റണാകുളത്ത് നിന്ന് ആലുവയ്ക്ക് റോഡുമാര്‍ഗം പോകുമ്പോള്‍ ആലുവ എത്തുന്നതിന് മുമ്പാണ് ചൂര്‍ണിക്കര. ആലുവ പട്ടണത്തോട് തൊട്ടുമുട്ടിക്കിടക്കുന്ന പഞ്ചായത്ത്. വടക്ക് ആലുവ മുനിസിപ്പാലിറ്റിയും കടുങ്ങല്ലൂര്‍, കീഴ്മാട് പഞ്ചായത്തുകളും തെക്ക് കളമശ്ശേരി മുനിസിപ്പാലിറ്റിയും എടത്തല പഞ്ചായത്തും. കിഴക്ക് കീഴ്മാട്, എടത്തല പഞ്ചായത്തുകള്‍, പടിഞ്ഞാറ് കടുങ്ങല്ലൂര്‍ പഞ്ചായത്തും ഏലൂര്‍ മുനിസിപ്പാലിറ്റിയും.

'ചൂര്‍ണി' എന്നാല്‍ 'പെരിയാര്‍' എന്നാണര്‍ഥം (ശബ്ദതാരാവലി). ചൂര്‍ണിയുടെ കരയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടു തന്നെയാണ് ചൂര്‍ണിക്കരയ്ക്ക് ആ പേര് കിട്ടിയത് എന്നതില്‍ സംശയമില്ല. ചൂര്‍ണ, പൂര്‍ണ, പൊരുണൈ, പൊരുന്തം, താമ്രപര്‍ണി എന്നൊക്കെ വിവിധ പേരുകളില്‍ പ്രാചീന തമിഴ് കാവ്യങ്ങളിലും സംഘ കൃതികളിലും പെരിയാറിനെ പരാമര്‍ശിക്കുന്നുണ്ട്.

'ശുകസന്ദേശ'ത്തില്‍ (പൂര്‍വഭാഗം 65-ാം ശ്ലോകം) 'ചൂര്‍ണിയാറി'നെപ്പറ്റി പറയുന്നുണ്ടിങ്ങനെ:

'വര്‍ണിക്കത്തക്ക മാഹോദയപുരമടവാര്‍ കൊങ്കമേലുര്‍മ്മി തട്ടി/ച്ചൂര്‍ണിക്കും ചൂര്‍ണിയാറുണ്ടരികിലനുജയാം താമ്രപര്‍ണിക്കതത്രേ!'

Choornikkara
ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്‌

ആലുവാപ്പുഴ, കാലടിപ്പുഴ, ചൊവ്വരപ്പുഴ, പറവൂര്‍പ്പുഴ, മംഗലപ്പുഴ... അങ്ങനെ വിവിധ സ്ഥലങ്ങളില്‍ പെരിയാര്‍ വിവിധ പേരുകളിലാണല്ലോ അറിയപ്പെടുന്നത്. 'ശുകസന്ദേശം' വിവര്‍ത്തനം ചെയ്ത കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചൂര്‍ണിക്ക് 'മരുദ്വുഥ' എന്നൊരു പേരും പറയുന്നുണ്ട്. സംഘകാലത്ത് ചേര രാജധാനിയായിരുന്ന കൊടുങ്ങല്ലൂരില്‍ നിന്ന് പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന മധുരയിലേക്ക് ചൂര്‍ണിയിലൂടെ ജലഗതാഗത-വാണിജ്യപാത ഉണ്ടായിരുന്നുവത്രെ. ബ്രിട്ടീഷുകാരുടെ കാലത്ത് കിഴക്കന്‍ വനങ്ങളില്‍ നിന്ന് സുഗന്ധദ്രവ്യങ്ങളും തടിയുമൊക്കെ കൊണ്ടുവന്നിരുന്നതും ഇതേ പെരിയാറിലൂടെതന്നെ.

ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്ന് ഒരിക്കല്‍ നമ്മെ രക്ഷിച്ചതും പെരിയാര്‍ തന്നെയാണ്. പെരിയാറില്‍ പെട്ടെന്ന് വെള്ളംപൊങ്ങി കരകവിഞ്ഞൊഴുകിയത് കണ്ടുപേടിച്ചാണ് തിരുവിതാംകൂര്‍ ആക്രമിക്കാനെത്തിയ ടിപ്പുവിന്റെ മൈസൂര്‍പ്പട പിന്തിരിഞ്ഞോടിയത്. അന്ന് പെരിയാര്‍ അനുഗ്രഹിച്ചിരുന്നില്ലെങ്കില്‍ കേരളത്തിന്റെ വിധി മറ്റൊന്നായേനെ! വളക്കൂറും ജലസമൃദ്ധിയുമുള്ളതുകൊണ്ട് ചൂര്‍ണിക്കര പഴയകാലംമുതല്‍ ഒരു കാര്‍ഷിക ഗ്രാമമായിരുന്നു. പാടശേഖരങ്ങളും തെങ്ങിന്‍തോപ്പുകളും വാഴത്തോട്ടങ്ങളും പച്ചക്കറി കൃഷിയിടങ്ങളും ഒരുകാലത്ത് ഇവിടെ സമൃദ്ധമായിരുന്നു. ജനങ്ങളില്‍ ഏറിയപങ്കും കൃഷിക്കാരായിരുന്നുതാനും.

മുട്ടം, തായിക്കാട്ടുകര, പട്ടേരിപ്പുറം, പള്ളിക്കുന്ന്, കട്ടേപ്പാടം, കുന്നത്തേരി, പൊയ്യക്കര, അമ്പാട്ടുകാവ്, കൊടികുത്തുമല തുടങ്ങിയ പ്രദേശങ്ങള്‍ ചൂര്‍ണിക്കര പഞ്ചായത്തിലാണ്. പട്ടേരിപ്പുറത്ത് പണ്ട് 'ഭട്ടതിരിമാര്‍' താമസിച്ചിരുന്നുവത്രെ. അങ്ങനെയാണ് ആ പ്രദേശത്തിന് അങ്ങനെ പേരുവീണത് ('പട്ടേരി' എന്നാല്‍ 'ഭട്ടതിരി'യുടെ ഗ്രാമ്യഭേദം ആണ്). 'മുട്ടം' എന്ന പേരിന്റെ ഉത്ഭവം എങ്ങനെയാണെന്നറിയില്ല. ഏതായാലും മുട്ടം എന്ന പദത്തിന് 'പുഴയിലേക്ക് തള്ളിനില്‍ക്കുന്ന പ്രദേശം' എന്നര്‍ഥമുണ്ട്, 'ഗ്രാമം' എന്നത് മറ്റൊരര്‍ഥം. തൊടുപുഴ, ചേര്‍ത്തല, ഹരിപ്പാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലും 'മുട്ടം' എന്നു പേരുള്ള പ്രദേശങ്ങളുണ്ട്. തായിക്കാട്ടുകരയിലാണ് കെ.എസ്.ആര്‍.ടി.സി. ഗാരേജ്. കേരളത്തിലെ ആദ്യത്തെ ഗാരേജാണിത്. തിരുകൊച്ചി ഗതാഗത വകുപ്പിന്റെ കാലത്ത് ആരംഭിച്ചത്.

1946-ല്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാന്‍ ആയിരുന്നകാലത്ത് സ്ഥാപിച്ചതാണ് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (എഫ്.ഐ.ടി.). തടി ഉപയോഗിച്ച് ഫര്‍ണിച്ചര്‍ നിര്‍മിക്കുന്ന, സംസ്ഥാനത്തെ ഒരേയൊരു പൊതുമേഖലാ വ്യവസായശാല. മെട്രോ റയില്‍പ്പാത വന്നതോടെ ചൂര്‍ണിക്കരയുടെ പ്രാധാന്യം ഏറിയെന്നു പറയാം. മൂന്ന് മെട്രോ സ്റ്റേഷനുകളാണിപ്പോള്‍ ഈ പഞ്ചായത്തിലുള്ളത്. മുട്ടം, അമ്പാട്ടുകാവ്, കമ്പനിപ്പടി. മെട്രോയുടെ യാര്‍ഡും ഡിപ്പോയും സ്ഥിതിചെയ്യുന്നതും മുട്ടത്താണ്.

സെറാമിക് പാത്രങ്ങള്‍ നിര്‍മിക്കുന്ന 'സ്റ്റാന്‍ഡേഡ് പോട്ടറീസ്' എന്ന വ്യവസായ ശാലയ്ക്കടുത്തായതിനാലാണ് 'കമ്പനിപ്പടി' എന്ന് ആ സ്ഥലത്തിന് പേരുണ്ടായത്. ഈ കമ്പനി പിന്നീട് പൂട്ടിപ്പോയി. 'അമ്പ ആടുന്ന കാവ്' ആണ് 'അമ്പാട്ടുകാവ്' ആയതെന്ന് പറയപ്പെടുന്നു. ഒമ്പത് നൂറ്റാണ്ട് പഴക്കമുണ്ട് അമ്പാട്ടുകാവ് ഭഗവതീക്ഷേത്രത്തിന്. ആദ്യമിത് 'നമ്പാട്ട് മന' വക ക്ഷേത്രമായിരുന്നെന്നും 'നമ്പാട്ടുകാവ്' പിന്നീട് അമ്പാട്ടുകാവ് ആയതാണെന്നും കേള്‍വിയുണ്ട്.

പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന എം.വി. ദേവന്‍ ഏറെക്കാലം താമസിച്ചിരുന്നത് ചൂര്‍ണിക്കരയിലായിരുന്നു. അദ്ദേഹം ഇവിടെ സ്വന്തമായി പണികഴിപ്പിച്ച വീടിന് ഇട്ട പേരും 'ചൂര്‍ണി' എന്നായിരുന്നു.

**********

'വടക്കേക്കര' ലേഖനത്തില്‍ തിരുവിതാംകൂര്‍ പ്രജാസഭാംഗമായിരുന്ന ഇക്കണ്ണന്റെ വീട്ടുപേര് ഉദയപറമ്പില്‍ എന്നല്ല 'ഉറുമിപറമ്പില്‍' എന്നാണ്.

അടുത്തത്: എളമക്കര

Content Highlights: History of Choornikkara, Sthalanaamam, Kerala Tourism