കൊച്ചിയോടും കളമശ്ശേരിയോടും തൊട്ടുമുട്ടിക്കിടക്കുന്ന പ്രദേശമാണ് മഞ്ഞുമ്മല്‍... ഏലൂര്‍ മുനിസിപ്പാലിറ്റിയുടെ ഭാഗം. മഞ്ഞുമ്മലിന്റെ ആദ്യപേര് 'മഞ്ഞുമല' എന്നായിരുന്നുവെന്നു വേണം കരുതാന്‍.

മഞ്ഞുമ്മലിനെക്കുറിച്ച് ഏറ്റവും പഴക്കമുള്ള പരാമര്‍ശം പതിനഞ്ചാം നൂറ്റാണ്ടില്‍ എഴുതിയതെന്ന് കരുതപ്പെടുന്ന ലക്ഷ്മീദാസന്റെ 'ശുകസന്ദേശത്തി'ലാണ്. ഉത്തരഭാഗത്തിലെ നാലാം ശ്ലോകത്തില്‍ പരാമര്‍ശിക്കുന്ന 'ഹിമഗിരി' മഞ്ഞുമ്മല്‍ ആണെന്നാണ് അനുമാനം. ('കണ്ടാല്‍ പൊക്കം ഹിമാദ്രിക്കൊടുമുടിക്കെതിരേ/ന്തീടു, മീനാലുമൊപ്പി/ച്ചുണ്ടായീടും വെളുപ്പിന്‍ പുറമെ, യവിടെയു/ള്ളോരു വെണ്‍മേടയെല്ലാം' എന്ന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തര്‍ജമ).

വളരെ ഉയര്‍ന്ന കുന്നിന്‍പ്രദേശമായിരുന്നിരിക്കണം പണ്ടിവിടം. മഞ്ഞുകാലത്ത്, താഴെ നിന്നാല്‍ ഒരുപക്ഷേ മഞ്ഞുമല പോലെ തോന്നുമായിരുന്നിരിക്കാം. അങ്ങനെയാവാം 'മഞ്ഞുമല' എന്ന് പേരുവീണത്.

1897-ല്‍ എഴുതപ്പെട്ട * മഞ്ഞുമ്മല്‍ ആശ്രമ സ്ഥാപനത്തെക്കുറിച്ചുള്ള കൈയെഴുത്ത് ഗ്രന്ഥത്തില്‍ ഈ സ്ഥലത്തെപ്പറ്റിയുള്ള വിശദമായ വിവരണമുണ്ട്. അതിങ്ങനെ: 'മഞ്ഞുമല എന്ന സ്ഥലം വരാപ്പുഴ നിന്ന് ഉദ്ദേശം രണ്ടര നാഴികയോളം കിഴക്കുള്ളതും ആലുവാപ്പുഴ കൊണ്ട് നാലുവശവും ചുറ്റപ്പെട്ടിരിക്കുന്നതുമായ ഒരു തുരുത്ത് ആയിരുന്നു. കിഴക്ക് ഇടമുളെ നിന്ന് മുണ്ട്യാത്ത് ചൗക്ക വരെയും തെക്ക് മുട്ടാര്‍ മുതല്‍ വടക്ക് മേത്താനം കടവ് വരെയും രണ്ട് രാജപാതകളും. ഇതിനിടയില്‍ മറ്റ് ചെറിയ ഇടവഴികളും ഉണ്ടായിരുന്നതിനാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല'.

അക്കാലത്ത് പുഴകടക്കാന്‍ ആറ് കടത്തുവഞ്ചികളും മഞ്ഞുമ്മല്‍ ആശ്രമത്തോട് ചേര്‍ന്ന് ഔഷധശാലയും ധര്‍മശാലയും ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ക്ക് പഠനവീടും മഠവും ഉണ്ടായിരുന്നുവെന്നും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്.

മുന്നിലൊരു ഭാഗം പ്രദേശം തരിശായിരുന്നെങ്കിലും മറ്റു ഭാഗങ്ങളില്‍ വിവിധ ജാതി-മതസ്ഥര്‍ താമസിച്ചിരുന്നു. അക്കാലത്ത് ആകെ 545 കുടികള്‍ (വീടുകള്‍) ഉണ്ടായിരുന്നുവത്രെ. പല ജാതിയില്‍പ്പെട്ടവരും ക്രിസ്തീയമതം സ്വീകരിച്ചിരുന്നതായും പറയുന്നു.

മഞ്ഞുമ്മല്‍ ഗ്രാമം പറവൂര്‍ രാജാവിന്റെയും ആലങ്ങാട് രാജാവിന്റെയും അധീനതയിലായിരുന്നു ആദ്യകാലത്ത്. 1700-നോടുത്ത് ആലങ്ങാട് രാജാവിന്റെയും ചേരാനല്ലൂര്‍ കര്‍ത്താവിന്റെയും പടകള്‍ ഏറ്റുമുട്ടിയത് മഞ്ഞുമ്മലില്‍ വച്ചാണ്. അതിനുശേഷം മഞ്ഞുമ്മല്‍ പ്രദേശം ചേരാനല്ലൂര്‍ കര്‍ത്താവിന്റെ കീഴിലായി.

തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളുടെ അതിര്‍ത്തി കൂടിയായിരുന്നു മഞ്ഞുമ്മല്‍. അതിര്‍ത്തി നിര്‍ണയിക്കുന്ന 'കൊതി' കല്ലുകള്‍ മാടപ്പാട്ട് പ്രദേശത്ത് ഇന്നും കാണാം.

ടിപ്പുവിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ തിരുവിതാംകൂര്‍ രാജാവ് പണികഴിപ്പിച്ച കോട്ട നിന്നിരുന്ന ഭാഗമാണ് ഇപ്പോള്‍ 'കോട്ടക്കുന്ന്' എന്നറിയപ്പെടുന്നത്. എന്നാല്‍, ഇപ്പോള്‍ അവിടെ കോട്ടയുടെയും കുന്നിന്റെയും അവശിഷ്ടം പോലുമില്ല എന്നുമാത്രം. കുന്നൊക്കെ ഇടിച്ചുനിരത്തി ആളുകള്‍ വീടുവച്ചു. കോട്ടക്കുന്ന് എന്ന പഴയ പേരുമാത്രം ഇപ്പോഴും നിലനില്‍ക്കുന്നു.

കോട്ടക്കുന്നിന് സമീപമാണ് 'അമലോത്ഭവ മാതാവി'ന്റെ പുരാതനമായ ദേവാലയം (ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ച്) കേരളത്തിലെ കത്തോലിക്ക സഭയുടെ വളര്‍ച്ചയില്‍ സജീവ പങ്കുവഹിച്ച കര്‍മലീത്ത സന്ന്യാസിമാരാണ് ഈ പള്ളി സ്ഥാപിച്ചത്. 1876-ല്‍ ശിലാസ്ഥാപനവും 1892-ല്‍ ആശീവാദവും 1893-ല്‍ പ്രതിഷ്ഠാകര്‍മവും നടന്നു. ഗോഥിക് ശില്പ മാതൃകയില്‍, ഇറ്റലിയില്‍ നിന്ന് വന്ന വൈദികരാണ് ഇതു നിര്‍മിച്ചത്. അതിനുമുമ്പ് 1874-ല്‍ത്തന്നെ ഇവിടെ സന്ന്യാസ ആശ്രമവും സ്ഥാപിച്ചിരുന്നു.

1888-ല്‍ ബ്രദര്‍ നിക്കോളാസ് വെര്‍ഹൂവന്‍ എന്ന, വൈദ്യശാസ്ത്രം പഠിച്ച അച്ചനാണ് മഞ്ഞുമ്മല്‍ സെയ്ന്റ് ജോസഫ് ആശുപത്രി ആരംഭിച്ചത്. നാട്ടുകാര്‍ക്കിടയില്‍ 'നിക്‌ളാവൂസ് വൈദ്യന്‍' ആയി അറിയപ്പെട്ട അദ്ദേഹം, സ്വന്തമായി ചില നാട്ടൗഷധങ്ങളും നിര്‍മിച്ചിരുന്നു. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന സേതുലക്ഷ്മീഭായിയുടെ, പലരും ചികിത്സിച്ചിട്ടു ഭേദമാകാത്ത രോഗം ഈ വൈദ്യന്‍ കൊട്ടാരത്തില്‍പ്പോയി ചികിത്സിച്ച് ഭേദമാക്കിയത്രെ.

മലയാളത്തിലെ ആദ്യത്തെ കത്തോലിക്ക ബൈബിള്‍ 1905-ല്‍ പുറത്തിറക്കിയത് മഞ്ഞുമ്മല്‍ കര്‍മലീത്ത സഭാംഗങ്ങളായ മൂന്ന് പണ്ഡിത വൈദികരാണ്. ഇത് 'മഞ്ഞുമ്മല്‍ ബൈബിള്‍' എന്നും അറിയപ്പെടുന്നു.

മഞ്ഞുമ്മല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1908-ല്‍ രൂപംകൊണ്ട ശ്രീകുമാര വിലാസം സഭ വകയാണ് സുബ്രഹ്മണ്യ ക്ഷേത്രം. ഭുവനേശ്വരീക്ഷേത്രവും ഇവിടെയുണ്ട്.

മഞ്ഞുമ്മലില്‍ പണ്ട് ധാരാളം മനകളുണ്ടായിരുന്നു. ഇപ്പോള്‍ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള പ്രസിദ്ധമായ 'അയ്യന്‍കുളം' പണ്ട് ഏതോ മന വകയായിരുന്നു. വേനലില്‍ വെള്ളം വറ്റുമ്പോള്‍ പഴയകാലത്ത് രാഷ്ട്രീയ യോഗങ്ങള്‍ക്ക് ഇത് വേദിയാകുമായിരുന്നു, 'അയ്യന്‍കുളം മൈതാനം' എന്ന പേരില്‍.

കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യും എം.പി.യുമായിരുന്ന സേവ്യര്‍ അറയ്ക്കല്‍ (19351997), 6 വര്‍ഷവും 10 മാസവും 26 ദിവസവും മാത്രം ജീവിച്ച് 25,000-ല്‍ ഏറെ ചിത്രങ്ങള്‍ വരച്ച അത്ഭുതബാലന്‍ എഡ്മണ്ട് ക്‌ളിന്റ് (19761983) എന്നിവര്‍ മഞ്ഞുമ്മലിലാണ് ജനിച്ചത്.

അടുത്തത്: ദേവന്‍കുളങ്ങര

Content Highlights: History of Manjummal, Sthalanaamam, Tourists Places in Ernakulam