രൂര്‍ പഞ്ചായത്തില്‍പ്പെട്ട സ്ഥലമാണ് ചന്തിരൂര്‍. രണ്ടുവശവും കായല്‍... കിഴക്ക് വേമ്പനാട്ടുകായലും പടിഞ്ഞാറ് വെളുത്തുള്ളിക്കായലും. വടക്ക് അരൂരും തെക്ക് എരമല്ലൂരും. പണ്ട് തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു.

രാജഭരണകാലത്ത് ഒരു വലിയ ചന്ത ഉണ്ടായിരുന്നു ചന്തിരൂരില്‍. അരൂരില്‍ ചന്ത ഉണ്ടായത് പിന്നീടാണ്. മീന്‍, കക്ക, ഞണ്ട്, ചെമ്മീന്‍, കൊഞ്ച് തുടങ്ങിയ കായല്‍വിഭവങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു അന്നത്തെ ചന്ത. മീനും ഉണക്കമീനും വാങ്ങാന്‍ ദൂരെദിക്കുകളില്‍ നിന്നുപോലും ആളുകള്‍ ഇങ്ങോട്ട് വരുമായിരുന്നു. അരയന്മാര്‍ കായലില്‍ വലവീശിപ്പിടിക്കുന്ന, പിടയ്ക്കുന്ന മീന്‍ ഇവിടെനിന്ന് വാങ്ങിയാണ് സമീപദേശങ്ങളിലെ മീന്‍കച്ചവടക്കാര്‍ വില്പന നടത്തിയിരുന്നത്. അങ്ങനെ ചന്തയുടെ ഊര് 'ചന്തയൂരും' പിന്നീട് 'ചന്തിരൂരും' ആയി എന്നുവേണം അനുമാനിക്കാന്‍.

കേരളത്തില്‍ പലേടത്തുമുണ്ട് ചന്തമുക്ക്, ചന്തക്കടവ്, ചന്തമൂല തുടങ്ങിയ പേരുള്ള സ്ഥലങ്ങള്‍. ആറന്മുളയ്ക്കടുത്ത് ചന്തക്കാവും കോഴിക്കോടിനടുത്ത് മീഞ്ചന്തയും ഉണ്ട്.

ഊന്നിവല, പൊക്കിവല, വടിവല എന്നിവയൊക്കെ മീന്‍പിടിത്തത്തിന് ഉപയോഗിച്ചിരുന്നു. അന്തിമയങ്ങിയാല്‍ വഴിയരികിലും പാടവരമ്പത്തുമിരുന്ന് ആറ്റുകൊഞ്ചും പൊടിച്ചെമ്മീനും വില്പന നടത്തുന്ന ആണുങ്ങളും പെണ്ണുങ്ങളും അന്ന് പതിവുകാഴ്ചയായിരുന്നു. പുലയ സ്ത്രീകളാണ് ആറ്റില്‍ മുങ്ങി മത്സ്യം പിടിച്ചിരുന്നത്. നല്ല മത്സ്യം വിലകുറച്ചു വാങ്ങാന്‍ അന്തിച്ചന്തകളെയാണ് സാധാരണക്കാര്‍ ആശ്രയിച്ചിരുന്നത്. ചന്തിരൂരിലെ ചെമ്മീനിന് അന്ന് വലിയ പ്രിയമായിരുന്നു.

ചന്തിരൂരിനോട് ചേര്‍ന്നുകിടക്കുന്ന 'കണിയാന്തുരുത്ത്' എന്ന കൊച്ചുദ്വീപ് മീന്‍പിടിത്തക്കാര്‍ വള്ളമടുപ്പിച്ച് വിശ്രമിക്കുന്ന സ്ഥലമായിരുന്നു. വള്ളം കരയ്ക്കുകയറ്റിവച്ച്, വല കായല്‍വെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കും. ക്ഷീണംമാറ്റാന്‍ മരത്തണലില്‍ കൂടിയിരുന്ന് 'റാക്കുസേവ'യുമുണ്ട്. സുഖമുള്ള കായല്‍ക്കാറ്റും കൂട്ടിനെത്തും.

കായലരികത്ത് 'പറ്റുകണ്ണിവല' ഉപയോഗിച്ചുള്ള മീന്‍പിടിത്തവും നടന്നിരുന്നു. കഷ്ടിച്ച് ഒരാള്‍പ്പൊക്കമുള്ളിടത്ത് പൊങ്ങിക്കിടക്കുന്ന മരച്ചീളുകളില്‍ വല ബന്ധിപ്പിച്ച് അടിത്തട്ടില്‍ കുറ്റിയടിച്ച് തറയ്ക്കും. മീന്‍പിടിത്തക്കാര്‍ കഴുത്തറ്റം വെള്ളത്തിലിറങ്ങി നില്‍ക്കും. കഷ്ടിച്ച് തലമാത്രം മുകളില്‍ കാണാം. കണമ്പ്, മാലാന്‍, കരിമീന്‍, പള്ളത്തി, നങ്ക്, എലച്ചില്‍, മുള്ളന്‍ തുടങ്ങിയവ വലയില്‍ കുടുങ്ങും. മണ്ണിനോട് പറ്റിക്കിടക്കുന്ന 'മാങ്ങാമത്തി'യും കിട്ടും.

കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച 'വെളുത്തുള്ളിക്കായല്‍ സമര'ത്തിനു ചന്തിരൂര്‍ വേദിയായത് 1967-ലാണ്. കായല്‍ത്തീരത്ത് കൃഷിക്ക് ഭൂമി പതിച്ചുകൊടുക്കുന്നതിനെ ചൊല്ലിയായിരുന്നു സമരം. വള്ളവും വലയും റോഡില്‍വച്ച് സമരം നടത്തിയ മത്സ്യത്തൊഴിലാളികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. 9 മാസം നീണ്ടശേഷമാണ് പ്രശ്‌നത്തിന് ഒത്തുതീര്‍പ്പുണ്ടായത്.

ചന്തിരൂര്‍ ദൈവവെളി ക്ഷേത്രം, പള്ളിയില്‍ ഭഗവതീക്ഷേത്രം, കുമര്‍ത്തുപടി ദേവീക്ഷേത്രം എന്നിവ പഴക്കമുള്ള ദേവാലയങ്ങളാണ്.

ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1910-ല്‍ 'കുടിപ്പള്ളിക്കൂട'മായാണ് ആരംഭിച്ചത്. ഓലമേഞ്ഞ മേല്‍ക്കൂരയും ചാണകം മെഴുകിയ തറയുമായിരുന്നു തുടക്കത്തില്‍. തറയിലിരുന്നാണ് പഠനം. മഹാരാജാവിന്റെ തിരുനാളിന് കുട്ടികള്‍ക്ക് അവില്‍പ്പൊതികള്‍ വിതരണം ചെയ്തത് പഴയ കാരണവന്മാര്‍ ഓര്‍മിക്കുന്നു. സിനിമാനടന്‍ മമ്മൂട്ടി പ്രൈമറി പഠനം നടത്തിയത് ഈ വിദ്യാലയത്തിലാണ്. (ചന്തിരൂരിലാണ് മമ്മൂട്ടിയുടെ അമ്മവീട്).

പണ്ട് കൊയ്‌തൊഴിഞ്ഞ വിശാലമായ പാടങ്ങളില്‍ 'ആമ്പല്‍പ്പൂക്കള്‍' കൂട്ടത്തോടെ വിടര്‍ന്നുനില്‍ക്കുന്ന ഓര്‍മയുമുണ്ട് പഴമക്കാരുടെ മനസ്സില്‍. കുട്ടികള്‍ പാടത്തെ വെള്ളത്തിലിറങ്ങി ആമ്പല്‍ക്കായ ശേഖരിക്കും. കായ്ക്കകത്തെ എണ്ണമയമുള്ള നനുത്ത അരിക്ക് നല്ല രുചിയാണ്. മഴക്കാലത്ത് പൂവണിഞ്ഞ് ചിരിച്ചുനില്‍ക്കുന്ന ആമ്പല്‍ക്കൂട്ടങ്ങള്‍ ചന്തിരൂരിനെ 'ചന്തമുള്ള ഊര്' ആക്കിയിരുന്നു.

പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകന്‍ കരുണാകര ഗുരു (19271999) ചന്തിരൂരിലാണ് ജനിച്ചത്. ഒ.വി. വിജയന്റെ 'ഗുരുസാഗരം' എന്ന നോവലിന് പ്രചോദനം ഗുരുവാണത്രെ. വിജയന്‍ ഈ കൃതി ഗുരുവിനാണ് സമര്‍പ്പിച്ചിരിക്കുന്നത്.

വേമ്പനാട്ടുകായലിന്റെ കൈവഴിയായ കൈതപ്പുഴക്കായലിനോട് ചേര്‍ന്ന് ഗുരുവിന്റെ ജന്മഗൃഹം നില്‍ക്കുന്ന ഏഴ് ഏക്കറില്‍ 50 കോടി ചെലവില്‍ ആത്മീയസൗധത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

അടുത്തത് : പെരുമ്പളം

writer is: എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍. ഫോണ്‍: 9847900443

Content Highlights: Sthalanaamam about Chanthiroor, Kerala Tourism