Thathappillyഴയ 'ആലങ്ങാട് രാജ്യ'ത്തിന് 'മങ്ങാട്' എന്നും പേരുണ്ടായിരുന്നു. ആലങ്ങാട് രാജാവിനെ 'മങ്ങാട്ടച്ചന്‍' എന്നും വിളിച്ചിരുന്നു (കോഴിക്കോട് സാമൂതിരിയുടെ മന്ത്രിയും സേനാനായകനുമായിരുന്ന 'മങ്ങാട്ടച്ചന്‍' വേറെ). മങ്ങാട് രാജ്യത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി 'തത്തപ്പിള്ളി' ആയിരുന്നു എന്നതിനും രേഖയുണ്ട്. വരാപ്പുഴയ്ക്ക് വടക്കും തത്തപ്പിള്ളിക്ക് കിഴക്കും കൊച്ചുകടവിന് തെക്കും മഞ്ഞപ്രയ്ക്ക് പടിഞ്ഞാറുമായിരുന്നു 'മങ്ങാട് ദേശം' എന്നാണ് രേഖ.

തത്തപ്പിള്ളി ഇപ്പോള്‍ കോട്ടുവള്ളി പഞ്ചായത്തിലാണ്. പറവൂരിന് ഏകദേശം നാല് കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. വടക്ക് മന്നവും തെക്ക് വള്ളുവള്ളിപ്പുഴയ്ക്ക് കുറുകെയുള്ള തത്തപ്പിള്ളിപ്പാലവും അതിനപ്പുറം കരിങ്ങാന്തുരുത്തും. കിഴക്ക് ആനച്ചാലും പടിഞ്ഞാറ് വാണിയക്കാടും. 'തത്തപ്പള്ളി' എന്നും എഴുതാറുണ്ട്.

കടുത്തുരുത്തിക്കടുത്ത് മറ്റൊരു 'തത്തപ്പള്ളി'യും ഉണ്ട്. തിരുവനന്തപുരത്ത് തത്തമലയും പേരാമ്പ്രയ്ക്കടുത്ത് തത്തക്കാടും ഉണ്ട്, പാലക്കാട് ചിറ്റൂരിനടുത്ത് തത്തമംഗലവും. 'ദത്ത'മംഗലം ആണത്രെ പിന്നീട് തത്തമംഗലം ആയത്. 'ദത്തൂന്‍' എന്നൊരു പരദേശി ബ്രാഹ്മണശ്രേഷ്ഠന്‍ സ്ഥാപിച്ച അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്നതുകൊണ്ടാണത്രെ ആ സ്ഥലം 'ദത്തമംഗലം' എന്നറിയപ്പെട്ടത്. ഏതായാലും ആ ദത്തൂന്‍, പാലക്കാടിന് തെക്കോട്ട് വന്നതായി തെളിവുകളൊന്നുമില്ല. തത്തപ്പള്ളിയില്‍ ബ്രാഹ്മണരുമില്ല.

വള്ളുവരുടെ പള്ളി ഉണ്ടായിരുന്നതുകൊണ്ടാണ് വള്ളുവള്ളിക്ക് അങ്ങനെ പേരുണ്ടായതെങ്കില്‍, അവിടെനിന്ന് വളരെ അകലെയല്ലാത്ത തത്തപ്പിള്ളിയിലും അക്കാലത്ത് ബുദ്ധമതക്കാരുടെ ദേവലായം (പള്ളി) ഉണ്ടായിരുന്നിരിക്കണം. 'ദത്തം' എന്ന പദത്തിന് 'ദാനംചെയ്ത വസ്തു' എന്നര്‍ത്ഥമുണ്ട്. ഒരുപക്ഷേ, അന്ന് ആ പള്ളി പണിതത് ആരെങ്കിലും ദാനംചെയ്ത സ്ഥലത്താണെന്നും വരാം. അങ്ങനെയെങ്കില്‍ 'ദത്ത+പള്ളി' എന്നതില്‍ നിന്നാവാം 'തത്തപ്പിള്ളി' എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.

തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു പണ്ട് തത്തപ്പിള്ളി. രാജഭരണകാലത്ത് സ്ഥാപിക്കപ്പെട്ട, കരിങ്കല്ലില്‍ തീര്‍ത്ത രണ്ട് 'ചുമടുതാങ്ങി'കള്‍ ('അത്താണി') ഇപ്പോഴും ഇവിടെ കാണാം, രാജവാഴ്ചക്കാലത്തിന്റെ സ്മരണികയെന്നപോലെ.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ പ്രദേശത്ത് ക്ഷേത്രധ്വംസനവും മതപരിവര്‍ത്തനവും നടന്നിട്ടുള്ളതായി കരുതപ്പെടുന്നു. കേരളത്തിലെ അതിപുരാതനമായ 108 ദുര്‍ഗാലയങ്ങളില്‍ പെട്ടതാണ് ഇവിടത്തെ ഭഗവതീക്ഷേത്രം. 1500 വര്‍ഷം മുമ്പ് വേഴപ്പറമ്പ് നമ്പൂതിരിയാണത്രെ ഇവിടെ ബാലദുര്‍ഗാ പ്രതിഷ്ഠ നടത്തിയത്. അന്നത്തെ ദേവാലയം നാലമ്പലം, ചുറ്റമ്പലം, വിളക്കുമാടം, ഊട്ടുപുര, പാട്ടുപുര, കൂട്ടാല (ഭണ്ഡാരപ്പുര), നിലവറ മുതലായവയോട് കൂടിയതായിരുന്നുവത്രെ. പടയോട്ടക്കാലത്ത് എല്ലാം തകര്‍ക്കപ്പെട്ടെങ്കിലും അവശിഷ്ടങ്ങളില്‍ ചിലതൊക്കെ ഇപ്പോഴും ഉണ്ട്.

പിന്നീട് പുനരുദ്ധരിച്ചതാണ് ഇപ്പോഴത്തെ ക്ഷേത്രം. തമിഴ് ശൈലിയിലുള്ള ബലിക്കല്ലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാധാരണ ചുറ്റമ്പലത്തിനകത്താണ് ബലിക്കല്ല്. ഇവിടെ അത് അമ്പലത്തിന് പുറത്ത് ഏതാണ്ട് പതിനഞ്ചടി മാറിയാണ് കിടക്കുന്നത്. പണ്ടിത് അകത്തായിരുന്നുവെന്നും അന്നിവിടെ വലിയ അമ്പലമുണ്ടായിരുന്നുവെന്നും ഇതില്‍നിന്ന് അനുമാനിക്കാം.

വ്യത്യസ്തതയുള്ള ക്ഷേത്രചാരങ്ങളാണിവിടെ. വാസനയുള്ള പൂക്കളും സുഗന്ധദ്രവ്യങ്ങളും പൂജയ്ക്ക് ഉപയോഗിക്കാറില്ല, ആനയെഴുന്നള്ളിപ്പും വെടിക്കെട്ടുമില്ല, ഇവിടെ വിവാഹം നടത്താറുമില്ല. ദേവിയെ, സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞ് പുറത്തെ 'പള്ളിയറ'യിലേക്ക് കൊണ്ടുപോവുകയും രാവിലെ ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നു. പണ്ട് സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ്.

തത്തപ്പിള്ളിയിലെ മുസ്ലിം പള്ളി സ്ഥാപിക്കപ്പെട്ടത് പടയോട്ടക്കാലത്താണെന്ന് കരുതപ്പെടുന്നു. രണ്ടര നൂറ്റാണ്ട് മുമ്പ് അജ്മീറില്‍ നിന്ന്, കൊടുങ്ങല്ലൂര്‍ വഴി ഇവിടെയെത്തിയ 'ഷെയ്ഖ് സയ്യിദ് മുനവ്വര്‍ഷാ' എന്ന സിദ്ധന്‍ പള്ളി പുതുക്കിപ്പണിതു. ഈ സിദ്ധന്‍ നട്ടുപിടിപ്പിച്ചതെന്ന് കരുതപ്പെടുന്ന ഒരു വിശേഷപ്പെട്ട വൃക്ഷമുണ്ട് പള്ളിക്കു മുന്നില്‍... 'പേയ് മരം' എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വയസ്സന്‍മരം ഒരിക്കലും ക്ഷയിക്കാതെ, കാലാകാലങ്ങളില്‍ പൂത്തും തളിര്‍ത്തും കായ്ച്ചും പടര്‍ന്നുപന്തലിച്ച് നിത്യഹരിതമായി നില്‍ക്കുന്നു. പൂക്കുമ്പോള്‍ ഒരു പ്രത്യേകതരം ഗന്ധമാണ്. ഇതിന്റെ ഇലയ്ക്കും കായ്ക്കുമൊക്കെ രോഗശമന സിദ്ധിയുണ്ടെന്നാണ് വിശ്വാസം. മരത്തിന്റെ പുറന്തൊലിയില്‍ ചെത്തിയാല്‍ ചോരപോലെയുള്ള ദ്രാവകം (ചറം) വരും.

ഈ പള്ളിയില്‍ എന്നും സന്ധ്യാസമയത്ത് 'നിലവിളക്ക്' കൊളുത്തുന്ന പതിവുണ്ട്. വെളിച്ചെണ്ണയും ചന്ദനത്തിരിയുമാണ് പ്രധാന നേര്‍ച്ച. നേര്‍ച്ച കൊടുക്കുന്നവരിലധികവും ഹൈന്ദവരാണെന്നതും പ്രസ്താവ്യമാണ്. പതിനേഴ് വര്‍ഷം മുമ്പുവരെ ഇവിടെ ആനകളെ എഴുന്നള്ളിച്ചുള്ള 'ചന്ദനക്കുടം' പെരുന്നാള്‍ നടന്നിരുന്നു. നാടിന്റെ ഉത്സവമായിരുന്നു അന്നത്. ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടത്താറുള്ള അന്നദാനത്തില്‍ ഇപ്പോഴും നാനാജാതി-മതസ്ഥരായ ആയിരങ്ങള്‍ പങ്കുകൊള്ളാറുണ്ട്.

ധാരാളം കുടുംബികളും കുറച്ച് പട്ടാണികളും ഉണ്ട് തത്തപ്പള്ളിയില്‍. ഒരുകാലത്ത് കള്ളുചെത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം, ചെത്തുതൊഴിലാളികളുടെയും. ഇപ്പോള്‍ ചെത്ത് നാമമാത്രമാണ്. ഇവിടെ വിദ്യാഭ്യാസപരമായ പുരോഗതിയുണ്ടായത് അടുത്തകാലത്താണ്.

അടുത്തത്: ചെങ്ങല്‍

Content Highlights: Thathappilly, Sthalanaamam, Kerala Tourism