മാടത്ത് തെക്കേപ്പാട്ട് തറവാട് | ഫോട്ടോ: മധുരാജ്
എനിക്ക് സുപരിചിതമായ ഗ്രാമമാണ് എന്റെ ഭൂരിപക്ഷം കൃതികളുടെയും പശ്ചാത്തലം. അതിലൂടെ ഒഴുകിപ്പോകുന്ന പുഴ എന്റെ ജീവധമനിയാണ്. ഗ്രാമം എനിക്ക് ശബ്ദങ്ങളും ബിംബങ്ങളും വാക്കുകളും തന്നു. ഗ്രാമത്തിലെയെന്നപോലെ, മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങള്‍ എന്നും എന്നെ ആകര്‍ഷിക്കുന്നു. മനുഷ്യാവസ്ഥയിലെ സങ്കീര്‍ണതകള്‍. കൊടുംക്രൂരനെന്നും വിധിക്കപ്പെട്ടവന്‍ ഒരിക്കല്‍ മൃദുലഹൃദയം തുറന്നുകാണിച്ച് നമ്മെ അമ്പരപ്പിക്കുന്നു. നന്മയുടെ നിറകുടമായി വിശേഷിപ്പിക്കപ്പെട്ടവന്‍ ഭീകരതയുടെ ദംഷ്ട്രകള്‍ അപ്രതീക്ഷിതമായി പുറത്തുകാട്ടുന്നു- മനുഷ്യന്‍ എന്ന നിത്യാദ്ഭുതത്തെപ്പറ്റി നാം ചിന്തിച്ച് അസ്വസ്ഥരാവുന്നു...
-എം.ടി. വാസുദേവന്‍ നായര്‍
താന്നിക്കുന്നിന് മുകളില്‍ കയറിയാല്‍ കര്‍ണൂല്‍ പാലത്തിലൂടെ തീവണ്ടി പോകുന്നത് ഇപ്പോഴും കാണാം. സൂക്ഷ്മമായി നോക്കിയാല്‍ വറ്റിവരണ്ടൊഴുകുന്ന നിളാ നദിയെയും. ഈ കുന്നിന്‍ചരുവകളില്‍ വന്നിരുന്ന് എത്രയെത്ര കഥാപാത്രങ്ങളെയാകും എം.ടി. സൃഷ്ടിച്ചിട്ടുണ്ടാവുക. ചിമിഴില്‍ ഒളിപ്പിച്ചുവെച്ച കൊടുങ്കാറ്റുകള്‍പോലെ, അജ്ഞാതന്റെ ഉയരാത്ത സ്മാരകങ്ങളായി... ജയിച്ചിട്ടും തോല്‍ക്കാന്‍ വിധിക്കപ്പെട്ടവന്റെ വ്യഥകളായി... അവ വായനക്കാരെ പിന്തുടരുന്നു. നിളയുടെ മണ്‍തരികളില്‍പോലും വിഹ്വലതകള്‍ ഒളിഞ്ഞിരിക്കുന്നുവത്രെ!. കാഥികന്റെ പണിപ്പുരയില്‍നിന്നു കാലം അടയാളപ്പെടുത്തിയ കഥാപാത്രങ്ങളായി അവ പിറവികൊണ്ടു. അപ്പുണ്ണിയും സേതുവും ഗോവിന്ദന്‍കുട്ടിയും ഭീമനുമെല്ലാം എനിക്കും ചുറ്റും നൃത്തംവെക്കുന്ന കാലം. 'വളരും വളര്‍ന്ന് വലുതാകു'മെന്ന- നാലുകെട്ടിലെ അപ്പുണ്ണിയുടെ ഈ വാക്കുകള്‍ തിരസ്‌കരിക്കപ്പെടുന്ന നേരത്ത് ഒരിയ്ക്കലെങ്കിലും ഉരുവിടാത്ത യൗവ്വനങ്ങളുണ്ടാകുമോ?. പലകുറി എയ്തു പഠിച്ച വാക്കുകള്‍.

എം.ടിയെന്ന രണ്ടക്ഷരത്തെ ഭ്രമണം ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു? അപ്പുണ്ണിയും സേതുവും ഭീമനും ഗോവിന്ദന്‍കുട്ടിയുമെല്ലാം അനുഭവിച്ച തിരസ്‌കാരത്തിന്റെ നോവായിരിക്കുമോ അത്?. മാധ്യമവിദ്യാര്‍ത്ഥിയായി ഈ നഗരത്തിലെത്തുമ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു. കൊട്ടാരം റോഡിലെ 'സിതാര'യില്‍ മലയാളത്തിന്റെ മഹാകാഥികനുണ്ട്. എന്നെങ്കിലും അടുത്തുചെന്ന് സംസാരിക്കണം. സാധിച്ചാല്‍ ഒരു അഭിമുഖം ചെയ്യണം. ടൗണ്‍ഹാളിലും അളകാപുരിയിലും തുഞ്ചന്‍പറമ്പിലും കാതു കൂര്‍പ്പിച്ച നിമിഷങ്ങള്‍. ഫ്യൂവന്തിസിനെയും മാരിയോ വര്‍ഗാസ് യോസയെയും ആക്‌സല്‍ മുന്‍തയേയും യെവ്തുഷെങ്കോയെയും വിവരിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍. ഒരു ഡയറിയില്‍ അതുവരെ കേള്‍ക്കാത്ത എഴുത്തുകാരുടെ പേരുകള്‍ ഞാന്‍ കുറിച്ചെടുത്തുകൊണ്ടേയിരുന്നു. എഴുത്തുകാരനാകാനായിരുന്നു ആഗ്രഹം. എം.ടി. എഴുതിയതെല്ലാം നക്ഷത്രങ്ങളായി അതേ അക്ഷരങ്ങള്‍ ഞാന്‍ കൂട്ടിയെഴുതിയപ്പോള്‍ കരിക്കട്ടകളായി.
ഒരിക്കൽ കൂടല്ലൂരിലേക്ക് യാത്ര തിരിച്ചു. മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങളെ ഒള്ളിലൊളിപ്പിച്ച് എത്രയെത്ര കഥാപാത്രങ്ങളെയാണ് കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍നിന്നു എം.ടി. സൃഷ്ടിച്ചത്. തൃത്താല പിന്നിട്ട് പഴയ പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ബസ് ഇറങ്ങി, പച്ചപ്പില്‍ പുതച്ചുനില്‍ക്കുന്ന പാടവരമ്പിലൂടെ മാടത്ത് തെക്കേപ്പാട്ട് തറവാട് ലക്ഷ്യമാക്കി നടക്കുമ്പോള്‍ ലീലയെപ്പറ്റിയാണ് ഞാന്‍ ഓര്‍ത്തുപോയത്. 'നിന്റെ ഓര്‍മ്മയ്ക്ക്' എന്ന കഥ തുടങ്ങുന്നതും അങ്ങനെയാണല്ലോ. 'ഒരു പന്തീരാണ്ടിന് ശേഷം ലീലയെപ്പറ്റി ഞാനിന്ന് ഓര്‍ത്തുപോയി, ലീലയെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ പറഞ്ഞുകൊള്ളട്ടെ അവള്‍ എന്റെ സഹോദരി മാത്രമാണ്' -എം.ടിയെന്ന എഴുത്തുകാരനിലേക്കുള്ള കിളിവാതില്‍ ആയിരുന്നു നിന്റെ ഓര്‍മ്മയ്ക്ക് എന്ന കഥ.
ഓപ്പോളും ഇരുട്ടിന്റെ ആത്മാവും ഓളവുംതീരവും നാലുകെട്ടും പിറവിയെടുത്ത ഭൂമികയിലാണ് ഞാന്‍ നില്‍ക്കുന്നത്. മച്ചു പാകിയ മാടത്ത് തെക്കേപ്പാട്ട് വീടിന്റെ ഭിത്തിയില്‍ എം.ടിയുടെ അമ്മയുടെ ഫോട്ടോ തൂക്കിയിട്ടിരുന്നു. പെട്ടെന്ന് ഒരു പിറന്നാളിന്റെ ഓര്‍മ്മ എന്ന കഥയാണ് മനസ്സിലേക്കോടിയെത്തിയത്. ഇടനാഴിയിലുള്ള ചെറിയ മുറികളില്‍ കാലം കനത്തിരുണ്ട് നില്‍ക്കുന്നു. സേതുവെന്ന കഥാപാത്രം പിറവികൊണ്ട വീട്. ചിമ്മിനിയുടെ മങ്ങിയ വെളിച്ചത്തില്‍ പുകയുന്ന തീനാളത്തിനോടെന്നോണം സുമിത്ര മന്ദഹസിച്ചുകൊണ്ട് നിന്നപ്പോള്‍ പൊടുന്നനെ സേതു വിചാരിക്കുന്നുണ്ട് 'സുമിത്രയെ കാണാനെന്തു ഭംഗി''. മുകള്‍ത്തട്ടിലേക്കെത്താനുള്ള വെമ്പലില്‍ തന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുന്നതാരും ശ്രദ്ധിക്കുന്നില്ല. എല്ലാം നേടിയെത്തുമ്പോള്‍ മനസ്സ് പറയും എന്തിനായിരുന്നു ഈ വ്യഗ്രത. ഒടുക്കം വിജയിച്ചിട്ടും പരാജിതനായി എത്തുന്ന സേതു, സുമിത്രയോട് പറയുന്നു. 'എനിക്ക് നിന്നെ ഇഷ്ടമായിരുന്നു'. സുമിത്ര വീണ്ടും വികൃതമായി ചിരിച്ചു. 'ഇഷ്ടം' അയാള്‍ തിണ്ണയിലെ ചാണകമടര്‍ന്ന പാടുകളിലേക്ക് കണ്ണുകള്‍ താഴ്ത്തിയപ്പോള്‍ സുമിത്ര പറയുന്നത് കേട്ടു. 'സേതൂന് എന്നും ഒരാളോടെ ഇഷ്ടമുണ്ടായിരുന്നുള്ളൂ, സേതൂനോട് മാത്രം''. തറവാടിന് വടക്ക് എവിടെയോ ആയിരിക്കണം സുമിത്രയുടെ വീട്...
%20(1).jpg?$p=87ed58d&&q=0.8)
മാടത്ത് തെക്കേപ്പാട്ട് തറവാടിനോട് ചേര്‍ന്ന് നിറയെ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ് തണല്‍ വിരിച്ചുനിന്ന ഒരു ചെറുവഴി താന്നിക്കുന്നിലേക്ക് നീണ്ടുകിടന്നു. എം.ടിയുടെ ഗതകാലസ്മൃതികളില്‍ കണ്ണാന്തളിപ്പൂക്കളെക്കുറിച്ച് പരാമര്‍ശിക്കുന്ന താന്നിക്കുന്നിലേക്ക് നടന്നു. കാലപ്രവാഹത്തില്‍ താന്നിക്കുന്ന് ഇന്ന് ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. ചെങ്കല്‍ ക്വാറികളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും താന്നിക്കുന്നിനെ മുച്ചൂടും മുടിച്ചിരിക്കുന്നു. കൂടല്ലൂരിലെ പുതുതലമുറയ്ക്ക് കണ്ണാന്തളിപ്പൂക്കള്‍ കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. ഈ വഴി കുന്നു കയറിയാണ് കഥാകാരന്‍ മലമക്കാവ് സ്‌കൂളിലേക്ക് പോയിരുന്നത്. മലമക്കാവ് ക്ഷേത്രക്കുളത്തില്‍ നീലത്താമരകള്‍ വിരിഞ്ഞുനിന്നിരുന്ന കാലമുണ്ടായിരുന്നുവത്ര. പക്ഷേ, ഇന്നത് അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു.
താന്നിക്കുന്നിന്റെ ഉച്ചിയില്‍ വെയില്‍ കനത്തു. വറ്റിവരണ്ട കണ്ണീര്‍ക്കണംപോലെ ദൂരെ നിള വിഹരിക്കുന്നു. പണ്ട് വര്‍ഷകാലത്ത് നിള കുലംകുത്തിയൊഴുകും. മാടത്ത് തെക്കേപ്പാട്ട് തറവാട്ട് മുറ്റത്തുവരെ അന്ന് വെള്ളം കയറിയിരുന്നുവത്രെ. 'അറിയാത്ത അദ്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ അറിയുന്ന നിളയെയാണ് എനിക്കിഷ്ട'മെന്ന് എം.ടി. എഴുതാന്‍ കാരണം നിളയുടെ ഭൂതകാലത്തെ ഓര്‍ത്താകണം. താന്നിക്കുന്നിനോട് വിട പറഞ്ഞ് താഴേക്കിറങ്ങി. കുന്നിറങ്ങും വഴി ചെങ്കല്‍ക്കല്ലുകള്‍കൊണ്ട് ചെത്തിമിനുക്കിയ ചെറിയൊരു വീട് കണ്ടു. ഒരു പെണ്‍കുട്ടിയെയും. പേര് അശ്വതി. എം.ടിയെ വായിച്ചിട്ടുണ്ടെന്ന് ആ പെണ്‍കുട്ടി പറഞ്ഞു. താന്നിക്കുന്നിലേക്കുള്ള യാത്രയില്‍ പലരോടും തിരക്കിയിരുന്നു. കൂടല്ലൂരിലെ പുതുതലമുറ എം.ടിയെ വായിച്ചിട്ടില്ലെന്നത് എനിക്ക് അദ്ഭുതമായിരുന്നു.

മാധ്യമപഠനം തീരുന്നവേളയില്‍ തയാറാക്കേണ്ട ഡെസേര്‍ട്ടേഷന് 'കാലം മായ്ക്കാത്ത കഥാപാത്രങ്ങള്‍: എം.ടിയുടെ കഥാപാത്രങ്ങളെക്കുറിച്ച് ഒരു പഠനം' എന്നതായിരുന്നു ഞാന്‍ തിരഞ്ഞെടുത്ത വിഷയം. കൂടല്ലൂരിലേക്ക് നടത്തിയ യാത്രാവിവരണവും അതിനൊപ്പം ചേര്‍ത്തിരുന്നു. ക്ലാസ് എടുക്കാന്‍ വന്നപ്പോള്‍ കാരശ്ശേരി മാഷിനെ കാണിച്ചു. 'കാലം മായ്ക്കാത്ത കഥാപാത്രങ്ങള്‍' എന്ന തലക്കെട്ടിനോട് അദ്ദേഹം വിയോജിച്ചു. മനസ്സില്‍ തീരുമാനിച്ച പ്രകാരം ബഹുമാനം കലര്‍ന്ന ഭയത്തോടെ ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തു. റിസീവര്‍ എടുത്തത് എം.ടി. തന്നെയായിരുന്നു. പത്ത് നിമിഷത്തിനുള്ളില്‍ കാര്യം പറഞ്ഞവസാനിപ്പിച്ചു. ഞാന്‍ എഴുതിയത് ഒന്ന് കാണിക്കണം. അടുത്തയാഴ്ച വിളിക്കാന്‍ പറഞ്ഞ് അദ്ദേഹം ഫോണ്‍വെച്ചു. ദിവസങ്ങള്‍ നീണ്ടു, കണ്ണിന് സുഖമില്ലാത്തതിനാല്‍ ഒന്നും വായിക്കാന്‍ സാധിക്കുന്നില്ലെന്ന് മറുപടി. ദിവസങ്ങള്‍ ആഴ്ചകളും ആഴ്ചകള്‍ മാസങ്ങളുമായി നീണ്ടു. അങ്ങേത്തലയ്ക്കലില്‍നിന്നും മറുപടി:
'നാളെ പോന്നോളൂ'
ഒരേ നിമിഷം അനേകായിരം സ്മൃതിചിത്രങ്ങള്‍ എനിക്ക് ചുറ്റും നൃത്തംവെച്ചു. ഉന്മാദത്തിന്റെയും ആനന്ദത്തിന്റെയും ഒടുക്കം ഭയം തോന്നി. ഉറങ്ങിയിരുന്നോ അന്ന്? ജ്വരം മൂര്‍ച്ഛിച്ചു. നേരം വെളുക്കാന്‍ കാത്തുനില്‍ക്കാതെ നഗരത്തെ ഉപേക്ഷിച്ചു. ബസിറങ്ങി മെയിന്‍ റോഡുകളും മണ്‍പാതകളും പിന്നിട്ട് ഇനിയും വെളിച്ചം വീണു തുടങ്ങിയിട്ടില്ലാത്ത ഇടവഴികള്‍ പിന്നിട്ട് കൈതപ്പൊന്തകള്‍ തഴച്ചുനിന്ന തോട്ടിന്‍കരയിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.
Content Highlights: Through the Fabled Lands kudallur palakkad travel mt vasudevan nair column by arun p gopi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..