റണാകുളത്തു നിന്നും തോപ്പുംപടി ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോള്‍ തേവരപ്പാലം കഴിഞ്ഞ് കേന്ദ്രീയ വിദ്യാലയയുടെ പടിഞ്ഞാറേ അതിരു മുതല്‍ വാത്തുരുത്തി റെയില്‍വേ ലെവല്‍ ക്രോസ് വരെ റോഡിന്റെ ഇടതുഭാഗത്ത് തീവണ്ടിപ്പാതയ്ക്ക് സമാന്തരമായി നെടുനീളത്തില്‍ കിടക്കുന്ന പ്രദേശമാണ് 'വാത്തുരുത്തി'. ഏതാണ്ട് എട്ടേക്കറോളം മാത്രം വിസ്തൃതിയുള്ള ഈ പ്രദേശത്ത് പതിനായിരത്തോളം ആളുകളാണ് തിങ്ങിപ്പാര്‍ക്കുന്നത്.

തെക്ക് വെണ്ടുരുത്തിപ്പുഴ, വടക്ക് എറണാകുളത്ത് നിന്നു കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനലിലേക്കു പോകുന്ന തീവണ്ടിപ്പാത, കിഴക്ക് നേവല്‍ ബേസിന്റെ മേഖല, പടിഞ്ഞാറ് കൊച്ചിന്‍ പോര്‍ട്ടിന്റെ സ്ഥലം ഇങ്ങനെയാണ് അതിരുകള്‍. പണ്ടിവിടം തീരെ ജനവാസം കുറഞ്ഞ പ്രദേശം ആയിരുന്നു. നിറയെ ചതുപ്പുകളും പാടങ്ങളും തോടുകളും. വെണ്ടുരുത്തിയോട് തൊട്ട് അതിന്റെ വാല്‍പോലെ നീണ്ടുകിടക്കുന്ന പ്രദേശമായതുകൊണ്ട് ഈ സ്ഥലത്തിനു 'വാല്‍തുരുത്ത്' എന്നു പേരുവീണു. ഈ വാല്‍തുരുത്ത് ആണ് വാമൊഴി വഴക്കത്തില്‍ 'വാത്തുരുത്തി' ആയി രൂപാന്തരപ്പെട്ടത്. 

ആദ്യം ഇവിടെ പത്തുപന്ത്രണ്ടു കുടുംബക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ക്രമേണ ജനവാസം കൂടി വന്നു. കൃഷി ചെയ്യുന്ന പാടങ്ങളൊക്കെ നികത്തി അവിടെയും വീടുവയ്ക്കാന്‍ തുടങ്ങി ആളുകള്‍. അധികവും കുടികിടപ്പുകാരായിരുന്നു. ആറേക്കറോളം സ്ഥലം കനറാ ബാങ്കിന്റെ കൈവശഭൂമിയായിരുന്നു. ബാക്കി കാഞ്ഞൂര്‍ പള്ളി വകയും മട്ടാഞ്ചേരിയിലെ ചില സേട്ടുമാരുടെ വകയും. 1957-ലെ ഭൂപരിഷ്‌കരണനിയമം വന്നതോടെ കുടിയാന്മാര്‍ക്ക് ഉടമസ്ഥാവകാശം കിട്ടി. പള്ളുരുത്തി പഞ്ചായത്തില്‍പ്പെട്ട പ്രദേശമായിരുന്ന കാലത്ത് കെട്ടിടനിര്‍മാണാനുമതി വേണ്ടാത്തതിനാല്‍ ഇഷ്ടിക കൊണ്ടുകെട്ടി ചുവരു തേയ്ക്കാത്ത ഓടിട്ട ഒറ്റമുറി വീടുകള്‍ ധാരാളമായി ഉയര്‍ന്നു.

നാവികത്താവളത്തിന്റെ പണി തുടങ്ങിയപ്പോള്‍ വെണ്ടുരുത്തിയില്‍ നിന്നു കുടിയിറക്കപ്പെട്ടവര്‍ നെട്ടൂര്‍, പള്ളുരുത്തി, പെരുമ്പടപ്പ് തുടങ്ങിയിടങ്ങളിലേക്കും വാത്തുരുത്തിയിലേക്കും പറിച്ചു നടപ്പെട്ടു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ മണ്ണുകുഴിക്കാനുള്ള പിക്കാസും കൂന്താലിയുമൊക്കെയായി തമിഴ്നാട്ടില്‍ നിന്നു തൊഴിലാളികള്‍ കൂട്ടത്തോടെ എത്തി. അവരില്‍ ഭൂരിഭാഗവും വാത്തുരുത്തിയിലാണ് തങ്ങിയത്. നാട്ടുകാര്‍ വീടുകളോടു ചേര്‍ന്ന് ചാര്‍ത്തുകളും ഷെഡ്ഡുകളുമുണ്ടാക്കി തമിഴന്മാര്‍ക്കു പാര്‍പ്പിട സൗകര്യമൊരുക്കി. ഒരു ഷെഡ്ഡില്‍ ഇരുപതും മുപ്പതും പേരാണ് അക്കാലത്ത് അന്തിയുറങ്ങിയിരുന്നത്.

കെട്ടിട നിര്‍മാണത്തൊഴിലാളികളായ ആണുങ്ങളും പെണ്ണുങ്ങളുമുള്‍പ്പെടെ ഏകദേശം അയ്യായിരം തമിഴന്മാര്‍ ഇപ്പോഴും വാത്തുരുത്തിയിലെ വാടകവീടുകളിലുണ്ട്. ഇവരില്‍ പലരുടെയും മക്കള്‍ തമിഴ്നാട്ടില്‍ എന്‍ജിനീയറിങ്ങിനും മറ്റുമാണ് പഠിക്കുന്നത്. ശനിയാഴ്ച രാത്രി നാട്ടില്‍ പോയി തിങ്കളാഴ്ച രാവിലെ മടങ്ങിവരുന്നവരാണ് ഭൂരിഭാഗവും. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ഏതാനും ബസുകള്‍ ഇവരേയും കൊണ്ട് പതിവായി തമിഴ്നാട്ടിലേക്ക് യാത്രയാകും. ഞായറാഴ്ച അത്താഴം കഴിഞ്ഞ് ബസില്‍ തന്നെ മടക്കയാത്ര. പുലര്‍ച്ചയോടെ തിരിച്ച് വാത്തുരുത്തിയില്‍.

വളരെ മര്യാദക്കാരാണ് വാത്തുരുത്തിയിലെ തമിഴ് തൊഴിലാളികള്‍. നാട്ടുകാരുമായി സൗഹൃദവും സന്തോഷവും സമാധാനവും നിറഞ്ഞ നല്ല ബന്ധം. പണി കഴിഞ്ഞെത്തിയാല്‍ വൈകുന്നേരം ഇവര്‍ നിരന്നിരുന്ന് വിശ്രമിക്കുന്നത് ഗതാഗതമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന റെയില്‍വേ ട്രാക്കിലാണ്. എപ്പോഴും നല്ല കാറ്റുള്ളതിനാല്‍ ഇവിടെ കൊതുകില്ല. പൊതുടാപ്പില്‍ 24 മണിക്കൂറും തടസ്സമില്ലാതെ ശുദ്ധജലവും കിട്ടും. തമിഴന്മാര്‍ക്ക് സ്വര്‍ഗലോകം തന്നെയാണ് വാത്തുരുത്തി.

അടുത്തത്: സൗദി

Content Highlights: Vathuruthy, Sthalanamam, History of Vathuruthy