Vadakkekara Church'വടക്കേക്കര' എന്ന പേരില്‍ ഒരു പ്രത്യേക സ്ഥലമില്ല. എന്നാല്‍, ഈ പേരില്‍ ഒരു വില്ലേജും ഒരു പഞ്ചായത്തും ഉണ്ട്. അടുത്തകാലംവരെ വടക്കേക്കര എന്ന പേരില്‍ ഒരു നിയമസഭാ നിയോജകമണ്ഡലം ഉണ്ടായിരുന്നു.

എറണാകുളം ജില്ലയുടെ വടക്കേ അതിര്‍ത്തിയിലാണ് വടക്കേക്കര ഗ്രാമപ്പഞ്ചായത്ത്. രാജഭരണകാലത്താകട്ടെ, ഇത് പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ വടക്കേ അതിര്‍ത്തി കൂടിയായിരുന്നു. തിരുവിതാംകൂറിനെയും കൊച്ചിയെയും തമ്മില്‍ വേര്‍തിരിക്കുന്ന പഴയ അതിര്‍ത്തിക്കല്ലുകള്‍ ഇപ്പോഴും ഇവിടെ പലേടത്തും കാണാം.

വടക്കേക്കര പഞ്ചായത്തിന്റെ വടക്കുഭാഗത്ത് പുത്തന്‍വേലിക്കരയും തൃശ്ശൂര്‍ ജില്ലയിലെ എറിയാട്, മേത്തല പഞ്ചായത്തുകളും തെക്ക് ചിറ്റാറ്റുകര, പള്ളിപ്പുറം പഞ്ചായത്തുകളും കിഴക്ക് പുത്തന്‍വേലിക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളും പടിഞ്ഞാറ് പള്ളിപ്പുറം, എറിയാട് പഞ്ചായത്തുകളുമാണ്. 'പെരിയാറിന്റെ വടക്കേക്കര'യില്‍ സ്ഥിതിചെയ്യുന്ന സ്ഥലമായതിനാലാവണം ഇതിന് 'വടക്കേക്കര' എന്ന് പേരുകിട്ടിയത്. അല്ലെങ്കില്‍, തിരുവിതാംകൂറിന്റെ 'വടക്കേ അറ്റത്തെ കര' എന്ന നിലയ്ക്കുമാവാം.

എറണാകുളത്ത് നിന്ന് 25 കിലോമീറ്ററും ആലുവയില്‍ നിന്ന് 23 കിലോമീറ്ററുമാണ് ഇങ്ങോട്ടുള്ള ദൂരം. ആദ്യം വടക്കേക്കര വളരെ വലിയ പഞ്ചായത്തായിരുന്നു. പിന്നീട് ഇതിന്റെ കുറേ ഭാഗങ്ങള്‍ ചിറ്റാറ്റുകര, പള്ളിപ്പുറം പഞ്ചായത്തുകളിലേക്ക് മാറ്റി. ഇപ്പോള്‍ 9.32 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം.

മൂത്തകുന്നം, മാല്യങ്കര, കുഞ്ഞിത്തൈ, വാവക്കാട്, തുരുത്തിപ്പുറം, കൊട്ടുവള്ളിക്കാട്, അണ്ടിപ്പിള്ളിക്കാവ് തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെയാണ്. ചെട്ടിക്കാട്, വാവക്കാട്, കൂട്ടുകാട്, പറയകാട്, കൊട്ടുവള്ളിക്കാട് തുടങ്ങി 'കാട്' എന്നവസാനിക്കുന്നതും ഒറവന്തുരുത്ത്, മുറവന്തുരുത്ത്, കട്ടത്തുരുത്ത്, പാല്യതുരുത്ത്, മടപ്‌ളാതുരുത്ത് എന്നിങ്ങനെ 'തുരുത്തി'ല്‍ അവസാനിക്കുന്നതുമായ നിരവധി സ്ഥലനാമങ്ങളുമുണ്ട് ഈ പഞ്ചായത്തില്‍. തുരുത്തിപ്പുറവും ഉണ്ട് (തൊട്ടപ്പുറത്ത് പുത്തന്‍വേലിക്കര പഞ്ചായത്തിലുമുണ്ട് ഒരു 'തുരുത്തിപ്പുറം').

ജനവാസം കാര്യമായി ഇല്ലാതിരുന്നകാലത്ത് ഇവിടെ ധാരാളം കാടുകളുണ്ടായിരുന്നു. ചെത്തിച്ചെടികള്‍ ഇടതിങ്ങി തഴച്ചുവളര്‍ന്നിരുന്ന 'ചെത്തിക്കാട്' ആണ് ചെത്തിക്കാടും പിന്നീട് ചെട്ടിക്കാടും ആയതെന്ന് കരുതാം. ധാരാളം പറവകള്‍ (പക്ഷികള്‍) ഉള്ള കാട് പറവക്കാടും പില്‍ക്കാലത്ത് പാവക്കാടും ഒടുവില്‍ വാവക്കാടും ആയി. കൊട്ടയുണ്ടാക്കുന്ന വള്ളികള്‍ സമൃദ്ധമായി വളര്‍ന്നിരുന്ന കാടാവണം 'കൊട്ടവള്ളിക്കാട്' ആയത് ('കോട്ടുവള്ളി' എന്ന സ്ഥലപ്പേരുണ്ടായതും ഇതേ കാരണത്താലാണ്). വടക്കേക്കരയുടെ മൂന്നുവശവും പുഴയൊഴുകുന്നതിനാല്‍ സ്വാഭാവികമായും തുരുത്തുകളും ഉണ്ടായിരിക്കുമല്ലോ. പക്ഷേ, പണ്ടുണ്ടായിരുന്ന പല തുരുത്തുകളും തോട് നികന്നും ആളുകള്‍ നികത്തിയും തുരുത്തല്ലാതായി. എങ്കിലും പഴയ 'തുരുത്ത്' എന്ന പേര് ഇവയ്ക്ക് നില നിന്നു.

വടക്കേക്കരയുടെ തെക്കേ അറ്റത്തുള്ള മുറവന്‍തുരുത്തിലാണ് പഞ്ചായത്തോഫീസ്. ഇവിടെ പണ്ട് 'കുറവന്മാര്‍' താമസിച്ചിരുന്നെന്നും അതിനാല്‍ 'കുറവന്‍തുരുത്ത്' എന്ന് പേരുവീണെന്നും പിന്നീടത് 'മുറവന്‍തുരുത്ത്' ആയതാണെന്നും പറയുന്നു. വര്‍ഷംതോറും 'തിടമ്പ് മത്സരം' നടക്കുന്ന വിജ്ഞാന പ്രകാശ സംഘം വക ചക്കുമരശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം ഇവിടെയാണ്.

ടിപ്പുവുമായുള്ള യുദ്ധത്തില്‍ പ്രാധാന്യം നേടിയ കുര്യാപ്പിള്ളി ഈ പഞ്ചായത്തിലാണ്. 'കുര്യാപ്പിള്ളി കോട്ട' ടിപ്പു പിടിച്ചടക്കുകയുണ്ടായി. 1790-ലായിരുന്ന അത്. പടയോട്ടത്തില്‍ മൈസൂര്‍ സൈന്യം കൊള്ളയും കൊള്ളിവെപ്പും നടത്തി. തന്നെ പ്രതിരോധിക്കാന്‍ കെട്ടിയ 'നെടുങ്കോട്ട' ടിപ്പു ഭേദിച്ചു. പാലങ്ങള്‍ വരുന്നതിനു മുമ്പ് കുര്യാപ്പിള്ളിയിലെയും മൂത്തകുന്നത്തെയും കടത്തുകളില്‍ സദാ യാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്കായിരുന്നു.

പണ്ട് ഈ നാട്ടുകാരുടെ പ്രധാന തൊഴില്‍ തൊണ്ടുതല്ലലും ചകിരിപിരിച്ച് കയറുണ്ടാക്കലും കള്ളുചെത്തും കള്ളില്‍ നിന്ന് ചക്കരയുണ്ടാക്കലും ചെമ്മീന്‍ പരിപ്പും ഉണക്കമീനും കയറ്റി അയയ്ക്കലുമായിരുന്നു. മറ്റെല്ലായിടത്തുമെന്ന പോലെ, കയര്‍ വ്യവസായം ഇപ്പോള്‍ ഇവിടെയും പ്രതിസന്ധിയിലാണ്.

വാവക്കാട് ഒരുകാലത്ത് കയര്‍ ഉത്പാദനത്തിന്റെ കേന്ദ്രമായിരുന്നു. നിരവധി കയര്‍ സഹകരണ സംഘങ്ങളുണ്ടായിരുന്നു ഇവിടെ. കൂലി ആകര്‍ഷകമല്ലാത്തതും ഉത്പാദനച്ചെലവ് അനുസരിച്ച് വില കിട്ടാത്തതും കൃത്രിമ ഫൈബര്‍ വിപണി കീഴടക്കിയതും കയറുത്പാദനത്തില്‍ നിന്ന് പരമ്പരാഗത തൊഴിലാളികളെ പിന്തിരിപ്പിച്ചു.

ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ 'ചെട്ടിക്കാട്' വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന 'ഊട്ടു തിരുനാള്‍' പ്രസിദ്ധമാണ്. തിരുനാളിന് രണ്ടുലക്ഷത്തോളം പേര്‍ക്കാണ് സദ്യയൊരുക്കാറ്. 'കിഴക്കിന്റെ പാദുവ' എന്നാണ് ചെട്ടിക്കാട് അറിയപ്പെടുന്നത്.

ശ്രീമൂലം പ്രജാസഭാ അംഗവും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഉദയിപറമ്പില്‍ കണ്ടന്‍ ഇക്കണ്ണന്‍ (18451922) വാവക്കാടുകാരനായിരുന്നു. വാവക്കാട്ട് ആദ്യത്തെ പ്രാഥമിക വിദ്യാലയത്തിന് ആരംഭം കുറിച്ചത് അദ്ദേഹമാണ്.

(Writer is.... എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഫോണ്‍: 9847900443)

അടുത്തത്: ചിറ്റാറ്റുകര

Content Highlights: Vadakkekara, History of Vadakkekara, Sthalanaamam