കൊച്ചിയില്‍ നിന്ന് 16 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഏലൂരില്‍ എത്താം... കേരളത്തിന്റെ രാസവ്യവസായ സിരാകേന്ദ്രം... 'ഉദ്യോഗമണ്ഡല്‍' എന്നും അറിയപ്പെടുന്നു. ഏലൂരിന്റെ തപാല്‍വിലാസം 'ഉദ്യോഗമണ്ഡല്‍ പി.ഒ.' എന്നാണ്. 1990 വരെ ഏലൂര്‍ പഞ്ചായത്ത് ആയിരുന്നു. പിന്നീട് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയെങ്കിലും വീണ്ടും തരംതാഴ്ത്തി. 2010-ല്‍ വീണ്ടും മുനിസിപ്പാലിറ്റിയാക്കി.

വടക്ക് -ആലങ്ങാട്, കടുങ്ങല്ലൂര്‍ പഞ്ചായത്തുകള്‍, തെക്ക് -കൊച്ചി നഗരസഭയും കളമശ്ശേരി മുനിസിപ്പാലിറ്റിയും കിഴക്ക് -കളമശ്ശേരി മുനിസിപ്പാലിറ്റിയും കടുങ്ങല്ലൂര്‍, ചൂര്‍ണിക്കര പഞ്ചായത്തുകളും പടിഞ്ഞാറ് -ആലങ്ങാട്, വരാപ്പുഴ, ചേരാനല്ലൂര്‍ പഞ്ചായത്തുകള്‍... ഇങ്ങനെയാണ് അതിരുകള്‍.

'ഏലൂര്‍' എന്ന സ്ഥലനാമത്തിന്റെ ഉദ്ഭവത്തെപ്പറ്റി നിരവധി അഭ്യൂഹങ്ങളുള്ളതിനാല്‍ അന്തിമമായ ഒരു നിഗമനത്തിലെത്താന്‍ പ്രയാസമാണ്. 'ഏലന്റെ ഊര്' എന്നതാണ് ഏലൂര്‍ ആയതെന്നാണ് ഒരു അഭിപ്രായം. 'ഏലന്‍' എന്നത് മഹാവിഷ്ണുവിന്റെ പര്യായമാണ്. ഏലൂര്‍ മുനിസിപ്പല്‍ അതിര്‍ത്തിയിലെ ഏറ്റവും പുരാതനമായ ക്ഷേത്രം മഞ്ഞുമ്മലില്‍ ഉള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രംതന്നെ. ആനിലയ്ക്ക് പേരിനാധാരമായത് വിഷ്ണുവിന്റെ അവതാരമായ ഇവിടത്തെ കൃഷ്ണന്‍ തന്നെയായിരിക്കാനാണ് സാധ്യത.

ബുദ്ധമതം സ്വീകരിച്ച ചേര രാജാവായ 'പള്ളിബാണ പെരുമാളി'ന് 'ഏലേലന്‍' എന്നു പേരായി ഒരു മന്ത്രിയുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആസ്ഥാനം ഏലൂരിലായിരുന്നുവെന്നും അങ്ങനെ 'ഏലേലന്റെ ഊര്' ആണ് ഏലൂര്‍ ആയതെന്നും മറ്റൊരു കഥയുമുണ്ട്'.

'ഏലുക' എന്നാല്‍ 'ചേരുക' എന്നാണര്‍ഥം. പെരിയാറിന്റെ രണ്ട് കൈവഴികള്‍ വരാപ്പുഴക്കായലില്‍ ചെന്നുചേരുന്നതിന് അടുത്തായതിനാല്‍ 'ഏലുന്ന ഊര്' ആണ് ഏലൂരായതെന്നുമുണ്ട് ഒരുപക്ഷം.

'എലുക' എന്നാല്‍ 'അതിര്' എന്നര്‍ഥം. തിരുവിതാംകൂര്‍ രാജ്യത്തിന്റെ വടക്കേ അതിരിലാണ് ഏലൂര്‍ കിടക്കുന്നത്. അതിനപ്പുറം പഴയ കൊച്ചി രാജ്യമായിരുന്നു. ആനിലയ്ക്ക് തിരുവിതാംകൂറിന്റെ 'എലുകയായ ഊരി'ന് ഏലൂര്‍ എന്ന് പേരുവീണതുമാവാം.

ഇനി മറ്റൊരു സാധ്യതകൂടിയുണ്ട്... 'ഏല' എന്നതിന് 'വയല്‍' എന്ന് അര്‍ഥമുണ്ട്. ആദ്യകാലത്ത് ഈ പ്രദേശത്തിന്റെ എണ്‍പത് ശതമാനവും നെല്‍പ്പാടങ്ങളായിരുന്നു. ആനിലയ്ക്ക് 'ഏല + ഊര്' എന്നത് 'ഏലൂര്‍' ആയി പരിണമിച്ചതും ആയിക്കൂടായ്കയില്ല.

തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ചെറിയ ദ്വീപായിരുന്നു ഏലൂര്‍. 'ഏലൂര്‍മൂപ്പന്‍' എന്നറിയപ്പെട്ടിരുന്ന മുസ്ലിം പ്രമാണിയായിരുന്നു അന്നിവിടത്തെ ഏറ്റവും വലിയ ഭൂവുടമ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറില്‍നിന്ന് പലായനംചെയ്ത് എത്തി മതംമാറിയ നമ്പൂതിരിമാരായിരുന്നു ഈ മൂപ്പന്മാര്‍ എന്നും പറയപ്പെടുന്നു.

ഏലൂരിന് ചിലര്‍ പുരാണബന്ധവും കല്പിക്കുന്നുണ്ട്. ഇവിടെ 'പാതാളം' എന്നൊരു സ്ഥലമുള്ളതാണ് കാരണം. പാണ്ഡവര്‍ ഒളിച്ചുതാമസിച്ച 'അരക്കില്ലം' ഇവിടെയായിരുന്നുവെന്നും അരക്കില്ലം വെന്തപ്പോള്‍ രഹസ്യതുരങ്കത്തിലൂടെ രക്ഷപ്പെട്ടെത്തിയത് ഇവിടെനിന്ന് അല്പം അകലെയുള്ള എടയാറില്‍ ആയിരുന്നുവെന്നുമാണ് കഥ. എടയാറിനടുത്ത് ഒരു ഗുഹാമുഖം ഉണ്ടായിരുന്നുവെന്നത് ഈ കഥയ്ക്ക് പിന്‍ബലമേകുന്നു. പുരാണപ്രകാരം ദുര്യോധനന്‍ പണിയിച്ച അരക്കില്ലം 'വാരണാവതം' എന്ന സ്ഥലത്തായിരുന്നു. (ഈ കഥ ശരിയാണെങ്കില്‍ പാതാളമായിരിക്കണമല്ലോ ആ പഴയ വാരണാവതം!)

പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രം, നാറാണത്ത് ശ്രീകൃഷ്ണക്ഷേത്രം, ഇലഞ്ഞിക്കല്‍ ഭഗവതീക്ഷേത്രം, കൂട്ടക്കാവ് ഭഗവതീക്ഷേത്രം എന്നിവ ഇവിടത്തെ പഴക്കമുള്ള ദേവാലയങ്ങളാണ്. പാട്ടുപുരയ്ക്കല്‍ ക്ഷേത്രം ചേരമാന്‍ പെരുമാളിന്റെ കാലത്തുള്ളതാണെന്ന് കരുതപ്പെടുന്നു. പണ്ടിത് പറവൂര്‍ തമ്പുരാന്റെ അധീനതയിലായിരുന്നു, ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും. ഇവിടെ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. ഇലഞ്ഞിക്കല്‍ ക്ഷേത്രത്തിനുമുണ്ട് നാല് നൂറ്റാണ്ടിലേറെ പഴക്കം. പണ്ടിവിടെ ധാരാളം ഇലഞ്ഞിമരങ്ങള്‍ നിന്നിരുന്നതിനാലാണ് 'ഇലഞ്ഞിക്കല്‍' എന്ന് പേരുണ്ടായത്.

നാറാണത്ത് ക്ഷേത്രം 'നാറാണത്ത് ഭ്രാന്തന്‍' സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു. വിഗ്രഹം ഉറയ്ക്കാതെ വന്നപ്പോള്‍ അദ്ദേഹം വായില്‍ കിടന്ന് പതംവന്ന മുറുക്കാന്‍ചണ്ടി കൊണ്ടാണ് ഉറപ്പിച്ചതെന്നും ഐതിഹ്യം! കൊച്ചി-തിരുവിതാംകൂര്‍ അതിര്‍ത്തിയിലായതുകൊണ്ട് രാജഭരണകാലത്ത് ഏലൂരില്‍ 'ചൗക്ക'യും ചുങ്കം പിരിവുകാരും ഉണ്ടായിരുന്നു.

ഏലൂരിന്റെ ജീവനാഡി എന്നു പറയാവുന്നത് എഫ്.എ.സി.ടി. (ഫാക്ട്) എന്ന രാസവളം നിര്‍മാണശാല തന്നെ. ടി.സി.സി., ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ്, ഇന്ത്യന്‍ റെയര്‍ എര്‍ത്സ് എന്നീ വന്‍കിട വ്യവസായശാലകള്‍ക്ക് പുറമെ, നിരവധി അനുബന്ധ വ്യവസായ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഫാക്ട് മേധാവിയായിരിക്കെ എം.കെ.കെ. നായര്‍ ഏലൂരിന് നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ല. അദ്ദേഹം ഏലൂരിനെ അക്കാലത്ത് ഒരു സാംസ്‌കാരികകേന്ദ്രം തന്നെയാക്കി മാറ്റി. ഏലൂരിനെ കളമശ്ശേരിയുമായി ബന്ധിപ്പിക്കുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ റോഡും അദ്ദേഹത്തിന്റെകാലത്ത് നിര്‍മിച്ചതാണ്.

അടുത്തത്: മഞ്ഞുമ്മല്‍

Content Highlights: Eloor, Sthalanaamam, History of Eloor