കൊച്ചിയിലെ 'സൗദി' എന്ന സ്ഥലനാമം പലരിലും കൗതുകമുണര്‍ത്തിയേക്കാം. കടല്‍ത്തീരത്താണ് സൗദി. തെക്ക് മാനാശ്ശേരി, വടക്ക് ഫോര്‍ട്ടുകൊച്ചി, കിഴക്ക് മുണ്ടംവേലി, പടിഞ്ഞാറ് അറബിക്കടല്‍... ഇങ്ങനെയാണ് ഈ പ്രദേശത്തിന്റെ നാലതിരുകള്‍. പലപ്പോഴും കടലാക്രമണമുണ്ടാകാറുള്ള സ്ഥലം.
പണ്ട് കച്ചവടാവശ്യത്തിനായി സൗദി അറേബ്യയില്‍ നിന്നെത്തിയ അറബിവ്യാപാരികളാണ് ഈ സ്ഥലത്തിന്റെ 'സൗദി' എന്ന പേരിന് കാരണക്കാര്‍ എന്നാണ് കൊച്ചിയുടെ ചരിത്രമെഴുതിയിട്ടുള്ള കെ.എല്‍. ബര്‍ണാഡിന്റെ അഭിപ്രായം. എന്നാല്‍, ഇത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. കാരണം, സൗദി അറേബ്യ എന്ന രാജ്യത്തിന് ആ പേര് ഉണ്ടാകുന്നതിന് മുമ്പുതന്നെ കൊച്ചിയിലെ ഈ ചെറിയ സ്ഥലം 'സൗദി' എന്നറിയപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ട്.
1932-ലാണ് 'കിങ്ഡം ഓഫ് സൗദി അറേബ്യ' യഥാര്‍ഥത്തില്‍ രൂപംകൊള്ളുന്നത്. 'ഇബ്നു സൗദ്' എന്നറിയപ്പെടുന്ന അബ്ദുള്‍ അസീസ് അല്‍ സൗദ് (19261953) ആയിരുന്നു ആദ്യ രാജാവ്. അങ്ങനെ 'സൗദി' രാജവംശത്തിന്റെ പേരില്‍ ആ രാജ്യം അറിയപ്പെടാന്‍ തുടങ്ങി. സൗദി അറേബ്യയിലേത് 'SAUDI' ആണെങ്കില്‍ കൊച്ചിയിലേത് 'SAUDE' ആണ്. ഈ സൗദി അറബിവാക്കല്ല. പോര്‍ച്ചുഗീസ് വാക്കാണ്. പോര്‍ച്ചുഗീസ് ഭാഷയില്‍ 'സൗദി' എന്നതിന് 'ആരോഗ്യം' എന്നാണര്‍ഥം.
പോര്‍ച്ചുഗീസ് അധിനിവേശകാലത്താണ് ഈ പേരുണ്ടാകുന്നത്. 1501-ല്‍ പോര്‍ച്ചുഗീസുകാര്‍ ഇവിടെ ആരോഗ്യമാതാവിന്റെ ഒരു പള്ളി സ്ഥാപിച്ചു. 'ചീമൈ ടലിവീൃമ റല ടമൗറല' എന്നായിരുന്നു ദേവാലയത്തിന്റെ പോര്‍ച്ചുഗീസ് നാമം. (ഇംഗ്ലീഷില്‍ 'ഔവ്വര്‍ലേഡി ഓഫ് ഹെല്‍ത്ത്') പറങ്കികള്‍ പണിത പള്ളിയായതിനാല്‍ അന്നൊക്കെ ആളുകള്‍ ഇതിനെ വിളിച്ചിരുന്നത് 'പറങ്കിപ്പള്ളി' എന്നായിരുന്നു.
പറങ്കികള്‍ ഇവിടെ പള്ളി പണിയുകയും നാട്ടുകാരെ മതപരിവര്‍ത്തനം നടത്തുകയും ഇവിടെയുള്ള സ്ത്രീകളെ വിവാഹം ചെയ്യുകയും മാത്രമല്ല, അവരുടെ ഭാഷയില്‍ നിന്ന് പല വാക്കുകളും മലയാളത്തിന് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. അലമാരി, ആസ്പത്രി, ബസാര്‍, കാപ്പി, ചായ, ചുരുട്ട്, ചാക്ക്, ജനാല, കത്ത്, കൊരടാവ് (കയര്‍), മേശ, പാതിരി, പകിടി... അങ്ങനെ എത്രയെത്ര വാക്കുകള്‍...
1502 നവംബര്‍ 7-ന് വാസ്‌കോ ഡി ഗാമ അഞ്ച് ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികളോടുകൂടി കൊച്ചിയില്‍ വന്നതായി രേഖയുണ്ട്. ആവര്‍ഷം തന്നെയാണ് സൗദി പള്ളി പുതുക്കിപണിതത്. ഒരുപക്ഷേ, ഗാമയോടൊപ്പം വന്ന മിഷണറിമാരായിരിക്കാം ഇതിന് പിന്നില്‍. അന്ന് സൗദി ഇടവക വളരെ വലുതായിരുന്നുവത്രെ. 17-ാം നൂറ്റാണ്ടില്‍ അറബി കൊള്ളക്കാര്‍ ഈ ദേവാലയം കൊള്ളയടിക്കുകയും അധികം താമസിയാതെ ഉണ്ടായ കടലാക്രമണത്തില്‍ പള്ളി നശിക്കുകയും ചെയ്തു.
1804-ല്‍ പള്ളി മൂന്നാമതും പുതുക്കിപ്പണിതു. നശിച്ചുപോയ പള്ളിയുടെ മേല്‍ക്കൂടും ശീലാന്തിയും നിലനിര്‍ത്തി. എന്നാല്‍ ഗോഥിക് ശില്പ മാതൃകയില്‍ പണിതീര്‍ത്ത പുരാതനദേവാലയം പൊളിച്ചുകളഞ്ഞ് അടുത്തകാലത്ത് പുതിയ പള്ളി നിര്‍മിക്കുകയുണ്ടായി. ഇപ്പോള്‍ കാണുന്ന പള്ളി പുതിയതാണ്.
ഇവിടത്തെ മാതാവിന്റെ തിരുസ്വരൂപം ഒറ്റക്കല്ലില്‍ തീര്‍ത്തതാണ്. ഡച്ചുകാര്‍ കത്തോലിക്ക പള്ളികളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തകാലത്ത് ഇത് മണ്ണിനടിയില്‍ പൂണ്ടുപോവുകയും നിന്നീട് കേടുപാടില്ലാതെ വീണ്ടെടുക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം. ഉണ്ണീശോയെ കൈയിലേന്തിനില്‍ക്കുന്ന അഞ്ചരയടി ഉയരമുള്ള ഈ വിഗ്രഹം ഏറെ പ്രത്യേകതകളുള്ളതാണ്. പണ്ടിവിടെ ഒരു ജൂതപ്പള്ളിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
അടുത്തത്: ഓച്ചന്തുരുത്ത്
Content Highlights: History of Saude, Sthalanamam