പാലങ്ങള്‍ വരുന്നതിനുമുമ്പ് എരൂര്‍ ഒരു ഉപദ്വീപ് ആയിരുന്നു. മൂന്നുവശവും പുഴ... വടക്ക് എരൂര്‍പ്പുഴ, കിഴക്ക് നെടുങ്ങാപ്പുഴ, പടിഞ്ഞാറ് കണിയാമ്പുഴ. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ഭാഗമാണിപ്പോള്‍ എരൂര്‍. പണ്ടിവിടം പഞ്ചായത്ത് പ്രദേശം ആയിരുന്നു. പഴയ പേര് 'എരവൂര്‍' എന്നായിരുന്നു. പറഞ്ഞുപറഞ്ഞാണ് എരൂര്‍ ആയത്.

'എരൂര്‍' എന്ന പേരില്‍ ഒരു സ്ഥലം കൊല്ലം ജില്ലയില്‍ പുനലൂരിനടുത്തുമുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ മണലൂരിനടുത്ത് 'എരവ്' എന്നുമുണ്ട് ഒരു സ്ഥലം. സത്യത്തില്‍ 'എരവ്' എന്ന വാക്കില്‍ നിന്നാണ് എരവൂര്‍ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. ഇരവ്, എരവ്, ഇരവല്‍, എരവല് എന്നൊക്കെ ഗ്രാമ്യഭേദങ്ങളുണ്ട് ഈ വാക്കിന്. 'എരവല്‍' എന്നാല്‍ വായ്പ, കടംവാങ്ങല്‍, മറ്റൊരാളുടെ കൈയില്‍നിന്ന് തത്കാലാവശ്യത്തിന് ചോദിച്ചുവാങ്ങല്‍ എന്നൊക്കെയാണ് അര്‍ഥം.

വളരെ പഴയകാലത്ത് വല്ലാത്ത പിന്നാക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം. ഇല്ലായ്മയും വല്ലായ്മയും കൊണ്ട് പൊറുതിമുട്ടിയിരുന്നു എല്ലാവരും. ഭൂമി ഏതാനും നമ്പൂതിരി ഇല്ലക്കാരുടെയും നായര്‍ പ്രമാണിമാരുടെയും കൈവശമായിരുന്നു, താണ സമുദായക്കാരാകട്ടെ കൊടിയ ദാരിദ്ര്യത്തിലും... അന്നന്നത്തെ അഷ്ടിക്കുള്ള വകയുണ്ടാക്കാന്‍ പെടാപ്പാടുപെടുന്നവര്‍. പട്ടിണിക്കാരാണെങ്കിലും പരസ്പര സൗഹൃദത്തിലും സാഹോദര്യത്തിലുമാണ് എല്ലാവരും കഴിഞ്ഞിരുന്നത്. കഞ്ഞിക്ക് അരി വാങ്ങാന്‍ പണമില്ലെങ്കില്‍, അടുത്ത കുടിയിലുള്ളവനോട് ഇരവല്‍ വാങ്ങാന്‍ ആര്‍ക്കും മടിയില്ല. അയല്‍ക്കാരന്‍, കൈയിലുണ്ടെങ്കില്‍ സന്തോഷത്തോടെ കൊടുക്കുകയും ചെയ്യും. ഇങ്ങനെ 'എരവ് വാങ്ങല്‍' നാട്ടുനടപ്പായ നാടിന്റെ പേര് തന്നെ 'എരവൂര്‍' എന്നായി.

ഇപ്പോഴത്തെ ഇല്ലിക്കപ്പടി പണ്ടൊരു ഉള്‍നാടന്‍ കച്ചവടകേന്ദ്രമായിരുന്നു. അരിയും പലചരക്കുമൊക്കെ വില്‍ക്കുന്ന കടകളോടൊപ്പം, കറപ്പും പുകയിലയും വില്‍ക്കുന്ന ചില പീടികകളുമുണ്ടായിരുന്നു. ഇവ രണ്ടും വില്‍ക്കാന്‍ അന്ന് പ്രത്യേക ലൈസന്‍സ് ആവശ്യമായിരുന്നു. തൊട്ടടുത്തുള്ള രാജനഗരിയായ തൃപ്പൂണിത്തുറയില്‍ നിന്ന് കറപ്പ് വാങ്ങാന്‍ പതിവുകാര്‍ വന്നിരുന്നത് എരൂരിലേക്കാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് സര്‍ക്കാര്‍ അരിവിതരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതും ഇവിടെയായിരുന്നു.

പഴയകാലത്ത് ഇവിടെ അയിത്തവും ജാതിഭേദവുമൊക്കെ നാട്ടുനടപ്പായിരുന്നു. ബോധാനന്ദ സ്വാമികള്‍ രൂപംനല്‍കിയ 'ധര്‍മഭട സംഘ'ത്തിന്റെ പ്രവര്‍ത്തനം ഇതിന് അറുതിവരുത്താന്‍ വേണ്ടി അക്ഷീണയത്‌നം നടത്തി. താണജാതിക്കാരായ രണ്ടുപേര്‍ കോടംകുളങ്ങര ക്ഷേത്രക്കുളത്തിലിറങ്ങി കുളിച്ചതിന്റെ പേരില്‍ സവര്‍ണരും അവര്‍ണരും തമ്മില്‍ കോടതിക്കേസ് വരെയെത്തി. അന്തര്‍ജനങ്ങള്‍ അമ്പലത്തില്‍ വരുമ്പോള്‍ താണജാതിക്കാര്‍ തീണ്ടി എന്നുപറഞ്ഞ് വഴക്കും വക്കാണവും പതിവായിരുന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പറ എഴുന്നള്ളിപ്പ് എരൂരിലെത്തുമ്പോഴും ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. ഇത് പലപ്പോഴും അക്രമങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്. ക്ഷേത്രപ്രവേശന വിളംബരം വന്നതോടെയാണ് ഇതൊക്കെ അവസാനിച്ചത്. നരസിംഹസ്വാമികളും എരൂരിന്റെ സാമൂഹിക വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ച വ്യക്തിയാണ്. നരസിംഹാശ്രമം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടിവിടെ.

അമ്പലങ്ങളുടെ നാടാണ് എരൂര്‍. പോട്ടയില്‍ ക്ഷേത്രവും പിഷാരികോവിലും തേവരക്കാവും കോടംകുളങ്ങര, ചക്കംകുളങ്ങര, മാരന്‍കുളങ്ങര, മുതുകുളങ്ങര, പുത്തന്‍കുളങ്ങര ക്ഷേത്രങ്ങള്‍ പഴക്കമുള്ളവയാണ്.

യുദ്ധകാലത്ത് റോഡുപണിക്കും മറ്റും കരിങ്കല്‍ച്ചീളുകള്‍ ആവശ്യമായി വന്നതോടെ, എരൂരിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ കരിങ്കല്ല് പൊട്ടിക്കുന്ന ജോലിക്ക് സമീപപ്രദേശങ്ങളായ ഇരുമ്പനം, തൃക്കാക്കര, വെണ്ണല, മുളന്തുരുത്തി, മാമല, തിരുവാണിയൂര്‍ എന്നിവിടങ്ങളിലേക്ക് കൂട്ടത്തോടെ പോകാന്‍ തുടങ്ങി. കരിങ്കല്ല് വലിയ വള്ളങ്ങളില്‍ ഇവിടെ കൊണ്ടുവന്നിറക്കി, ഒന്നരയിഞ്ചും മുക്കാലിഞ്ചും വലിപ്പമുള്ള ചില്ലുകളാക്കി പൊട്ടിക്കുന്ന ജോലി ഇവിടത്തെ ആണുങ്ങളും പെണ്ണുങ്ങളും ഏറ്റെടുത്തു. (ക്രെഷറുകള്‍ വരുന്നതിന് മുമ്പുള്ള കാലത്താണിത്). കരിങ്കല്‍ ചില്ലുകള്‍ കണിയാമ്പുഴ-കടമ്പ്രയാര്‍ വഴി വള്ളങ്ങളിലാണ് പുറത്തേക്ക് കൊണ്ടുപോയിരുന്നത്. ചില്ല് കയറ്റിക്കൊണ്ടുപോകുന്ന കടവിന് 'ചില്ലുകടവ്' എന്ന പേരും കിട്ടി.

കരിങ്കല്‍ തൊഴിലാളികളെ ആദ്യമായി സംഘടിപ്പിച്ചത് എരൂര്‍ക്കാരനായ ടി.കെ. രാമകൃഷ്ണന്‍ (19222006) ആണ്. ഏഴുവട്ടം എം.എല്‍.എ.യും മന്ത്രിയുമായ ഈ മാര്‍ക്‌സിസ്റ്റ് നേതാവ്, കരിങ്കല്‍ തൊഴിലാളികളുടെ കഷ്ടപ്പാടും യാതനയും വിവരിക്കുന്ന 'കല്ലിലെ തീപ്പൊരികള്‍' എന്ന നോവലും എഴുതി. കമ്യൂണിസ്റ്റ് നേതാവും നാടകകൃത്തുമായിരുന്ന എരൂര്‍ വാസുദേവും (19251969) ഈ നാട്ടുകാരനാണ്.

കഥകളിക്കാവശ്യമായ കോപ്പുകളും ചുട്ടിയും ചമയവുമൊക്കെ ഒരുക്കുന്ന എരൂര്‍ 'ഭവാനീശ്വരി കളിയോഗ'ത്തിന് ഒമ്പത് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. കൃഷ്ണന്‍കുട്ടിയാശാന്‍ ആണ് തുടക്കക്കാരന്‍. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ മിക്കവാറും കഥകളികള്‍ക്ക് അണിയറയൊരുക്കുന്നത് ഇപ്പോഴും ഇവരാണ്. ചുട്ടിയും ചമയവുമായി ഇടയ്ക്ക് ഗള്‍ഫിലേക്കും പോകാറുണ്ട്.

(അടുത്തത്: ബ്രഹ്മപുരം)

writer is...എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഫോണ്‍: 9847900443

Content Highlights: Sthalanamam on Eroor, History of Eroor, Kochi Tourism