നീലീശ്വരത്തോട് തൊട്ടുകിടക്കുന്ന സ്ഥലമാണ് കൊറ്റമം. പാറശ്ശാലയ്ക്കടുത്ത് കൊറ്റാമം എന്ന പേരില്‍ ഒരു സ്ഥലം ഉണ്ട്. ഇരിങ്ങാലക്കുടയ്ക്കടുത്ത് കൊറ്റനെല്ലൂരും ചവറയ്ക്കടുത്ത് കൊറ്റംകുളങ്ങരയും ഉണ്ട്.

കൊറ്റമം എന്ന സ്ഥലപ്പേരിന്റെ ഉത്ഭവം 'കൊറ്റവൈ' എന്ന തമിഴ്പദത്തില്‍ നിന്നാണ്. കൊറ്റവൈ ഒരു ആദിദ്രാവിഡ ദേവതയാണ്. കേരളം പണ്ടുവാണിരുന്ന ആദിചേരന്മാരുടെ കുലദേവതയും രണദേവതയുമായിരുന്നു ഈ കൊറ്റവൈ. തമിഴില്‍ 'കൊറ്റം' എന്നാല്‍ ശൗര്യം എന്നും 'അവൈ' എന്നാല്‍ അമ്മ എന്നുമാണ് അര്‍ത്ഥം.

കൊറ്റമം പണ്ട് കൊറ്റവൈയുടെ ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലം ആയിരുന്നിരിക്കണം. എന്നാല്‍ പണ്ടിവിടെ അങ്ങനെയൊരു ക്ഷേത്രം നിന്നിരുന്നതിന്റെ യാതൊരു അവശിഷ്ടവും ഇല്ല.

അങ്കംവെട്ടും ആയുധക്കളരികളുമുള്ള കാലത്ത് കൊറ്റവൈ, കളരി ദേവതയുമായിരുന്നു. അന്നൊക്കെ ആയുധമെടുക്കുന്നതും അങ്കത്തിനിറങ്ങുന്നതും കളരിദേവതയുടെ മുമ്പില്‍ വച്ചാണ്. യുദ്ധം ജയിച്ചാല്‍ കൊറ്റവൈയുടെ മുമ്പില്‍ 'തുണങ്കൈക്കൂത്ത്' ആടുകയും ആടിനെ വെട്ടി ബലിയര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ചുവന്ന തെച്ചിമാല ചാര്‍ത്തി ബലികൊടുക്കാന്‍ കൊണ്ടുപോകുന്ന വലിയ ആണാടിന് 'കൊറ്റനാട്' എന്നു പേരു വന്നതും 'കൊറ്റം' എന്ന വാക്കില്‍ നിന്നാണ്.

ചിലപ്പതികാരത്തില്‍ 'കൊറ്റവൈ'യെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. കണ്ണകിയും കോകലനും വഴികാട്ടിയായ ജൈനസന്ന്യാസിനിയോടൊപ്പം ചോളനാട്ടില്‍ നിന്നു പാണ്ഡ്യരാജ്യത്തേയ്ക്ക് കാല്‍നടയായി യാത്ര ചെയ്യുമ്പോള്‍ മാര്‍ഗമധ്യത്തിലുള്ള കൊറ്റവൈയുടെ ക്ഷേത്രത്തിനു മുമ്പില്‍ യുദ്ധത്തിനു പുറപ്പെടുന്ന മറവന്മാര്‍ കള്ളുകുടിച്ച് മദിച്ച് കൂട്ടും ചേര്‍ന്നു കൂത്താടുന്നതായി വര്‍ണിക്കുന്നു.

കളമ്പാട്ടുപുരവും മുണ്ടങ്ങാമറ്റവും കൊറ്റമത്തിനടുത്താണ്. കളമ്പാട്ടുപുരത്തിന് അങ്ങനെ പേരുണ്ടായത് ഇവിടെ കളമെഴുത്തുംപാട്ടും നടന്നിരുന്നതിനാലാണ്. മേക്കാലടിയും വളരെ അകലെയല്ല. പണ്ടിവിടമൊക്കെ ആദിദ്രാവിഡ ഗോത്രവര്‍ഗക്കാര്‍ പാര്‍ത്തിരുന്ന പ്രദേശങ്ങളായിരുന്നിരിക്കാനിടയുണ്ട്. മൃഗങ്ങളുടെ തോലുരിച്ചു വടിച്ചുകളയുന്നതിന് ഉപയോഗിക്കുന്ന പ്രാചീനമായ ശിലായുഗത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തുവകുപ്പ് ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കൊറ്റമംതോട് കൊറ്റമത്തെയും കാലടിയെയും വേര്‍തിരിക്കുന്നു. കൊറ്റമത്തെയും മാണിക്കമംഗലത്തെയും വേര്‍തിരിക്കുന്നത് മുക്കടായിത്തോട് ആണ്. കൊറ്റമവും മാണിക്കമംഗലവും നീലീശ്വരവുമൊക്കെ ജാതികൃഷി നടക്കുന്ന സ്ഥലങ്ങളാണ്. കേരളത്തില്‍ യൂറോപ്യന്‍ ജാതിത്തൈകള്‍ കൊണ്ടുവന്ന് ആദ്യമായി നട്ടുപിടിപ്പിച്ചത് ഇവിടെയായിരുന്നുവെന്ന് പറയപ്പെടുന്നു. 'ജാതിത്തോട്ടം' എന്ന പേരില്‍ ഒരു സ്ഥലംതന്നെയുണ്ടായിരുന്നു പണ്ടിവിടെ. പെരിയാര്‍ തീരത്തായതിനാല്‍ ജലസാമീപ്യവും വളക്കൂറുള്ള മണ്ണും ജാതി തഴച്ചുവളരാന്‍ സഹായകമായി.

ഈറ്റ നെയ്ത്ത് അന്നും ഇന്നും ഇവിടെ ഒരു ഉപജീവനമാര്‍ഗമാണ്. പണ്ട് കിഴക്കന്‍ മലകളില്‍ നിന്ന് ഈറ്റ വെട്ടിയെടുത്ത് പെരിയാറ്റിലൂടെ ഒഴുക്കിയാണ് ഇങ്ങോട്ടു കൊണ്ടു വന്നിരുന്നത്. 'ഈറ്റക്കടവ്' എന്നൊരു സ്ഥലവുമുണ്ടിവിടെ. ബാംബൂ കോര്‍പ്പറേഷന്‍ വന്നത് ഈറ്റ വ്യവസായത്തിന് കൂടുതല്‍ ഗുണകരമായി.

അതുപോലെ മലയാറ്റൂര്‍, കോടനാട് എന്നിവിടങ്ങളില്‍ നിന്ന് തടിയും വള്ളങ്ങളില്‍ കൊണ്ടുവന്ന് സ്റ്റോക്ക് ചെയ്ത് ആലുവയിലെ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസിലേക്കും മറ്റും ഉരുപ്പടികള്‍ ഉണ്ടാക്കുന്നതിനായി ലോറികളില്‍ കയറ്റിക്കൊണ്ടു പോകാറുണ്ടായിരുന്നു അടുത്തകാലം വരെ. അങ്ങനെ തടികള്‍ ധാരാളമായി സ്റ്റോക്ക് ചെയ്തിരുന്ന സ്ഥലം ഇവിടെ നിന്ന് വളരെ അകലെയല്ല.

കൊറ്റമം സെയ്ന്റ് ജോസഫ്സ് പള്ളിക്ക് ഏകദേശം രണ്ട് നൂറ്റാണ്ടിന്റെ പഴക്കം കണ്ടേക്കും.

അടുത്തത്: മറ്റൂര്‍

Content Highlights: Kottamam, Sthalanaamam, Mathrubhumi Travel, Mathrubhumi Yathra