Old Church in Moolampillyകടമക്കുടി പഞ്ചായത്തില്‍പ്പെട്ട ചെറുദ്വീപാണ് മൂലമ്പിള്ളി. വടക്ക് കോതാടും പിഴലയും. തെക്ക് വടുതലയും കുറുങ്കോട്ട ദ്വീപും. കിഴക്ക് ചിറ്റൂര്‍. പടിഞ്ഞാറ് മുളവുകാട്. പണ്ട് മൂലമ്പിള്ളി പ്രസിദ്ധമായിരുന്നത് 'മൂലമ്പിള്ളി ചട്ടി' യുടെ പേരിലാണ്. അടുത്തകാലത്ത് ഈ നാട് വാര്‍ത്തകളില്‍ ഇടം നേടിയത് മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിന്റെ പേരിലും.

'മൂലമ്പിള്ളി'ക്ക് പേരുണ്ടായതിനെപ്പറ്റി നാട്ടുകാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു പഴയ തമാശക്കഥയുണ്ട്. ഒരുകാലത്ത് മൂലമ്പിള്ളി കളിമണ്‍ വ്യവസായ കേന്ദ്രമായിരുന്നു. ചട്ടിയും കലവും കുടവും അടുപ്പുമൊക്കെ ഉണ്ടാക്കുന്നത് വലിയ കുടില്‍വ്യവസായമായിരുന്നു അന്നിവിടെ. കളിമണ്ണ് കൊണ്ട് 'ഓവന്‍' (റൊട്ടി മുതലായവ ചുടുന്നതിനുള്ള, മുകളില്‍ ആര്‍ച്ചുപോലെ എടുപ്പുള്ള അടുപ്പ്) പോലും ഉണ്ടാക്കിയിരുന്നു. ഒരിക്കല്‍ ഒരു സായിപ്പ് നാടുകാണാനെത്തി. ഓവന്‍ ഉണ്ടാക്കുന്നിടത്തേക്ക് ഒരു നാട്ടുകാരന്‍ ആ സായിപ്പിനെ കൂട്ടിക്കൊണ്ടുവന്നു. 'വാട്ട്സ് ദ നെയിം ഓഫ് ദിസ് പ്ലേസ്...?' എന്നു ചോദിച്ചുകൊണ്ട് സായിപ്പ് അപ്പോള്‍ ഉണ്ടാക്കിവച്ച ഒരു ഓവന്റെ മുകളില്‍ കയറിയിരുന്നു. ചന്തി പൊള്ളിയ സായിപ്പ് ഉടന്‍ ചാടിയെഴുന്നേറ്റു. ഇതു കണ്ട് മെറ്റയാള്‍ 'അയ്യോ, സായിപ്പിന്റെ മൂലം പൊള്ളി' എന്ന് ഉറക്കെ പറഞ്ഞു. 'വാട്ട്...? മൂലമ്പൊള്ളി... മൂലമ്പൊള്ളി...? എന്ന് സായിപ്പ് ആസനം തടവിക്കൊണ്ടു ചോദിച്ചു. സ്ഥലത്തിന്റെ പേര് 'മൂലമ്പൊള്ളി' എന്നാണ് പാവം വെള്ളക്കാരന്‍ ധരിച്ചത്. അങ്ങനെയാണത്രെ ഈ നാടിന് 'മൂലമ്പൊള്ളി' എന്ന് പേരുവീണത്. പിന്നീടത് 'മൂലമ്പിള്ളി'യായി പോലും. കേള്‍ക്കാന്‍ രസമുണ്ടെങ്കിലും ഇക്കഥ ആരും വിലയ്‌ക്കെടുക്കുമെന്ന് തോന്നുന്നില്ല.

പിന്നെ, ഈ നാടിന് പേരുണ്ടായത് എങ്ങനെയാണെന്നല്ലേ...? 1663-ല്‍ ഡച്ചുകാര്‍ കൊച്ചി ആക്രമിച്ചു. സാമൂതിരിയുടെ സഹായത്തോടെ അവര്‍ 1663 ജനുവരി ഏഴിന് പോര്‍ച്ചുഗീസുകാരെ തോല്‍പ്പിക്കുകയും കൊച്ചിയിലെ പോര്‍ച്ചുഗീസ് വാഴ്ച അവസാനിപ്പിക്കുകയും ചെയ്തു. കീഴടങ്ങല്‍ വ്യവസ്ഥയനുസരിച്ച് സകല പോര്‍ച്ചുഗീസുകാരും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകേണ്ടിയിരുന്നു. പോര്‍ച്ചുഗീസ് രക്തത്തില്‍ പിറന്ന 'നാടന്‍ പറങ്കികള്‍' അവരുടെ പെട്ടിയും കിടക്കയുമൊക്കെയെടുത്ത് രായ്ക്കുരാമാനും ഗോവയിലേക്ക് സ്ഥലം വിട്ടുകൊള്ളണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. ഡച്ചുകാരെ പേടിച്ച് വീട്ടുസാമാനങ്ങളും പെറുക്കിക്കൂട്ടി നാടന്‍ പറങ്കികള്‍ വഞ്ചികളില്‍ കയറി അഭയം തേടിയെത്തിയത് ഞാറയ്ക്കല്‍, മുളവുകാട്, മൂലമ്പിള്ളി, വല്ലാര്‍പാടം, മഞ്ഞുമ്മല്‍ എന്നിവിടങ്ങളിലേക്കാണ്. എത്തിപ്പെടാന്‍ പ്രയാസമുള്ള തുരുത്തുകളായതുകൊണ്ട് പട്ടാളക്കാര്‍ പെട്ടെന്ന് തങ്ങളെ തിരഞ്ഞ് എത്തുകയില്ലെന്നതായിരുന്നു അവരുടെ ധൈര്യം.

ഇങ്ങനെ ഡച്ചുകാരെ പേടിച്ചെത്തി കുടിേയറി പാര്‍ത്തവരായിരിക്കാം ഈ തുരുത്തിലെ ആദ്യ താമസക്കാര്‍. അവര്‍ ഇവിടെ ഒരു പള്ളി പണിതു. അത് ഏതുവര്‍ഷമാണെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. പിന്നീട് ഈ പള്ളിയുടെ കീഴില്‍ സമീപദേശങ്ങളില്‍ ചെറിയ കുരിശുപള്ളികളുണ്ടായി. ചിറ്റൂര്‍, വടുതല, ചേരാനല്ലൂര്‍, കോതാട് തുടങ്ങിയവ അവയില്‍പ്പെടും. ഇവയുടെയൊക്കെ 'മൂലം' (അടിസ്ഥാനം) ആയ ആദ്യ പള്ളി അങ്ങനെ 'മൂലംപള്ളി'യായി. പള്ളി നില്‍ക്കുന്ന സ്ഥലവും 'മൂലമ്പള്ളി' എന്നറിയപ്പെടാന്‍ തുടങ്ങി. മൂലമ്പള്ളി പിന്നീട് 'മൂലമ്പിള്ളി' ആയി. മൂലമ്പിള്ളി പള്ളി എന്ന സെയ്ന്റ് അഗസ്റ്റിന്‍സ് പള്ളി 1875-ല്‍ പുതുക്കിപ്പണിതു. ഏതാനും വര്‍ഷം മുമ്പ് പള്ളി വീണ്ടും പുനര്‍ നിര്‍മിക്കുകയുണ്ടായി.

മൂന്ന് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള താണ ചെളിപ്രദേശമാണ് മൂലമ്പിള്ളി. തെങ്ങ് നന്നായി വിളയും. തോടുകളുള്ളതുകൊണ്ട് തേങ്ങാമടല്‍ ചീയിച്ച്, തല്ലി ചകിരിയെടുക്കലും ചകിരിപിരിക്കലും ആയിരുന്നു ആദ്യകാലത്തെ മുഖ്യതൊഴിലുകള്‍. പിന്നെ പൊക്കാളി കൃഷിയും ചെമ്മീന്‍ വളര്‍ത്തലും.

പിന്നീട് കളിമണ്‍ വ്യവസായം അരങ്ങ് കീഴടക്കി. പുറത്തുനിന്ന് വഞ്ചിമാര്‍ഗം മണ്ണ് കൊണ്ടുവന്നാണ് വെള്ളം ചേര്‍ത്ത് ചവിട്ടിക്കുഴച്ച് പരുവപ്പെടുത്തി മൂശയില്‍ വച്ച് പാത്രങ്ങള്‍ക്കും മറ്റും രൂപം കൊടുത്തിരുന്നത്. 'മൂലമ്പിള്ളി ചട്ടി' ഗുണമേന്മ കൊണ്ട് കമ്പോളം കീഴടക്കി. അറുപതുകളില്‍ ഇവിടെ 'കളിമണ്‍ വ്യവസായ സഹകരണ സംഘം' ഉടലെടുത്തു. ഉത്പാദനവും വിറ്റഴിക്കലും ഏറ്റെടുത്ത സംഘം അംഗങ്ങള്‍ക്ക് നിശ്ചിത വരുമാനവും ഉറപ്പാക്കി. എന്നാല്‍ പില്‍ക്കാലത്ത് കെടുകാര്യസ്ഥതമൂലം സംഘം പൂട്ടേണ്ടി വന്നു. 'തണ്ടൂരി ഓവന്‍' വരെ ഉണ്ടാക്കിയിരുന്ന ആ പഴയകാലം ഇന്ന് ഓര്‍മമാത്രം.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഇവിടെ, അധികമാളുകളും കൂലിപ്പണിക്കാരും കെട്ടിട നിര്‍മാണ തൊഴിലാളികളും മരപ്പണിക്കാരും കല്‍പ്പണിക്കാരുമൊക്കെയാണ്. അടുത്തുള്ള കായല്‍ തുരുത്തുകളായ പിഴല, ചേന്നൂര്‍, കോരാമ്പാടം, വലിയ കടമക്കടി, ചെറിയ കടമക്കുടി, കണ്ടനാട്, മണ്ണന്തുരുത്ത് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിനുവേണ്ടി ഇവിടത്തുകാരെ കുടിയിറക്കിയപ്പോള്‍ മൂലമ്പിള്ളി വാര്‍ത്താപ്രാധാന്യം നേടുകയും മഹാശ്വേതാദേവിയെപ്പോലുള്ളവര്‍ ഇവിടെ വന്ന് സമരത്തിന് ഊര്‍ജം പകരുകയും ചെയ്തു.

 

The Writer is...

എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍

ഫോണ്‍: 9847900443

- അടുത്തത്: വടക്കേക്കര

 

Content Highlights: Moolampilly, History of Moolampilly, Sthalanaamam about Moolampilly, Sthalanaamam