കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍ തഴുകുന്ന ഭൂപ്രദേശമാണ് പാണാവള്ളി. കിഴക്ക് വേമ്പനാട്ടുകായലും പടിഞ്ഞാറ് വേമ്പനാട്ടുകായലിന്റെ കൈവഴിയായ ഉളവയ്പ് കായലും തെക്ക് പൂച്ചാക്കല്‍ തോടും തൈക്കാട്ടുശ്ശേരി പഞ്ചായത്തും, വടക്ക് അരൂക്കുറ്റി പഞ്ചായത്തും.

ഏകദേശം 23 കിലോമീറ്റര്‍ നീളവും 5 കിലോമീറ്റര്‍ വീതിയുമുള്ള പള്ളിപ്പുറം ദ്വീപിലാണ് പാണാവള്ളി, അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, ചേന്നം-പള്ളിപ്പുറം എന്നീ നാല് പഞ്ചായത്തുകള്‍ കിടക്കുന്നത്.

കടല്‍വച്ച പ്രദേശമാണെന്നതിന്റെ തെളിവാണ് ഇവിടത്തെ പഞ്ചസാരമണല്‍. ഏഷ്യയിലെ ഏറ്റവും മെച്ചപ്പെട്ട സിലിക്കാ മണല്‍ ശേഖരം പള്ളിപ്പുറം ദ്വീപിലാണ്. എന്നാല്‍ മണല്‍ വാരിക്കൊണ്ടുപോയി ഇപ്പോള്‍ അവശേഷിക്കുന്നത് പള്ളിപ്പുറത്തെ മാത്രമാണെന്ന് പറയാം.

പണ്ടിവിടം കുറ്റിച്ചെടികളും കാട്ടുവള്ളികളും തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന പ്രദേശമായിരുന്നു. പാണല്‍ച്ചെടികള്‍ സമൃദ്ധമായിരുന്നു ഇവിടെ. മോതിരവള്ളി, പാളക്കടുപ്പ്, തേവരപ്പരാകി തുടങ്ങി വൃക്ഷങ്ങളില്‍ പടര്‍ന്നുകയറുന്ന വള്ളിച്ചെടികളുമുണ്ടായിരുന്നു ധാരാളം. തേവരപ്പരാകി യുടെ മുള്ള് കൊണ്ടാല്‍ 'തേവരെ' (ദൈവം) പോലും പ്രാകിപ്പോകുന്നത്ര വേദനയായിരുന്നതിനാലാണത്രെ 'തേവരപ്പരാകി' എന്ന് പേരുവീണത്. പാണലും ഇത്തരം വള്ളികളും കുട്ടയും വട്ടിയുമൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ഏതായാലും പാണലും വള്ളികളുമൊക്കെ നിറഞ്ഞ പ്രദേശമായതിനാല്‍ 'പാണാവള്ളി' എന്നായി സ്ഥലത്തിന്റെ പേര് . എറണാകുളം ജില്ലയില്‍ പറവൂരിനടുത്ത കോട്ടുവള്ളി, വള്ളുവള്ളി എന്നീ സ്ഥലപ്പേരുകളും സമാനമായ രീതിയില്‍ രൂപപ്പെട്ടവയാണ്. വലിയ വള്ളിച്ചെടികള്‍ കാടുപിടിച്ച് വളര്‍ന്നുനിന്നിരുന്ന സ്ഥലങ്ങളായിരുന്നു രണ്ടും

പാണലും വള്ളികളും കൊണ്ട് കുട്ടയുണ്ടാക്കുന്നവരും പണ്ടിവിടെ ധാരാളം ഉണ്ടായിരുന്നു. നല്ല നീളമുള്ള പെരുംപാണലാണ് കുട്ടമെടയാന്‍ ഉപയോഗിച്ചിരുന്നത്. കുറ്റിപ്പാണലിനാണ് ഔഷധഗുണം. ഇതിന്റെ ഇല അരച്ചിട്ടാല്‍ ചതവും ഉളുക്കും ഭേദമാകും. വളച്ചാലും അടിച്ചാലും ഒടിയാത്ത പാണല്‍വടിയുടെ ചൂട് പണ്ട് പ്രൈമറിസ്‌കൂളില്‍ പഠിച്ചവരുടെ ഓര്‍മയില്‍ ഇപ്പോഴുമുണ്ടാകും. പാണലിന്റെ പഴം തിന്നാനും കൊള്ളാം. 'ഓറഞ്ച് ബെറി' എന്നാണിതിന് ഇംഗ്‌ളീഷ് പേര്.

പാണ്ഡവര്‍ വനവാസകാലത്ത് ഈ കാട്ടുപ്രദേശത്തുകൂടി സഞ്ചരിച്ചിട്ടുണ്ടെന്നും 'പാണ്ഡവര്‍വെളി' ആണ് 'പാണാവള്ളി' ആയതെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇതിനൊരു അടിസ്ഥാനവുമില്ല.

ഓടമ്പള്ളി, പള്ളിവെളി, തളിയാപറമ്പ്, തൃച്ചാറ്റുകുളം ശ്രീകണ്‌ഠേശ്വരം എന്നീ പ്രദേശങ്ങള്‍ ഈ പഞ്ചായത്തിലാണ്, പൂച്ചാക്കലിന്റെ ഒരു ഭാഗവും. ചതുപ്പും തോടും കുറ്റിക്കാടുമുള്ള പൂച്ചാക്കല്‍ പണ്ട് വീട്ടില്‍ ശല്യമാകുന്ന പൂച്ചകളെ കൊണ്ടു പോയി ഉപേക്ഷിച്ചിരുന്ന സ്ഥലമായിരുന്നത്രെ. അങ്ങനെ 'പൂച്ചയെ ആക്കല്‍' പൂച്ചാക്കല്‍ ആയതാണുപോലും. പാണാവള്ളിയിലൂടെ പടിഞ്ഞാറുഭാഗത്തുള്ള വലിയകരി, കിഴക്കുഭാഗത്തുള്ള അഞ്ചുതുരുത്ത് എന്നിവ പാണാവള്ളി പഞ്ചായത്തിന്റെ ഭാഗമാണ്.

കൃഷി, മീന്‍പിടിത്തം, കക്കവാരല്‍, കയറുപിരി എന്നിവയായിരുന്നു പണ്ടത്തെ തൊഴിലുകള്‍. പച്ചക്കറികളും വെറ്റിലയും വ്യാപകമായി കൃഷി ചെയ്തിരുന്നു. ഭക്ഷ്യക്ഷാമകാലത്ത് വെളിമ്പുരയിടങ്ങളില്‍ മേല്‍മണ്ണ് കോരി നീക്കിയശേഷം കായല്‍ച്ചെളി വാരിനിറച്ച് പൊടിപ്പാടങ്ങളുണ്ടാക്കിയും നെല്‍കൃഷി ചെയ്തിരുന്നു. തിരുമ്മുചികിത്സയിലും ബാലചികിത്സയിലും പേരെടുത്ത വൈദ്യന്മാരുണ്ടായിരുന്നു പണ്ടിവിടെ.

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് കരുതപ്പെടുന്ന 'നാല്പത്തെണ്ണീശ്വരം' ശിവക്ഷേത്രം വളരെ പഴക്കമുള്ളതാണ്. കിരാതമൂര്‍ത്തിയായ ശിവനാണ് പ്രതിഷ്ഠ. കഥകളിയാണ് ഇവിടത്തെ പ്രധാന വഴിപാട്. മിക്ക ദിവസങ്ങളിലും 'കിരാതം' കഥകളി വഴിപാടായി അരങ്ങേറുന്നു. പാണ്ഡവരുടെ ദേശാടനകാലത്ത് അര്‍ജുനന് കിരാതവേഷത്തിലെത്തിയ ശിവന്‍ പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ചത് ഇവിടെവെച്ചാണെന്നാണ് ഐതിഹ്യം. അങ്ങനെയാണുപോലും ഇവിടം 'പാണ്ഡവര്‍വെളി' ആയത്.

പണ്ട് ക്ഷേത്രം നാല്പത്തെട്ട് ഇല്ലക്കാരുടെ ഊരാണ്‍മയിലായിരുന്നു. അങ്ങനെയാണ് നാല്പത്തെണ്ണീശ്വരം എന്ന പേരിന്റെ ഉത്പത്തി ചതുരാകൃതിയില്‍, ഇരുനിലയില്‍ പണിതീര്‍ത്ത, ചെമ്പുമേഞ്ഞ ശ്രീകോവില്‍ ആണ്. കിഴക്കേ ആനക്കൊട്ടിലിലാണ് കഥകളി വഴിപാട് നടക്കുക.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രം ശ്രീനാരായണ ധര്‍മ സംരക്ഷണ യോഗം വകയാണ്. 1922-ല്‍ ശ്രീനാരായണ ഗുരുവാണ് പ്രതിഷ്ഠ നടത്തിയത്. വൈക്കത്തിന് അടുത്തുള്ള ചെമ്പില്‍ ഒരു ക്രൈസ്തവ കുടുംബത്തിന്റെ വളപ്പില്‍ കണ്ടെത്തിയ ശിവലിംഗം അവര്‍ ഗുരുവിന് സമര്‍പ്പിക്കുകയും അദ്ദേഹം അത് ഇവിടെ പ്രതിഷ്ഠിക്കുകയുമായിരുന്നു. ആ കുടുംബക്കാര്‍ക്ക് ഇപ്പോഴും ക്ഷേത്രത്തിന്റെ വടക്കുവശത്ത് മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ട്. ഈ അവകാശം ഗുരു അന്ന് അവര്‍ക്ക് നല്‍കിയതാണത്രെ. ഇടപ്പങ്ങഴി ശ്രീകൃഷ്ണക്ഷേത്രം, പാണാവള്ളി സെയ്ന്റ് അഗസ്റ്റിന്‍സ് പള്ളി എന്നിവയ്ക്ക് നല്ല പഴക്കമുണ്ട്.

സര്‍പ്പക്കാവുകളും നാഗാരാധനയും പുള്ളുവന്‍ പാട്ടുമൊക്കെ പാണാവള്ളിയില്‍ പഴയകാലത്ത് സര്‍വസാധാരണമായിരുന്നു.

അടുത്തത്: കാരണക്കോടം

(writer is... എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍. ഫോണ്‍: 9847900443)

Content Highlights: Sthalanamam, Panavalli in Ernakulam, History of Panavalli