രങ്ങളും ചെടികളും സസ്യവര്‍ഗങ്ങളും സ്ഥലനാമങ്ങള്‍ക്ക് കാരണമായിത്തീരാറുണ്ട്. കേരളത്തിലെങ്ങുമുണ്ട് ഇതിന് നിരവധി ഉദാഹരണങ്ങള്‍. മാവും പ്‌ളാവും തെങ്ങും വാഴയും മാത്രമല്ല, ഇല്ലിയും കൂവയുമൊക്കെ ചില സ്ഥലപ്പേരുകള്‍ക്കു പിന്നില്‍ കാണാം. കൂനമ്മാവും പ്‌ളാമൂടും അഞ്ചുതെങ്ങും വാഴക്കുളവും ഇല്ലിക്കലും കൂവപ്പാടവും ഒക്കെ ഒന്നാന്തരം ഉദാഹരണങ്ങള്‍. പറവൂര്‍ താലൂക്കിലെ 'കൈതാരം', 'കൈത' എന്ന സസ്യത്തില്‍ നിന്ന് രൂപംകൊണ്ട സ്ഥലപ്പേരാണ്. കുന്നത്തുനാട് താലൂക്കില്‍ ഒരു തൈക്കാട് ഉണ്ട്. തീര്‍ന്നില്ല... കൈതമുക്ക്, കൈതക്കുഴി, കൈതക്കോണം, കൈതവളപ്പ്, കൈതക്കോട് എന്നീ പേരുകളിലുമുണ്ട് നമ്മുടെ നാട്ടില്‍ സ്ഥലങ്ങള്‍. കൈതത്തോട് എന്നൊരു തോടും ഉണ്ട്.

കോട്ടുവള്ളി പഞ്ചായത്തിലുള്‍പ്പെട്ടതാണ് കൈതാരം. പണ്ടിവിടം കൈതകള്‍ കൊണ്ട് നിറഞ്ഞ പ്രദേശം ആയിരുന്നു. പൂഴിമണല്‍ ഉള്ളിടത്തും വയലിറമ്പുകളിലും ആറ്റുതീരങ്ങളിലുമൊക്കെയാണ് കൈതച്ചെടികള്‍ തഴച്ചുവളരുക. പെരിയാറിന്റെ സാമീപ്യവും ധാരാളം വയലുകളുമുള്ള പൂഴിമണല്‍ പ്രദേശമാണ് കൈതാരം.

കൈതയ്ക്ക് 'കേതകി' എന്നാണ് സംസ്‌കൃതവാക്ക്, ഇംഗ്‌ളീഷില്‍ 'സ്‌ക്രൂപൈന്‍ (Screw pine). കൈതയുടെ ഇലയ്ക്ക് 'തഴ' എന്നും പറയാറുണ്ട്. 'കൈതയോല' വെട്ടിയെടുത്ത്, പുഴുങ്ങിയുണക്കി, കത്തികൊണ്ട് ചെത്തിയൊരുക്കിയാണ് പായ ഉണ്ടാക്കുന്നത്. പ്‌ളാസ്റ്റിക് പായകള്‍ വരുന്നതിനു മുമ്പ് പഴയ നാടന്‍ പായകളുടെ കാലത്ത്, കൈതാരം പായ മെടയുന്ന കുടില്‍ വ്യവസായത്തിന്റെ കേന്ദ്രം ആയിരുന്നു. നാട്ടുകാരുടെ പ്രധാന വരുമാനമാര്‍ഗം പായ നെയ്ത്തും തഴകൊണ്ട് വട്ടിയും കുട്ടയും കൂടയും മറ്റു കരകൗശല വസ്തുക്കളും ഉണ്ടാക്കലും ആയിരുന്നു. ഇവിടെയുണ്ടാക്കുന്ന തഴപ്പായകളും മെത്തപ്പായകളും പുല്‍പ്പായകളും തടുക്കുമൊക്കെ വലിയ കെട്ടുകളാക്കി വള്ളങ്ങളില്‍ കയറ്റി അന്യദിക്കുകളിലേക്ക് കച്ചവടത്തിനായി കൊണ്ടുപോയിരുന്നു. വളരെക്കാലം ഈടുനില്‍ക്കുന്നവയായിരുന്നുവത്രെ 'കൈതാരം പായകള്‍'.

കൈതയുടെ പൂവിന് നല്ല സുഗന്ധമാണ്... പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലേ കൈത പൂക്കൂ. കൈതപ്പൂവിന് ചിലയിടങ്ങളില്‍ 'താഴമ്പൂ' എന്നും 'കൈനാറി' എന്നും പറയാറുണ്ട്. പണ്ട് തുണിപ്പെട്ടിക്കകത്ത്, വസ്ത്രങ്ങള്‍ക്ക് സുഗന്ധം കിട്ടാന്‍ കൈതപ്പൂവ് ഇട്ടുവയ്ക്കുമായിരുന്നു. (അന്ന് സുഗന്ധ സ്പ്രേകള്‍ നമ്മുടെ നാട്ടില്‍ എത്തിയിട്ടില്ല). സ്ത്രീകള്‍ കൈതപ്പൂ മുടിയില്‍ ചൂടാറുമുണ്ടായിരുന്നു.

കൈതയുള്ളിടത്ത് ചില പ്രത്യേകതരം പാമ്പുകള്‍ കാണും... കൈതോലപ്പാമ്പ്, കൈതക്കുറിഞ്ഞി, കൈതമൂര്‍ഖന്‍, അണലി തുടങ്ങിയവ. കൈതാരം പണ്ട് പാമ്പുകളുടെ താവളവും ആയിരുന്നെന്ന് പഴമക്കാര്‍ പറയുന്നു. അതൊക്കെ പണ്ടത്തെ കാര്യം... ഇന്നിവിടെ കൈതയുമില്ല, കൈതപ്പാമ്പുമില്ല. എന്നാല്‍, പൂഴിമണ്ണായതുകൊണ്ട് അണലി ശല്യം ഇപ്പോഴുമുണ്ടുതാനും.

ഒന്നര നൂറ്റാണ്ടോളം പഴമ അവകാശപ്പെടാവുന്ന ഒരു വിദ്യാലയമുണ്ടിവിടെ... കൈതാരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. നീണ്ട ചരിത്രമുണ്ടിതിന്. 1869-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവ് നാട്ടുഭാഷാബോധനത്തിനായി തിരുവിതാംകൂറിലെങ്ങും പ്രാഥമിക വിദ്യാലയങ്ങളാരംഭിച്ചു. 1871-ലാണ് തിരുവിതാംകൂര്‍ രാജ്യത്തിന്റെ വടക്കേയറ്റത്തുള്ള കൈതാരം 'പ്രവൃത്തിപള്ളിക്കൂടം' തുടങ്ങുന്നത്. അക്കാലത്ത് 'വില്ലേജ്' എന്നതിന്റെ മലയാളം 'പ്രവൃത്തി' എന്നായിരുന്നു. 'വില്ലേജ് സ്‌കൂള്‍' ആണ് 'പ്രവൃത്തി പള്ളിക്കൂടം'. വില്ലേജ് അധികാരി 'പാര്‍വത്യകാര'നും വില്ലേജ് ഗുമസ്തന്‍ 'പ്രവൃത്തിപ്പിള്ള' യുമാണ് അന്ന്. ഗുമസ്തന് 'പണ്ടാരപ്പിള്ള' എന്നുമുണ്ടായിരുന്നു ഒരു പേര്.

പള്ളിക്കൂടം നിന്നിരുന്നത് കീഴ്ശ്ശേരി ഇല്ലം വക സ്ഥലത്തായതിനാല്‍ 'ഇല്ലത്തെ പള്ളിക്കൂടം' എന്നാണ് അന്നത്തെ ആളുകള്‍ വിദ്യാലയത്തെ വിശേഷിപ്പിച്ചിരുന്നത്. ഓലയും പനമ്പും കെട്ടിമറച്ച് ആയിരുന്നു അക്കാലത്തെ ക്‌ളാസ്മുറികള്‍.

ജാതി-മത- നാടുവാഴിത്ത സാമൂഹികവ്യവസ്ഥ നിലനിന്നിരുന്ന കാലം. സവര്‍ണ ജാതിക്കാര്‍ക്ക് മാത്രമേ അന്ന് പള്ളിക്കൂടത്തില്‍ പഠിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ എന്നത് ഇന്നുള്ളവര്‍ക്ക് അത്ഭുതമായി തോന്നാം. 1914-ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്തുതന്നെയാണ് ഇവിടെയും അവര്‍ണജാതി വിഭാഗങ്ങള്‍ക്ക് സ്‌കൂള്‍പ്രവേശനം അനുവദിച്ചത്. എന്നിട്ടും അന്നൊക്കെ സവര്‍ണര്‍ക്ക് ബഞ്ചും താണജാതിക്കാര്‍ക്ക് കീറച്ചാക്കും ആയിരുന്നുവത്രെ ഇരിപ്പിടം! 1964-ല്‍ ഇത് ഹൈസ്‌കൂള്‍ ആയി.

പായ നെയ്ത്തിന് പുറമേ പൊക്കാളി കൃഷി, മീന്‍പിടിത്തം, കള്ളുചെത്തല്‍ എന്നിവയൊക്കെയായിരുന്നു പഴയകാലത്ത് കൈതാരംകാരുടെ മുഖ്യ ഉപജീവനോപാധികള്‍. ഇവിടെ വ്യവസായ തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരുമൊക്കെ ഉണ്ടായത് പിന്നീടാണ്.

അടുത്തത്: തത്തപ്പിള്ളി

Writer is...

എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍. ഫോണ്‍: 9847900443

Content Highlights: Kaitharam, Sthalanaamam, Kerala Tourism, Mathrubhumi Yathra