ടക്കേക്കരയോട് തൊട്ടുകിടക്കുന്ന പഞ്ചായത്താണ് ചിറ്റാറ്റുകര. 'ചിറ്റാട്ടുകര' എന്നും പറയാറുണ്ട്. ചിറ്റാട്ടുകര എന്ന പേരില്‍ തൃശ്ശൂര്‍ ജില്ലയിലുമുണ്ട് ഒരു സ്ഥലം. എന്നാല്‍, ആ ചിറ്റാട്ടുകരയുടെ പണ്ടത്തെ പേര് 'ചിറ്റാട്ടൂര്‍' എന്നായിരുന്നുവത്രെ.

ചുറ്റും ആറുകളായതിനാലാണ് 'ചിറ്റാറ്റുകര' എന്ന പേരുണ്ടായതെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍, മറ്റൊരു സാധ്യതയുമുണ്ട്; പറവൂര്‍പ്പുഴയുടെ തീരത്താണ് ഈ പ്രദേശം. പെരിയാറിന്റെ കൈവഴിയാണ് പറവൂര്‍പ്പുഴ. പെരിയാറിന് ആ പേരുവന്നത് 'പെരിയ ആറ്' ആയതുകൊണ്ടാണ്, അതായത് 'മഹാനദി'. ആ നിലയ്ക്ക് പെരിയാറിന്റെ ശാഖയായ പറവൂര്‍പ്പുഴ 'ചെറിയ ആറ്' ആണ്. ചെറിയ ആറിന് തമിഴില്‍ 'ചിറ്റാര്‍' എന്നും 'ചിന്നാര്‍' എന്നുമാണ് പറയുക. അങ്ങനെവരുമ്പോള്‍, കേരളം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നകാലത്ത് 'ചിറ്റാര്‍' എന്നായിരിക്കാം പറവൂര്‍പ്പുഴയെപ്പറ്റി പറഞ്ഞിരുന്നത്. ചിറ്റാറിന്റെ കരയ്ക്കുള്ള സ്ഥലത്തിന് അങ്ങനെ 'ചിറ്റാറ്റുകര' എന്ന പേരുവീണതുമാകാം.

വടക്കേക്കര പഞ്ചായത്ത് വിഭജിച്ച് 1953-ലാണ് ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിച്ചത്. പുരാതനകാലത്ത് 'പറവൂര്‍' നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഇവിടം. പുഴകളും തോടുകളുമുള്ളതിനാല്‍ ചെറുതും വലുതുമായ നിരവധി തുരുത്തുകളുടെ നാടാണിത്. വലിയ പല്ലംതുരുത്ത്, ചെറിയ പല്ലംതുരുത്ത്, ആളംതുരുത്ത്, മച്ചാംതുരുത്ത്... ഇങ്ങനെ പോകുന്നു അവയുടെ പേരുകള്‍. പൂയപ്പിള്ളി, പുതിയകാവ്, താന്നിപ്പാടം, നീണ്ടൂര്‍, പറവൂത്തറ, മാക്കനായി തുടങ്ങിയ പ്രദേശങ്ങളും ഈ പഞ്ചായത്തിലാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങള്‍ ഖനനം ചെയ്‌തെടുത്ത 'പട്ടണം' എന്ന സ്ഥലവും ഇവിടെത്തന്നെ. 'മുചിരിപട്ടണം' എന്നറിയപ്പെട്ടിരുന്ന പുരാതന 'മുസിരിസ്' ആയിരുന്നു ഇവിടം എന്നും ചരിത്രഗവേഷകര്‍ക്കിടയില്‍ ഒരഭിപ്രായമുണ്ട്. ആദ്യകാലത്ത് ഈ പ്രദേശങ്ങളിലൊക്കെ ജനങ്ങളുടെ പ്രധാന ജീവിതോപാധി കൃഷിയും മീന്‍പിടിത്തവും ആയിരുന്നു. പൊക്കാളിപ്പാടങ്ങളുടെ നാടായിരുന്നുവെങ്കിലും അക്കാലത്ത് പട്ടിണിയും പരിവട്ടവുമായിരുന്നു എല്ലായിടത്തും. കള്ളുചെത്ത്, കയറുപിരി എന്നിവയായിരുന്നു മറ്റു തൊഴിലുകള്‍. കയറുപിരിയും പൊക്കാളി കൃഷിയുമൊക്കെ ഇന്ന് ക്ഷീണാവസ്ഥയിലാണ്.

വിദ്യാഭ്യാസപരമായി പിന്നാക്കാവസ്ഥയിലായിരുന്നെങ്കിലും നൂറുവര്‍ഷം മുമ്പുതന്നെ ചിറ്റാറ്റുകരയില്‍ 'സാഹിത്യപോഷിണി സമാജം' എന്നൊരു സംഘടനയ്ക്ക് ചില ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപംകൊടുത്തിരുന്നു. ഈ സമാജമാണ് ആദ്യമായി ഇവിടെയൊരു പ്രാഥമിക വിദ്യാലയം ആരംഭിച്ചത്. സമീപസ്ഥലങ്ങളില്‍ നിന്നൊക്കെയുള്ള വിദ്യാര്‍ഥികളുടെ ഏക ആശ്രയമായിരുന്നു അക്കാലത്ത് ഈ പള്ളിക്കൂടം. പില്‍ക്കാലത്ത് സമാജം സാമ്പത്തികമായി ക്ഷയിച്ചപ്പോള്‍ ഈ വിദ്യാലയം സര്‍ക്കാരിന് വിട്ടുകൊടുക്കുകയാണുണ്ടായത്.

1958-ല്‍ കേസരി ബാലകൃഷ്ണ പിള്ള ജീവിച്ചിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയശേഷം 'കേസരി'യുടെ പേരില്‍ പൂയപ്പിള്ളിയില്‍ ഒരു വായനശാല ആരംഭിക്കുകയുണ്ടായി -'കേസരി എ. ബാലകൃഷ്ണപിള്ള വായനശാല'. കേസരിയുടെ പേരിലുള്ള ആദ്യത്തെ സ്ഥാപനമെന്ന പ്രത്യേകതകൂടി ഇതിന് അവകാശപ്പെടാം.

മാക്കനായി മാര്‍ക്കണ്ഡേശ്വര ക്ഷേത്രം, പണിക്കരച്ചന്‍ ക്ഷേത്രം, മങ്ങാട് കളരിക്കല്‍ ഭഗവതീക്ഷേത്രം എന്നിവ പഴക്കമുള്ള ക്ഷേത്രങ്ങളാണ്. ഇവിടെ ക്രൈസ്തവ-മുസ്ലിം ദേവാലയങ്ങളുമുണ്ട്.

-അടുത്തത്: ചൂര്‍ണിക്കര

Content Highlights: Chittaattukara, Chittaattukara in Sthalanamam, History of Chittaattukara