ടുങ്ങല്ലൂര്‍ പഞ്ചായത്തിന്റെ ഭാഗമാണ് മുപ്പത്തടം... ആലുവയില്‍ നിന്ന് ഏതാണ്ട് ഏഴ് കിലോമീറ്ററാണ് ദൂരം. കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും മുപ്പത്തടത്താണ്. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശംകൂടിയാണിവിടം. കഴിഞ്ഞ പ്രളയത്തില്‍ ചുറ്റുപാടുമുള്ള താണപ്രദേശങ്ങളെ മുഴുവന്‍ വെള്ളം ഗ്രസിച്ചപ്പോള്‍ ആളുകള്‍ അഭയം തേടിയെത്തിയത് ഇവിടേക്കാണ്.

തെക്ക് -എടയാര്‍ പുഴ, വടക്ക് -ഓഞ്ഞിത്തോട്, കിഴക്ക് -കയന്റിക്കരപ്പുഴയും അതിനപ്പുറം ഉളിയന്നൂരും. പടിഞ്ഞാറ് -എടയാര്‍പ്പുഴയും എടയാര്‍ കരയും ഇവയാണ് അതിരുകള്‍.

മുപ്പത്തടത്തിന്റെ പണ്ടത്തെ പേര് 'കൈനിക്കര' എന്നായിരുന്നുവെന്നതിന് തെളിവുമുണ്ട്. 'കൈനി' എന്നതിന് 'പുഞ്ചപ്പാടം' എന്നാണ് പ്രാദേശികമായ അര്‍ഥം. ചുറ്റുപാടും തോടുകളും പുഴയും വളക്കൂറുള്ള മണ്ണുമുള്ളതുകൊണ്ട് ധാരാളം പുഞ്ചപ്പാടങ്ങളുണ്ടായിരുന്നു പണ്ടിവിടെ. അതിനാല്‍, 'കൈനിക്കര' എന്ന പേര് സമ്മാനിച്ചതും ഈ പുഞ്ചപ്പാടങ്ങളാവാം. ഇപ്പോഴും ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നില്‍ക്കുന്ന സ്ഥലം അറിയപ്പെടുന്നത് കൈനിക്കര എന്നുതന്നെ.

'തടം' എന്ന വാക്കിന് പുഴയുടെ തീരത്ത് ഉയര്‍ന്നുനില്‍ക്കുന്ന കര എന്നാണര്‍ഥം (നദീതടം ഉദാഹരണം). ചുറ്റുപാടും പുഴകളും തോടുകളുമൊക്കെയുള്ള, ഉയര്‍ന്നുനില്‍ക്കുന്ന കരയാണുതാനും ഇവിടം. ആനിലയ്ക്ക് മുപ്പത്തടം 'തടം' തന്നെ. എന്നാല്‍, 'തട'ത്തിന് 'തൊടി' (Plot) എന്നുമുണ്ട് ഒരര്‍ഥം. ഇവിടെ ആദ്യം മുപ്പത് കുടുംബങ്ങളാണത്രെ ഉണ്ടായിരുന്നത്, അവര്‍ക്ക് മുപ്പത് 'തട'ങ്ങളും. 'മുപ്പത് തടങ്ങള്‍' ചേര്‍ന്നപ്പോള്‍ കൈനിക്കരയുടെ പേര് മാറി 'മുപ്പത്തടം' എന്നായിരിക്കാനാണ് സാധ്യത.

വരാപ്പുഴ പഞ്ചായത്തില്‍ 'തിരുമുപ്പം' എന്നൊരു സ്ഥലവും അവിടെ പുരാതനമായ ശിവക്ഷേത്രവും ഉണ്ട്. ഇവിടെനിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരമേയുള്ളൂ അങ്ങോട്ട്. തിരുമുപ്പം ക്ഷേത്രംവക ധാരാളം സ്വത്തുക്കളുണ്ടായിരുന്നു പണ്ടിവിടെ. അങ്ങനെ, തിരുമുപ്പത്തിന്റെ 'തടം' ആയതുകൊണ്ടാണ് ഇതിന് 'മുപ്പത്തടം' എന്ന പേരുണ്ടായതെന്നുമുണ്ട് ഒരു വാദം. ഏതായാലും ഇപ്പോഴും ഇവിടെയുള്ള പല കുടുംബങ്ങളുടെയും പരദേവത 'തിരുമുപ്പത്തപ്പന്‍' ആണെന്നത് വസ്തുതയാണ്.

പണ്ടിവിടെ നെല്‍കൃഷിയായിരുന്നു നാട്ടുകാരുടെ ജീവനമാര്‍ഗം. കൃഷികഴിഞ്ഞ പാടങ്ങളില്‍ വേനല്‍ക്കാലത്ത് 'പൊട്ടുവെള്ളരി'യും വ്യാപകമായി കൃഷിചെയ്തിരുന്നു. പില്‍ക്കാലത്ത് പലരും കൃഷിയോട് വിടപറഞ്ഞു. പഴയ പാടശേഖരങ്ങള്‍ പലതും ഇപ്പോള്‍ തരിശായി കിടക്കുന്നു.

കൈനിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് 1200 കൊല്ലത്തെ പഴക്കമുണ്ട്. ഇവിടെ ആറുവര്‍ഷത്തിലൊരിക്കല്‍ നടന്നുവന്നിരുന്ന, 41 ദിവസം നീണ്ടുനില്‍ക്കുന്ന 'ഓത്തൂട്ട്' എന്നറിയപ്പെട്ടിരുന്ന വേദഘോഷ ചടങ്ങിന് അന്യദേശങ്ങളില്‍ നിന്നുപോലും വേദപണ്ഡിതന്മാര്‍ എത്തിയിരുന്നു. 'യജുര്‍വേദം' ആണ് ചൊല്ലിയിരുന്നത്. 1957-ലാണ് അവസാനത്തെ ഓത്തൂട്ട് നടന്നത്.

പറവൂര്‍ രാജാവിന്റേതായിരുന്നു ഈ ക്ഷേത്രം. പിന്നീട് തിരുവിതാംകൂര്‍ രാജാവിന്റേതായി. ഇപ്പോള്‍ ഒരു ട്രസ്റ്റിന്റേതാണ്. ക്ഷേത്രത്തിന് 'നന്ദനോദ്യാനം' എന്നൊരു 'നക്ഷത്രവന'വുമുണ്ട്. 'ദക്ഷിണകൈലാസം' എന്നറിയപ്പെടുന്ന ശ്രീചന്ദ്രശേഖരപുരം ശിവക്ഷേത്രം, മുതുകാട് ഭഗവതീക്ഷേത്രം പറയനാട്ട് ദേവീക്ഷേത്രം, കണ്ണോത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാമ്പിള്ളി ശ്രീധര്‍മശാസ്താ ക്ഷേത്രം എന്നിവയുമുണ്ട്.

ആലങ്ങാട് രാജാവിന്റെ പടനായകന്‍ കൂടിയായിരുന്ന കാമ്പിള്ളി വെളിച്ചപ്പാട് സ്ഥാപിച്ചതാണ് കാമ്പിള്ളി ക്ഷേത്രം. എരുമേലി പേട്ടതുള്ളലിന് ആലങ്ങാട് യോഗക്കാരെ നയിക്കുക വെളിച്ചപ്പാടാണ്. വെളിച്ചപ്പാടിന്റെ പട്ടും ചുരികയും അരമണിയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പാതാളം പാലത്തിനടുത്ത്, പെരിയാര്‍ തീരത്തായി പുരാതനമായ മുസ്ലിം പള്ളിയും കാരോത്തുകുന്നില്‍ ക്രൈസ്തവരുടെ പഴക്കമുള്ള സെയ്ന്റ് ജോണ്‍സ് ദേവാലയവും ഉണ്ട്.

മുപ്പത്തടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നൂറ് വര്‍ഷത്തിലേറെയുണ്ട് പഴക്കം. 1917-ലാണ് പ്രാഥമിക വിദ്യാലയമായി ഇതിന്റെ തുടക്കം. കരിങ്ങണംകോടത്ത് നാരാണയന്‍ നായര്‍ എന്ന മനുഷ്യസ്‌നേഹിയാണ് ഇതിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇത് സര്‍ക്കാരിന് വിട്ടുകൊടുത്തു.

എടയാര്‍ വ്യവസായ മേഖല മുപ്പത്തടത്തോട് തൊട്ടാണ് കിടക്കുന്നത്. വ്യവസായ മേഖലയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുത്തപ്പോള്‍ മുപ്പത്തടത്തിന്റെ കുറച്ചുഭാഗവും അതില്‍ ഉള്‍പ്പെട്ടിരുന്നു.

അടുത്തത്: എടയാര്‍

(writer is... എഴുത്തുകാരന്‍, വിവര്‍ത്തകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍. ഫോണ്‍: 9847900443)

Content Highlights: Sthalanaamam, Muppathadam, History of Muppathadam