ജയമോഹൻ
നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്ത് തീരുമാനമാണ് എടുക്കുക? എന്റെ ചോര മുഴുവന്‍ തലയ്ക്കകത്തേക്ക് കയറി. കണ്ണുകളില്‍, കാതില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചൂടുള്ള ചോര ഇരച്ചുകയറി. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉന്മേഷവാന്മാരായി എന്നു കസേര അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്ക് നന്നായറിയാം.
'ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ട് വശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്'.
ശരീരങ്ങള്‍ അയഞ്ഞപ്പോള്‍ കസേരകള്‍ പിന്നെയും ശബ്ദിച്ചു. ചോദിച്ചയാള്‍ ഒന്ന് മുന്നോട്ടാഞ്ഞ് 'അത് കൊലപാതകമാണെങ്കില്‍ നിങ്ങള്‍ എന്ത് പറയും'. എനിക്ക് അപ്പോളത് പറയാതിരിക്കാനായില്ല.
'സാര്‍, കൊലപാതകംതന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി... അവനോട് തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്'.
-നൂറു സിംഹാസനങ്ങള്‍
(നായാടി വംശത്തില്‍ പിറന്ന് ഐ.എ.എസുകാരനായി മാറിയ ധര്‍മപാലന്‍ യു.പി.എസ്.സിയുടെ അഭിമുഖത്തെ നേരിട്ട സന്ദര്‍ഭം)
ഇളം ചാറ്റല്‍മഴ തൂവുന്നൊരു പ്രഭാതത്തിലാണ് പാര്‍വ്വതിപുരത്ത് ബസ് ഇറങ്ങിയത്. 'നൂറു സിംഹാസനങ്ങള്‍' എന്ന നോവലിലെ ധര്‍മപാലന്‍ എന്ന കഥാപാത്രം ആഴത്തില്‍ മനസ്സില്‍ മുറിവേല്‍പ്പിച്ച കാലം. 'ഈ ഭിക്ഷക്കാരി തള്ളയെ കുഴിച്ചിട്ട് ഇവളുടെ ഹൃദയം അതിന്റെ എല്ലാ വിശപ്പുകളും ശമിച്ച് ദ്രവിച്ച് മണ്ണായിമാറുവാന്‍ എനിക്കിനിയും നൂറു സിംഹാസനങ്ങള്‍ വേണ'മെന്ന ധര്‍മപാലന്റെ വാക്കുകള്‍ കൂരമ്പുപോലെ ഒരു രാത്രി ഹൃദയത്തില്‍ തറച്ചപ്പോഴാണ് എഴുത്തുകാരനെ തേടിയിറങ്ങിയത്. കേരളത്തില്‍നിന്ന് അടര്‍ന്നുപോയ നാഞ്ചിനാടിന്റെ ഉള്ളുരുക്കങ്ങളെക്കുറിച്ച് ജയമോഹന്‍ എഴുതിയതെല്ലാം മലയാളികള്‍ക്ക് നോവായി മാറി. അനന്തപുരിയില്‍നിന്നു കന്യാകുമാരിയിലേക്ക് നീളുന്ന ഓരോ ബസ് യാത്രയിലും വേളിമലയുടെ ഓരത്ത് നാഞ്ചിനാടിന്റെ എല്ലാ സൗന്ദര്യങ്ങളും പേറി പച്ചപ്പില്‍ പുതച്ചുനില്‍ക്കുന്ന പാര്‍വ്വതിപുരമെന്ന ഗ്രാമത്തെ കണ്ണെടുക്കാതെ ഞാന്‍ നോക്കാറുണ്ട്. 'ആടി'മാസത്തില്‍ വേളിമലയുടെ താഴ്വരകളില്‍ മഞ്ഞപ്പൊടിയും കളഭവും സിന്ദൂരവും അണിഞ്ഞ്, നിശ്ശബ്ദതയില്‍ മുങ്ങിയിരിക്കുന്ന നാടന്‍ദൈവങ്ങളൊക്കെ കണ്ണുതുറക്കും. വാകയാട് ഇശക്കിയും പൊന്തക്കാട് ഇശക്കിയും പഞ്ചവന്‍കാട്ടു നീലിയുമെല്ലാം മനസ്സിലേക്കോടിയെത്തും. ജയമോഹന്‍ എഴുതിയ അവയുടെ പുരാതനമായ ചോരക്കൊതിയുടെ ഐതിഹ്യകഥകള്‍ മനസ്സില്‍ ഉറവയായി സഞ്ചരിക്കും. പാര്‍വ്വതിപുരത്ത് തമിഴിലെ വലിയ എഴുത്തുകാരന്‍ താമസിക്കുന്നു. 93, 5th ക്രോസ്, ശാരദ നഗര്‍, പാര്‍വ്വതിപുരം, നാഗര്‍കോവില്‍ എന്നാണ് മേല്‍വിലാസം. ഉടുവില്‍ ആ മേല്‍വിലാസം തേടി ഞാന്‍ പുറപ്പെടുകയായിരുന്നു.
കേരളത്തിന്റെ അതിര്‍ത്തിയായ കളിയിക്കാവിള പിന്നിട്ടാല്‍ തമിഴ്നാടായി. കന്യാകുമാരി ജില്ലയിലെ തോവാള, കല്‍ക്കുളം, അഗസ്തീശ്വരം താലൂക്കുകള്‍ ഉള്‍പ്പെട്ട നാഞ്ചിനാട് പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. കുഴിത്തുറയില്‍നിന്നു വലത്തേക്ക് തിരിഞ്ഞുപോകുന്ന പാത തിരുവട്ടാറാണ്. അവിടെയാണ് ആദികേശവ ക്ഷേത്രമുള്ളത്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പൂര്‍വരൂപം. തിരുവിതാംകൂറിന്റെ പഴയ കുലദൈവം അവിടെ വാഴുന്നു. സംഘകാല കൃതികളില്‍ പരാമര്‍ശിക്കുന്ന ക്ഷേത്രമാണ് തിരുവട്ടാര്‍. തിരുവട്ടാറില്‍നിന്നു മുന്നോട്ടുപോയാല്‍ തൃപ്പരപ്പായി. തൃപ്പരപ്പിലൂടെയൊഴുകുന്ന നദിക്കരയിലാണ് കിരാതമഹാദേവ ക്ഷേത്രമുള്ളത്. തിരുവട്ടാറിനോട് ചേര്‍ന്നാണ് ചിതറാള്‍ സ്ഥിതിചെയ്യുന്നത്. പഴയ കേരളദേശത്തെ പുരാതനമായ ജൈനകേന്ദ്രമായിരുന്നു ചിതറാള്‍. നാഞ്ചിനാട് ഉള്‍പ്പെടുന്ന നാഗര്‍കോവിലും പരിസരവും ജൈനിസം ആഴത്തില്‍ വേരോടിയ മണ്ണായിരുന്നു.

തക്കലയില്‍നിന്നു വഴികള്‍ രണ്ടായി പിരിയുന്നു. നാഞ്ചിനാടിന്റെ സമ്പന്നമായ ഭൂതകാലം വേരോടിയ മണ്ണിലൂടെ ഇടത്തോട്ടു തിരിഞ്ഞാല്‍ കേരളപുരമായി. കേരളമെന്ന വാക്ക് ആദ്യമായി രൂപപ്പെട്ട സ്ഥലം. പക്ഷേ, അടര്‍ന്നുപോയ നാഞ്ചിനാടിന്റെ ഈ ഭാഗം ഇന്ന് തമിഴ്നാട്ടിലാണെന്ന് മാത്രം. അല്‍പംകൂടി മുന്നോട്ടുപോയാല്‍ തിരുവിതാംകോട് എന്ന സ്ഥലത്തെത്താം. ഈ പേരില്‍നിന്നാണത്രെ തിരുവിതാംകൂര്‍ എന്ന പേരുണ്ടായത്. തക്കല പിന്നിട്ടാല്‍ കുമാരകോവിലായി. വേളിമലൈ മുരുകനാണ് പ്രതിഷ്ഠ. പഴയ ആയി രാജവംശത്തിന്റെ കുലദൈവമാണ്. ആയിവേലരുടെ കുലദൈവമായതിനാല്‍ വേളിമലൈ മുരുകന്‍ എന്ന പേരു വന്നതെന്ന് പഴമക്കാര്‍ പറയുന്നു. ഇവിടം മുതല്‍ വേളിമല ആരംഭിക്കുകയായി.
Also Read
മിത്തുകളും ഐതിഹ്യങ്ങളുമുറങ്ങുന്ന നാഞ്ചിനാടിന്റെ കഥാകാരനെത്തേടി പാര്‍വ്വതിപുരത്ത് ബസ് ഇറങ്ങുമ്പോള്‍ മനസ്സില്‍ ഒരുക്കിവെച്ച ചോദ്യങ്ങളെല്ലാം ചിതറുകയായിരുന്നു. ഒരു അഭിമുഖം നല്‍കുമോയെന്ന് ഫോണിലൂടെയുള്ള ചോദ്യത്തിന് ഇന്ന ദിവസം വരൂവെന്നായിരുന്നു മറുപടി. മഹാഭാരതത്തെ പുനരാഖ്യാനം ചെയ്യുന്ന 'വെണ്‍മുരശ്' എന്ന തമിഴ് നോവലിന്റെ പണിപ്പുരയിലായിരുന്നു അന്ന് അദ്ദേഹം. ഒരേസമയം തിരക്കഥയും ഫിക്ഷനും അത് തമിഴിലും മലയാളത്തിലും പിന്നെ വെണ്‍മുരശിന് വേണ്ടി എല്ലാ ദിവസവും ഒരധ്യായം വീതം. രണ്ട് കൈകള്‍കൊണ്ടും എഴുതുന്നുവെന്ന് ഘോഷിക്കപ്പെട്ടേക്കാം. എഴുത്തില്‍ മാത്രമായിരുന്നില്ല ജയമോഹന്‍ എന്ന എഴുത്തുകാരന്റെ ജീവിതത്തിലും അനുഭവച്ചൂരുകള്‍ നിറഞ്ഞുനിന്നു. അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത ജീവിതസാഹചര്യം. പിന്നീടൊരിക്കല്‍ ജീവിതം ഹോമിക്കാനായി കുമ്പളയിലെ റെയില്‍വേ ട്രാക്കിലേക്ക് പുറപ്പെട്ടുപോയ നിമിഷങ്ങള്‍. പിന്നെ, നാടോടിയും ഏകാകിയും സന്ന്യാസിയുമായുള്ള അലച്ചിലുകള്‍. ജീവിതത്തില്‍ കണ്ടുമുട്ടിയ മഹാരഥന്മാര്‍. നിത്യചൈതന്യയതി, സുന്ദരരാമസ്വാമി, ആറ്റൂര്‍ രവിവര്‍മ, പികെ ബാലകൃഷ്ണന്‍...





+1
ശാരദ നഗറിലെ ചെറിയ വീടിന്റെ വാതില്‍ തുറന്നത് തമിഴിലെ വലിയ എഴുത്തുകാരന്‍ തന്നെയായിരുന്നു. രജനീകാന്ത് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമായ 2.O-യുടെ തിരക്കഥ പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു ആദ്യമായി ജയമോഹന്റെ വീട്ടിലെത്തുന്നത്. സിനിമ തനിക്ക് കേവലം ഒരു ജോലി മാത്രമാണെന്ന ആമുഖത്തോടെയാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. മഹാഭാരതം പുനരാഖ്യാനമാകുന്ന വെണ്‍മുരശ് സീരിയസിലെ പതിനേഴാമത്തെ പുസ്തകമായ 'ഇമൈക്കണ'ത്തിലെ ഒരധ്യായം രാവിലെ എഴുതിയെന്നും ബാക്കി ഒരധ്യായം വൈകീട്ട് എഴുതുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷ മലയാളമായ ജയമോഹന്‍ എഴുതുന്നത് തമിഴിലാണ്. മനസ്സില്‍ വരുന്ന ഒരാശയത്തെ ഏത് ഭാഷയിലേക്കാണ് തിരഞ്ഞെടുക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. മാതൃഭാഷ മലയാളമാണെങ്കിലും ചിന്ത രൂപം കൊള്ളുന്നത് തമിഴിലാണെന്നായിരുന്നു മറുപടി. മലയാളം അമ്മയുടെ ഭാഷയും തമിഴ് ഭാര്യയുടെ ഭാഷയുമാണത്രെ. ഇപ്പോള്‍ കൂടുതല്‍ അടുപ്പം ഭാര്യയോടാണല്ലോയെന്ന് തമാശ കലര്‍ന്ന പുഞ്ചിരിയോടെ ജയമോഹന്‍ പറഞ്ഞു.
പുറത്ത് കാറ്റുവീശുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ ഭാരം ഓര്‍മ്മിപ്പിച്ച് ഒരു തീവണ്ടി കടന്നുപോയി. സന്ന്യാസിയായി ഹിമാലയസാനുക്കള്‍ ചുറ്റിയ കാലത്തെക്കുറിച്ച് ജയമോഹന്‍ പറഞ്ഞു. പില്‍ക്കാലത്ത് ആ അനുഭവങ്ങളായിരുന്നു ഏഴാം ഉലകം എന്ന നോവലായി പിറവി കൊണ്ടത്. അതിനെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയ 'നാന്‍ കടവുള്‍' എന്ന തമിഴ് ചിത്രത്തിന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കഥകള്‍ കേള്‍ക്കാനായി മാത്രമായിരുന്നു പിന്നീടുള്ള എന്റെ ഓരോ യാത്രകളും. അഭിമുഖം നടത്തുന്ന പരിവേഷം നഷ്ടപ്പെട്ട ഞാന്‍ കേള്‍വിക്കാരനായി മാറുകയായിരുന്നു.
പ്രണയം മൊട്ടിട്ട കാലം
.....................................................
ഇക്കുറി പാര്‍വ്വതിപുരത്ത് എത്തുമ്പോള്‍ ലക്ഷ്യം മറ്റൊന്നായിരുന്നു. അത് അരുൺമൊഴി നംഗൈയിലേക്കായിരുന്നു. ജയമോഹന്‍ എന്ന എഴുത്തുകാരന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ എന്നും ഭാര്യ അരുൺമൊഴിയുണ്ടായിരുന്നു. ഒരു നിഴല്‍പോലെ. 'ഉറവിടം' എന്ന ആത്മകഥാശംത്തില്‍ അരുൺമൊഴിയുമായുള്ള ബന്ധത്തെക്കുറിച്ച് ജയമോഹന്‍ സൂചിപ്പിച്ചിരുന്നു. ജയമോഹന്റെയും-അരുൺമൊഴിയുടെയും പ്രണയകാലത്തെക്കുറിച്ചൊരു ഫീച്ചര്‍ ചെയ്യണമെന്നായിരുന്നു പിന്നീടുള്ള എന്റെ ചിന്ത. ആദ്യം പറഞ്ഞപ്പോള്‍ അദ്ദേഹം നിരുത്സാഹപ്പെടുത്തി. പലകുറി ചോദിച്ചപ്പോള്‍ സമ്മതിച്ചു. മുപ്പത് വര്‍ഷം പഴക്കമുള്ള നിധിപോലെ സൂക്ഷിച്ച എഴുത്തുകള്‍ (പ്രണയലേഖനങ്ങള്‍) പുറത്തെടുക്കുമ്പോള്‍ അരുൺമൊഴി നംഗൈയുടെ മുഖത്ത് നുണക്കുഴികള്‍ വിരിയുന്നത് കാണാമായിരുന്നു. ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത ഇരുന്നൂറിലധികം വരുന്ന പ്രണയലേഖനങ്ങള്‍ എനിക്കായി അരുൺമൊഴി പ്രദര്‍ശിപ്പിച്ചു. തമിഴ് അക്ഷരങ്ങളായതിനാല്‍ എനിക്ക് വായിക്കാനായില്ല. അന്ന് ജയമോഹന്‍ അയച്ച ഒരു കത്തിലെ ആദ്യവരി അരുൺമൊഴിയെക്കുറിച്ചുള്ള നാലുവരി കവിതയായിരുന്നു. അവര്‍ അത് ഈണത്തില്‍ എനിക്കായി ചൊല്ലി.
'മഴയീരം കൊണ്ടുവന്ത് എന്‍വീട്ടില്‍ കുടിവെയ്പേന്‍
തളിരില്ലാ എന്‍വീട്ടില്‍ വിതയെല്ലാം മുളയാതും'...

അതുകേട്ടപ്പോള്‍ 'അരുൺമൊഴി നീയതൊന്നും ഉറക്കെ വായിക്കല്ലേ'യെന്നായി എഴുത്തുകാരന്‍. (മക്കളായ അജിതനും ചൈതന്യയും അന്ന് വീട്ടിലുണ്ടായിരുന്നു). അങ്ങനെ ഇരുവരുടെയും പ്രണയലേഖനങ്ങള്‍ക്ക് സാക്ഷിയായി ഞാന്‍ മാറി. രഹസ്യമായി ഞാന്‍ അരുൺമൊഴിയൊട് ചോദിച്ചു. അജിതനോ ചൈതന്യയോ ഈ എഴുത്തുകള്‍ കണ്ടിട്ടുണ്ടോ?. ഒരിക്കലും ആരെയും കാണിച്ചിട്ടില്ലെന്നായിരുന്നു മറുപടി. സംഭാഷണമധ്യേ ജയമോഹന്‍ പറഞ്ഞു. 'തലച്ചോറിന്റെ സഹായമില്ലാത്ത എഴുത്തുകളായിരുന്നുവത്. പക്ഷേ, എനിക്കുറപ്പുണ്ട് എന്റെ ഏറ്റവും നല്ല പ്രയോഗങ്ങള്‍ അധികമാരും വായിച്ചിട്ടില്ലാത്ത ആ കത്തുകളിലെ അക്ഷരങ്ങളായിരുന്നു. (എന്‍ മൊഴിയേ... എന്നപേരില്‍ ഇരുവരുടെയും പ്രണയകാലം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. 2018 ജൂലൈ 29). സായാഹ്നത്തില്‍ ഞങ്ങള്‍ മൂവരും പാര്‍വ്വതിപുരത്തെ വീടിന് പിറകിലേക്ക് നീളുന്ന ആമ്പല്‍പ്പാടങ്ങള്‍ക്കരികിലൂടെ വയലേലകളുടെ സൗന്ദര്യം ആസ്വദിച്ചു നടന്നു. നാഞ്ചിനാടിനെക്കുറിച്ച് പറഞ്ഞാല്‍ തീരാത്തത്രെ കഥകളുണ്ടായിരുന്നു അദ്ദേഹത്തെിന്റെ പക്കല്‍. പിന്നീടൊരിക്കല്‍ സംഭാഷണമധ്യേ അദ്ദേഹം ചോദിച്ചു. 'ഈ വീടിരിക്കുന്നയിടം ആരുടേതാണെന്നറിയുമോ... പഞ്ചവന്‍കാട്ടു നീലിയുടേത്. കള്ളിയങ്കാട്ടു നീലി വിഹരിച്ചിടത്താണ് ഞാനിന്ന് വീടുകെട്ടി താമസിക്കുന്നത്'.
നീലിയുടെ കഥ കേട്ട ദിവസങ്ങള്‍
.................................................................
അന്ന് അരുൺമൊഴിക്കും ജയമോഹനുമൊപ്പം ഞാന്‍ നടന്ന വയല്‍ക്കരയാണ് കണിയാകുളം. അവിടെവെച്ചാണ് ഇരവിക്കുട്ടിപ്പിള്ള പോരില്‍ മരിച്ച കണിയാകുളം പോര് അരങ്ങേറിയത്. തെക്കന്‍പാട്ടുകളില്‍ ഇരവിക്കുട്ടിപ്പോരിനെക്കുറിച്ച് പരാമര്‍ശമുണ്ട്. പാര്‍വ്വതിപുരം എത്തുന്നതിന് മുന്‍പ് വേളിമലയുടെ ഓരംചേര്‍ന്ന് കള്ളിയങ്കാടെന്ന കൊച്ചു ബസ് സ്റ്റോപ്പുണ്ട്. അവിടം മുതല്‍ കണിയാപുരം വരേയ്ക്കും നീളുന്ന കൊടുങ്കാടായിരുന്നു നീലിയുടെ വാസസ്ഥലം. കള്ളിയങ്കാട്ടു നീലിയെന്നും പഞ്ചവന്‍കാട്ടു നീലിയെന്നും അവള്‍ അറിയപ്പെട്ടു. പേടിപ്പെടുത്തുന്ന കഥകളായിരുന്നു കൊച്ചുനാളില്‍ ഞാന്‍ നീലിയെക്കുറിച്ച് കേട്ടിരുന്നത്. ജയമോഹന്‍ അവളുടെ പൂര്‍വകഥ പറഞ്ഞുതുടങ്ങി.
ആളൂരെന്ന സ്ഥലത്തെ ഒരു കച്ചവടക്കാരന്റെ മകളായിരുന്നു നീലി. വാണിഭത്തിനെത്തിയ ഒരു പരദേശിക്ക് നീലിയെ വിവാഹം ചെയ്തു കൊടുത്തു. അങ്ങനെയവള്‍ ഗര്‍ഭിണിയായി. പൂര്‍ണഗര്‍ഭിണിയായിരിക്കെ അവളെയും കൂട്ടി അവന്‍ അമ്മയുടെ അടുത്തേക്ക് പുറപ്പെട്ടു. അന്ന്, നമ്മള്‍ ഇരിക്കുന്ന ഈ വീടെല്ലാം കൊടുങ്കാട് ആയിരുന്നുവത്രെ! പോകുന്ന വഴിക്ക് കള്ളിയങ്കാടെന്ന ഈ സ്ഥലത്ത് അവര്‍ വിശ്രമിക്കുന്നു. നിറയെ ആഭരണങ്ങള്‍ അണിഞ്ഞ നീലി ഗര്‍ഭാലസ്യത്തില്‍ മയങ്ങിപ്പോയി. ആ തക്കം നോക്കി അവന്‍ ഒരു വലിയ പാറക്കല്ലെടുത്ത് അവളുടെ തലയിലിട്ട് കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ അപഹരിച്ചു കടന്നുകളയുകയും ചെയ്തു. അങ്ങനെയവള്‍ യക്ഷിയായി മാറി...അവളാണ് പഞ്ചവന്‍കാട്ടു നീലി. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം അവന്‍ ഈവഴി വീണ്ടും വന്നു. അടുത്തെത്തിയപ്പോള്‍ ചോരക്കുഞ്ഞുമായി നിന്ന നീലി അവനോട് വെറ്റിലയ്ക്ക് ഇത്തിരി ചുണ്ണാമ്പ് തരുമോയെന്ന് ചോദിച്ച്രേത!. അവന്‍ ചുണ്ണാമ്പ് നല്‍കാനായി കൈനീട്ടിയപ്പോള്‍ അവള്‍ അവന്റെ കൈകളില്‍ കടന്നുപിടിച്ചു. അവനെ വലിച്ചിഴച്ച് അവള്‍ കള്ളിയങ്കാട്ടിലേക്ക് മറഞ്ഞു. ഒരു ഉടലില്‍നിന്നും നൂറ് ഉടലുകള്‍ പിറന്ന്, നൂറായിരം കൈകള്‍ മുളച്ച് അവള്‍ അവന്റെ കഥകഴിക്കുന്നു.
കഥ അവിടംകൊണ്ട് അവസാനിക്കുന്നില്ല. പഞ്ചവന്‍കാട്ടു നീലിയുടെ ഉപദ്രവം തുടര്‍ന്നുകൊണ്ടേയിരുന്നു. ചുണ്ണാമ്പു ചോദിച്ച് അവള്‍ പലരുടെയും കഥ കഴിച്ചു. കാമമുള്ള പുരുഷന്റെ കണ്ണുകളില്‍നിന്ന് ഓടിയൊളിക്കാന്‍ അവള്‍ക്കാകില്ലല്ലോ... അങ്ങനെയിരിക്കെ നാഗനന്തി അടികള്‍ എന്നു പേരുള്ള ജൈനഭിക്ഷു ചിതറാളില്‍നിന്നു നാഗരമ്മന്‍കോവിലിലേക്ക് പോകുകയായിരുന്നു. പോകുന്ന വഴി നാഗനന്തി അടികളെയും അവള്‍ കള്ളിയങ്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവള്‍ തന്റെ വിശ്വരൂപം കാണിക്കാനൊരുങ്ങുമ്പോള്‍ നാഗനന്തി അടികള്‍ അവളെ അരുള്‍ ചെയ്തെന്നും അവളുടെ മനസ്സ് മാറിയെന്നും പറയപ്പെടുന്നു. അങ്ങനെ അവന്റെ ശിഷ്യയായി അവള്‍ മാറിയെന്നും അവനൊപ്പം മധുരയിലേക്ക് പോയെന്നുമാണ് സങ്കല്‍പം. ദൈവമായി മാറിയെന്ന സങ്കല്‍പവും യക്ഷിയായ കള്ളിയങ്കാട്ട് നീലിയായി തുടർന്നെന്ന സങ്കൽപവും ഇന്ന് നിലവിലുണ്ട്. ജൈനമതത്തില്‍ യക്ഷികള്‍ക്ക് മറ്റൊരു പരിപ്രേക്ഷ്യമാണ് നല്‍കിയിരുന്നത്. ഉഗ്രരൂപിണികളല്ലായിരുന്നു ജൈനമതത്തിലെ യക്ഷികള്‍, അവരെല്ലാം ദേവതകളായിരുന്നു.

നീലി വിഹരിച്ച ഇടം ഇന്നൊരല്‍പം തണലിനായി കേഴുന്നു. പേച്ചിപ്പാറ ഡാം വന്നപ്പോള്‍ കള്ളിയങ്കാട് അപ്രത്യക്ഷമായി. അവിടെ നഗരവും വയലുകളും വന്നു. എങ്കിലും കള്ളിയങ്കാട് നീലിക്ക് വേണ്ടി ഒരു കൊച്ചു ക്ഷേത്രം ഇന്നും ഇവിടെ നിലകൊള്ളുന്നു. ഐതിഹ്യങ്ങളുടെ ഭാണ്ഡവുമായി ഞാന്‍ തിരിച്ചിറങ്ങി. നാഗര്‍കോവിലിലെ വടശ്ശേരിക്കര സ്റ്റാന്റില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള ബസ് പിടിച്ചു. ഒരുവേള മയങ്ങവേ 'അല്‍പം നീങ്ങിയിരിക്കുമോ അണ്ണാ' എന്ന് ചോദിച്ച ഈ മെലിഞ്ഞ പെണ്‍കുട്ടി ആയിക്കൂടെന്നുണ്ടോ യക്ഷി...? പക്ഷേ, യക്ഷിയെ കണ്ടെത്താന്‍ വളരെ എളുപ്പമത്രെ. കാമമുള്ള പുരുഷന്റെ കണ്ണുകളില്‍നിന്ന് ഓടിയൊളിക്കാന്‍ കഴിയില്ലെന്ന് എഴുത്തുകാരന്‍ പറയുന്നു. പോവുകയാണ്; കഥകള്‍ കേള്‍ക്കാനായുള്ള തിരിച്ചുവരവിനായി...
Content Highlights: Through the Fabled Lands jeyamohan Parvathipuram arun p gopi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..