ടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മുപ്പത്തടത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് എടയാര്‍. ഇവിടം വ്യവസായമേഖലയായി അറിയപ്പെടുന്നു. തെക്കും പടിഞ്ഞാറും വശങ്ങളില്‍ പെരിയാര്‍ ആണ്. വടക്ക് ഓഞ്ഞിത്തോടും അതിനപ്പുറം ആലങ്ങാട് പഞ്ചായത്തിലെ പാനായിക്കുളവും. കിഴക്ക് എടയാറ്റുചാല്‍ പുഞ്ചപ്പാടവും ചക്കാലത്തോടും കഴിഞ്ഞാല്‍ മുപ്പത്തടം, എരമം പ്രദേശങ്ങള്‍.

'എടയാര്‍' എന്ന പേരില്‍ ഒരു ആറുമുണ്ട്, കരയുമുണ്ട്. ആലുവ മാരത്താണ്ഡവര്‍മ പാലം കഴിഞ്ഞാല്‍ രണ്ടായി പിരിയുന്ന പെരിയാര്‍ കയന്റിക്കരയ്ക്കടുത്ത് ഒന്നിച്ചുചേരുകയും എടമുളയില്‍ വച്ച് വീണ്ടും രണ്ടാവുകയും ചെയ്യുന്നു. ഒരു ശാഖ 'മുട്ടാര്‍' എന്ന പേരില്‍ മഞ്ഞുമ്മലും ചേരാനല്ലൂരും ചുറ്റി വരാപ്പുഴക്കായലില്‍ പതിക്കുന്നു. മറ്റേ ശാഖ 'എടയാര്‍' എന്ന പേരില്‍ പാതാളത്ത് എത്തി ഏലൂരിനടുത്തുകൂടി ഒഴുകി വരാപ്പുഴയിലെത്തുന്നു.

'ഇടയ്ക്ക് മുളച്ച' ആറിന് 'എടമുളയാര്‍' എന്ന് പേരുവന്നു. അത് ചുരുങ്ങി 'എടയാര്‍' ആയി. എടയാറിന്റെ ഓരത്തോടു ചേര്‍ന്ന കരഭാഗമാണ് എടയാര്‍ എന്നറിയപ്പെടുന്ന പ്രദേശം.

കൂത്താട്ടുകുളത്തിനടുത്ത് ഇടയാര്‍ എന്ന പേരിലുമുണ്ട് ഒരു സ്ഥലം. ഇങ്ങനെ ചെറിയ ആറിന്റെ കരയ്ക്കുള്ള സ്ഥലങ്ങള്‍ക്ക് ആറിന്റെ പേരുതന്നെ ഉണ്ടാവുക സ്വാഭാവികമാണ്. വൈക്കത്തിനടുത്തുള്ള വടയാറും തിരുവനന്തപുരത്തെ കല്ലാറും തമിഴ്നാട്ടിലെ അഡയാറും ചേയാറും മറ്റും ഉദാഹരണങ്ങള്‍. മൂന്ന് ആറുകള്‍ സംഗമിക്കുന്നതിനടുത്തുള്ള സ്ഥലമാണല്ലോ മൂന്നാര്‍. അതേസമയം, നെയ്യാറിന്റെ കരയ്ക്കുള്ള സ്ഥലത്തിന്റെ പേര് നെയ്യാറ്റിന്‍കര എന്നാണ്.

എടയാര്‍ അടുത്തകാലം വരെ കാര്‍ഷിക ഗ്രാമമായിരുന്നു എന്നു പറയാം. ആറിന്റെ സാമീപ്യവും മണ്ണിന്റെ വളക്കൂറും പുഞ്ചകൃഷിക്ക് ഏറ്റവും അനുയോജ്യമായിരുന്നു. പച്ചക്കറികളും ഇവിടെ നന്നായി വിളഞ്ഞിരുന്നു. പണ്ട് വള്ളങ്ങളില്‍ കയറ്റിയാണ് ഇവിടെനിന്ന് നെല്ലും വൈക്കോലും പച്ചക്കറികളുമൊക്കെ എറണാകുളത്തെ ചന്തകളിലെത്തിച്ചിരുന്നത്. ഏലൂരില്‍ വന്‍കിട വ്യവസായങ്ങള്‍ വന്നതോടെ, ആളുകള്‍ കുറഞ്ഞവിലയ്ക്ക് സ്ഥലം കിട്ടുമായിരുന്ന മുപ്പത്തടത്തേക്കും എടയാറിലേക്കുമൊക്കെ എത്താന്‍ തുടങ്ങി. അതോടെ ഇവിടെയും സ്ഥലത്തിന് വിലകൂടി.

1961-ല്‍ തൊട്ടടുത്ത കരുമാല്ലൂരുകാരനായ കെ.എ. ദാമോദര മേനോന്‍ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് മുപ്പത്തടം-എടയാര്‍ മേഖലയിലെ 450 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വ്യവസായ എസ്റ്റേറ്റ് ആരംഭിച്ചത്. അങ്ങനെ ഈ കാര്‍ഷികഗ്രാമം വ്യവസായ മേഖലയായി.

സ്ഥിരം ജീവനക്കാരും കരാര്‍ തൊഴിലാളികളുമായി ആയിരത്തോളം പേര്‍ക്ക് ജോലിനല്‍കിയിരുന്ന 'കോമിന്‍കോ ബിനാനി സിങ്ക് ലിമിറ്റഡ്' ആയിരുന്നു എടയാറിലെ ഏറ്റവും വലിയ വ്യവസായശാല. ഏലൂരിലുള്ള വന്‍കിട വ്യവസായങ്ങളുടെ അനുബന്ധമായി നിരവധി ചെറുകിട യൂണിറ്റുകളും ഇവിടെവന്നു. തുടര്‍ന്ന് 'കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ്', 'ശ്രീശക്തി പേപ്പര്‍ മില്‍സ്', 'പെരിയാര്‍ കെമിക്കല്‍സ്', 'ഇന്തോ-ജര്‍മന്‍ കാര്‍ബണ്‍' തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും. പിന്നീട് ഇവയില്‍ പലതും വിവിധ കാരണങ്ങള്‍ കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു, ബിനാനി സിങ്ക് അടക്കം. അങ്ങനെ നിരവധിപേര്‍ക്ക് തൊഴിലും നഷ്ടമായി.

രാസവ്യവസായ അവശിഷ്ടങ്ങള്‍ മണ്ണിനെയും പുഴയെയും വായുവിനെയും മലിനമാക്കിയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഇപ്പോഴും ചെറുതും വലുതുമായ ഇരുന്നൂറോളം വ്യവസായ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ല് സംസ്‌കരണ ശാല മുതല്‍ തടി, പ്ലാസ്റ്റിക്, ഇരുമ്പ്, അലുമിനീയം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന വിവിധതരം വ്യവസായങ്ങള്‍ ഉണ്ടിവിടെ.

എടയാറിന്റെ മുഖച്ഛായ മാറ്റിയ വ്യവസായ സ്ഥാപനമായിരുന്നു ബിനാനി സിങ്ക്. വളരെയധികം കര്‍ഷകത്തൊഴിലാളികളെ വ്യവസായത്തൊഴിലാളികളാക്കിയത് ഈ ഫാക്ടറിയാണ്. ഇവരുടെ പ്രതാപകാലത്ത് എടയാറിന്റെ പേര് 'ബിനാനിപുരം' എന്നായി. കമ്പനി പൂട്ടിയെങ്കിലും പോസ്റ്റ് ഓഫീസും പോലീസ് സ്റ്റേഷനും പ്രൈമറി ഹെല്‍ത്ത് സെന്ററും അറിയപ്പെടുന്നത് 'ബിനാനിപുരം' എന്ന പേരിലാണ് ഇപ്പോഴും. ഇവയ്‌ക്കൊക്കെ വേണ്ട സ്ഥലം ബിനാനി കമ്പനിക്കാര്‍ സൗജന്യമായി നല്‍കിയതാണ്. പോലീസ് സ്റ്റേഷന്‍ മുപ്പത്തടത്തേക്ക് മാറ്റിയെങ്കിലും ബിനാനിപുരം എന്ന പേര് മാറ്റിയിട്ടില്ല. ബിനാനിപുരം ഹൈസ്‌കൂള്‍ വളരെയധികം ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ്.

പാതാളം പാലം വന്നതോടെ മറ്റു ദിക്കുകളില്‍നിന്ന് ഇങ്ങോട്ടുള്ള യാത്ര എളുപ്പമായി. മുമ്പൊക്കെ കടത്തുവഞ്ചി മാത്രമായിരുന്നു എടയാറിലേക്ക് കടക്കാനുള്ള ഏക ഉപാധി. പത്മശാലിയരും വിശ്വകര്‍മജരും വളരെയധികമുള്ള സ്ഥലമാണ് എടയാര്‍. മധ്യകേരളത്തിലെ 'വിശ്വകര്‍മ' ദേവന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് വെണ്‍മേലി വിശ്വകര്‍മദേവ ക്ഷേത്രം.

കോഴിപ്പിള്ളി മനവക മണപ്പുഴ നരസിംഹമൂര്‍ത്തീക്ഷേത്രം ഏറെ പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു. ഇവിടത്തെ ബലിക്കല്ലുപോലും കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലാണ്. ഇരവികുളങ്ങര ഭഗവതീക്ഷേത്രവുമുണ്ട്. കൂടാതെ, ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ഓരോ ദേവാലയവുമുണ്ടിവിടെ.

അടുത്തത്: തിരുമുപ്പം

writer is...എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഫോണ്‍: 9847900443