരിക്കാവുന്ന അനവധി രാജ്യങ്ങളുണ്ട്. ശ്രീലങ്ക, ടൂറിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമായ തായ്ലാന്‍ഡ്, ഇന്‍ഡോനേഷ്യ താന്‍സാനിയ ജോര്‍ദ്ദാന്‍ എന്നിങ്ങനെ അനവധി രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ഒന്നുകില്‍ വിസ വേണ്ട, അല്ലെങ്കില്‍ അവിടെ ചെന്നിട്ട് എടുത്താല്‍ മതി. ഇവിടെ ഒരു ഔദ്യോഗികമല്ലാത്ത ലിസ്റ്റുണ്ട് (https://www.makemytrip.com/blog/visa-on-arrival-for-indians). ഇത് അത്ര കൃത്യം ആണെന്ന് പറയാന്‍ പറ്റില്ല പക്ഷെ ഭൂരിഭാഗവും ശരിയാണെന്നെനിക്കറിയാം, പോകുന്നതിന് മുന്‍പ് നേരിട്ടന്വേഷിക്കുക, സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കാം. ഇതില്‍ പറയാത്ത രാജ്യങ്ങളുണ്ടെങ്കില്‍ അറിയാവുന്നവര്‍ എഴുതണം.
ഇത് വരെ ഇന്ത്യക്ക് പുറത്തു പോയിട്ടില്ലാത്തവര്‍ക്ക്, മറ്റു രാജ്യങ്ങളില്‍ അവരുടെ സുഹൃത്തുക്കളോ ബന്ധുക്കളോ സഹായിക്കാന്‍ ഇല്ലെങ്കില്‍, ഒറ്റക്ക് ചെലവ് കുറഞ്ഞു പോയി വരാന്‍ പറ്റിയ സ്ഥലം തായ്ലാന്‍ഡ് ആണ്. പൊതു ചീത്ത കാര്യങ്ങള്‍ ഒക്കെ ആയിരിക്കാം നിങ്ങള്‍ കേട്ടിട്ടുള്ളത്, പക്ഷെ ടൂറിസ്റ്റുകളെ ഇത്രയും കാര്യമായി സ്വീകരിക്കുകയും അവര്‍ക്ക് ഇത്ര ചിലവ് കുറഞ്ഞു താമസിക്കുകയും സഞ്ചരിക്കുകയും ഒക്കെ ചെയ്യാവുന്ന സ്ഥലം വേറെ ഇല്ല. ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനെ പറ്റി എഴുതാന്‍ പരിപാടി ഇല്ലായിരുന്നു, പക്ഷെ കുറെ ആളുകളെ ആദ്യമായി നാട് കടത്താന്‍ വേണ്ടി മാത്രം ഒരിക്കല്‍ ഞാന്‍ ഇതിനെ പറ്റി എഴുതാം.
വിസ ഒരു വലിയ സംഭവമല്ല: പണ്ടൊക്കെ ഒരു അമേരിക്കന്‍ വിസ കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ തലേന്ന് രാത്രി ഒന്‍പത് മണി മുതല്‍ ക്യു നിന്നവരുടെ കഥ എനിക്കറിയാം. അതും നമ്മുടെ കുടുംബചരിത്രവും ആധാരവും ഒക്കെയിട്ട്. ഇപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ല. മിക്കവാറും കാര്യങ്ങള്‍ നമുക്ക് കേരളത്തില്‍ തന്നെ നടത്താം. സഞ്ചാരത്തിനായി (തൊഴിലിനല്ലാതെ) വേറൊരു രാജ്യത്തേക്ക് യാത്രചെയ്യണം എന്നുണ്ടെങ്കില്‍ താഴെ പറയുന്ന വിവരങ്ങളാണ് ലഭ്യമാക്കേണ്ടത്.
- ടിക്കറ്റിന്റെ കോപ്പി
- താമസസൗകര്യത്തിന്റെ ഉറപ്പ് (ഹോട്ടല്‍ ബുക്കിംഗ്, അല്ലെങ്കില്‍ അവിടെയുള്ള ആതിഥേയരുടെ
- ക്ഷണപത്രം)
- മീറ്റിങ്ങിനോ മറ്റോ ആരുടെയെങ്കിലും ക്ഷണപ്രകാരമാണ് പോകുന്നതെങ്കില്‍ ആ ക്ഷണക്കത്ത്
- യാത്രക്കാവശ്യമായ പണം കൈയിലുണ്ടെന്നത്തിന്റെ തെളിവ് (ബാങ്ക് സ്റ്റേറ്റ്‌മെന്റ് മുതല്‍ ഇന്‍കം ടാക്‌സ് അടച്ച രേഖകള്‍ വരെ)വരെ എന്തുമാകാം
- ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ കോപ്പി
യൂറോപ്പിലെ അനവധി രാജ്യങ്ങള്‍ കൂടി ഒറ്റ വിസ സംവിധാനം ആണ് നടപ്പിലാക്കിയിരിക്കുന്നത്. ഷെന്‍ഗന്‍ വിസ എന്നാണിതിന്റെ പേര്. ഇതിലിപ്പോള്‍ ഇരുപത്തി ആറ് രാജ്യങ്ങള്‍ അംഗങ്ങള്‍ ആണ് (https://www.schengenvisainfo.com/schengen-visa-countries-list/). ഇതില്‍ ഏതെങ്കിലും ഒരു രാജ്യത്തേക്ക് വിസക്ക് അപേക്ഷിക്കാം, അവര്‍ തന്നു കഴിഞ്ഞാല്‍ മറ്റുള്ള രാജ്യങ്ങള്‍ അത് അംഗീകരിക്കും. ഒരു ഷെന്‍ഗന്‍ രാജ്യത്ത് എത്തിയാല്‍ പിന്നെ മറ്റൊരു ഷെന്‍ഗന്‍ രാജ്യത്തേക്ക് പോകാന്‍ വിസ പരിശോധന ഇല്ല, ഇന്ത്യയിലെ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് പോലെയേ ഉള്ളൂ. അതെ സമയം ഷെന്‍ഗന്‍ വിസ കിട്ടുക സാധാരണ അത്ര എളുപ്പമല്ല, കാരണം സന്ദര്‍ശന വിസ എടുത്ത് അവിടെ ചെന്ന് മുങ്ങിയാല്‍ പിന്നെ ഗള്‍ഫിലെ പോലെ അവിടെ ജയിലിടാനും കയറ്റി അയക്കാനും ഒന്നും അവര്‍ക്ക് പറ്റില്ല, അപ്പോള്‍ നമ്മള്‍ അവിടെ ചെന്നാല്‍ മുങ്ങില്ല എന്നുറപ്പിക്കാനുള്ള എന്തു രേഖയും വിസ കിട്ടാന്‍ ഗുണകരമാണ്. നമ്മള്‍ ഏതു രാജ്യത്തു നിന്നാണോ അപേക്ഷിക്കുന്നത് അവിടെ നല്ല ജോലിയുണ്ടെന്നതും, നമ്മുടെ ഭാര്യയും കുട്ടികളും നാട്ടിലുണ്ടെന്നതും, നമുക്ക് ഷെന്‍ഗന്‍ രാജ്യത്ത് അടുത്ത ബന്ധുക്കള്‍ ഇല്ല എന്നതും ഗുണകരമായ വിവരങ്ങളാണ്. നിങ്ങളുടെ പാസ്‌പ്പോര്‍ട്ടില്‍ ഒരു ഷെന്‍ഗന്‍ വിസ ഉള്ളത് വളരെ നല്ലതാണ്, കാരണം അവിടെ വിസ കിട്ടാന്‍ വളരെ ബുദ്ധിമുട്ടായതിനാല്‍ ആ വിസ കിട്ടിയവര്‍ക്ക് മറ്റു രാജ്യങ്ങള്‍ വലിയ പരിശോധന ഇല്ലാതെ വിസ കൊടുക്കും. ഉദാഹരണത്തിന് യു കെ ഷെന്‍ഗന്‍ വിസ സംവിധാനത്തിന്റെ ഭാഗമല്ല, പക്ഷെ ഒരിക്കല്‍ ഷെന്‍ഗന്‍ വിസ കിട്ടിയിട്ടുള്ളവര്‍ക്ക് യു കെ വിസ കിട്ടാന്‍ എളുപ്പമാണ്. ഷെന്‍ഗന്‍ അംഗം അല്ലാത്ത പല രാജ്യങ്ങളും ഷെന്‍ഗന്‍ വിസ ഉള്ളവര്‍ക്ക് പ്രവേശനം നല്‍കും എന്നൊരു ബോണസ് കൂടി ഉണ്ട്. (https://www.schengenvisainfo.com/non-eu-countries-where-you-can-go-with-schengen-visa/). ഷെന്‍ഗന്‍ വിസ കിട്ടാനുള്ള ഒരു എളുപ്പ മാര്‍ഗ്ഗം ഏതെങ്കിലും നല്ല യൂണിവേഴ്‌സിറ്റികള്‍ (അല്ലെങ്കില്‍ ഐക്യരാഷ്ട്രസഭ പോലുള്ള സ്ഥാപനങ്ങള്‍) നടത്തുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതാണ്. അവരുടെ ഇന്‍വിറ്റേഷന്‍ ഉണ്ടെങ്കില്‍ പിന്നെ വിസ പ്രശ്‌നമാകില്ല. ഒരിക്കല്‍ വിസ അടിച്ചാല്‍ പിന്നെ യാത്ര ചെയ്യുമ്പോള്‍ വിസ കിട്ടാന്‍ എളുപ്പമാണ്.
ഓണ്‍ലൈന്‍ വിസ: ഇന്ത്യ ഉള്‍പ്പടെ രാജ്യങ്ങളിലും ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി തന്നെ വിസ ലഭ്യമാണ്. നമ്മുടെ പാസ്സ്പോര്‍ട്ട് വിവരങ്ങള്‍, ടിക്കറ്റിന്റെ കോപ്പി, ഹോട്ടല്‍ ബുക്കിങ്ങിന്റെ വിവരം, അച്ഛനപ്പൂപ്പന്മാരുടെ വിശേഷം പോലുള്ള കുറെ അസംബന്ധ ചോദ്യങ്ങള്‍ ഒക്കെ പൂരിപ്പിച്ചു കൊടുത്താല്‍ വിസ റെഡി (http://nomadcapitalist.com/2017/05/22/countries-that-offer-e-visas/). ഏതൊക്കെ രാജ്യത്തിന് ഏതൊക്ക വിവരങ്ങള്‍ വേണമെന്നത് അതാത് രാജ്യത്തിന്റെ വെബ് സൈറ്റില്‍ പോയി കണ്ടു പിടിക്കണം. അതിനുള്ള ഒരു എളുപ്പ വഴി ഇവിടെ ഉണ്ട് (http://www.projectvisa.com/visainformation/India).
ചില രാജ്യങ്ങളില്‍ അവരുടെ നാഷണല്‍ എയര്‍ ലൈനില്‍ യാത്ര ചെയ്താല്‍ എളുപ്പത്തില്‍ വിസ കിട്ടുന്ന സംവിധാനം ഉണ്ട് (Sri Lankan, Etihad etc). ഇതിനെ പറ്റി ക്രോഡീകരിച്ച വിവരങ്ങള്‍ ലഭ്യമല്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയണം.
വ്യഭിചാരം നിങ്ങളുടെ ലക്ഷ്യമാണോ?: വിസയുടെ അപേക്ഷ പൂരിപ്പിക്കുക എന്നത് പലപ്പോഴും ഒരു ദിവസത്തെ പണിയാണ്. ഓരോ രാജ്യവും അവരുടെ മനോധര്‍മ്മമനുസരിച്ച്) എന്തെങ്കിലുമൊക്കെ ചോദിക്കും. ചില രാജ്യങ്ങള്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേര് ചോദിക്കുമ്പോള്‍, കാനഡ എല്ലാ സഹോദരങ്ങളുടെയും ജനനത്തീയതി ചോദിക്കും. വാസ്തവത്തില്‍ എനിക്ക് എന്റെ അച്ഛന്റെ അമ്മയുടെ പേരറിയില്ല, മുത്തശ്ശി എന്നാണ് വിളിക്കാറ്, എനിക്ക് പത്തു വയസ്സാകുന്നതിന് മുന്‍പേ മരിക്കുകയും ചെയ്തു. എന്നാലും ചിലര്‍ക്ക് അതറിഞ്ഞേ പറ്റൂ. ഞാന്‍ എന്തെങ്കിലും ഒക്കെ കാച്ചും, നാരായണിയും മാധവിയും തമ്മില്‍ അവര്‍ക്കെന്തു മാറ്റം. പക്ഷെ, വിസയില്‍ ചോദ്യമില്ല.ചോദിച്ചാല്‍ ഉത്തരം കൊടുത്തേ പറ്റൂ.
ബെസ്റ്റ് ചോദ്യം അമേരിക്കക്കാരുടേതാണ്. 'നിങ്ങള്‍ക്ക് അമേരിക്കയില്‍ വ്യഭിചാരം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ? (https://www.ft.com/content/88ddba0e-4df8-11e3-8fa5-00144feabdc0). ഇതിന്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്കൊരു പിടിയുമില്ല. വ്യഭിചാരം ചിലയിടത്തൊക്കെ നിയമവിധേയമായ രാജ്യമാണ് അമേരിക്ക (https://www.huffingtonpost.com/2014/03/12/sex-trade-study_n_4951891.html) എന്നിട്ടും ചോദ്യം ഇപ്പോളും ഉണ്ട്. എന്താണെങ്കിലുംഞാന്‍ എന്റെ ഉദ്ദേശം വെളിപ്പെടുത്താറില്ല. ഇതൊക്ക ഞാന്‍ തമാശക്ക് പറഞ്ഞതാണെന്ന് കൂട്ടിയാല്‍ മതി. വിസക്ക് ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം സത്യസന്ധമായി പറയണം. കാരണം എല്ലാ ഡേറ്റയും ഓണ്‍ലൈന്‍ ആകുന്ന കാലമാണ്. ഒരിക്കല്‍ ഒരു നുണ പറഞ്ഞാല്‍ പിന്നെ മായ്ക്കാന്‍ പറ്റാതെ വരും. ഇത്രയൊക്കെ കഷ്ടപ്പെട്ട് അമേരിക്കന്‍ വിസയെടുത്താല്‍ ഒരു ഗുണമുണ്ട്. അമേരിക്കയില്‍ പോകാം എന്നത് മാത്രമല്ല, ദുബായിലും സിംഗപ്പൂരിലും ഒക്കെ വിമാനമിറങ്ങിയാല്‍ ആ നാട്ടിലെ വിസയില്ലാതെ ആ രാജ്യത്ത് ചുറ്റിയടിക്കാം. അമേരിക്കയില്‍ വ്യഭിചാരിക്കില്ല എന്നുറപ്പ് കൊടുത്തിട്ടുണ്ടെങ്കില്‍ അതിവിടെയും പാലിക്കണം കേട്ടോ,
സിംഗിള്‍ എന്‍ട്രിയും മള്‍ട്ടിപ്പിള്‍ എന്‍ട്രിയും. വിസ എടുക്കുന്ന സമയത്ത് ചോദിക്കുന്ന ഒരു ചോദ്യമാണ് സിംഗിള്‍ എന്‍ട്രി വേണോ മള്‍ട്ടിപ്പിള്‍ എന്‍ട്രി വേണോ എന്നത്. ഒരു രാജ്യത്ത് ഒരിക്കല്‍ പോയി വരാന്‍ സിംഗിള്‍ എന്‍ട്രി മതി. അതെ സമയം ഒന്നില്‍ കൂടുതല്‍ തവണ പോയി വരണമെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വേണം. അതുപോലെ തന്നെ ചെറിയ രാജ്യങ്ങളില്‍ (ഉദാഹരണം യു കെ) പോയിട്ട് പിന്നെ അതിനടുത്ത വേറൊരു രാജ്യത്ത് പോയി തിരിച്ചു വരണമെങ്കിലും മള്‍ട്ടിപ്പിള്‍ എന്‍ട്രി വേണം (നമ്മള്‍ ലണ്ടനില്‍ പോയി, അവിടെ നിന്നും പാരീസില്‍ പോയിട്ട് തിരിച്ച് ലണ്ടന്‍ വഴിയാണ് തിരിച്ചു വരുന്നതെന്ന് കരുതുക, അപ്പോള്‍ യു കെ യിലേക്ക് സിംഗിള്‍ എന്‍ട്രി പോരാ). വാസ്തവത്തില്‍ നമ്മുടെ പഴയ കൊളോണിയല്‍ മാസ്റ്റേഴ്സ് ഒക്കെ ആണെങ്കിലും ഇപ്പോള്‍ അവര്‍ക്ക് നമ്മളോട് ഒരു അനുഭാവവും ഇല്ല. യു കെയിലെ ഒരു വിമാനത്താവളം വഴി വേറൊരു രാജ്യത്തേക്ക് പോകണം എങ്കില്‍ പോലും (നമ്മള്‍ വിമാനത്താവളത്തിന്റെ പുറത്ത് കടക്കുന്നില്ലെങ്കില്‍ പോലും) അവര്‍ ഇപ്പോള്‍ വിസ ചോദിക്കും. പണ്ട് ഒരു വിസയും ഇല്ലാതെ വന്ന പാര്‍ട്ടികള്‍ ആണ് !
പാസ്സ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം?. നമ്മുടെ പാസ്സ്പോര്‍ട്ട് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്, അത് നമുക്ക് മാത്രം അവകാശപ്പെട്ടതും ആണ് (ചില രാജ്യങ്ങളില്‍ എംപ്ലോയര്‍ അത് മേടിച്ചു വക്കുന്ന ഒരു പണിയുണ്ട്, തെറ്റായ നടപടിയാണ്). അത് കൊണ്ട്ട് തന്നെ നമ്മുടെ പാസ്സ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍, നമ്മള്‍ ഇന്ത്യയില്‍ ആണെങ്കിലും നമ്മള്‍ യാത്ര ചെയ്യുന്നില്ലെങ്കിലും ഉടന്‍ പരാതി കൊടുക്കണം, കാരണം നമ്മുടെ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് വല്ല തീവ്രവാദിയും നാടുകടന്ന് അക്രമം കാണിച്ചാല്‍ നമ്മുടെ കാര്യം ഗോപി.
യാത്ര ചെയ്യുമ്പോള്‍ എല്ലാ സമയത്തും നമ്മുടെ പാസ്സ്പോര്‍ട്ട് സുരക്ഷിതമാക്കി വക്കണം. വിമാനത്തില്‍ കയറുമ്പോള്‍ നമ്മുടെ കയ്യിലിരിക്കുന്ന ബാഗില്‍ അത് വേണം (വിമാനത്തില്‍ നിന്നും ഓടി ഇറങ്ങേണ്ടി വന്നാലും നമ്മുടെ കയ്യില്‍ സാധനം വേണം). അതെ സമയംപാസ്സ്പോര്‍ട്ട് നഷ്ടപ്പെടാനുള്ള സാധ്യത എങ്ങനെയും കാണണം. പാസ്സ്‌പോര്‍ട്ടിന്റെ രണ്ടു കോപ്പി രണ്ടിടത്തായി സൂക്ഷിക്കണം, നാല് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും. പാസ്സ്‌പോര്‍ട്ടിന്റെയും വിസയുടെയും കോപ്പി നമ്മുടെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ മെസ്സേജില്‍ ഉണ്ടായിരിക്കണം. പാസ്സ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ഉടന്‍ അടുത്ത ഇന്ത്യന്‍ എംബസിയെ സമീപിക്കുക, യാത്ര തുടരാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അവര്‍ തരും (http://passportindia.gov.in/AppOnlineProject/online/faqLostDamagedPassports).
ഒരു രാജ്യത്തിന്റെ ഒന്നില്‍ കൂടുതല്‍ പാസ്സ്പോര്‍ട്ട് കയ്യില്‍ വക്കാമോ ?. പല സാഹചര്യങ്ങളില്‍ നമുക്ക് ഒന്നില്‍ കൂടുതല്‍ പാസ്സ്പോര്‍ട്ട് വേണ്ടി വന്നേക്കാം. ഒന്നാമത് നമ്മുടെ പാസ്സ്പോര്‍ട്ട് പൊതുവെ പത്തു വര്‍ഷത്തേക്കാണ് കാലാവധി, പല രാജ്യങ്ങളുടെയും വിസയും പത്തു വര്‍ഷത്തേക്കാണ്. സ്ഥിരം യാത്ര ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴും അവര്‍ നമ്മുടെ പാസ്‌പ്പോര്‍ട്ടില്‍ സ്റ്റാംപ് അടിക്കും (യൂറോപ്പില്‍ ആ നാട്ടുകാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും സ്റ്റാമ്പിങ് ഇല്ല) അങ്ങനെ നമ്മുടെ പേജ് തീര്‍ന്നു പോകും (വാസ്തവത്തില്‍ ഈ സ്റ്റാമ്പ് അടിക്കേണ്ട ഒരു കാര്യവും ഇല്ല), അതെ സമയം പാസ്‌പ്പോര്‍ട്ടില്‍ അപ്പോഴും ഉപയോഗിക്കാവുന്ന വിസ ഉണ്ടാവുകയും ചെയ്യും.അത്തരം സാഹചര്യങ്ങളില്‍ പുതിയ പാസ്സ്പോര്‍ട്ട് എടുത്താലും പഴയ പാസ്സ്പോര്‍ട്ട് കൂടെ ഉപയോഗിക്കാം. രണ്ടാമത്തെ കാര്യം സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് ഒരു പാസ്സ്പോര്‍ട്ട് വിസക്കായി എംബസിയില്‍ കൊടുക്കുന്ന സമയത്ത് വേറെ യാത്ര ചെയ്യേണ്ടി വരാം. ഇത്തരം അവസരങ്ങളില്‍ രണ്ടോ മൂന്നോ പാസ്സ്പോര്‍ട്ട് ഉള്ളത് നല്ലതാണ്. മൂന്നാമത്തേത് ഇസ്രായേല്‍ യാത്രക്കാണ്. ചില അറബ് രാജ്യങ്ങള്‍ ഇസ്രായേല്‍ വിസ ഉള്ളവര്‍ക്ക് വിസ കൊടുക്കാറില്ല, അത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ മാത്രമായി വേറൊരു പാസ്സ്പോര്‍ട്ട് ഉണ്ടാക്കാം. യു കെ ഉള്‍പ്പടെ പല രാജ്യങ്ങളിലും ഇങ്ങനെ ഒന്നില്‍ കൂടുതല്‍ അനുവദനീയം ആണ്. പക്ഷെ എന്ത് കൊണ്ടോ ഇന്ത്യയില്‍ ഇപ്പോഴും ഇത് സമ്മതിച്ചിട്ടില്ല. നമ്മള്‍ ശരിക്കും ആഗോളം ഒക്കെ ആകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ എല്ലാം ലോകത്തെ നല്ല മാതൃകകള്‍ പഠിക്കണം.
ഇസ്രായേലി വിസയും അറബ് രാജ്യങ്ങളിലെ സന്ദര്‍ശനവും: നമ്മുടെ പാസ്സ്‌പോര്‍ട്ടില്‍ ഇസ്രായേല്‍ വിസയോ അവിടുത്തെ ഇമിഗ്രെഷന്റെ സ്റ്റാമ്പൊ ഉണ്ടെങ്കില്‍ പിന്നൊരു അറബ് രാജ്യത്തും സന്ദര്‍ശനം പറ്റില്ല എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും, ഇതില്‍ കുറച്ചൊക്കെ സത്യം ഉണ്ട്. എന്നാല്‍ മുഴുവന്‍ സത്യവും അല്ല. ഇസ്രയേലിന്റെ തൊട്ടടുത്ത് കിടക്കുന്ന ജോര്‍ദാനും ഈജിപ്തും ഒന്നും ഇസ്രായേല്‍ വിസ പ്രശ്‌നമാക്കുന്നില്ല. വാസ്തവത്തില്‍ ഏറെ ടൂറിസ്റ്റുകള്‍ ഇസ്രായേലിലേക്ക് വരുന്നതും പുറത്തു കടക്കുന്നതും ജോര്‍ദാന്‍ വഴിയാണ്. അതെ സമയം സൗദി അറേബ്യ, ഇറാന്‍, പാക്കിസ്ഥാന്‍ തുടങ്ങി പല അറബ് രാജ്യങ്ങളും മുസ്ലിം രാജ്യങ്ങളും ഇസ്രേയേല്‍ വിസ ഒരു പ്രശ്‌നമാക്കാറുണ്ട്. ടെല്‍ അവീവ് വഴിയാണ് നമ്മള്‍ യാത്ര ചെയ്യുന്നതെങ്കില്‍ നമ്മുടെ പാസ്‌പ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാതെ മറ്റൊരു പേപ്പറില്‍ അവര്‍ വിസ അടിച്ചു തരും. പക്ഷെ ജോര്‍ദാനിലേക്ക് പുറത്തു കടക്കുമ്പോള്‍ അവര്‍ ഇപ്പോഴും പാസ്‌പ്പോര്‍ട്ടില്‍ തന്നെയാണ് സ്റ്റാമ്പ് ചെയ്യുന്നത്. നമ്മുടെ പാസ്‌പ്പോര്‍ട്ടില്‍ ജോര്‍ദാന്‍ വിസ ഉള്ളത് പ്രശ്‌നം അല്ലെങ്കിലും മറ്റു രാജ്യക്കാര്‍ ഇത് ചോദിക്കാന്‍ സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെ ഇത്തരം നിരോധനമോ പ്രശ്‌നമോ ഉള്ള രാജ്യത്ത് താമസിക്കുന്നവരും അവിടെ സ്ഥിരം സന്ദര്‍ശിക്കുന്നവരും ബെന്‍ ഗുരിയന്‍ വിമാനത്താവളം വഴി തന്നെ വരവും പോക്കും നടത്തുന്നതാണ് നല്ലത്.
ലോകത്തെ ഏറ്റവും സുരക്ഷാ സംവിധാനം ഉള്ള വിമാനത്താവളം ആണ് ടെല്‍ അവീവിലെ ബെന്‍ ഗുരിയന്‍. അവിടെ കൂടെ കടന്നു പോകുന്ന ഓരോരുത്തരെയും കര്‍ശനമായി പരിശോധിച്ചും ചോദ്യം ചെയ്തും മാത്രമേ ഇസ്രായേലി സംവിധാനം കടത്തി വിടാറുള്ളു. നമ്മുടെ പാസ്‌പ്പോര്‍ട്ടില്‍ ഏതൊക്ക വിസ ഉണ്ടെന്നത് അവര്‍ക്ക് പ്രശ്‌നമല്ല, പക്ഷെ ഓരോ സ്ഥലത്തും എന്തിനാണ് പോയത്, ആരെ കണ്ടു, ആര് പണം തന്നു, എവിടെ താമസിച്ചു, എവിടെ യാത്ര ചെയ്തു എന്നെല്ലാം തിരിച്ചും മറിച്ചും ചോദിക്കും. അതും രണ്ടോ മൂന്നോ സംഘം ആളുകള്‍ മാറി മാറി. അതിനും നമ്മള്‍ തയ്യാറായിരിക്കണം.
(ഈ വെബ്സൈറ്റും ബ്ലോഗും ഒക്കെ ഷെയര്‍ ചെയ്യുന്നത് അതില്‍ പറഞ്ഞിരിക്കുന്ന എല്ലാം ശരിയാണെന്ന് എന്ന് വിശ്വസിച്ചിട്ടല്ല, നിങ്ങളും അങ്ങനെ വിശ്വസിക്കരുത്, പക്ഷെ ഏകദേശ രൂപം കിട്ടും, പിന്നെ കൂടുതല്‍ ഗൂഗിള്‍ ചെയ്‌തോ യാത്ര ചെയ്തവരോട് സംസാരിച്ചോ മനസ്സിലാക്കണം, കൃത്യമായ വിവരങ്ങള്‍ എംബസികള്‍ ആണ് നല്‍കേണ്ടത്. ഒരു രക്ഷയും ഇല്ലെങ്കില്‍ എനിക്കൊരു മെയില്‍ അയച്ചാല്‍ മതി, ആവുന്ന പോലെ സഹായിക്കാം)