എളങ്കുന്നപ്പുഴ പഞ്ചായത്തിലാണ് ഓച്ചന്തുരുത്ത്. 'ഓച്ചന്‍' എന്ന വാക്കിന് 'നിസ്സാരന്‍', 'ഒന്നിനും കൊള്ളരുതാത്തവന്‍' എന്നൊക്കെയാണ് സാമാന്യമായ അര്‍ഥം. ഈ വാക്കിന് മറ്റൊരര്‍ഥം കൂടിയുണ്ട്, അത് 'മദ്ദളം കൊട്ടുന്നവന്‍' എന്നാണ്. പണ്ട് മദ്ദളം കൊട്ടുന്ന കൂട്ടരാരെങ്കിലും ഈ തുരുത്തില്‍ താമസിച്ചിരുന്നിരിക്കാം. ഒരുപക്ഷേ, എളങ്കുന്നപ്പുഴ ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കും മറ്റും മദ്ദളം കെട്ടുന്നവരെ ക്ഷേത്രം അധികാരികള്‍ ഇവിടെയായിരുന്നിരിക്കാം പാര്‍പ്പിച്ചിരുന്നതെന്നും വരാം. ഏതായാലും അങ്ങനെയെങ്കില്‍ അത് നിരവധി തലമുറകള്‍ക്കപ്പുറമായിരുന്നിരിക്കണം. കാരണം, ഇപ്പാള്‍ ജീവിച്ചിരിക്കുന്ന തലമുതിര്‍ന്ന കാരണവന്മാര്‍ക്ക് പോലും അതിനെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ല എന്നതുതന്നെ.

'ഓച്ചുക' എന്നതിന് 'ഉയര്‍ത്തുക' എന്ന് അര്‍ഥമുണ്ട്. ഒരുപക്ഷേ, കായലിലെ ചെളിയും മണ്ണും ഒക്കെ അടിഞ്ഞുകൂടി സ്വാഭാവികമായി ഉയര്‍ന്നുവന്നതോ അല്ലെങ്കില്‍, ഉയര്‍ത്തിയെടുത്തതോ ആയ പ്രദേശമായതിനാല്‍ 'ഓച്ചന്‍തുരുത്ത്' എന്ന പേരുവന്നതുമാവാം.

ഇനി മറ്റൊരു വാദമുള്ളത് ഇതിന്റെ ആദ്യത്തെ പേര് 'അച്ചന്‍തുരുത്ത്' എന്നായിരുന്നു എന്നതാണ്. അച്ചന്‍ എന്നാല്‍ 'പാലിയത്തച്ചന്‍' തന്നെ. 1654-ല്‍ കൊച്ചി രാജാവ് വൈപ്പിന്‍ ദേശമപ്പാടെ പാലിയത്തേക്ക് 'അട്ടിപ്പേറ്' കൊടുക്കുകയുണ്ടായി എന്ന് പഴയ രേഖകള്‍ പറയുന്നു. പാലിയത്തച്ചന്റെ സ്ഥിരവാസം ചേന്ദമംഗലത്തായിരുന്നെങ്കിലും വല്ലപ്പോഴും തങ്ങുന്നതിനായി ഇവിടെ അദ്ദേഹം ബംഗ്‌ളാവ് പണികഴിപ്പിച്ചിരുന്നുവത്രെ. ഈ വസ്തുതകള്‍വച്ചു നോക്കുമ്പോള്‍, അച്ചന്റെ ആധിപത്യത്തിലുള്ള ഭൂപ്രദേശമായതിനാലോ, അച്ചന്‍ താമസിച്ചിരുന്ന സ്ഥലമായതിനാലോ 'അച്ചന്‍തുരുത്ത്' എന്നറിയപ്പെടുകയും പറഞ്ഞുപറഞ്ഞ് പിന്നീട് 'ഓച്ചന്‍തുരുത്ത്' ആയി മാറുകയും ചെയ്തതുമാവാം. പഴയകാലത്ത് ഓച്ചന്തുരുത്തിന് 'ഓച്ചന്തൂരം' എന്നും പേരുണ്ടായിരുന്നതായി പറയപ്പെടുന്നു.

തുരുത്തിലെ ആദ്യതാമസക്കാരിലധികവും കര്‍ഷകരായിരുന്നു. അവരില്‍ത്തന്നെ ഏറിയഭാഗവും പുലയരും കുഡുംബികളും. ഏക്കറുകണക്കിന് പാടശേഖരങ്ങളുണ്ടായിരുന്നു പണ്ടിവിടെ. അധികവും പള്ളിവക. ആറുമാസം നെല്‍കൃഷിയും അടുത്ത ആറുമാസം ചെമ്മീന്‍കെട്ടും നടക്കുന്ന 'പൊക്കാളി നിലങ്ങള്‍' ഓച്ചന്തുരുത്തിനെ കാര്‍ഷിക ഗ്രാമമാക്കി. ആ പഴയകാലത്ത് പട്ടിണിയൊന്നുമില്ലെങ്കിലും അറിവിന്റെ ദാരിദ്ര്യം കടുത്തതായിരുന്നു. അന്ധവിശ്വാസങ്ങള്‍ കൊടികുത്തിവാണു. മാടനും മറുതയും ചാത്തനും ഒക്കെയായിരുന്നു അന്നത്തെ ഉഗ്രമൂര്‍ത്തികള്‍, മീനും ഇറച്ചിയും കള്ളും ചാരായവുമൊക്കെ ഈ ദൈവങ്ങളുടെ ഇഷ്ടനിവേദ്യങ്ങളും.

'അയിത്തം' അന്ന് നാട്ടുനടപ്പാണ്. ഉയര്‍ന്ന സമുദായക്കാര്‍ താണജാതിക്കാര്‍ക്ക് മുറ്റത്ത് കുഴികുത്തി ചേമ്പിലയിട്ടാണ് തിന്നാന്‍ കൊടുത്തിരുന്നത്. ജാതിപ്പിശാചിനെ പേടിച്ച് പലരും മതംമാറി. നിരവധി പുലയരെ മാമോദീസാവെള്ളം തളിച്ച് ക്രിസ്ത്യാനികളാക്കി.  ശ്രീനാരായണഗുരു ഓച്ചന്തുരുത്തില്‍ വന്ന കാലത്ത് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ പത്ത് കള്ളുഷാപ്പുകളുണ്ടായിരുന്നു ഇവിടെ. 'ജാതിയെപ്പോലെ മദ്യവും പിശാചുതന്നെ' എന്ന് ഗുരു ഓച്ചന്തുരുത്തുകാരെ പഠിപ്പിച്ചു.

ഓച്ചന്തുരുത്ത് 'ശ്രീ സുകൃത സംരക്ഷിണി സഭ' രൂപം കൊണ്ടത് 1906-ലാണ് മൂത്തുകുന്നത്തെ 'ഹിന്ദുമത ധര്‍മ പരിപാലന സഭ'യെയും ചെറായിയിലെ 'വിജ്ഞാന വര്‍ധിനി സഭ'യെയും പോലെ ശ്രീനാരാണ ദര്‍ശനങ്ങളുടെ സ്വാധീനത്തിലാണിതും ഉദയംകൊണ്ടത്. ഈ സഭ ഓച്ചന്തുരുത്തിനെ ഇരുട്ടില്‍ നിന്ന് പുതിയ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തി.

ഓച്ചന്തുരുത്തിലെ കുരിശിങ്കല്‍ പള്ളിക്ക് നീണ്ട ചരിത്രമുണ്ട്. 1573-ല്‍ ഒരു പോര്‍ച്ചുഗീസ് കപ്പല്‍ കൊച്ചിക്കടുത്തെത്തി. പെട്ടെന്ന് കാറ്റും കോളും വന്നു. കപ്പല്‍ മുങ്ങാന്‍ തുടങ്ങി. കപ്പല്‍യാത്രക്കാര്‍ കരഞ്ഞു പ്രാര്‍ഥിച്ചുകൊണ്ട് കപ്പലിലുണ്ടായിരുന്ന വലിയ മരക്കുരിശ് കടലിലേക്കിട്ടു. കുരിശ് വെള്ളത്തില്‍ വീണതും കടല്‍ അടങ്ങി. കുരിശ് കരയില്‍ ഒഴുകിയടിഞ്ഞ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ കപ്പിത്താന്‍ ഒരു കുരിശുപള്ളി സ്ഥാപിച്ചു. അതാണ് 'ക്രൂസ് മിലാഗ്രസ് പള്ളി' എന്ന 'അത്ഭുതകുരിശിന്റെ പള്ളി'. നാട്ടുകാര്‍ അതിനെ 'കപ്പിത്താന്‍ കുരിശുപള്ളി' എന്നും വിളിച്ചു. 1676-ലെ കടലാക്രമണത്തില്‍ പള്ളി നശിച്ചു. അത്ഭുതകുരിശുമായി വിശ്വാസികള്‍ തെക്കേ മാലിപ്പുറത്തെത്തി അവിടെ പുതിയ പള്ളി പണിതു. 1854-ലെ കടല്‍ക്ഷോഭത്തില്‍ ആ പള്ളിയും തകര്‍ന്നു. കുരിശ് ഒഴുകിപ്പോയി.

കുരിശ് ചെന്നടുത്തത് ഈഴവ ദമ്പതിമാരായ ഇട്ടുവും ഇച്ചിരയും താമസിച്ചിരുന്നതിനടുത്തുള്ള കടവിലാണ്. കുരിശ് അന്നങ്ങുന്നതു കണ്ട് അവര്‍ അതിന് അത്ഭുതശക്തിയുണ്ടോ എന്നു പരീക്ഷിക്കാനായി എടുത്ത് വീട്ടുമുറ്റത്ത് കൊണ്ടുവന്ന്, ചെറിയ കോടാലി കൊണ്ട് ഒരറ്റത്ത് പതുക്കെ വെട്ടിനോക്കിയപ്പോള്‍ ചോരചീറ്റിപോലും. വിവരമറിഞ്ഞ് പള്ളിവികാരിയും വിശ്വാസികളും പാഞ്ഞെത്തി പ്രാര്‍ഥന നടത്തിയപ്പോള്‍ ചോര നിലച്ചുവത്രെ. ഓച്ചന്തുരുത്തില്‍ 'പലകപ്പള്ളി' ഉണ്ടാക്കി കുരിശ് അവിടെ പ്രതിഷ്ഠിച്ചു. 1930-ല്‍ പുതിയ പള്ളി പണിതപ്പോള്‍ അങ്ങോട്ട് മാറ്റിസ്ഥാപിച്ചു. കുരിശ് കിടന്ന പറമ്പിനെ 'കപ്പിത്താന്‍കുരിശുപറമ്പ്' എന്നാണ് വിളിച്ചിരുന്നത്. 'ക്രൂസ് മിലാഗ്രസ് പള്ളി' (കുരിശിങ്കല്‍ പള്ളി) എന്നറിയപ്പെടുന്നു.

കേരള കത്തോലിക്ക സഭയിലെ ആദ്യ സന്ന്യാസിനിയായ ദൈവദാസി മദര്‍ ഏലീശ്വ (1831-1913) ഓച്ചന്തുരുത്തിലാണ് ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സന്ന്യാസിനി സഭ സ്ഥാപിച്ചതും അവരാണ്. വരാപ്പുഴ അതിരൂപതയിലെ തദ്ദേശീയനായ ആദ്യബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയും (1894-1970) ഓച്ചന്തുരുത്തുകാരനായിരുന്നു.

അടുത്തത്: പഴമ്പിള്ളിത്തുരുത്ത്

Content Highlights: Sthala Namam