'ഈ പുഴയോരത്താണ്‌ അവര്‍ ചുംബിച്ചത്, ജോഷിയും യോഹന്നാനും...'; മലയാള നോവലിലെ ആദ്യ പുരുഷപ്രണയം


By എഴുത്ത്: അരുണ്‍ ഗോപി, ചിത്രങ്ങള്‍: മധുരാജ്‌

6 min read
Read later
Print
Share

സി.വി ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' പുറത്തിറങ്ങിയിട്ട് നാല്പത് വര്‍ഷം പിന്നിടുന്നു. ക്രൈസ്തവജീവിതങ്ങളുടെ അടരുകള്‍ പ്രമേയമായ കൃതി പിറന്ന ഭൂമികയിലൂടെ എഴുത്തുകാരനോടൊപ്പം ഒരു സഞ്ചാരം.

മലനിരകൾ നിറഞ്ഞ മാലോം ഗ്രാമത്തിൽ എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ

''റാഹേല്‍ കരഞ്ഞും കിതച്ചും ഓടുകയായിരുന്നു. വൈകുന്നേരത്തെ നിഴലുവീണ തട്ടുകള് കയറി അതിരിലെത്തിയപ്പോള്‍, എതിരെനിന്ന് ആനിയും യോഹന്നാനും വരുന്നതുകണ്ടു. റാഹേല്‍ പെട്ടെന്ന് കരച്ചിലടക്കി... ആനി അടുത്തെത്തി അവളോട്, റാഹേല്‍ നീ കരഞ്ഞതെന്തിന്, നിന്റെ മുഖം വിളറിയിരിക്കുന്നതെന്തുകൊണ്ട്? എന്ന് ചോദിച്ചു. എന്നാറെ അവള്‍ അത്യന്തം ഭ്രമിച്ച് നടുങ്ങി. പുറത്തേക്ക് വഴിതിരിയുന്ന വലിയ നിലവിളിയോടും കണ്ണുനീരോടുംകൂടി അവള് ഓടിപ്പോയി. ആനിയും യോഹന്നാനും ഭയപ്പെട്ടുനിന്നു. അനന്തരം അവര്‍ റബ്ബര്‍മരങ്ങള്ക്കിടയിലൂടെ ഓടി തട്ടുകളിറങ്ങി''
-(ആയുസ്സിന്റെ പുസ്തകം)

ണുപ്പുനിറഞ്ഞ പ്രഭാതമായിരുന്നു. മലമടക്കുകളില്‍ ഉരുണ്ടുകൂടിയ മഞ്ഞിന്കണങ്ങള്‍ താഴ്‌വരയെ പുല്‍കി കടന്നുപോകുന്നു. ശാന്തമായൊഴുകുന്ന പുഴ കണ്ടപ്പോള്‍ എഴുത്തുകാരന്‍ ചിന്തയിലാണ്ടിരുന്നു... മനുഷ്യന്‍ പാപികളായതെന്തിന്, മഹാവ്യസനങ്ങളുടെ കഥയെഴുതിയതെന്തുകൊണ്ട്? എന്ന് ചോദിച്ചു. ചിന്തയില്‍നിന്ന് ഉണര്‍ന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യവ്യഥകളെ അത്രമേല്‍ ആഴത്തില്‍ അവതരിപ്പിച്ച മറ്റേത് ഗ്രന്ഥമുണ്ട്. അനന്തരം കഥാകാരന്‍ പഴയനിയമത്തിലെ പാപത്തെ വിവരിച്ചു. ഏദന്തോട്ടത്തില്‍ നിന്നുമേറ്റ പാപത്തെ. അതിനെ ഉള്‍ക്കൊണ്ട് ആയുസ്സിന്റെ പുസ്തകത്തില്‍ പൗലോ റാഹേലിനോട് ചെയ്ത പാപത്തെ. ഞങ്ങള് എഴുത്തുകാരനെ ശ്രവിച്ചു.

മാലോം എന്ന ദേശത്തേക്കായിരുന്നു യാത്ര. കാസര്‍കോടിന്റെ മലയോരപ്രദേശം. നാലുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ സി.വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവല്‍ പ്രമേയമായ ഭൂമിക. എഴുത്തുകാരനോടൊപ്പം അയാള്‍ സൃഷ്ടിച്ച, വ്യസനങ്ങളുടെ ജീവിതകഥ നിറഞ്ഞ കഥാപാത്രങ്ങള്‍ പിറന്ന ഗ്രാമത്തിലേക്ക്. 'ഈ വ്യസനംപോലെ ഒരു വ്യസനമില്ല' എന്നായിരുന്നു നിരൂപകര്‍ ആയുസ്സിന്റെ പുസ്തകത്തെ വിശേഷിപ്പിച്ചത്. നോവലില്‍, റാഹേലിനോട് പാപം ചെയ്ത പൗലോ. അയാളുടെ പുത്രന്‍ തോമ. തോമയുടെ മകന്‍ യോഹന്നാന്‍. വ്യസനങ്ങള്‍ അവര്‍ക്കുമേല്‍ പെയ്തിറങ്ങി. പൗലോഅയാളുടേത് ഏകാന്തതയും വാര്‍ധക്യവുമായിരുന്നു വ്യസനമായി രൂപാന്തരപ്പെട്ടത്. തോമ വിഭാര്യനായിരുന്നു. അയാള്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നു. യോഹന്നാന്‍ ഇഷ്ടപ്പെട്ടവരെല്ലാം അവനെ വിട്ടകലുകയായിരുന്നു. ക്രിസ്തീയജീവിതത്തിന്റെ അടരുകളും പാപബോധവും പ്രമേയമായ ആയുസ്സിന്റെ പുസ്തകം മലയാള നോവല്‍ സാഹിത്യത്തില്‍ വേറിട്ട വായനാനുഭവമായിരുന്നു.

ദൂരെ, കുടക് വനത്തോട് ചേര്‍ന്ന മഞ്ഞുമൂടിയ പന്ന്യാര്‍മാനി മലനിരകള്‍ പ്രത്യക്ഷമായി. നാലുവശങ്ങളും കുന്നുകളാല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് മാലോം. ഗ്രാമമധ്യത്തിലൂടെ ചൈത്രവാഹിനിപ്പുഴ വരണ്ടൊഴുകുന്നു. നാല്‍പത് വര്‍ഷങ്ങള്ക്ക് മുന്‍പ്, അടിയന്തരാവസ്ഥക്കാലത്ത് അധ്യാപകനായി ഈ ഗ്രാമത്തിലെത്തിയ കാലം സി.വി ഓര്‍ത്തെടുത്തു... ഗ്രാമത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും...
''75ലൊക്കെ കാഞ്ഞങ്ങാട്ടുനിന്ന് ഒരു ബസ് മാത്രമേ കൊന്നക്കാട്ടേക്ക് ഉള്ളൂ. ഉച്ചയ്ക്ക് മുന്‍പേ ഞാന്‍ സ്റ്റാന്റിലെത്തും. അല്ലെങ്കില്‍ കൊന്നക്കാട് വരെ നില്‍ക്കേണ്ടിവരും. കാഞ്ഞങ്ങാട്ടുനിന്ന് ബസ് നീലേശ്വരം എത്തുമ്പോഴേക്കും യാത്രക്കാരെക്കൊണ്ട് നിറയും. മലയോരത്തെ ബന്ധിപ്പിക്കുന്ന ബസ് ആയതിനാല്‍ കൊട്ടകളില്‍ സാധനങ്ങള്‍ നിറച്ചായിരുന്നു ആളുകള്‍ കയറിയിരുന്നത്. ഓരോ സാധനങ്ങള്‍ ഓരോസ്ഥലത്ത് ഇറക്കിയും കയറ്റിയുമാണ് ബസ് പോകുന്നത്. പൊടിനിറഞ്ഞ ചെമ്മണ്‍പാതകളായിരുന്നു അന്നൊക്കെ''...

മാലോമിന്റെ ഭൂപ്രകൃതി

''കനിവേകുന്ന ഭൂപ്രകൃതിയായിരുന്നു മാലോമിന്. ചുറ്റും കുന്നുകളായിരുന്നു. ആ കുന്നുകള്‍ക്ക് നടുവിലായിരുന്നു ഗ്രാമം. ജീവിതം പ്രകടമായിരുന്നില്ല, പ്രകൃതിമാത്രമായിരുന്നു അനാവൃതമായത്. ഇടതൂര്‍ന്ന മരങ്ങളും കാടുകളും പുല്‍മേടുകളും പാറകളും... അതിന് നടുവിലൂടെ ഒഴുകിനീങ്ങുന്ന പുഴ. അന്ന്, ഈ പുഴയ്ക്ക് ചൈത്രവാഹിനിയെന്ന് പേരില്ലായിരുന്നു. പിന്നീടാണ് പേരുവരുന്നത്. ആയുസ്സിന്റെ പുസ്തകം എഴുതിത്തുടങ്ങുമ്പോള്‍ ഈ പ്രകൃതിയായിരുന്നു എന്റെ മനസ്സില്‍. പിന്നീടാണ് ഈ ഗ്രാമത്തിലെ ജീവിതം ശ്രദ്ധിക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയം ക്രൈസ്തവ ജീവിതങ്ങളായിരുന്നു. ഈ ഗ്രാമത്തെ രൂപപ്പെടുത്തിയത് അവരാണ്. അവര്‍, പള്ളി നിര്‍മിച്ചു. പള്ളിക്കൂടം നിര്‍മിച്ചു. റബ്ബര്‍ പ്ലാന്റേഷനുകള്‍ ഉണ്ടാക്കി. വര്‍ഷകാലത്ത് ഇരുണ്ട പച്ചപ്പായി പ്രകൃതി മാറും. കോടമഞ്ഞും മഴയും വന്ന് ഗ്രാമത്തെ പൊതിയും. ഞായറാഴ്ച കുര്‍ബാനയ്ക്ക് രാവിലെ പള്ളിയിലേക്ക് സ്‌കാര്‍ഫ് കെട്ടി പെണ്‍കുട്ടികള്‍ പോയിരുന്നത് മഞ്ഞിലൂടെയായിരുന്നു. നിഴല്‍ രൂപങ്ങളെപ്പോലെയാണ് അവര്‍ പോയിരുന്നത്. ആ കാഴ്ച ഇപ്പോഴും എന്റെ മനസ്സിലുണ്ട്. മണിമണിപോലെ സംസാരിച്ചുകൊണ്ട് അവര്‍ നടന്നുനീങ്ങുന്നത് ഞാന്‍ നോക്കിനിന്നിട്ടുണ്ട്. എല്ലാദിവസവും പള്ളിമണി മുഴങ്ങുന്നത് കുന്നിന്മുകളില്‍വരെ കേള്‍ക്കാമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്താണ് കാസര്‍കോടിന്റെ മലയോരപ്രദേശമായ കൊന്നക്കാട്ടേക്കും മാലോമിലേക്കും ആദ്യകാല കുടിയേറ്റം ഉണ്ടാകുന്നത്. അവരുടെ മൂന്നാംതലമുറയായിരുന്നു നോവലില്‍ പ്രതിപാദിച്ച യോഹന്നാന്‍. ആദ്യ തലമുറ പൗലോ. പൗലോയില്‍ പിറന്ന മകന്‍ തോമ. തോമ തെരേസയെ ഭാര്യയായി സ്വീകരിച്ചത് മുപ്പത് വയസ്സുള്ളപ്പോഴാണ്. അവള്‍ ഗര്‍ഭംധരിച്ച് ആനിയെ പ്രസവിച്ചു. തോമാ തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു. തല്‍ഫലമായി അവള്‍ ഒരു മകനെ പ്രസവിച്ചു. അവന് യോഹന്നാന്‍ എന്ന് പേരിട്ടു''. കുടിയേറ്റത്തിന്റെ കഥയല്ലെങ്കിലും മൂന്നുതലമുറകളുടെ ജീവിതപരിസരത്തുകൂടി സഞ്ചരിക്കുകയായിരുന്നു ആയുസ്സിന്റെ പുസ്തകം.

സെന്റ് ജോര്‍ജ് ദേവാലയം

പ്രധാനപാതയോട് ചേര്‍ന്നുള്ള മാലോം സെന്റ് ജോര്‍ജ് ദേവാലയത്തിലേക്ക് കഥാകാരനൊപ്പം ഞങ്ങള്‍ പടവുകള്‍ കയറി. ''ആദ്യത്തെ കുടിയേറ്റക്കാര്‍ വന്നപ്പോള്‍ മാലോമിന് സമീപം രാജപുരത്ത് പ്രാര്‍ഥന നടത്താനായി താത്കാലികമായി ഒരു പള്ളി നിര്‍മിച്ചു. 73 കുടുംബങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് പുതുക്കിപ്പണിയുകയായിരുന്നു. അതാണ് ഇന്നത്തെ രാജപുരം പള്ളി. മാലോമില്‍ പിന്നീടാണ് പള്ളി നിര്‍മിച്ചത്. അതാണ് നമ്മള്‍ നില്‍ക്കുന്ന ഈ ദേവാലയം. മുന്‍പ് ഇങ്ങനെയായിരുന്നില്ല. താഴെ മുതല്‍ നിറയെ കല്‍പ്പടവുകളായിരുന്നു. കല്‍പ്പടവുകള്‍ കയറിയെത്തിയാല്‍ അള്‍ത്താരയായി. ഓട് മേഞ്ഞ പള്ളിയായിരുന്നു അന്ന്. ദേവാലയത്തിന് പിറകില്‍ മലയും കാടുകളുമായിരുന്നു. യേശുവിന്റെയോ മേരിയുടെയോ പേരിലല്ലായിരുന്നു ഈ ജനത പള്ളി നിര്‍മിച്ചത്. രക്ഷകനായ സെന്റ് ജോര്‍ജിന്റെ പേരിലായിരുന്നു. കുടിയേറിയെത്തിയ ജനതയ്ക്ക് ഒരുപാട് രക്ഷകര്‍ വേണമായിരുന്നു. രോഗത്തില്‍നിന്നും വന്യമൃഗങ്ങളില്‍നിന്നുമെല്ലാം''.
കഥാകാരന്‍ അള്‍ത്താരയ്ക്ക് സമീപം കുമ്പസാരക്കൂട്ടിന് മുന്നില്‍ ഒരുനിമിഷം മൗനിയായിനിന്നു. അള്‍ത്താര ശൂന്യമായിരുന്നു. ആയുസ്സിന്റെ പുസ്തകത്തില്‍ കൊച്ചച്ചന്‍ വികാരി അച്ചനോട് ചോദിക്കുന്ന രംഗം മനസ്സിലേക്കോടിയെത്തി.
''വിശ്വാസപ്രഘോഷണങ്ങള്‍ക്കിടയിലും ലോകത്ത് അക്രമവും രക്തച്ചൊരിച്ചിലും ഉടലെടുക്കുന്നത് എന്തുകൊണ്ടാണച്ചോ?...
സാത്വികനായ വികാരിയച്ചന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
''നമ്മുടെ കണ്മുന്നില്‍ പാപികള്‍ പെരുകുക തന്നെയാണ്. അവരെല്ലാം ആത്മാര്‍ഥമായി കുമ്പസാരിക്കുകയാണെങ്കില്‍, ഓരോരുത്തരുടെയും കുമ്പസാരം ഒരേയിരുപ്പില്‍ വര്‍ഷങ്ങളോളം നീണ്ടുപോയേക്കാം. പക്ഷേ, ദൈവത്തിന്റെ മഹത്ത്വം വര്‍ണിക്കുന്ന ഒരാകാശത്തിന് കീഴെ ഭൂമി എന്നും ഇരുണ്ടതായിരിക്കില്ല
''

സായാഹ്നത്തില്‍ ഗ്രാമത്തിലെ മറ്റൊരു ദേവാലയത്തിലേക്ക് ഞങ്ങളെത്തി. അതിര്‍മാവ് സെന്റ് പോള്‌സ് ദേവാലയം. പ്രാര്‍ഥന നടക്കുകയായിരുന്നു. ദേവാലയത്തിന്റെ പുറംഭിത്തിയില്‍ ആലേഖനംചെയ്ത വാക്കുകളില് കണ്ണുകളുടക്കി.
''ഇക്കാര്യങ്ങള് പുറത്തുവെച്ചതിന് ശേഷം ദൈവാലയത്തില്‍ പ്രവേശിക്കുകചെരിപ്പും കുടയും. കോപം. പിണക്കം. അഹങ്കാരം. ഇരുമനസ്സ്. നിഗളം. മനോഭാരങ്ങള്‍. ക്ഷീണം. കുറ്റം പറച്ചില്‍. തിരിച്ചുപോകുമ്പോള്‍ അവനവന്റെ ചെരിപ്പും കുടയും മാത്രം എടുക്കുക''

മാലോം നഗരം

ഗ്രാമത്തിന്റെ മാറ്റം

ഇരുട്ടുവീണപ്പോള്‍ ഗ്രാമചത്വരത്തില്‍കൂടി ഞങ്ങള്‍ നടന്നു. എഴുത്തുകാരന്റെ ഓര്‍മകള്‍ പിന്നിലേക്ക് സഞ്ചരിച്ചു. ഓലയും കച്ചിയും മേഞ്ഞ മേല്‍ക്കൂരകള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഗ്രാമം നഗരമായി മാറുന്നു. മണ്‍പാതകള്‍ക്ക് പകരം ടാറിട്ട റോഡുകള്‍ വന്നിരിക്കുന്നു. ''മാലോം സെന്റ് ജോര്‍ജ് ദേവാലയത്തോട് ചേര്‍ന്നുള്ള വള്ളിക്കടവ് എന്ന സ്ഥലത്ത് അക്കാലത്ത് ചെറിയ കടകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മാലോമില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ പിന്നിട്ടാല്‍ കൊന്നക്കാടായി. അന്ന്, കൊന്നക്കാട്ട് മാത്രമായിരുന്നു ഏക ഹോട്ടല്‍ ഉള്ളത്. ഇന്ന്, വ്യാപാരസ്ഥാപനങ്ങളും റോഡുകളും സിനിമാ തിയേറ്ററുകളും വന്നു. 80കള്‍ക്ക് ശേഷമാണ് കൊന്നക്കാട്ടിലേക്ക് വൈദ്യുതിയെത്തുന്നത്. നോവലിലെ പ്രധാന കഥാപാത്രമായ യോഹന്നാന്റെ തലമുറയ്ക്ക് ശേഷമുള്ള നാലാമത്തെയും അഞ്ചാമത്തെയും തലമുറ വിദേശത്തേക്ക് കടന്നിരിക്കുന്നു. പലരും ഉദ്യോഗസ്ഥരായി, അവര്‍ സമ്പന്നരായി മാറി. മാലോം ഗ്രാമത്തിന്റെ മധ്യത്തിലൂടെയാണ് ചൈത്രവാഹിനി പുഴ ഒഴുകുന്നത്. വേനല്‍ക്കാലത്ത് പുഴയില്‍ നിറയെ ഉരുളന്‍കല്ലുകള്‍ തെളിഞ്ഞുകാണും. മഴയത്ത് പുഴ നിറഞ്ഞുകവിഞ്ഞൊഴുകും. പുഴയുടെ കരകളില്‍ നിറയെ പുല്‍മേടുകളായിരുന്നു അന്നൊക്കെ. സായാഹ്നങ്ങളില്‍ കുട്ടികളെയും കൂട്ടി പുഴക്കരയിലൂടെ ഞാന്‍ നടക്കുമായിരുന്നു. ഈ പുഴയോരത്തുവെച്ചാണ് നൈനാച്ചനും മേരിയും തമ്മിലുള്ള മൈഥുനം യോഹന്നാന് കാണുന്നത്.'' എഴുത്തുകാരന്റെ ഭാവനയില്‍ പിറന്ന സന്ദര്‍ഭം. ഇന്ന്, പുഴയോരത്തുള്ള പുല്‍മടുകള്‍ അപ്രത്യക്ഷമായിരിക്കുന്നു.

പഴയകാല കര്‍ഷകന്‍

തിരിച്ചുപോരാന്‍ സമയമായിരിക്കുന്നു. ആയുസ്സിന്റെ പുസ്തകത്തില്‍, പാപംചെയ്ത തന്റെ ജീവിതത്തെ പൗലോ ഉപേക്ഷിക്കുന്ന രംഗമോര്‍ത്തുപോയി...
''കാത്തുനില്‍ക്കുന്ന അജ്ഞാതനൊപ്പം അയാളിറങ്ങി. രാത്രിശബ്ദങ്ങള്‍ കാതുകളില്‍ വന്നലച്ചു. കിഴക്ക് കാടുകള്‍ക്കും മലകള്‍ക്കും മീതെ ഒരു കൊള്ളിയാന്‍ എരിഞ്ഞടങ്ങി. അയാള്‍ വേച്ചുവേച്ചു നടന്നു. ഈ മരങ്ങളൊക്കെ എന്നെ അറിയും. എന്റെ കൈകൊണ്ട് നട്ടുപിടിപ്പിച്ച മരങ്ങളാണിവ. ആദ്യമായി മണ്ണ് ഉഴുത നോഹയെപ്പോലെ ഞാനീ മണ്ണില്‍ വേലചെയ്തു. വടക്കുദിശയില്‍ കുന്നിന്തലപ്പില്‍ പൗലോ പള്ളി കണ്ടു. അയാള്‍ മണ്ണില്‍ മുട്ടുകുത്തിനിന്ന് ഭക്തിപൂര്‍വം കുരിശുവരച്ചു. ഒരു തണുത്ത കാറ്റ് പ്രാര്‍ഥനയില്‍ ലയിച്ചുനിന്ന ആ വൃദ്ധനെ സ്പര്‍ശിച്ചു. ഒടുവില്‍ അയാളെണീറ്റ് ബലമുള്ള ഒരു മരക്കൊമ്പ് തേടി നടന്നു. താന്‍ സ്വന്തം കൈകൊണ്ട് നട്ടുവളര്‍ത്തിയതല്ലാത്ത ഒരു വൃക്ഷം അയാള്‍ കണ്ടെത്തി. അതിന്റെ തടിയിലൂടെ അയാള്‍ വലിഞ്ഞുകയറി. മരത്തൊലിയും ഇലകളെയും അറിഞ്ഞുകൊണ്ടുതന്നെ മുകളിലെത്തി. വൃക്ഷത്തെ ഇരുട്ട് വലയംചെയ്തുനിന്നു. ഇരു ശിഖരത്തില്‍നിന്ന് ഒരിലപോലെ ഞാന്നുകിടന്നപ്പോള്‍ അഗാധമായ ഉറക്കം അയാളുടെ മേല്‍ വീണു. അങ്ങനെ അയാള്‍ തന്റെ ജനത്തോട് ചേര്‍ന്നു''

''ക്രൈസ്തവ ജീവിതങ്ങളുമായി കൂടുതല്‍ അടുത്തത് മാലോമില്‍ അധ്യാപകനായി എത്തിയപ്പോഴായിരുന്നു. പാപബോധത്തെക്കുറിച്ച് അവര്‍ വ്യാകുലരായിരുന്നു. പാപികളായ ഞങ്ങളെ എന്നാണല്ലോ പറയുന്നതുതന്നെയും. വ്യസനം മനുഷ്യരാശിയുടെ കൂടെയുള്ളതാണല്ലോ. പഴയനിയമത്തില്‍ ഏറ്റവും ദുഃഖിക്കുന്ന മനുഷ്യന്‍ ഇയ്യോബാണ്. ഇവിടെ പൗലോ ആത്മഹത്യ ചെയ്യുന്നു. അങ്ങനെ ചെയ്യേണ്ട ഒരു സാഹചര്യം ഉണ്ടാകുന്നു. തോമ കൊലപാതകിയാകുന്നു. കൊല്ലേണ്ട ഒരു സാഹചര്യമുണ്ടാകുന്നു. താന്‍ നട്ടതല്ലാത്ത ഒരു മരത്തിന്റെ ശിഖരത്തിലാണ് പൗലോ ആത്മഹത്യ ചെയ്യുന്നത്. മണ്ണില്‍ ആഴ്ന്നിറങ്ങിയ മനുഷ്യനായിരുന്നു ആ കഥാപാത്രം.''

പന്ന്യാര്‍മാനി മലനിരകള്‍


''എണ്ണയൊഴുകുന്നുവെന്ന് തോന്നിക്കുന്ന മുടിയിലൂടെ വിറയ്ക്കുന്ന വിരലുകള്‍ നീക്കി. അവ പിന്‍കഴുത്തിലും കാതുകളിലും അലഞ്ഞു. കവിളിലും മേല്‍ച്ചുണ്ടിനു മീതെയുള്ള വളരെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രമറിയാവുന്ന ചെമ്പിച്ച രോമങ്ങളിലും തൊട്ടു. പുരികങ്ങളിലും കണ്‍പീലികളിലും തൊട്ടു. ചൂടുള്ളതായിത്തീര്‍ന്ന ചുണ്ടുകളില്‍ തൊട്ടു. ശ്വാസം കവിളുകളില്‍ തട്ടി. ഉടലിന്റെ വെമ്പലറിഞ്ഞു. അനന്തരം അവര്‍ കൈകള്‍ കൊര്‍ത്തുപിടിച്ചു നടന്ന് പുഴക്കരയിലെത്തി.'' യാത്രയുടെ തിരിച്ചുമടക്കമായിരുന്നു. ഇടയ്‌ക്കെപ്പൊഴോ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്ത പുഴ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത് യോഹന്നാന്റെ പ്രണയമായിരുന്നു. ഈ പുഴയോരത്തുവെച്ചാണ് അവര്‍ ചുംബിച്ചത്. ജോഷിയും യോഹന്നാനും. അവര്‍ അവരെ അറിഞ്ഞു. മലയാള നോവലില്‍ രണ്ട് പുരുഷന്മാരുടെ പ്രണയം ആദ്യമായി അവതരിപ്പിച്ചത് ആയുസ്സിന്റെ പുസ്തകമായിരുന്നു. യോഹന്നാന്‍ ആരായിരുന്നുവെന്ന് ഞാന്‍ ചോദിച്ചു. തെല്ലിട മൗനത്തിനുശേഷം എഴുത്തുകാരന്‍ പറഞ്ഞു. ''അവനെ ഞാന്‍ നേര്‍ക്കുനേര്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് കണ്ണാടികളിലാണ്. ദൈവം തന്റെ സ്വരൂപത്തില്‍, തന്റെ സാദൃശ്യപ്രകാരം മനുഷ്യനെ സൃഷ്ടിച്ചതുപോലെയായിരുന്നു യോഹന്നാന്റെ പിറവി. എഴുതാനിരിക്കെ, ഓരോ തവണയും ഞാന്‍ അവനിലൂടെ എന്നെത്തന്നെ കാണുകയായിരുന്നു. ബാല്യകൗമാരങ്ങളില്‍ ഞാനറിഞ്ഞ ഏകാന്തത അതികഠിനമായിരുന്നു. സ്‌നേഹിക്കാന്‍ ആരുമില്ലായിരുന്നു. ആരൊക്കെയോ ഉണ്ട് ചുറ്റിലും. പക്ഷേ, ഞാന്‍ വളരെ വളരെ ഒറ്റയ്ക്ക്. അവനവനോടുള്ള ഭാഷണമായിരുന്നു എനിയ്ക്ക് എഴുത്ത്. ആയുസ്സിന്റെ പുസ്തകം യഥാര്‍ത്ഥത്തില്‍ ഏകാന്തതയുടെ പുസ്തകമാണ്. അതു സമര്‍പ്പിച്ചിട്ടുള്ളത് ഏകാകികള്‍ക്കാണ്..''

മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Through the Fabled Lands writer CV Balakrishnan Malom kasaragod travel column by arun p gopi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented