ടപ്പള്ളിക്കും ചേരാനല്ലൂരിനുമിടയില്‍ റോഡിന് ഇരുവശത്തുമായി നെടുനീളത്തില്‍ കിടക്കുന്ന പ്രദേശമാണ് പോണേക്കര. കൊച്ചി-ഷൊര്‍ണൂര്‍ തീവണ്ടിപ്പാത ഏതാണ്ട് മധ്യഭാഗത്തുവച്ച് ഇതിനെ രണ്ടായി മുറിക്കുന്നു. കൊച്ചി നഗരത്തിന്റെ വടക്കേയറ്റത്താണിത്. നഗരപരിധി കഴിഞ്ഞാല്‍ ചേരാനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തായി.

പണ്ട് പോണേക്കര കടല്‍ത്തീരത്തായിരുന്നു എന്നുവേണം കരുതാന്‍. അന്ന് പായ്ക്കപ്പലുകളും മറ്റ് ജലയാനങ്ങളും അടുത്തിരുന്ന സ്ഥലം ആയിരുന്നിരിക്കണമെന്നാണ് അനുമാനം. അങ്ങനെ 'പോണി' അടുക്കുന്ന സ്ഥലം ആദ്യം 'പോണിക്കര'യും കാലാന്തരത്തില്‍ 'പോണേക്കര'യും ആയിട്ടുണ്ടാവാം. പോണി എന്നാല്‍ 'നൗക' (കപ്പല്‍) എന്നാണര്‍ഥം. ('പൂണിത്തുറ'യ്ക്ക് പേരുണ്ടായതും 'പോണി അടുക്കുന്ന തുറ' എന്ന നിലയ്ക്കാണ്).

പോണേക്കരയെപ്പറ്റി ഏറ്റവും പഴക്കമുള്ള പരാമര്‍ശം പതിന്നാലാം ശതകത്തില്‍ രചിക്കപ്പെട്ട 'കോകസന്ദേശ'ത്തിലാണ്. ഈ കാവ്യം പൂര്‍ണരൂപത്തില്‍ നമുക്ക് ലഭിച്ചിട്ടില്ല. സന്ദേശവാഹകനായ 'കോകം' (ചക്രവാകം) സഞ്ചരിക്കുന്നത് കോഴിക്കോട്ടുനിന്ന് കൊല്ലത്തേക്കാണെങ്കിലും ഇടപ്പള്ളി വരെയുള്ള സ്ഥലങ്ങളുടെ വര്‍ണന മാത്രമേ കിട്ടിയിട്ടുള്ളു. ബാക്കി നഷ്ടപ്പെട്ടുപോയതായി കരുതാം.

കോട്ടപ്പുറം കായല്‍ കടന്ന് ചേന്ദമംഗലത്തുകൂടി പറവൂരെത്തി 'പെരുവാരത്തപ്പനെ'യും 'വള്ളുളി തമ്പുരാനെ'യും (തിരുമുപ്പത്ത് ക്ഷേത്രം) വന്ദിച്ച്, പുഴകടന്ന് ചേരാനല്ലൂര്‍ വഴി ഇടപ്പള്ളി നഗരത്തിലെത്താം എന്നാണ് ഇതില്‍ 'കോക'ത്തിന് നല്‍കുന്ന മാര്‍ഗസൂചന. ഇതില്‍ 94-ാം ശ്ലോകം ഇങ്ങനെയാണ്:

'ഇത്ഥം പ്രാര്‍ത്ഥിച്ചാളമതിമണിഞ്ഞമ്മുല്‍ക്കന്നി

തന്നെ/സ്തുത്വാ തൂര്‍ണം തദശ പുകണക്കാവു

നോക്കി പ്രയാഹി/യത്ര സൈ്വരം വസതി

വസുധാവാസിനി മത്തല്‍തീര്‍പ്പാന്‍/തൃക്കണ്ണുടേ

തടവിന കൃപാമുദ്രയാ ഭദ്രകാളീ'.

(സാരം: ഇപ്രകാരം പ്രാര്‍ത്ഥിച്ച്, ചന്ദ്രക്കലയണിഞ്ഞ ആദികന്യകയെ സ്തുതിച്ച്, പിന്നീട് വേഗം പുകണക്കാവിനെ ലക്ഷ്യമാക്കി പോവുക. ഭൂവാസികളുടെ ദുഃഖം തീര്‍ക്കാന്‍ തൃക്കണ്ണില്‍ കരുണാമുദ്രയോടുകൂടി ഭദ്രകാളി സൈ്വരമായി വസിക്കുന്നിടമാണിത്).

മുകളില്‍ പരാമര്‍ശിക്കപ്പെടുന്ന 'പുകണക്കാവ്' 'പോണേക്കാവ് ഭദ്രകാളീക്ഷേത്രം' തന്നെയാണെന്ന് വ്യക്തം.

'പിന്നെ മുന്നിലായി നീ കാണുന്നത് ഇടപ്പള്ളി എന്ന ശ്രേഷ്ഠനഗരമാണ്' എന്ന് അടുത്ത ശ്ലോകത്തില്‍ പറയുന്നുമുണ്ട്. കോകസന്ദേശത്തിലെ അവസാന ശ്ലോകമാണിത്. പോണേക്കാവില്‍ ഭഗവതിയുടെ ദര്‍ശനം പടിഞ്ഞാറേക്കാണ്. അതായത്, അന്നത്തെ കടലിനഭിമുഖമായി. ഭഗവതീക്ഷേത്രങ്ങളില്‍ പടിഞ്ഞാറോട്ട് ദര്‍ശനം അപൂര്‍വമാണ്. 'പൂരപ്രബന്ധ'ത്തിലും 'ഭരണിപ്രബന്ധ'ത്തിലും പരാമര്‍ശങ്ങളുണ്ട് പോണേക്കാവിനെപ്പറ്റി. 'ഇളങ്ങല്ലൂര്‍ സ്വരൂപ'ത്തിന്റെ (ഇടപ്പള്ളി) പരദേവത ആദ്യം പോണേക്കാവിലായിരുന്നെന്നും പറയപ്പെടുന്നു.

1890-ലാണ് പോണേക്കരയില്‍ ശ്രീനാരായണ ദര്‍ശനങ്ങളുടെ സ്വാധീനത്തില്‍ ശ്രീ നാരായണ പ്രബോധ ചന്ദ്രോദയ യോഗം (എസ്.എന്‍.പി.സി.) രൂപവത്കൃതമായത്. ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥാപിച്ചത് ഈ യോഗമാണ്. അക്കാലത്ത് നാരായണ ഗുരുവും ചട്ടമ്പിസ്വാമികളും നീലകണ്ഠ തീര്‍ത്ഥപാദരുമൊക്കെ ഇവിടെ ഊരാളത്ത് അച്യുതന്‍ വൈദ്യരുടെ വസതിയില്‍ പലവട്ടം വന്ന് തങ്ങിയിട്ടുണ്ട്.

പോണേക്കര സെയ്ന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി സ്ഥാപിച്ചത് 1890-ലാണ്.

കമ്യൂണിസത്തിനും വേരോട്ടമുള്ള മണ്ണായിരുന്നു പോണേക്കര. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പല പ്രതികളും ഇവിടത്തുകാരായിരുന്നു. പോണേക്കര കള്ളുഷാപ്പും പഴയകാലത്ത് പ്രസിദ്ധമായിരുന്നു. ചങ്ങമ്പുഴയുടെ ഇഷ്ടഷാപ്പ് ആയിരുന്നത്രെ ഇത്.

പോണേക്കരയുടെ മുഖച്ഛായ മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് 1998-ല്‍ ആരംഭിച്ച അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും അമൃത മെഡിക്കല്‍ കോളേജുമാണ് എന്നുപറയാം. അമൃത നില്‍ക്കുന്ന സ്ഥലം മുമ്പ് പീലിയാട് പാടശേഖരങ്ങളും ചതുപ്പുനിലങ്ങളുമായിരുന്നു.

writer is...

എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഫോണ്‍: 9847900443

അടുത്തത്: ഏലൂര്‍

Content Highlights: Ponekkara, History of Ponekkara, Sthalanaamam