കൊച്ചി നഗരപ്രാന്തത്തിലാണ് എളമക്കര... നഗര ബഹളങ്ങളില്‍പ്പെടാതെ തികച്ചും പ്രശാന്തമായ പ്രദേശം. നിരവധി ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജനവാസമേഖല. പ്രസിദ്ധങ്ങളായ രണ്ടുമൂന്ന് പുരാതന ക്ഷേത്രങ്ങളും. തെക്ക്: മാമംഗലം-പൊറ്റക്കുഴി റോഡ്, അതിനപ്പുറം കലൂര്‍. വടക്ക്: കൊച്ചി-ഷൊര്‍ണൂര്‍ തീവണ്ടിപ്പാത. കിഴക്ക്: ചങ്ങാടംപോക്ക് തോടും അതിനപ്പുറം പോണേക്കരയും ഇടപ്പള്ളിയും. പടിഞ്ഞാറ്: പേരണ്ടൂര്‍ തോടും അതിനപ്പുറം പച്ചാളം-വടുതലയും... ഇങ്ങനെയാണ് എളമക്കരയുടെ അതിരുകള്‍.

ഇടപ്പള്ളി രാജാവിന്റെ ആശ്രിതരും സേവകരും പടയാളികളും താമസിച്ചിരുന്ന പ്രദേശമായിരുന്നു പണ്ടിവിടം. ജന്മിത്വവും മാടമ്പിമാരുമൊക്കെ ഉണ്ടായിരുന്ന ആ പഴയകാലത്ത് മേലാളരും കീഴാളരും എന്ന വ്യത്യാസം വളരെയധികം പ്രബലമായിരുന്നു. ധാരാളം ഭൂമി സ്വന്തമായുള്ള അനേകം ഉന്നത നായര്‍ കുടുംബങ്ങള്‍... ജന്മിമാരുടെ കുടികിടപ്പുകാരായ നിരവധി കീഴാള കര്‍ഷകര്‍... രാജാവിനെ അങ്ങേയറ്റം ആദരിക്കുന്നവര്‍. 'എളമക്കര' എന്ന പേരിന്റെ ഉത്ഭവം തന്നെ രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു.

1502-ല്‍ സാമൂതിരി കൊച്ചി പിടിക്കാന്‍ നടത്തിയ വന്‍ യുദ്ധത്തിന്റെ വേദിയായിരുന്നു ഇവിടം. ഇടപ്പള്ളി രാജാവ് അന്ന് സാമൂതിരിയുടെ കൂടെ നിന്നു... പറങ്കിപ്പട കൊച്ചി രാജാവിനോടൊപ്പവും. പോര്‍ച്ചുഗീസ് സേനാനായകന്‍ 'പച്ചിക്കോ'യുടെ നേതൃത്വത്തിലുള്ള സൈനികര്‍ പീരങ്കിയുണ്ടകള്‍ വര്‍ഷിച്ചപ്പോള്‍, നൂറുകണക്കിന് നായര്‍ യോദ്ധാക്കള്‍ മരിച്ചുവീണു. പേരണ്ടൂര്‍ക്കടവ് ഉഗ്രന്‍ നാവികയുദ്ധത്തിന് സാക്ഷിയായി. ഇടപ്പള്ളി കോവിലകത്തെ രണ്ട് ഇളമുറ തമ്പുരാക്കന്മാരും വീരമൃത്യു വരിച്ചു. 'ഇളമുറക്കാര്‍' മരിച്ചുവീണ സ്ഥലത്തിന് 'ഇളമക്കര' എന്ന് പേരുകിട്ടി. പിന്നീട് അത് 'എളമക്കര' ആയി.

മറ്റൊരു പഴങ്കഥയുള്ളത്, ഇടപ്പള്ളി കൃഷ്ണന്‍ തമ്പുരാന്‍ ഈ പ്രദേശത്തുള്ള 'ഇളയമ്മ'യെ വേളി കഴിക്കുകയും 'ഇളയമ്മയുടെ കര' ഇളമക്കരയായി മാറുകയും ചെയ്തു എന്നതാണ്.

പടയ്ക്കിറങ്ങിയ പറങ്കികള്‍ അവരുടെ പക യുദ്ധത്തില്‍ മാത്രം ഒതുക്കിയില്ല. നാടുനീളെ നടന്ന് ധനിക ഗൃഹങ്ങള്‍ ആക്രമിക്കുകയും വിലപിടിച്ച സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. 'മാര്‍ട്ടിന്‍ അല്‍ഫോണ്‍സോ ഡിസൂസ' എന്ന പട്ടാളത്തലവനായിരുന്നു. ഇതിന് നേതൃത്വം കൊടുത്തത്. 1536-ല്‍ ഇടപ്പള്ളി അങ്ങാടിക്ക് തീവച്ചതും ഡിസൂസയാണെന്ന് കെ.പി. പത്മനാഭ മേനോന്‍ 'കൊച്ചിരാജ്യചരിത്ര'ത്തില്‍ പറഞ്ഞിട്ടുണ്ട്.

അക്കാലത്ത് ധാരാളം പാടശേഖരങ്ങളും പൊക്കാളി കൃഷിയും ഉണ്ടായിരുന്നു ഇവിടെ... തോടുകളും പുഴകളുമുള്ളതുകൊണ്ട് ജലഗതാഗതവും... കാല്‍നടയ്ക്ക് ധാരാളം നാട്ടിടവഴികളും വയല്‍വരമ്പുകളും ഒറ്റയടിപ്പാതകളും. പഴയ പല തോടുകള്‍ക്കും മീതെ ഇന്ന് റോഡുകളായി. ബി.ടി.എസ്. റോഡ് പണ്ട് തോട് ആയിരുന്നു. ദൂരെദിക്കുകളില്‍ നിന്ന് കെട്ടുവള്ളങ്ങളില്‍ കൊണ്ടുവന്ന് പേരണ്ടൂര്‍ കടവിലിറക്കുന്ന ചരക്കുകള്‍ ഈ തോടുവഴി വഞ്ചികളിലാണ് ഇടപ്പള്ളിയിലും കിഴക്കന്‍ ദേശങ്ങളിലും എത്തിച്ചിരുന്നത്.

രാജാവ് തൂക്കിക്കൊന്ന 'മത്തായി' എന്ന ചട്ടമ്പിയുടെ പ്രേതം പേരണ്ടൂര്‍ പുഴയില്‍ അലഞ്ഞുതിരിയുന്നുണ്ടെന്ന കഥ അക്കാലത്ത് പലരും വിശ്വസിച്ചിരുന്നു. മീന്‍പിടിത്തക്കാര്‍ പുഴയിലിറങ്ങുംമുമ്പ് മത്തായിയുടെ ആത്മാവിന് ശാന്തിനേര്‍ന്ന് ഒരു ബീഡി കത്തിച്ച് പുഴയില്‍ ഇടുമായിരുന്നുവത്രെ!

ക്ഷേത്രങ്ങളുടെ നാടാണ് എളമക്കര. പേരണ്ടൂര്‍, പുന്നയ്ക്കല്‍, പുതുക്കലവട്ടം എന്നീ പ്രധാന ക്ഷേത്രങ്ങള്‍ മൂന്നും ഇടപ്പള്ളി രാജാവിന്റേതായിരുന്നു. പിന്നീട് എന്‍.എസ്.എസിന് വിട്ടുകൊടുത്തു.

1600 വര്‍ഷം പഴക്കമുണ്ട് പേരണ്ടൂര്‍ ഭഗവതീക്ഷേത്രത്തിന്. കേരളത്തിലെ 108 ദുര്‍ഗാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടവിനടുത്ത് രാജാവിന്റെ പള്ളിയോടങ്ങള്‍ കയറ്റിയിടുന്ന 'പള്ളിയോടപ്പുര' നിന്നിരുന്നു. ഇടപ്പള്ളി തമ്പുരാന്‍ തൃക്കുന്നപ്പുഴ നിന്ന് ദേവീവിഗ്രഹവുമായി പള്ളിയോടത്തില്‍ വന്നിറങ്ങി, കോവിലകത്തേക്ക് പോകാന്‍ മഞ്ചലില്‍ കയറുന്നതിനിടെ വിഗ്രഹം കൈയില്‍നിന്ന് പെരണ്ടുവീഴുകയും പ്രശ്‌നംവച്ച് നോക്കിയപ്പോള്‍ ദേവി അവിടെ കുടിയിരിക്കാനാഗ്രഹിക്കുന്നുവെന്ന് കാണുകയും ചെയ്തത്രെ. വിഗ്രഹം 'പെരണ്ടുവീണ ഊര്' ആയതിനാലാണത്രെ 'പേരണ്ടൂര്‍' എന്നു പേരുണ്ടായത്.

പുന്നയ്ക്കല്‍ ദേവീക്ഷേത്രത്തിന് മുന്നില്‍ ഒരു വലിയ 'പുന്നമരം' നിന്നിരുന്നതിനാലാണ് ആ സ്ഥലത്തിന് 'പുന്നയ്ക്കല്‍' എന്നു പേരുണ്ടായത്. (എളമക്കരയിലെ 'താന്നിയ്ക്കല്‍' എന്ന സ്ഥലപ്പേരുണ്ടായത് 'താന്നിമരം' നിന്നിരുന്നതുകൊണ്ടാണ്).

പുതുക്കലവട്ടത്തിനുമുണ്ട് കഥപറയാന്‍. പണ്ട് അവിടം വലിയ 'പുല്‍ക്കാട്' ആയിരുന്നു. പുല്ലരിയാന്‍ ചെന്ന പുലയസ്ത്രീയുടെ അരിവാള്‍ കല്ലില്‍ തട്ടിയപ്പോള്‍ ചോര ഒഴുകിയത്രെ. കല്ല്, മണ്ണില്‍ പൂണ്ടുകിടന്നിരുന്ന ശിവലിംഗമായിരുന്നു. തമ്പുരാനെ വിവരമറിയിച്ചപ്പോള്‍ പുതിയ കലം കൊണ്ട് കല്ല് മൂടാന്‍ നിര്‍ദേശിച്ചു. മൂടിയപ്പോള്‍ ചോരയൊഴുക്ക് നില്‍ക്കുകയും കല്ല് അവിടെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്തു. അങ്ങനെയാണ് പുതുക്കലവട്ടം സ്വയംഭൂ മഹാദേവ ക്ഷേത്രം ഉണ്ടായത്. 'പുതുക്കലം' കൊണ്ട് മൂടിയതിനാല്‍ 'പുതുക്കലവട്ടം' ആയി എന്നാണ് വിശ്വാസം.

വൈശ്യ സമുദായത്തിന്റേതാണ് ദത്താത്രേയ ക്ഷേത്രം. ദത്താത്രേയ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്ന്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സംസ്ഥാന കാര്യാലയവും എളമക്കരയിലാണ്.

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ അമ്മവീടായ 'പാണ്ടവത്ത്' തറവാടും എളമക്കരയില്‍ത്തന്നെ. പണ്ട് രാഘവന്‍ പിള്ളയും സ്‌നേഹിതന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയും വൈകുന്നേരങ്ങളില്‍ പേരണ്ടൂര്‍ പാലത്തിന് മുകളില്‍ വന്നിരുന്ന് സാഹിത്യ സല്ലാപത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നത്രെ.

അടുത്തത്: പോണേക്കര

Content Highlights: Elamakkara, Sthalanaamam, Kerala Tourism, Changampuzha Krishnapillai