ഴമ്പിള്ളിതുരുത്ത് രണ്ടെണ്ണമുണ്ട്... വലിയ പഴമ്പിള്ളിതുരുത്ത്, ചെറിയ പഴമ്പിള്ളിതുരുത്ത്, വി.പി. തുരുത്ത് എന്നും സി.പി. തുരുത്ത് എന്നുമാണ് യഥാക്രമം ഇവയുടെ ചുരുക്കപ്പേര്. ചേന്ദമംഗലം പഞ്ചായത്തിന്റെ ഏഴാം വാര്‍ഡും പുത്തന്‍വേലിക്കരയുടെ പതിനൊന്നാം വാര്‍ഡും ഉള്‍പ്പെട്ട ദ്വീപാണ് വലിയ പഴമ്പിള്ളിതുരുത്ത്. ചെറിയ പഴമ്പിള്ളിതുരുത്ത് ചേന്ദമംഗലം പഞ്ചായത്തില്‍ത്തന്നെ.

വലിയ പഴമ്പിള്ളിതുരുത്ത് കൂടാതെ 'വി.പി. തുരുത്ത്' എന്ന് ചുരുക്കപ്പേരുള്ള മറ്റു രണ്ട് തുരുത്തുകള്‍ കൂടിയുണ്ട്. ചേന്ദമംഗലം പഞ്ചായത്തിലെ വലിയ പല്ലംതുരുത്തും ചേന്ദമംഗലത്തിനടുത്ത് വടക്കേക്കര പഞ്ചായത്തിലെ വലിയപണിക്കന്‍ തുരുത്തും. ചേന്ദമംഗലം തുരുത്തുകളുടെ പഞ്ചായത്താണ് -ഗോതുരുത്ത്, കടല്‍വാതുരുത്ത്, പാലാതുരുത്ത്, കുറുമ്പതുരുത്ത്, കുഞ്ഞവരാതുരുത്ത്... ഇങ്ങനെ പോകുന്ന അവയുടെ പേരുകള്‍.

ഏതാണ്ട് ഇരുന്നൂറേക്കര്‍ വിസ്തൃതിയും ഇരുന്നൂറ്റമ്പതോളം വീടുകളും ആയിരത്തിലേറെ ജനസംഖ്യയുമുള്ള വലിയ പഴമ്പിള്ളിതുരുത്ത് ആദ്യകാലത്ത് കുറച്ചുഭാഗം കൊച്ചിയിലും കുറച്ചുഭാഗം തിരുവിതാംകൂറിലും ഉള്‍പ്പെട്ടതായിരുന്നു. ഇപ്പോഴും ദ്വിപില്‍ പലേടത്തായി പണ്ടത്തെ 'കൊ തി' കല്ലുകള്‍ കാണാം. വടക്കുഭാഗം കൊച്ചിയും തെക്ക് തിരുവിതാംകൂറും ആയിരുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രളയത്തിന്റെ ഫലമായി വച്ചുണ്ടായ ദ്വീപായിരിക്കാം ഇത്. ദ്വീപിന്റെ ഒരുവശത്തുകൂടി പെരിയാറും മറുവശത്തുകൂടി ചാലക്കുടിപ്പുഴയും ഒഴുകുന്നു. ഇവ രണ്ടും ഒന്നുചേര്‍ന്ന് കോട്ടപ്പുറം കായലിലൂടെ അറബിക്കടലിലാണ് ചെന്നുചേരുന്നത്. പണ്ട് ഒന്നായി ഒഴുകിയിരുന്ന ഈ പുഴകള്‍, ദ്വീപിനെ സമ്മാനിച്ചുകൊണ്ട് ഏതോകാലത്ത് രണ്ടായി പിരിഞ്ഞതുമാവാം.

പ്രകൃതിയുടെ സമ്മാനമായി കിട്ടിയ ഈ ദ്വീപ്, അന്നത്തെ ഭരണകര്‍ത്താക്കളായ 'പാലിയം' വക സ്വത്തായി മാറി. 'പാലിയത്തച്ചന്‍' ഇത് പലര്‍ക്കായി പാട്ടത്തിനു നല്‍കി. പാട്ടക്കാര്‍ ദ്വീപില്‍ ഏത്തവാഴ കൃഷി ആരംഭിച്ചു. നല്ല വളക്കൂറുള്ള മണ്ണായതിനാല്‍ നല്ല വലിപ്പമുള്ള ഏത്തക്കുലകള്‍ സമൃദ്ധമായി ഉണ്ടായി. കായ പഴുത്തപ്പോള്‍ നല്ല ഒന്നാന്തരം ഏത്തപ്പഴം. തുരുത്തിലെ പഴത്തിന് വെളിയില്‍ വളരെ പ്രിയമായി. തുരുത്ത് അങ്ങനെ പഴത്തിന്റെ പേരിലറിയപ്പെടാന്‍ തുടങ്ങി... 'പഴമ്പിള്ളിതുരുത്ത്' എന്ന്. അപ്പുറത്ത് മറ്റൊരു ചെറിയ തുരുത്തുള്ളതിനാല്‍ ഇത് വലിയ പഴമ്പിള്ളി തുരുത്തും മറ്റേത് ചെറിയ പഴമ്പിള്ളിതുരുത്തും ആയി. ഇപ്പോഴിവിടെ ഇംഗ്‌ളീഷില്‍ 'ബിഗ് ബനാന ഐലന്‍ഡ്' എന്നും ബോര്‍ഡ് വച്ചിട്ടുണ്ട്.

വാഴ കൂടാതെ, പണ്ട് പച്ചമുളകും പാവലും പീച്ചിലും എള്ളും തിനയും റാഗി പുല്ലുമൊക്കെ കൃഷി ചെയ്തിരുന്നു. ഫലഭൂയിഷ്ടമായ മണ്ണും ജലസമൃദ്ധിയും ഉള്ളതിനാല്‍ വളംചെയ്യാതെ തന്നെ ഒന്നാന്തരം വിളവ് ലഭിക്കുമായിരുന്നു. ടണ്‍ കണക്കിന് പച്ചമുളകാണ് അന്നൊക്കെ വള്ളങ്ങളില്‍ നിറച്ച് കോട്ടപ്പുറം മാര്‍ക്കറ്റിലേക്ക് പോയിരുന്നത്. ഇവിടെ വിളയുന്ന നല്ല വലിപ്പവും കരിമ്പച്ച നിറവുമുള്ള പച്ചമുളക് അന്ന് പ്രസിദ്ധമായിരുന്നു.

തെങ്ങും സമൃദ്ധമായി ഉണ്ടായിരുന്നു. ചെത്ത് തെങ്ങുകളായിരുന്നു അധികവും. അന്നൊക്കെ രാവിലെ തുരുത്തിനപ്പുറത്ത് കരിപ്പായിക്കടവില്‍ നിന്നാല്‍ ചെത്ത് തൊഴിലാളികള്‍ കള്ള് ചെത്തിയിറക്കി, ഒരാള്‍ക്ക് കയറിയിരുന്ന് തുഴയാവുന്ന ചെറുവഞ്ചികളില്‍ കള്ളുകുടങ്ങളുമായി നിരനിരയായി തുഴഞ്ഞുവരുന്നത് കാണാമായിരുന്നു. ഈ കാഴ്ച പലരുടെയും മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു.

തുരുത്തില്‍ വീടുകളുടെ എണ്ണം കൂടിയപ്പോള്‍ കൃഷിസ്ഥലം കുറഞ്ഞുകുറഞ്ഞ് വന്നു. സ്ഥലവില കൂടിയപ്പോള്‍ കൃഷി ഉപേക്ഷിച്ച് ആളുകള്‍ എല്ലായിടത്തും വീടുകള്‍ വച്ചു. എന്നാല്‍, വാഴത്തോട്ടങ്ങള്‍ ഇപ്പോഴുമുണ്ട്.

ചേന്ദമംഗലത്തെ തുരുത്തുമായി ബന്ധിപ്പിക്കുന്ന കരിപ്പായിക്കടവ് പാലവും തുരുത്തിനെ പുത്തന്‍വേലിക്കരയുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷന്‍കടവ് പാലവും വന്നതോടെ എറണാകുളത്ത് നിന്ന് ഇതുവഴി തൃശ്ശൂര്‍ ഭാഗത്തേക്കുള്ള യാത്ര എളുപ്പമായി. സ്റ്റേഷന്‍കടവ് പാലമിറങ്ങി വലത്തോട്ടു തിരിഞ്ഞാല്‍ മാള-ചാലക്കുടി ഭാഗത്തേക്കും തെക്കോട്ട് പോയാല്‍ കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം ഭാഗത്തേക്കും പോകാം.

പണ്ടൊക്കെ തുരുത്തിലെ കുട്ടികള്‍ക്ക് വഞ്ചിയില്‍ കയറി വേണമായിരുന്നു ചേന്ദമംഗലത്തെ സ്‌കൂളിലെത്താന്‍. ഇപ്പോള്‍ സ്‌കൂള്‍ബസുകള്‍ തുരുത്തിലേക്ക് കുട്ടികളെ തേടിയെത്തും.

തുരുത്തില്‍ പ്രചാരത്തിലുള്ള ഒരു പഴങ്കഥയുണ്ട്: ശക്തന്‍തമ്പുരാന്റെ കപ്പിത്താനും മാന്ത്രികനുമായ 'പണിക്കരച്ചന്‍' പാലിയത്ത് വരികയും അവിടത്തെ തമ്പുരാട്ടിമാരെ വശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, പാലിയത്തച്ചന്‍ അയാളെ തുരുത്തില്‍ കൊണ്ടുവന്ന് മാളവനപ്പുഴയുടെ തീരത്തുള്ള പാറയില്‍ വച്ച് വകവരുത്തിയത്രെ. 'പണിക്കരച്ചന്‍' തുരുത്തിന്റെ രക്ഷകനായി രാത്രികാലങ്ങളില്‍ അലഞ്ഞുനടക്കുമായിരുന്നു പോലും. ഏതായാലും പണിക്കരച്ചനെ വധിച്ചുവെന്ന് പറയപ്പെടുന്ന പാറയ്ക്ക് മുകളില്‍ ഒരു ക്ഷേത്രമുണ്ടിപ്പോള്‍... 'കപ്പിത്താന്‍പാറ' എന്നാണ് ഈ പാറ അറിയപ്പെടുന്നത്.

1928-ല്‍ ശ്രീനാരായണ ഗുരു ഇവിടെ വന്നതായി പറയുന്നു. 1920-ല്‍ ഇവിടത്തെ ചെറുപ്പക്കാര്‍ 'ധര്‍മപോഷിണി സഭ' എന്ന കൂട്ടായ്മയുണ്ടാക്കി, ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രവും 1926-ല്‍ ലോവര്‍ പ്രൈമറി സ്‌കൂളും സ്ഥാപിച്ചു. ഒരു ക്രിസ്ത്യന്‍ പള്ളിയുമുണ്ട് ഇവിടെ. തുരുത്തിലേക്ക് ഇപ്പോള്‍ ധാരാളം വിനോദസഞ്ചാരികള്‍ എത്താറുണ്ട്. അവര്‍ക്കുവേണ്ടി ഏതാനും റിസോര്‍ട്ടുകളുമുണ്ട് ഇവിടെ.

(Writer is.... എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഫോണ്‍: 9847900443)

അടുത്തത്: മൂലമ്പിള്ളി

Content Highlights: Sthalanamam, Pazhampilly Thuruth, History of Pazhampilly Thuruth