ഇന്ത്യയിലെ മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ ദ്വീപ് ആണ് 'വില്ലിങ്ടണ്‍ ഐലന്‍ഡ്'. കേരളത്തില്‍ ഒരു ബ്രിട്ടീഷ് വൈസ്രോയിയുടെ പേരില്‍ അറിയപ്പെടുന്ന ഏക സ്ഥലവും ഇതുതന്നെ. 1936 വരെ ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന വില്ലിങ്ടണ്‍ പ്രഭുവിന്റെ ഓര്‍മയ്ക്കായാണ് ദ്വീപിന് ഇങ്ങനെ പേരു നല്‍കിയത്. ദ്വീപിന് രൂപംകൊടുക്കുന്നതിനായി മുഖ്യപങ്കുവഹിച്ച മണ്ണുമാന്തിക്കപ്പലിന്റെ പേരും 'ലോഡ് വില്ലിങ്ടണ്‍' എന്നായിരുന്നു.
കൊച്ചിക്കായലിലെ 'വെണ്ടുരുത്തി' എന്ന കൊച്ചു ദ്വീപിനോട് ചേര്‍ന്നാണ് കായലിലെ മണ്ണും ചെളിയും മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് കോരിയെടുത്ത് നിക്ഷേപിച്ച് ഈ കൃത്രിമദ്വീപ് നിര്‍മിച്ചത്. ബ്രിട്ടീഷുകാരനായ 'റോബര്‍ട്ട് ചാള്‍സ് ബ്രിസ്റ്റോ' (1880-1966) എന്ന സമര്‍ഥനായ എന്‍ജിനീയര്‍ ആയിരുന്നു ദ്വീപിന്റെ മുഖ്യ ശില്പി എന്നു പറയാം. ഏതാണ്ട് ഒമ്പത് വര്‍ഷത്തോളം വേണ്ടിവന്നു, 800 ഏക്കര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് യാഥാര്‍ഥ്യമാക്കാന്‍.
1920 ഏപ്രില്‍ 30-നാണ് 'ബ്രിസ്റ്റോ സായിപ്പ്' എറണാകുളത്ത് തീവണ്ടിയിറങ്ങിയത്. 1943 ഏപ്രില്‍ 13-ന് ഇവിടം വിടുന്നതുവരെയുള്ള 21 വര്‍ഷത്തെ ബ്രിസ്റ്റോയുടെ ജീവിതം കൊച്ചിയുടെ ഭൂമിശാസ്ത്രത്തെ തന്നെയാണ് മാറ്റിമറിച്ചത്. കൊച്ചിക്കായലിലെ മണ്ണ് കോരി അഴിമുഖത്തിന് ആഴം കൂട്ടി, കൂറ്റന്‍ കപ്പലുകള്‍ക്കും സുരക്ഷിതമായി അടുക്കാന്‍ പാകത്തില്‍ കൊച്ചി തുറമുഖത്തെ വന്‍കിട തുറമുഖമാക്കി വികസിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതും ആജാനുബാഹുവായ ഈ സായിപ്പായിരുന്നു.
ബ്രിസ്റ്റോ എഴുതിയ 'കൊച്ചിന്‍ സാഗ' ('കൊച്ചിയുടെ ഇതിഹാസം') എന്ന ഗ്രന്ഥം പഴയ കൊച്ചിയുടേയും പുതിയ കൊച്ചിയുടെയും കഥപറയുന്നു. അഴിമുഖത്തിന് തടസ്സമായി നിന്നിരുന്ന മണല്‍ത്തിട്ട വെട്ടിമുറിച്ച് കടലിലേക്ക് ചാല്‍കീറി, അതില്‍ നിന്ന് കിട്ടിയ മണ്ണും ചെളിയും വെണ്ടുരുത്തിയുടെ വടക്കുഭാഗത്ത് കല്‍ച്ചിറ കെട്ടി അതിനകത്ത് നിക്ഷേപിച്ച് നികത്തിയെടുത്താണ്, ബ്രിസ്റ്റോയും അദ്ദേഹത്തിന്റെ യന്ത്രങ്ങളും പണിക്കാരും കൂടി അത്യധ്വാനം ചെയ്ത് പുതിയ ദ്വീപ് സൃഷ്ടിച്ചത്.
1933 ഡിസംബര്‍ 8-ന് നടന്ന ചടങ്ങില്‍ കൊച്ചി മഹാരാജാവ് രാമവര്‍മയാണ്, അന്ന് മദ്രാസ് ഗവര്‍ണറായിരുന്ന ലോഡ് വില്ലിങ്ടണിന്റെ പേര് പുതിയ ദ്വീപിന് ഇടണമെന്ന് നിര്‍ദേശിച്ചത്. പിന്നീട് അദ്ദേഹം ഇന്ത്യയുടെ വൈസ്രോയി ആയി. ലോഡ് വില്ലിങ്ടണ്‍ ആ നിര്‍ദേശം സസന്തോഷം സ്വീകരിക്കുകയും ചെയ്തു. തുറമുഖ നിര്‍മാണത്തിന് ഏറ്റവുമധികം താത്പര്യമെടുത്ത വ്യക്തികൂടിയായിരുന്നു ലോഡ് വില്ലിങ്ടണ്‍. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ പത്‌നിയും ഒട്ടും കുറയാത്ത താത്പര്യമെടുത്തിരുന്നു.
ദ്വീപ് നിര്‍മാണത്തിന് ആദ്യം ഉപയോഗിച്ച മണ്ണുമാന്തിക്കപ്പലിന്റെ പേര് 'ലോഡ് വില്ലിങ്ടണ്‍' എന്നായിരുന്നുവെങ്കില്‍, രണ്ടാമത്തേതിന്റെ പേര് 'ലേഡി വില്ലിങ്ടണ്‍' എന്നായിരുന്നു. അന്ന് കൊച്ചി രാജ്യത്തെ ദിവാന്‍ ആയിരുന്ന ആര്‍.കെ. ഷണ്‍മുഖം ചെട്ടി, കൊച്ചിയെ തഴഞ്ഞ് തൂത്തുക്കുടി തുറമുഖത്തിന് വേണ്ടി ചില കരുനീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല എന്ന് എടുത്തുപറയേണ്ടതുണ്ട്.
1935 മാര്‍ച്ച് 9-ന് പുതിയ തുറമുഖത്ത് 'ബിബ്ബി ലൈനര്‍' എന്ന വലിയ കപ്പല്‍ ആദ്യമായി അടുത്തു. അതിന് മുമ്പ് തുറമുഖത്തു നിന്ന് നാല് കിലോമീറ്ററകലെ പുറങ്കടലില്‍ കപ്പലുകള്‍ നങ്കൂരമിട്ടശേഷം 'പത്തേമാരി'കളിലാണ് തുറമുഖത്തേക്ക് ചരക്കെത്തിച്ചിരുന്നത്. 1936-ലാണ് കൊച്ചിയെ മേജര്‍ തുറമുഖമായി പ്രഖ്യാപിക്കുന്നത്. പുതുതായി രൂപംകൊണ്ട ദ്വീപില്‍ അറുന്നൂറേക്കറോളം സ്ഥലവും തുറമുഖത്തിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തിയത്.
1935-ല്‍ തന്നെയാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള 'മലബാര്‍ ഹോട്ടല്‍' എന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഐലന്‍ഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതും. 'കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ്' റെയില്‍വേ സ്റ്റേഷനും വില്ലിങ്ടണ്‍ ഐലന്‍ഡിലാണ്. ഏതാനും വര്‍ഷം മുമ്പുവരെ ഷൊര്‍ണൂര്‍-കൊച്ചി തീവണ്ടിപ്പാത അവസാനിച്ചിരുന്നത് ഇവിടെയായിരുന്നു. കുണ്ടന്നൂരില്‍ നിന്ന് ഐലന്‍ഡിലേക്ക് പുതിയ പാലം വഴി ഇപ്പോള്‍ ദേശീയപാതയുമുണ്ട്.
വില്ലിങ്ടണ്‍ ദ്വീപിനെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന 'വെണ്ടുരുത്തി പാലം' ഒരു വെല്ലുവിളിയായി അന്ന് ഏറ്റെടുത്തതും ബ്രിസ്റ്റോ തന്നെയായിരുന്നു. രണ്ടാം ലോകയുദ്ധം മൂലം ഇരുമ്പിനും മറ്റും ക്ഷാമമുള്ള കാലത്തായിരുന്നു പാലം പണി. 'നവീനകൊച്ചിയുടെ ശില്പി' എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അദ്ദേഹമാണ്, വൈപ്പിന്‍ തീരത്തെ കലടാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയുള്ള കടല്‍ഭിത്തി വിഭാവനം ചെയ്തതും.
വെള്ളക്കാര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ക്ലബ്ബുകളുണ്ടായിരുന്ന കാലത്ത്, നാട്ടുകാര്‍ക്ക് ഒത്തുകൂടാന്‍ എറണാകുളത്ത് 'ലോട്ടസ് ക്ലബ്ബ്' സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതും ബ്രിസ്റ്റോ ആണ്. 1931 മുതല്‍ 41 വരെ 'ലേഡി ബ്രിസ്റ്റോ' ആയിരുന്നു ഇതിന്റെ പ്രസിഡന്റ്. സാമൂഹികരംഗത്ത് ആ മഹതി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.
'വെണ്ടുരുത്തി' ലേഖനത്തില്‍ ആല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള 'ഡച്ച്' നാവികര്‍ എന്നത് ശരിയല്ല, 'പോര്‍ച്ചുഗീസ്'' നാവികര്‍ എന്നതാണ് ശരി.
Content Highlights: Willingdon Island, History of Willingdon Island, Sthalanaamam
അടുത്തത്: വാത്തുരുത്തി