ഴയ 'ഇടപ്പള്ളി' രാജ്യത്തിന്റെ ഹൃദയഭാഗമാണ് ദേവന്‍കുളങ്ങര. 'തേവന്‍'കുളങ്ങര എന്നായിരുന്നു ആദ്യകാലത്ത് പറയാറുണ്ടായിരുന്നത്. ഇടപ്പള്ളി കൊട്ടാരം, ഗണപതിയമ്പലം, തൃക്കോവില്‍ ക്ഷേത്രം, ദേവീക്ഷേത്രം, മഹാകവി ചങ്ങമ്പുഴയുടെ തറവാട് എന്നിവയൊക്കെ ഈ പ്രദേശത്താണ്. ചങ്ങമ്പുഴയുടെ ശവകുടീരവും കവിയുടെ സ്മരണ നിലനിര്‍ത്തുന്ന ചങ്ങമ്പുഴ പാര്‍ക്കും ഗ്രന്ഥശാലയും ഇവിടെത്തന്നെ.

കുളവും കരയും ചേര്‍ന്ന 'കുളങ്ങര' എന്നവസാനിക്കുന്ന നിരവധി സ്ഥലനാമങ്ങള്‍ കേരളത്തിലെല്ലായിടത്തുമുണ്ട്. അട്ടക്കുളങ്ങര, ചെട്ടിക്കുളങ്ങര, പാല്‍ക്കുളങ്ങര, പുതുക്കുളങ്ങര, ശക്തികുളങ്ങര, കാളികുളങ്ങര, കണ്ണന്‍കുളങ്ങര, കണിച്ചുകുളങ്ങര... അങ്ങനെ പോകുന്നു അവ. ദേവന്‍കുളങ്ങരയ്ക്കടുത്തുതന്നെ ഒരു ചേന്ദന്‍കുളങ്ങരയുണ്ട്. പെരുമാനൂരിന്റെ പഴയ പേര് 'പെരുമാനൂര്‍കുളങ്ങര' എന്നായിരുന്നു.

പലപ്പോഴും ക്ഷേത്രക്കുളങ്ങളുടെ സമീപപ്രദേശങ്ങള്‍ക്കാണ് ഇങ്ങനെ 'കുളങ്ങര' എന്ന പ്രത്യയത്തോടുകൂടിയ പേരുകള്‍ കാണാറ്. ദേവന്‍കുളങ്ങര രാജഭരണകാലത്ത് കുളങ്ങളുടെയും കളങ്ങളുടെയും കളരികളുടെയും നാടായിരുന്നുതാനും. 'മാറാന്‍കുളം', 'ചേന്ദന്‍കുളം', 'പോളക്കുളം' എന്നിവയൊക്കെ പഴയകാലത്ത് അറിയപ്പെടുന്ന കുളങ്ങളായിരുന്നു. ഇവയില്‍ ചിലതൊന്നും ഇപ്പോഴില്ല. പണ്ട് 'പോളക്കുളം' ഉണ്ടായിരുന്നിടത്താണ് ഇപ്പോഴത്തെ 'ചങ്ങമ്പുഴ പാര്‍ക്ക്'. 'മാറാന്‍കുളം' നികത്തി നികത്തി ചെറിയ കുളമായി മാറി.

'തേവന്‍കുളം' പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ, തേവരുടെ (ദേവന്റെ) കുളം ആയിരുന്നിരിക്കണം. ഈ കുളമായിരിക്കും 'ദേവന്‍കുളങ്ങര' എന്ന സ്ഥലപ്പേരിന് രൂപം നല്‍കിയത്. ഏതായാലും ഈ പേരില്‍ ഒരു കുളം ഇപ്പോള്‍ ഇവിടെയില്ല.

മഹാകവി ചങ്ങമ്പുഴയുടെ വീടിന് തൊട്ടടുത്തായിരുന്നു 'മാറങ്കുളം' (മാറാന്‍കുളം എന്നും പറയും). നാട്ടുകാര്‍ കുളിച്ചിരുന്ന വിശാലമായ കുളമായിരുന്നു അന്നത്. ചങ്ങമ്പുഴയുടെ ആദ്യകാല കവിതയില്‍ ഇത് ഇടംനേടിയിട്ടുമുണ്ട്.

'വിശാലമായുള്ള കളിസ്ഥലങ്ങള്‍

നിറഞ്ഞിരിക്കുന്നൊരു ഭൂപ്രദേശം

അതിന്നടുത്തുള്ള കുളത്തിനല്ലോ

'മാറങ്കുളം'എന്നിഹ സുപ്രസിദ്ധം'

അക്കാലത്തെ ദേവന്‍കുളങ്ങരയെയാണ് കവി ഇവിടെ വരച്ചുകാട്ടുന്നത്. രാജവാഴ്ചക്കാലത്ത് പടയാളികളെ അഭ്യസിപ്പിക്കുന്ന കളരികളും പയറ്റുകളങ്ങളും ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. 'മാറാന്‍കളം', 'ചേന്നന്‍കളം', 'തേവന്‍കളം' എന്നിവ കളരിപ്പയറ്റ് കളങ്ങളായിരുന്നുവെന്നും ഒരഭിപ്രായമുണ്ട്).

ഇടപ്പള്ളി രാജാവിന്റെ പടത്തലവന്മാരായിരുന്നു മാര്‍ത്താണ്ഡ പണിക്കര്‍... 'ചങ്ങമ്പുഴത്തറവാട്ടിലെ അംഗം, വീരപരാക്രമി. ഒരിക്കല്‍ കൊച്ചിയും ഇടപ്പള്ളിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ മാര്‍ത്താണ്ഡന്റെ നേതൃത്വത്തിലുള്ള ഇടപ്പള്ളി സൈന്യം തോറ്റു. മാര്‍ത്താണ്ഡന്റെ ശത്രുക്കള്‍ ഈ അവസരം മുതലെടുത്ത്, പടത്തലവന്റെ ചതിയാണ് പരാജയത്തിന് കാരണമെന്ന് തമ്പുരാനെ തെറ്റിദ്ധരിപ്പിച്ചു. തമ്പുരാന്‍ ഈ ഏഷണി വിശ്വസിക്കുകയും മാര്‍ത്താണ്ഡന് ഭ്രഷ്ട് കല്പിക്കുകയും ചെയ്തു. അപമാനിതനായ പടത്തലവന്‍ ഒരു ചെമ്പകമരത്തില്‍ തൂങ്ങിമരിച്ചു. മരണശേഷം മാര്‍ത്താണ്ഡന്‍ വീരപുരുഷനായി. ദേവന്‍കുളങ്ങര ഭഗവതിയുടെ വടക്കുഭാഗത്ത് നാട്ടുകാര്‍ അദ്ദേഹത്തെയും കുടിയിരുത്തി. ഇപ്പോഴും അവിടെ എന്നും വിളക്കുവയ്ക്കാറുണ്ട്.

ഇടപ്പള്ളി രാജവംശത്തിന്റെ കുലദേവതയായ 'ഗണപതി'യുടെ ക്ഷേത്രം സ്വരൂപത്തിന്റെ നാലുകെട്ടില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഇടപ്പള്ളി ഗണപതിയുടെ പ്രധാന വഴിപാട് 'കൂട്ടപ്പം' ആണ്. തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് 1500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശ്രീഭദ്രാദേവീ ക്ഷേത്രത്തില്‍ ദശകങ്ങള്‍ക്ക് മുമ്പുവരെ 'തൂക്കം' നടന്നിരുന്നു.

1927 ഏപ്രില്‍ 24-ന് ആദ്യത്തെ സാഹിത്യ പരിഷത്ത് സമ്മേളനം നടന്നത് ദേവന്‍കുളങ്ങരയില്‍, ഇപ്പോള്‍ ചങ്ങമ്പുഴ പാര്‍ക്കിനടുത്തുള്ള സ്‌കൂള്‍ മൈതാനത്തായിരുന്നു. ഇടപ്പള്ളി കൃഷ്ണരാജാവാണ് അതിന് നേതൃത്വംനല്‍കിയത്. കൃഷ്ണരാജാവിന്റെ പുത്രനായിരുന്നു പ്രശസ്തസാഹിത്യകാരനും വിവര്‍ത്തകനുമായ ഇടപ്പള്ളി കരുണാകര മേനോന്‍.

അന്ന് കുട്ടികളായിരുന്ന ചങ്ങമ്പുഴയും ഇടപ്പള്ളി രാഘവന്‍ പിള്ളയുമൊക്കെ സമ്മേളന വൊളന്റിയര്‍മാരായി ഓടിനടന്നു. പങ്കെടുത്ത എഴുത്തുകാര്‍ക്കെല്ലാം മോതിരം, കല്ലുകടുക്കന്‍, കസവുമുണ്ട്, പണം എന്നിവ നല്‍കിയാണ് കൃഷ്ണരാജ യാത്രയയച്ചത്. ദേവന്‍കുളങ്ങരയിലെ ഇന്നത്തെ റോഡുകള്‍ പലതും നൂറുവര്‍ഷം മുമ്പ് വള്ളങ്ങള്‍ നീങ്ങുന്ന തോടുകളായിരുന്നു. ഇന്ന് ചങ്ങമ്പുഴ പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം വലിയ കുളവും.

'ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം' ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കല-സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയൊരുക്കുന്ന ഇടമായി മാറിയിരിക്കുന്നു.

അടുത്തത്: പാറക്കടവ്

Content Highlights: Devankulangara, Sthalanaamam, Edappally Changampuzha Park