കേരളത്തിലെ ഏറ്റവും വലിപ്പംകൂടിയ ദ്വീപുപഞ്ചായത്ത് ആണ് പെരുമ്പളം. ചുറ്റും വേമ്പനാട്ടുകായല്‍. ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ നീളവും രണ്ട് കിലോമീറ്റര്‍ വീതിയുമുള്ള പ്രദേശം. വടക്കേയറ്റത്ത് വീതി തീരെ കുറവാണ്. ഏതാണ്ട് ആയിരത്തഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്നു ഈ ദ്വീപില്‍. പണ്ടിത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു, പിന്നീട് തിരുവിതാംകൂറിന്റെയും.

ആലപ്പുഴ ജില്ലയില്‍പ്പെട്ട പെരുമ്പളം ദ്വീപിന്റെ വടക്കും കിഴക്കും എറണാകുളം ജില്ലയും തെക്ക് കോട്ടയം ജില്ലയുമാണ്, പടിഞ്ഞാറ് ആലപ്പുഴ ജില്ല.

'പെരുംപള്ളം' ആണ് 'പെരുമ്പളം' ആയതെന്ന് കരുതപ്പെടുന്നു. 'പള്ളം' എന്നാല്‍ 'താണപ്രദേശം' എന്നാണര്‍ഥം 'പെരും' എന്നാല്‍ 'വലുത്' എന്നും പെരുമ്പളം എന്നാല്‍ 'വലിപ്പമുള്ള താണപ്രദേശം' എന്നര്‍ഥം. 'ഉപ്പളങ്ങള്‍' ഉണ്ടായിരുന്ന സ്ഥലങ്ങള്‍ക്കും 'അളം' എന്നവസാനിക്കുന്ന പേരുകള്‍ ഉണ്ടാവാറുണ്ട്. കുമ്പളം, പച്ചാളം എന്നിവ ഉദാഹരണം. പഴയകാലത്ത് പെരുമ്പളത്തും ഉപ്പളങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. 'അളം' എന്ന വാക്കിന് 'ഈറന്‍നിലം', 'ചതുപ്പ്' എന്നുമൊക്കെ അര്‍ത്ഥങ്ങളുണ്ട്. ഏതായാലും പെരുമ്പളത്തിന് പടിഞ്ഞാറ് ഒരു 'ഉപ്പുതുരുത്ത്' ഉണ്ട്. പണ്ടിവിടം ഉപ്പ് ശേഖരിച്ച് സൂക്ഷിക്കുന്ന സ്ഥലമായിരുന്നത്രെ. കാസര്‍കോട് ജില്ലയില്‍ 'പെരുമ്പള' എന്നൊരു സ്ഥലം ഉണ്ട്.

1341-ലെ വെള്ളപ്പൊക്കത്തിലാണ് ഈ ദ്വീപ് രൂപം കൊണ്ടതെന്നാണ് ഭൂമിശാസ്ത്രകാരന്മാരുടെ നിഗമനം. അതിനു മുമ്പ് ഈ ഭൂഭാഗം പൂത്തോട്ടയോട് ചേര്‍ന്നുകിടന്നിരുന്നു. മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഇടയ്ക്കുള്ള കരപ്രദേശം ഒലിച്ചുപോവുകയും കരയില്‍നിന്ന് വേര്‍പെട്ട് ഇതൊരു ദ്വീപായിത്തീരുകയും ചെയ്തു. വെള്ളപ്പാച്ചിലില്‍ രൂപംകൊണ്ട വേറെയും ചെറുദ്വീപുകളുണ്ട് ഇതിനടുത്ത്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇത് കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ വിജനമായ ദ്വീപായിരുന്നുവെന്നും മീന്‍പിടിത്തക്കാര്‍ ഇവിടെ വള്ളമടുപ്പിച്ച് വിശ്രമിച്ചിരുന്നുവെന്നും പറയപ്പെടുന്നു. പിന്നീട്, അരയന്മാര്‍ ഇവിടെ കൂരകെട്ടി പാര്‍പ്പ് തുടങ്ങി.

രാജഭരണകാലത്ത് കൊച്ചി രാജാവ്, വടക്കുനിന്ന് വന്ന നമ്പൂതിരിമാര്‍ക്ക് ദ്വീപില്‍ ഭൂമി ദാനമായി കൊടുത്തെന്നും പില്‍ക്കാലത്ത് അവര്‍, തങ്ങള്‍ക്കു ലഭിച്ച സ്ഥലങ്ങള്‍ ആശ്രിതര്‍ക്കും കുടികിടപ്പുകാര്‍ക്കും കൈമാറിയശേഷം ഇവിടം ഉപേക്ഷിച്ചുപോയി എന്നും പറയപ്പെടുന്നു.

1503-ല്‍ ആല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് പട പെരുമ്പളത്ത് വന്‍ നാശം വിതച്ചതായി ചരിത്രം പറയുന്നു. അന്ന് പറങ്കിപ്പട താവളമടിച്ച സ്ഥലം ഇന്ന് 'പടപ്പറമ്പ്' എന്നറിയപ്പെടുന്നു.

ഇവിടെ വേമ്പനാട്ടുകായലിന് നല്ല ആഴവും പരപ്പുമാണ്. മൂവാറ്റുപുഴയാറ് വേമ്പനാട്ടുകായലില്‍ പതിക്കുന്നത് പെരുമ്പളത്തിന്റെ കിഴക്കുഭാഗത്താണ്. ഇപ്പോള്‍ ബോട്ട് അടുക്കുന്ന കാളത്തോട് ജെട്ടി ഇരിക്കുന്നിടം പണ്ട് കൃഷിക്കാര്‍ കാളകളെ കുളിപ്പിക്കുന്ന സ്ഥലമായിരുന്നു. അങ്ങനെയാണ് 'കാളന്തോട്' എന്ന് പേരുവീണത്. പണ്ട് പ്രളയകാലത്ത് മൂവാറ്റുപുഴയാറ് മുറിഞ്ഞൊഴുകിയ ഭാഗമാണ് 'മുറിഞ്ഞപുഴ' ആയത്. പെരുമ്പളത്തിന്റെ കിഴക്കുഭാഗത്താണ് അത്. തെക്കുവശത്ത് കായലില്‍ അഞ്ച് തുരുത്തുകളുണ്ട്. മുമ്പ് ഇവയിലൊന്നും ജനവാസമുണ്ടായിരുന്നില്ല. ഏറ്റവും വലുത് 'നെടിയതുരുത്ത്' ആണ്. ഇവിടെ സ്വകാര്യ റിസോര്‍ട്ടുകളുണ്ടിപ്പോള്‍. 'ഉപ്പുതുരുത്ത്' പടിഞ്ഞാറുഭാഗത്താണ്.

കൃഷിയും മീന്‍പിടിത്തവും കയറുപിരിയുമായിരുന്നു ദ്വീപിലെ മുഖ്യ തൊഴിലുകള്‍ പണ്ട്. ഓരുവെള്ളം ഉള്ളതുകൊണ്ട് തെങ്ങ് തഴച്ചുവളര്‍ന്നിരുന്നു. നല്ല ഉള്‍ക്കാമ്പുള്ള തേങ്ങ, ഉണക്കിയാല്‍ കൊപ്രയ്ക്ക് നല്ല തൂക്കം, ആട്ടിയാല്‍ ധാരാളം വെളിച്ചെണ്ണ... അതിനാല്‍ ഇവിടെ വിളയുന്ന നാളികേരളത്തിന് നല്ല വില കിട്ടിയിരുന്നു.

കിഴക്കുഭാഗത്ത് നെടുനീളത്തില്‍ പാടങ്ങളായിരുന്നു, പടിഞ്ഞാറ് കരിനിലങ്ങളും. കരനിലങ്ങളില്‍ വിരിപ്പും മുണ്ടകനും കൂട്ടിയായിരുന്നു വിത. ഇതിന് 'കൂട്ടിവിത' എന്നാണ് പറയുക. ചിങ്ങത്തില്‍ വിരിപ്പ് കൊയ്യാം, സാവധാനം വളരുന്ന മുണ്ടകന്‍ മകരത്തിലും. കാലാവസ്ഥാ മാറ്റവും കൃഷിച്ചെലവ് കൂടിയതും ഇവിടത്തെ കൃഷിയെ നന്നായി ബാധിച്ചു. ഇപ്പോള്‍ വിളയും കൊയ്ത്തുമില്ല എന്നുതന്നെ പറയാം.

പണ്ട് വെറ്റിലകൃഷി ഉണ്ടായിരുന്നു. തെങ്ങിലും മാവിലുമൊക്കെ കയറുകെട്ടി വെറ്റിലക്കൊടി പടര്‍ത്തും. 'പെരുമ്പളം വെറ്റില'യ്ക്ക് ഏറെ പ്രിയമായിരുന്നു അന്ന്. കശുമാവ് കൃഷിയുമുണ്ടായിരുന്നു, വച്ചുപിടിപ്പിക്കുന്നതും താനേ മുളച്ചുവളരുന്നതും. അതിന്റെ ഇലവീണ് താഴെ കൂടിക്കിടന്ന് ചീഞ്ഞ് മണ്ണിന് വളക്കൂറുമുണ്ടാകും. അങ്ങനെയാണ് പുതിയ തൈകള്‍ മുളയ്ക്കുക. ഇടക്കാലത്ത് കശുമാവൊക്കെ കീടം ബാധിച്ച് നശിച്ചു. ബാക്കി, ആളുകള്‍ വെട്ടിവിറ്റു. ഇപ്പോള്‍ കശുമാവ് തീരെ കുറവാണ്.

ദ്വീപിന്റെ വടക്കേയറ്റം മുനമ്പ് പോലെയാണ്. ഇവിടെയാണ് പട്ടേക്കാട് ദേവീക്ഷേത്രം. 1742-ല്‍ ഹൈദരാലിയുടെ ആക്രമണം ഭയന്ന് മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് ഈ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് മണല്‍ക്കോട്ട നിര്‍മിച്ചതായി ചരിത്രം. പണ്ട് പൂരം നടന്നിരുന്ന ക്ഷേത്രം ഇടപ്പള്ളി സ്വരൂപം വകയായിരുന്നു. മൂന്നുവശവും കായല്‍ ആണെങ്കിലും ക്ഷേത്രക്കിണറില്‍ ഉപ്പില്ലാത്ത ശുദ്ധജലമാണ്. പൂജയ്ക്കുപയോഗിക്കുന്നതും ഈ വെള്ളമാണ്.

അരയകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രവും ആദ്യകാലത്ത് ഇടപ്പള്ളി സ്വരൂപത്തിന്റേതായിരുന്നു. പിന്നീട് ഈ രണ്ട് ക്ഷേത്രങ്ങളും നാട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. 1850-ല്‍ രാജഭരണകാലത്ത് ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' ആണ് ഇന്നത്തെ പെരുമ്പളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ദ്വീപില്‍ ബസ് സര്‍വീസ് ഇല്ല, യാത്രയ്ക്ക് കാറും ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും മാത്രം.

പെരുമ്പളം നോര്‍ത്ത് ജട്ടിയില്‍ നിന്ന് അരൂക്കുറ്റിയിലെ വടുതലയിലേക്ക് (ഏതാണ്ട് ഒരു കിലോമീറ്റര്‍ വരും) പാലം നിര്‍മിക്കാന്‍ ആലോചനയുണ്ട്. എറണാകുളത്തിന് പോകണമെങ്കില്‍ ബോട്ടില്‍ പൂത്തോട്ടയിലിറങ്ങി ബസ് പിടിക്കണം. കിഴക്കും പടിഞ്ഞാറും ഫെറി സര്‍വീസുമുണ്ട്, പെരുമ്പളത്തുനിന്ന് പാണാവള്ളിയിലേക്ക് ജങ്കാറും.

( writer is... എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍: ഫോണ്‍: 9847900443)

Content Highlights: Sthalanamam about Perumbalam, History of Perumbalam Islnad Panchayath in Ernakulam