യാത്ര തൊഴിലിന്റെയും ജീവിതത്തിന്റെയും ഭാഗമായത് കൊണ്ട്  സാധാരണ  ഞാന്‍ വളരെ സൂക്ഷിച്ചാണ് എല്ലാ കാര്യവും യാത്രയില്‍ ചെയുന്നത്. അല്പം എങ്കിലും ദുരന്ത സാധ്യത ഉള്ള കാര്യങ്ങള്‍ ചെയ്യുകയും ഇല്ല. അത് കൊണ്ട് തന്നെ എന്റെ കൂടെ യാത്ര ചെയ്യുന്നത് അല്പം ബോറാണ്. കാരണം സുരക്ഷിതം അല്ലാത്ത റൈഡുകളില്‍ കയറാന്‍ ഞാന്‍ കുട്ടികളെ അനുവദിക്കില്ല,  ബാറില്‍ വച്ച് ഒരാള്‍ ഒരടി നിങ്ങള്‍ക്ക് തന്നാല്‍ ഞാന്‍ ഇടപെടില്ല, പതുക്കെ സ്ഥലം വിടാന്‍ ഉപദേശിക്കും, കഴിഞ്ഞ വര്‍്ഷം എന്റെ എന്‍ജിനീയറിങ് ക്ലാസ്സിലെ ക്ലാസ്സ്‌മേറ്റുകളും ആയി മൂവാറ്റുപുഴയുടെ തീരത്തെ ഒരു ഹോട്ടലില്‍ കൂട്ടുചേരാന്‍ പോയി. 

അവിടെ ആണെങ്കില്‍ പുഴ ഭയങ്കര ഭംഗി പക്ഷെ സുരക്ഷ സംവിധാനം ഒട്ടുമില്ല. ഞാന്‍ പറഞ്ഞു ആണ്‍കുട്ടികളെ ഒക്കെ വെള്ളത്തില്‍ ചാടാതെ നിറുത്തി, പക്ഷെ അമ്പതു കഴിഞ്ഞ എന്റെ കൂട്ടുകാരില്‍ ഒക്കെ എടുത്തു പുഴയില്‍ ചാടി. അത് 'കണ്ടു നില്ക്കാന്‍' പറ്റാതെ ഞാന്‍ ഉച്ചക്ക് മുന്‍പേ തിരിച്ചു പൊന്നു. പക്ഷെ ഭൂരിഭാഗം ആളുകളും അങ്ങനെ അല്ല. യാത്രയുടെ സമയത്ത് സാധാരണ എടുക്കാത്ത റിസ്‌ക് എടുക്കാനാണ് കൂടുതലും പേര്‍ക്ക് താല്പര്യം. അതുകൊണ്ട് യാത്രയില്‍ ദുരന്തങ്ങള്‍ ഉണ്ടാകും, അതിനെ എങ്ങനെ നേരിടാം എന്നതാണ് ഇന്നത്തെ ലേഖനം.

ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുക: ദുരന്ത ലഘൂകരണത്തിന്റെ ആദ്യത്തെ നിയമം എല്ലാ ദുരന്തങ്ങളും ഒഴിവാക്കാവുന്നതാണ് എന്നാണ്. ഞാന്‍ ഇന്ന് വരെ പറഞ്ഞ പ്ലാനിങ്ങിലൂടെ, സ്ഥലം തിരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധയിലൂടെ, യാത്രക്ക് മുന്നിലും യാത്രക്കിടയിലും കാണിക്കുന്ന ശ്രദ്ധയിലൂടെ ഒക്കെ ബഹുഭൂരിപക്ഷം ദുരന്തങ്ങളും ഒഴിവാക്കാം. യാത്രയിലെ ഒന്നാമത്തെ ശ്രദ്ധ എപ്പോഴും ദുരന്തം ഒഴിവാക്കാന്‍ ആയിരിക്കണം. ജീവന്‍ ബാക്കി ഉണ്ടെങ്കില്‍ മറ്റെല്ലാം പിന്നെയും ആസ്വദിക്കാം. മരിച്ചു കഴിഞ്ഞാല്‍ പിന്നെ സ്വര്‍ഗ്ഗവും മറ്റും അത്ര ഉറപ്പില്ലാത്ത ലോട്ടറിയാണ്.

ദുരന്തങ്ങള്‍ എവിടെയും ഉണ്ടാകാം: ദുരന്ത ലഘൂകരണത്തിലെ രണ്ടാമത്തെ നിയമം നിങ്ങള്‍ക്ക് ഒരു ദുരന്തം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം എന്നതാണ്. ഇത് ഒന്നാമത്തെ നിയമത്തിന് ഘടക വിരുദ്ധമായി തോന്നാം.  പക്ഷെ അങ്ങനെ അല്ല. റോഡില്‍ ഉണ്ടാകുന്ന ഏതു ദുരന്തങ്ങളും റോഡുപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതേ ഉള്ളൂ. എന്നാല്‍ നിങ്ങള്‍ മാത്രം ശ്രദ്ധിച്ചത് കൊണ്ട് അപകടം ഒഴിവാവില്ല. നിങ്ങള്‍ ശരിയായിട്ട് വണ്ടി ഓടിക്കുമ്പോള്‍ എതിരെ തെറ്റായി ഒരാള്‍ കേറി വന്നാല്‍ നിങ്ങളുടെ കാര്യം ശീ.. പൂ. അത് കൊണ്ട് നമ്മള്‍ എത്ര തന്നെ ശ്രദ്ധിച്ചാലും അത് അപകടം കുറക്കുകയെ ഉള്ളൂ, ദുരന്തം പൂര്‍ണ്ണമായും ഒഴിവാക്കില്ല എന്ന് ഓര്‍ക്കണം.  
  
വില്ലെഴുതാന്‍ മറക്കണ്ട: യാത്ര പോകുന്നതിന് മുന്‍പേ, പ്രത്യേകിച്ചും വിദേശത്തേക്ക് യാത്ര പോകുന്നതിന് മുന്‍പ് ഒരു വില്ലെഴുതി വക്കണം. കാരണം മുകളില്‍ ഉണ്ടല്ലോ. അതിന് എനിക്ക് പ്രായമായില്ലല്ലോ എന്ന് വിചാരിക്കേണ്ട. പ്രായം അനുസരിച്ചല്ല അപകടം വരുന്നത്. അതിനെനിക്ക് സമ്പാദ്യം ഒന്നും ഇല്ലല്ലോ എന്നും വിചാരിക്കേണ്ട.  വിമാനാപകടത്തില്‍ പെട്ടൊക്കെയാണ് മരിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യം എങ്കില്‍ നല്ല നഷ്ടപരിഹാരം കിട്ടും. അതിന്റെ പേരില്‍ ഭാര്യയേയും അപ്പനെയും തമ്മില്‍ തള്ളിക്കരുത്. വാസ്തവത്തില്‍ വിമാനാപകടത്തില്‍ മരിക്കണം എന്നാണ് എന്റെ ആഗ്രഹം. കാറപകടം പോലെ നടുവൊടിഞ്ഞു വിഷമിച്ചു കിടക്കുക ഒന്നും വേണ്ട. ഒറ്റയടിക്ക് കാര്യം കഴിഞ്ഞു, പോരാത്തതിന് കുടുംബത്തിന് ലോട്ടറിയും. അത് കൊണ്ട് തന്നെ ഞാന്‍ ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ യാത്ര ചെയ്യാറില്ല. മംഗലാപുരത്തൊക്കെ അപകടം കഴിഞ്ഞു എത്ര നാള്‍ കഴിഞ്ഞാണ് നിസാരമായ നഷ്ടപരിഹാരം പോലും കൊടുത്തത്. 

ഇന്‍ഷുറന്‍സുകള്‍ എത്ര വേണമെങ്കിലും ആകാം: ഏറ്റവും ദുര്‍ഘടം പിടിച്ച  സ്ഥലങ്ങളിലേക്കുള്ള യാത്രകളും, ഏറെ ബുദ്ധിമുട്ടുള്ള ജീവിതവുമായതിനാലാകണം എനിക്ക് ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ വലിയ നിര്‍ബന്ധബുദ്ധിയാണ്. യാത്ര ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒരുപോലെ ആവശ്യമായ ഒന്നാണ് ലൈഫ് ഇന്‍ഷുറന്‍സ്. കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും  എടുക്കണം. 2000 രൂപയുടെ കാര്യമേയുള്ളു. ദൂരെയുള്ള മക്കളുടെയോ സുഹൃത്തുക്കളുടെയോ അടുത്തേക്ക് (അവര്‍ ഡോക്ടര്‍മാരാണെങ്കില്‍ പോലും) ഇന്‍ഷുറന്‍സില്ലാതെ ചെന്നെത്തി അവരെ ബുദ്ധിമുട്ടിക്കരുത്. നമ്മള്‍ യാത്രചെയ്യുന്നത് സ്‌കീയിങ് പോലുള്ള സാഹസികവിനോദത്തിന് കൂടിയാണെങ്കില്‍ അതിന് പ്രത്യേക
 ഇന്‍ഷുറന്‍സ് എടുക്കണം. തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്കാണ് നമ്മുടെ യാത്രയെങ്കില്‍ കിഡ്‌നാപ്പ് റാന്‍ഡം ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുക്കണം (https://www.aig.com/business/insurance/managementliabiltiy/kidnapransomandextortion). നമ്മുടെ   അച്ചന്റെ വാക്കുകേട്ട് ലോകത്തെ എല്ലാ കിഡ്‌നാപ്പുകാരും നമുക്ക് വെളുത്തുള്ളി അച്ചാര്‍ വാങ്ങിത്തരുന്ന മാന്യന്മാരാണെന്ന് തെറ്റിദ്ധരിക്കരുത്.

ഇനി നമുക്ക്  ശവപ്പെട്ടിയെപ്പറ്റി സംസാരിക്കാം: മുന്‍കരുതലുകളും ഇന്‍ഷുറന്‍സും വില്ലും ഒക്കെ ആയ സ്ഥിതിക്ക് ഇനി നമുക്ക് അപകടങ്ങള്‍ ഉണ്ടാകുന്നതിനെ പറ്റി സംസാരിക്കാം.  എറിക്ക് സീഗലിന്റെ  'ലവ് സ്റ്റോറി' എന്ന പുസ്തകത്തില്‍ കാന്‍സര്‍ ബാധിതനായ നായിക നായകനോട് പറയുന്ന ഡയലോഗ് ഞാന്‍ മുന്‍പ് പറഞ്ഞട്ടുള്ളതാണ്. ജീവിതത്തില്‍ എപ്പോഴും പ്രയോഗിക്കാറുമുണ്ട്. 'ആദ്യം നമുക്ക് എന്റെ ശവസംസ്‌ക്കരത്തെക്കുറിച്ച് സംസാരിക്കാം. എങ്കില്‍ അതുകഴിഞ്ഞു വരുന്ന എല്ലാ വിഷയങ്ങളും നല്ലതായി  തോന്നും'. യാത്രയ്ക്കിടയിലെ മരണം തന്നെയാകട്ടെ ആദ്യം.

നിങ്ങളുടെ യാത്രക്കിടയില്‍ രണ്ടുതരത്തിലാണ് മരണം ഉണ്ടാകാനുള്ള സാധ്യത.   ഒന്ന് നിങ്ങളുടെ മരണം, രണ്ട്, നിങ്ങളുടെ കൂടെയുള്ള ആളുടെ മരണം. നിങ്ങളാണ് മരിക്കുന്നതെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി.  പിന്നെ നിങ്ങളെ ആരും ബുദ്ധിമുട്ടിക്കില്ല. നാട്ടിലാണെങ്കിലും എത്ര ദുഷ്ടന്‍ ആണെങ്കിലും വീട്ടുകാരും കരക്കാരും കൂടി നിങ്ങളെ ചിതയിലോ കുഴിയിലോ ആക്കിക്കോളും. വിദേശത്തെ കാര്യവും ഇത് തന്നെ.

മരിക്കുന്നത് നിങ്ങളുടെ കൂടെ ഉള്ള  മറ്റെയാള്‍ ആണെങ്കില്‍ , ബുദ്ധിമുട്ടുകള്‍ പലതുണ്ട്. നമ്മുടെ ദുഃഖം ഒരു വശത്ത്, മൃതദേഹം കൈകാര്യം ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറുവശത്ത്. മരിച്ച ആള്‍  ഞാന്‍ പറഞ്ഞതൊക്കെ പ്രായോഗികം ആക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാണും, അതില്‍ മൃതശരീരം നാട്ടില്‍ എത്തിക്കാനുള്ള ചിലവിന് ഒരു വകുപ്പ് കാണും. എങ്കില്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. മരിച്ചാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യം ആ നാട്ടിലെ മലയാളി അസോസിയേഷനും എംബസിയും ഒക്കെ കൂടി നോക്കിക്കോളും. അവര്‍ക്ക് ഇക്കാര്യത്തില്‍ പരിചയം ഉണ്ട്. മൃദദേഹം നാട്ടില്‍ എത്തിക്കുന്നതിന് ഓരോ നാട്ടിലും ഓരോ നൂലാമാലകള്‍ ആണ്. അതൊന്നും നമ്മള്‍ വായിച്ചു ബുദ്ധിമുട്ടേണ്ട. 

പക്ഷെ ഒരു കാര്യം നമ്മള്‍ ആദ്യമേ ചിന്തിക്കണം. മരിച്ചാല്‍ പിന്നെ മൃതദേഹം നാട്ടില്‍ എത്തിക്കണോ വേണ്ടയോ എന്നത്. പണ്ടൊക്കെ  കാശിയില്‍   ഒക്കെ പോയി ഒരാള്‍ മരിച്ചാല്‍ അവിടെ തന്നെ ശവസംസ്‌കാര കര്‍മ്മങ്ങള്‍ നടത്തുക ആണ് പതിവ്.  എന്റെ അഭിപ്രായം ഒരാള്‍ എവിടെവെച്ച് മരിച്ചാലും അയാളുടെ മൃതദേഹം  കാണാനുള്ള അവസരം അവരുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകണം എന്നാണ്. അപ്പോഴാണ് മാനസികമായി അവര്‍ക്ക് ഒരു പരിസമാപ്തി (closure) ഉണ്ടാകുന്നത്. അതിനാല്‍ എത്ര ബുദ്ധിമുട്ടിയാലും ദേഹം നാട്ടിലെത്തിക്കുക തന്നെ വേണം. 

യാത്ര ഇന്ത്യയിലാണെങ്കിലും പുറത്താണെങ്കിലും ഒരു മരണം നടന്നാല്‍  അവിടുത്തെ മലയാളി  അസോസിയേഷനാണ് നിങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമാകുന്നത്. പ്രാദേശിക ബന്ധങ്ങളും, ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്ത് പരിചയവും ഉള്ളവരാണവര്‍. അവര്‍ക്ക് സാമ്പത്തിക ബാധ്യത വരുത്താതെ നമ്മള്‍ ശ്രദ്ധിക്കണമെന്ന് മാത്രം.

ദുരന്തത്തില്‍ പെട്ടാല്‍: യാത്ര പോകുന്ന സ്ഥലത്ത് ഒരു പ്രകൃതി ദുരന്തം ഉണ്ടായി എന്ന് വക്കുക, വെള്ളപ്പൊക്കമോ ഭൂകമ്പമോ ഒക്കെ. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ ഇത്തരം കാര്യങ്ങള്‍ ഒക്കെ പോകുന്നതിന് മുന്‍പേ അന്വേഷിക്കണം. ഭൂകമ്പ സാധ്യത ഉള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കില്‍ ഒരു കാരണവശാലും നിങ്ങള്‍ രണ്ടു നിലയുടെ മുകളില്‍ താമസിക്കരുത്. വെള്ളപ്പൊക്കം സാധാരണ അല്‍പ്പം മുന്നറിയിപ്പ് ഒക്കെ തരുമല്ലോ, അപ്പോള്‍ അങ്ങോട്ട് വണ്ടി കയറരുത്. അവിടെ ചെന്നിട്ടാണ് മുന്നറിയിപ്പ് കിട്ടുന്നതെങ്കില്‍ ഉടന്‍ സ്ഥലം കാലിയാക്കണം. അത് തന്നെയാണ് ദുരന്തം ഉണ്ടായിക്കഴിഞ്ഞാലും ചെയ്യേണ്ടത്. ദുരന്തത്തില്‍ നമുക്കോ വേണ്ടപ്പെട്ടവര്‍ക്കോ ഒന്നും പറ്റിയിട്ടില്ലെങ്കില്‍ ഏറ്റവും വേഗം അവിടെ നിന്നും സ്ഥലം വിടുക. ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഒരു കിലോമീറ്റര്‍ ഓട്ടോയില്‍ കൊണ്ട് പോയി  റെയില്‍വേ സ്റ്റേഷനില്‍ ആക്കാന്‍ ആയിരം രൂപ വാങ്ങിയവര്‍ ഉണ്ട്. അത്തരം സമയത്ത് അത് ഓട്ടോയുടെ കൂലിയായി കൂട്ടേണ്ട, ജീവന്റെ വിലയില്‍ നിന്നും കുറച്ചാല്‍ മതി. 

നമ്മള്‍ എവിടെ ആണോ അവിടെ ഒരു ദുരന്തം ഉണ്ടായാല്‍ ഉടന്‍ തന്നെ നാട്ടിലേക്ക് ഫോണ്‍ ചെയ്ത് നമ്മുടെ ഏറ്റവും അടുത്ത ആളെ നമ്മള്‍ സുരക്ഷിതം ആണെന്ന് അറിയിക്കുക, അത് കഴിഞ്ഞു പിന്നെ വിളിക്കാം എന്നും ഫോണ്‍ ഓഫാക്കുമെന്നും പറയുക. പറ്റിയാല്‍ ഫേസ്ബുക്കില്‍ 'ഐ ആം സേഫ്' എന്നൊരു മെസെജ്ഉം ഇട്ടിട്ട് ഫോണ്‍ ഓഫാക്കണം. ദുരന്തം നടന്നാല്‍ അഞ്ചു മിനിറ്റിനകം മൊബൈല്‍ സര്‍വീസ് ജാം ആകും, പോരാത്തതിന് കറണ്ട് പോകാനും മതി, ഫോണിന്റെ ചാര്‍ജ്ജ് സംരക്ഷിക്കുക. സുരക്ഷിതര്‍ ആയിരിക്കുന്നതാണ് പ്രധാനം, സുരക്ഷിതര്‍ ആണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതല്ല.

ബോംബും മറ്റു സുരക്ഷാ പ്രശ്‌നങ്ങളും: നിങ്ങള്‍ പോകുന്ന നാട്ടില്‍ ഉണ്ടായത് സൂയിസൈഡ് ബോംബോ ട്രക്ക് ആക്രമണമോ വെടി വൈപ്പോ ഒക്കെയാണെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ നിന്നും ഓടിപ്പോരേണ്ട കാര്യം ഒന്നുമില്ല. വര്‍ഗ്ഗീയ കലാപമോ ആഭ്യന്തര ലഹളയോ ആണെങ്കില്‍ മാത്രം അക്കാര്യം നോക്കിയാല്‍ മതി. ഭീകരവാദി ആക്രമണങ്ങള്‍ ഉണ്ടായാല്‍ സുരക്ഷിതര്‍ ആണെന്ന് വീട്ടുകാരെ അറിയിക്കുക, പിന്നെ ഒരു ദിവസം അല്പം സൂക്ഷിക്കുക, ഹോട്ടലുകാരോടോ നാട്ടുകാരോടോ  ഉപദേശം തേടുക.  

ഫോണ്‍നമ്പറുകള്‍ കൈവശം ഉണ്ടാകണം: യാത്ര ചെയ്യുന്നതിന് മുന്‍പ്  നമുക്ക് വേണ്ടപ്പെട്ടവരുടെ ഫോണ്‍ നമ്പറുകള്‍ മുഴുവന്‍ ഫോണിലുണ്ടെന്ന് ഉറപ്പു വരുത്തണം. നമുക്കൊരു അപകടം സംഭവിച്ചാല്‍ ആരെയാണ് അറിയിക്കേണ്ടത്, ആ നമ്പര്‍ എസ് ഓ എസ് (save our souls) എന്ന പേരില്‍ കുറിച്ചു പേഴ്‌സില്‍ വെക്കുക. നമ്മള്‍ പോകുന്ന സ്ഥലത്തെ സുഹൃത്തുക്കള്‍, നമ്മുടെ ട്രാവല്‍ ഏജന്റ്,  ലൈസന്‍സ്, എയര്‍ലൈന്‍, ഇന്ത്യന്‍ എംബസി, മലയാളി അസോസിയേഷന്‍, ഡോക്ടര്‍, ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ്, ഹെല്‍പ് ലൈന്‍, ഹെല്‍ത്ത് കാര്‍ഡ്, തുടങ്ങി എല്ലാ ആളുകളുടെയും കാര്‍ഡുകളുടെയും ഇന്‍ഷുറന്‍സുകാരുടെയും നമ്പര്‍ കൈവശം വേണം.

രോഗമുണ്ടായാല്‍: യാത്രക്കിടയില്‍ രോഗം ഉണ്ടായാല്‍ ഉടനെ നമുക്ക് അറിയാവുന്ന നാട്ടിലെ ഡോക്ടറെ  വിളിച്ച് വിവരം പറയണം. അവരുടെ നിര്‍ദ്ദേശപ്രകാരം വേണം ചികിത്സ തീരുമാനിക്കാനും യാത്ര തുടരാനും. ചെറിയ രോഗത്തിന് ഓടിപ്പോയി ഡോക്ടറെ കാണുകയോ ആശുപത്രിയില്‍ അഡ്മിറ്റാകുകയോ ഒന്നും ആവശ്യമില്ല. വേണമെങ്കില്‍ ഒരുദിവസം വിശ്രമിച്ച് യാത്ര തുടരാം. കൂടുതല്‍ അസ്വസ്ഥതകള്‍ തോന്നിയാല്‍ യാത്രയില്‍നിന്ന്  ഒഴിവായി കൂടെയുള്ളവരുടെ ബുദ്ധിമുട്ട് ഒഴിവാക്കുക. 

അപകടം സംഭവിച്ചാല്‍: യാത്രക്കിടയില്‍, പ്രത്യേകിച്ചും റോഡ് യാത്രക്കിടയില്‍ നമുക്ക് അപകടം സംഭവിച്ചാല്‍ ഉടനെതന്നെ വൈദ്യസഹായം തേടുക. അതിനുശേഷം  നാട്ടിലെ അടുത്ത ബന്ധുവിനെയും ഓഫിസിലും അറിയിക്കുക. പിന്നീട് ഗുരുതരാവസ്ഥ അനുസരിച്ച്  മലയാളി അസോസിയേഷനിലും ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും. മുന്‍പ് പറഞ്ഞ പോലെ സുരക്ഷിതര്‍ ആയിരിക്കുന്നതാണ് പ്രധാനം മറ്റുള്ളവരെ അറിയിക്കുന്നതല്ല. വിമാന അപകടമോ ട്രെയിന്‍ അപകടമോ ഒക്കെ ആണെങ്കില്‍ പൊതുവെ അധികാരികള്‍ തന്നെ ചികിത്സ ഉറപ്പാക്കും. എന്നാലും അപകടം ഉണ്ടായാല്‍ ഉടന്‍ വേണ്ടപ്പെട്ടവരെ അറിയിക്കുന്നതാണ് ബുദ്ധി.

നമ്മള്‍ യാത്രചെയ്യുന്ന സമയത്ത് നമ്മുടെ വാഹനം മുട്ടി മറ്റൊരാള്‍ക്ക്  പരിക്ക് പറ്റിയാല്‍ കാര്യങ്ങള്‍ അല്പം കുഴയും. സാധാരണഗതിയില്‍ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കുക, അപകടം നടന്ന വിവരം പോലീസിനെ അറിയിക്കുക എന്നതാണ് ശരിയായ രീതി. പക്ഷെ, കേരളം ഉള്‍പ്പെടെ ലോകത്തെ മിക്കയിടങ്ങളിലും ഒരാപകടമുണ്ടായാലുടന്‍ ഡ്രൈവറെ മര്‍ദ്ദിക്കുക എന്നതൊരു നാട്ടുനടപ്പാണ്.  കുറ്റം നമ്മുടേതല്ലെങ്കിലും ആള്‍ക്കൂട്ടത്തിന്റെ കൈയില്‍ പെടാതെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനം. ഏതൊക്കെ രാജ്യത്താണ് കേരളത്തിലെ പോലെ കാടന്‍ പെരുമാറ്റങ്ങള്‍ ഉള്ളത് എന്ന് യാത്ര ചെയ്യുന്നതിന് മുന്‍പേ അന്വേഷിച്ചു വക്കണം. നില്‍ക്കണോ ഓടണോ എന്ന തീരുമാനം ആദ്യത്തെ അടി കിട്ടുന്നതിന് മുന്‍പേ എടുക്കണം.

ഡ്രൈവറെ അടിക്കാത്ത നാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.  കേരളത്തിലെ നമ്മുടെ പരിശീലനം അപകടത്തില്‍ പെട്ടയാളെ ആദ്യം കിട്ടുന്ന വാഹനത്തില്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക എന്നതാണ്. പലപ്പോഴും അപകടത്തില്‍ പെട്ട വാഹനത്തില്‍ തന്നെയായിരിക്കും രോഗിയെ കൊണ്ടുപോകുന്നത്. ഇത് തെറ്റാണ്. അപകടം ഉണ്ടായ വണ്ടിയുടെ ഡ്രൈവര്‍ ആകെ പരിഭ്രാന്തിയിലായിരിക്കും.   അയാള്‍ ഓടിക്കുന്ന വാഹനം പിന്നെയും അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്. പരിക്കേറ്റ ആളെ എങ്ങനെയും ഒടിച്ചും മടക്കിയും വാഹനത്തില്‍ കയറ്റുമ്പോള്‍ പരിക്കിന്റെ കാഠിന്യം വര്‍ദ്ധിച്ച് ഗുരുതരാവസ്ഥ കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്കായിരിക്കരുത്, പരിക്കേറ്റവരെ  ചികില്‍സിക്കാന്‍ ഏറ്റവും സൗകര്യമുള്ള ആശുപത്രിയിലേക്കായിരിക്കണം കൊണ്ടുപോകേണ്ടത്.  നിങ്ങളോടിച്ച വാഹനം മൂലം ഒരപകടം ഉണ്ടാകുകയും മറ്റൊരാള്‍ക്ക് പരിക്കുപറ്റുകയും ചെയ്താല്‍ നിങ്ങളുടെ സുരക്ഷ അപകടത്തിലാകാത്ത സാഹചര്യമാണെങ്കില്‍ പോലീസില്‍ വിളിച്ചറിയിക്കുക, ശേഷം ആംബുലന്‍സ് സര്‍വീസിലും. അവര്‍ വന്ന് പരിക്കേറ്റയാളെ വേണ്ടവിധത്തില്‍ ആശുപത്രിയിലെത്തിച്ചോളും. നിങ്ങളുടെ വണ്ടിയില്‍ അപകടം പറ്റിയ ആളെ എടുത്തു കൊണ്ട് പോകുന്നത് നിയമ വിരുദ്ധം ആകാം, അവര്‍ പിന്നെ നിങ്ങളെ നിയമപരമായി നേരിടാനും മതി.

പണം നഷ്ടപ്പെട്ടാല്‍: യാത്രയില്‍ നിങ്ങളുടെ പണം പോക്കറ്റടിച്ചോ  മറ്റുതരത്തിലോ നഷ്ടപ്പെട്ടാല്‍ ഒരുകാര്യം ഏതാണ്ട് ഉറപ്പിക്കാം. അതിനി തിരിച്ചുകിട്ടാന്‍ പോകുന്നില്ല. അതിന്റെ പുറകെനടന്ന് സമയം കളയരുത്. ഞാന്‍ മുന്‍പ് പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കൈയിലുള്ള പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നഷ്ടപ്പെട്ടിട്ടുണ്ടാകൂ. എനിക്ക്  നന്ദി പറയുക. ഇനി ഞാന്‍ പറഞ്ഞതുപോലെ ചെയ്യാത്തതുകൊണ്ട് കൈയിലുള്ള പണം മുഴുവന്‍ പോയി എങ്കില്‍ പിന്നെ എന്നോട് മിണ്ടണ്ട, കണ്ടാലറിയാത്ത പിള്ള കൊണ്ടാലറിയും. അടുത്തതവണ രണ്ടാമന്‍ പറയുന്നതില്‍നിന്നും അണുവിട മാറാതെ കാര്യങ്ങള്‍ ചെയ്യുക. പണത്തിന്റെ കൂടെ ക്രെഡിറ്റ് കാര്‍ഡോ എ ടി എം കാര്‍ഡോ ആണ് നഷ്ടപ്പെടുന്നതെങ്കില്‍  ഉടന്‍ തന്നെ ബാങ്കിനെയും ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെയും വിവരമറിയിക്കുക. അവരത് ബ്ലോക്ക് ചെയ്‌തോളും. ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് എമര്‍ജന്‍സി ക്രെഡിറ്റ് കാര്‍ഡ് നല്‍കാനുള്ള സംവിധാനമുണ്ട്.

യാത്രയില്‍ സ്വര്‍ണ്ണമോ മറ്റു വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടപ്പെട്ടാല്‍  പോലീസില്‍ പരാതിപ്പെടുന്നത് ഇവ തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിലായിരിക്കരുത്. ഒരു മനഃസമാധാനത്തിനും ഇന്‍ഷുറന്‍സുകാര്‍ ചോദിക്കുമ്പോള്‍ പരാതിയുടെ കോപ്പി കൊടുക്കാനുമായിരിക്കണം. ഇത്തരം കാര്യങ്ങള്‍  ഇന്ത്യയിലെ പോലീസുകാര്‍ക്ക് നന്നായി അറിയാം. ചില ഇന്ത്യന്‍ നഗരങ്ങളിലെ പോലീസുകാര്‍ പരാതി സ്വീകരിക്കുന്നതിനുമുമ്പ്  എത്ര പണം ഉണ്ടായിരുന്നു, എത്ര ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരുന്നു, എന്നൊക്കെ ചോദിച്ചു മനസ്സിലാക്കും. രേഖ ഒന്നിന് ആയിരം രൂപ നിരക്കില്‍ കൈക്കൂലി കൊടുത്താലേ പരാതി സ്വീകരിക്കൂ. ഇത്തരം സ്ഥലത്ത് പരാതി പറയാന്‍ തന്നെ രണ്ടുവട്ടം ആലോചിക്കണം.

ശാരീരിക ആക്രമണങ്ങള്‍: യാത്രയില്‍ നമുക്കെതിരെയുണ്ടാകുന്ന ശാരീരിക  ആക്രമണം പല കാരണങ്ങളാലും പല രീതിയിലുമാണ്. വടക്കേ ഇന്ത്യയില്‍ കൊള്ളക്കാരും, മറ്റു പല ഇന്ത്യന്‍ രാജ്യങ്ങളില്‍ ചെറുപ്പക്കാരായ പയ്യന്മാരുമാണ് ഇതില്‍ പ്രധാനികള്‍. ചില വിദേശരാജ്യങ്ങളില്‍ വംശീയവിദ്വേഷമാകാം കാരണം. ഇതൊക്കെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ ഒഴിവാക്കാന്‍  പറ്റാതെ വരികയും ശാരീരികമായ ഉപദ്രവം നേരിടുകയും ചെയ്താല്‍ പോലീസില്‍ പരാതിപ്പെടാന്‍ മടിക്കേണ്ട.

ലൈംഗിക അക്രമങ്ങള്‍: യാത്രയില്‍ സ്ട്രീകളുടെ ഏറ്റവും വലിയ പേടി  അവര്‍ക്കെതിരെ ലൈംഗിക അക്രമങ്ങള്‍ ഉണ്ടാകുമോ എന്നതാണ്. സ്ത്രീകള്‍ പൊതുവെ യാത്രയില്‍ നല്ല ശ്രദ്ധാലുക്കളായിരിക്കുന്നതിനാല്‍, വാസ്തവത്തില്‍ ഇതിന്റെ സാധ്യത അത്ര വലുതല്ല.  കേരളത്തിലും ഇന്ത്യയിലെ മറ്റു പലയിടങ്ങളിലും സ്ത്രീകള്‍ നേരിടേണ്ടിവരുന്നത് കടന്നുപിടിക്കലും തോണ്ടലും തലോടലുമാണ്.  ഇങ്ങനെയുണ്ടായാല്‍ പറ്റിയാല്‍ 'ഉടനടി' പ്രതികരിക്കുക. ലോകത്ത് മിക്കയിടത്തും സ്ത്രീകളോട് അപമര്യാദയായി പെരുമാറി ഒരാള്‍ പിടിക്കപ്പെട്ടാല്‍ പൊതു ജനം പൊതുവെ സ്ത്രീകളോടൊപ്പം നില്‍ക്കും. വേണ്ടി വന്നാല്‍    അധികാരികളെ അറിയിക്കാന്‍ മടിക്കരുത്. 

പാസ്സ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍: യാത്രക്കിടയില്‍ പാസ്സ്‌പോര്‍ട്ട്  നഷ്ടപ്പെടുക എന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. നമ്മുടെ പദ്ധതികളൊക്കെ അടിയേ പാളും. മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ ഇതൊരു ബുദ്ധിമുട്ടാകുമെന്നല്ലാതെ കുറ്റമല്ല. ഇന്ത്യന്‍ എംബസികള്‍ ഇപ്പോള്‍ വളരെ വേഗത്തിലും മനുഷ്യത്വപരമായും ഇതില്‍ ഇടപെടുന്നുണ്ട് (http://passportindia.gov.in/AppOnlineProject/online/faqLostDamagedPassports).

കൂട്ടം തെറ്റിയാല്‍: തിരക്കുള്ള, പരിചയമില്ലാത്ത സ്ഥലത്ത്  പലപ്പോഴും സംഭവിക്കാവുന്നതാണ് കൂട്ടം തെറ്റല്‍. യാത്രാസംഘത്തിലുള്ള എല്ലാവരോടും കൂട്ടം തെറ്റിയാല്‍ എവിടെയാണ് നില്‍ക്കേണ്ടതെന്ന് മുന്‍കൂട്ടി പ്രത്യേകം പറഞ്ഞുറപ്പിക്കണം. ഒരാളെ കാണാതായാല്‍ എല്ലാവരും കൂടി അന്വേഷിക്കേണ്ടതില്ലല്ലോ. കുട്ടികളുടെ കഴുത്തില്‍ മുതിര്‍ന്നവരുടെ ഫോണ്‍ നമ്പറും  മറ്റ് വിവരങ്ങളുമടങ്ങിയ ടാഗ് ധരിപ്പിക്കുക. 

Lost and found: യൂറോപ്പിലെ രാജ്യങ്ങളില്‍ ഓരോ നഗരത്തിലും  Lost and found ഓഫിസ് ഉണ്ട്. നമ്മള്‍ ബസിലോ ചായക്കടയിലോ ബാങ്കിലോ എയര്‍പോര്‍ട്ടിലോ എന്തെങ്കിലും സാധനം മറന്നുവെച്ചാല്‍ ഓര്‍മ്മ വരുമ്പോള്‍ ഇവിടെ അറിയിക്കുക. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇങ്ങനെ നഷ്ടപ്പെട്ടെന്ന് കരുതുന്ന മിക്ക സാധനങ്ങളും, കിട്ടിയവര്‍ ഈ കൗണ്ടറുകളില്‍ ഏല്‍പ്പിച്ചിട്ടുണ്ടാകും.  അതിനാല്‍  ബസിലോ ടാക്‌സിയിലോ മറന്നുവെച്ച ഒരു സാധനം ഉടമസ്ഥന്  തിരിച്ചുകിട്ടുമ്പോള്‍ അതിവിടെ ഒരു വര്‍ത്തയാകാറില്ല. മറ്റൊരാള്‍ക്ക് നഷ്ടപ്പെട്ട ഒരു സാധനം തിരിച്ചുനല്‍കുമ്പോള്‍ അത് വര്‍ത്തയാകുന്നത് നമ്മള്‍ സമൂഹത്തില്‍ സത്യസന്ധത സാധാരണ പ്രതീക്ഷിക്കാത്തതുകൊണ്ടാണ്.   അത് കൊണ്ട് അത്തരം വാര്‍ത്ത കാണുമ്പോള്‍ നമ്മള്‍ സന്തോഷിക്കരുത്. 'യാത്രക്കാരന്റെ പണം അടങ്ങിയ ബാഗ് തിരിച്ചു നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി' എന്നത് വാര്‍ത്തയാകാത്ത കേരളം ആണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി.