പ്രതീകാത്മകചിത്രം | വര: വിജേഷ് വിശ്വം മാതൃഭൂമി
മുഖലക്ഷണമിങ്ങനെ: എപ്പോഴും തലയ്ക്ക് മീതെ നീര്ത്തിവെച്ച രണ്ട് കമ്പികളുള്ള കുട. ശീലയെല്ലാം പോയിരിക്കുന്നു. മേല്ക്കമ്പിയില് ഊയലാടിയാണ് പോക്ക്. തിരുനെറ്റിയില്‍ കണ്ണ്. അടിച്ചുപരത്തിയ മുഖം. താഴെ ആനയുടെ കാല്‍പ്പാദം മുറിച്ച് വെച്ചപോലെ രണ്ട് ലോഹവട്ടങ്ങള്. എടുത്തുപിടിച്ച രണ്ട് ഉരുക്കുലക്കകളായും തോന്നാം, മൂഡനുസരിച്ച്. ചെമന്ന മുഖത്ത് മഞ്ഞ വരയിട്ടിട്ടുണ്ട്. കള്ളലക്ഷണമില്ല. ഓടിച്ചെന്ന് കൊഞ്ചിക്കാനൊന്നും തോന്നില്ല. എന്നാല്‍ തെല്ല് മാറി കണ്ടുനില്ക്കാന് തോന്നും. ആ ചങ്ങാതിയെ കണ്ടവരുണ്ടോ? കോവിഡ് ഓടാന്‍ തുടങ്ങിയപ്പോ ലേശം പിന്നാക്കം നിന്ന ആളാണ്. എവിടെയാണിപ്പോ? നമ്മുടെ പാസഞ്ചര്‍ ട്രെയിനിന്റെ കാര്യമാണ് .. ആരേലും കണ്ടോ? കിടന്ന് കിടന്ന്, മൂത്ത് മുരടിച്ച് മൂക്കില്‍ പല്ല് മുളച്ചിരിക്കുമോ? അതോ മൂട്ടില് പുല്ല് മുളച്ചിരിക്കുമോ? ആ പുല്‍നാമ്പുകള്‍ ജനല്‍ക്കമ്പിയില്‍ പിടിച്ച് ചുരുണ്ടുകയറി വെളിച്ചം നോക്കി വെളുക്കേ ചിരിക്കുന്നുണ്ടാകുമോ? വള്ളികള്‍ മുഴുവന്‍ കോര്ത്തിറങ്ങിയ പച്ച ചതുരന്കൂടാരങ്ങള് അങ്ങനെ വരിവരിയായി എവിടെയോ നമ്മെ കാത്ത് കിടക്കുന്നു. മാസങ്ങളായി കണ്ടിട്ട്.
തോളില്‍ കൈയ്യിട്ട് നടക്കാവുന്ന കളിക്കൂട്ടുകാരന്
ഒരിക്കലും അവനെനിക്ക് യന്ത്രശകടമായിരുന്നിട്ടില്ല. തോളില്‍ കയ്യിട്ട് നടക്കാവുന്ന, കീശയില്‍ നിന്ന് ചോദിക്കാതെ കാശ് എടുക്കാവുന്ന അത്രയും അടുപ്പമുള്ള ചങ്ങാതി. അവന്റെയൊരു വരവും പോക്കുമുണ്ട്. എവിടെ നിന്നോ വരും. പുറപ്പെടുന്ന സ്ഥലം കണ്ടിട്ടില്ല. അന്തിയില്‍ പോയി പായ വിരിക്കുന്ന ഇടവുമറിയില്ല. ഓടിവരും, അകത്തിരുത്തി ആട്ടും, പീപ്പി വിളിക്കും. പാലങ്ങളില്‍ ഇഷ്ടന് വേറിട്ട ശബ്ദം കേള്‍പ്പിക്കും. കടകടാന്ന് ഇളകിയാടി രസിപ്പിക്കും. രണ്ട് വര കോപ്പി ബുക്കില്‍ എഴുതിനീങ്ങുന്ന അക്ഷരങ്ങളാകും. അതോ മുകളിലെ കമ്പിയില്‍ നിന്ന് തേന്‍കുടിച്ച് ഓടുന്ന കിളിയാണോ? തേരട്ടയോ? ഉടലില്‍ പലയിടത്തും വെട്ടേറ്റ് നട്ടെല്ല് വരെ പിളര്‍ന്ന് പോയ ആരല്മീനോ? നിങ്ങളവനെ അല്ലെങ്കില്‍ അവളെ ഏത് തരത്തിലൊക്കെ കണ്ടിട്ടുണ്ട്? എനിക്ക് തോന്നുന്നു, പാസഞ്ചര്‍ ട്രെയിന്‍ ശരിക്കും കളിവണ്ടിയാണെന്ന്.. മുഖംവീര്‍പ്പിച്ച് പിടിച്ചിട്ടുണ്ടന്നേയുള്ളൂ. ചിലരുടെ കൃത്രിമഗൗരവം പോലെ. ഒരിക്കല്‍ ആ പാസഞ്ചറിലെ തിക്കിലും തിരക്കിലും ഇങ്ങനെ കുറിച്ചു:
പലപലകുട്ടികള്.
അവര്‍
തോളില്‍ പിടിച്ച്
കലപില ഓടുകയാണ്.
ചൂളം വിളിക്കുന്നു.
ചിരിക്കുന്നു.
പച്ചയും ചെമപ്പും
തൂവാല മാറി മാറി
വീശിക്കാണിക്കുന്നു.
വായ്ത്താരി ഇടുന്നു.
ചക്കത്തുണ്ടം വെട്ടിത്തിന്നു
ചക്കത്തുണ്ടം വെട്ടിത്തിന്നു.
ആ വായ്ത്താരിയിലാണ് പാസഞ്ചറിന്റെ മൂന്നോട്ടോട്ടം. 'ചക്കത്തുണ്ടം വെട്ടിത്തിന്നു, ചക്കത്തുണ്ടം വെട്ടിത്തിന്നു'. തിന്നാല്‍ മാത്രം പോരാ, മാളോരോട് മുഴുവന്‍ ചൂളം വിളിച്ചുപറയുകയും വേണം. വായ്ത്താരിയുടെ രസമില്ലേല് എവിടേലും ചടഞ്ഞിരുന്ന് മുറുക്കിത്തുപ്പി വെടിപറഞ്ഞേനെ, ആ പാസഞ്ചര്‍ ചങ്ങാതി.
ജീവിത പാഠപുസ്തകം
പാസഞ്ചര്‍ ഓടിതുടങ്ങുമ്പോള്‍ ജീവിതം പല പാഠപുസ്തകങ്ങളുമായി കടന്നുവരും. ഓരോരുത്തരുടെയും മടിയില്‍ പല പല പുസ്തകങ്ങള്‍ വെയ്ക്കും. അടുത്ത ചങ്ങാതിയായി അതുവരെ സംസാരിച്ചുനിന്നവര്, ട്രെയിന്‍ അടുക്കുന്നതോടെ സ്വന്തം കാര്യം സിന്ദാബാദ് വിളിക്കുന്നത് കേള്‍ക്കാം. കയറിക്കൂടാന്‍, സീറ്റ് പിടിക്കാന്‍ തല്ലുകൂട്ടമാകും. സീറ്റ് കിട്ടിയാല്‍ സൈഡ് സീറ്റ് കിട്ടാത്ത അരിശമാകും. സൈഡ് സീറ്റ് കിട്ടിയാല്‍ അടുത്ത സ്റ്റോപ്പില്‍ ആരെയും ഇരുത്താതെ കാലകത്തി ഉറക്കം നടിക്കലാകും. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ശത്രുക്കളും മിത്രങ്ങളുമായി കുടമാറ്റം. സീറ്റിലമര്ന്നാല് പിന്നെയും ചിരികളായി വെടിപറച്ചിലായി. അവര്‍ വീണ്ടും ചങ്ങാതിമാര്‍ തന്നെ. ചിലപ്പോള്‍ ബുദ്ധന്റെ കഥ വരെ പറഞ്ഞേക്കും.
ഒരിക്കല്‍ ഗുരുവായൂര്‍ എറണാകുളം പാസഞ്ചറില്‍ നിന്ന നില്പ്പില് ഈ അനുഭവം കുറിച്ചു.
ട്രെയിനില്‍ കയറാന്‍ നില്ക്കുമ്പോള്
കൈകള്‍ കോര്‍ത്തിരുന്നു,
പങ്കിട്ട് തിന്ന വടയുടെ
എണ്ണ തൂത്തിട്ട് മിനിറ്റുകള്‍ മാത്രം.
കുടിച്ച ചായ കുടലിലെത്തിയിട്ടേയുള്ളൂ.
ട്രെയിന്‍ എത്തി
ഞാനുമവനും
ജെല്ലിക്കെട്ട് കാളകളായി.
കൊമ്പുകള്‍ കോര്‍ത്തു
അകത്ത് കേറി
സീറ്റ് കിട്ടിയപ്പോള്‍ ഇരുവരും
ധ്യാനബുദ്ധരായി.
ഇറങ്ങുമ്പോള്‍ ആട്ടിന്കുട്ടികളായേക്കും.
കാറ്റില്‍ തുറന്നടയുന്ന വാതില്‍
കാറ്റില്‍ തുറന്നടയുന്ന ട്രെയിനിലെ വാതില്‍ ഓര്‍മവരുന്നു. അതില്‍ കോറിയിട്ട മൊബൈല്‍ നമ്പറുകള്‍, പേരുകള്‍. ജീവിച്ചിരുന്നു എന്നറിയിക്കാന്‍ മനുഷ്യരുടെ ചില ചിത്രപ്പണികള്‍. ഗുഹകളിലും പാറകളിലും പണ്ടേ തുടങ്ങിയതാണ്. ഇപ്പോള്‍ ഈ ഇരുമ്പ് പാളി കാണുമ്പോള്‍ ജീനുകളില്‍ നിന്ന് കൈമാറി കിട്ടിയ സ്വഭാവം ഒന്ന് കുതറിമാറി പുറത്തിറങ്ങുന്നു, ഒന്ന് കോറാന്‍ തോന്നുന്നു, അത്രമാത്രം. വാതിലിനരികില്‍ ആരെങ്കിലും ഇരിപ്പുണ്ടോ? കുറ്റകരമാണ് ആ ഇരുപ്പെന്നറിയാമെങ്കിലും പലരും ഇരുപ്പ് ആസ്വദിക്കുന്നവരാണ്. പ്രണയം കുടിച്ചിരിക്കുന്ന കിളികളെ പലപ്പോഴും ഈ പടിയില്‍ കണ്ടിട്ടുമുണ്ട്.
ചില്ലുജനലില്‍ മഴവരയ്ക്കും ചിത്രങ്ങള്‍
കോരിത്തരിപ്പോടെ മഴപെയ്യുന്നു. ഗ്ലാസ് ജനലുമുണ്ട്, ഷട്ടര്‍ ജനലുമുണ്ട്.. എതിരേ ഇരിക്കുന്നയാളും ഗ്ലാസ് ജനല്‍ താഴ്ത്തണേ എന്ന് വെറുതെ ആഗ്രഹിക്കും. ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളികള്‍ കൊണ്ട് കളംവരച്ച് കളിക്കുന്നത് സ്റ്റോപ്പെത്തുംവരെ കണ്ടിരിക്കാമല്ലോ. ഗ്ലാസിലെ പൊടിയില്‍ ചാലിച്ച് മഴത്തുള്ളികള്‍ വരച്ച ആ ചിത്രത്തിന് എന്തിന്റെയാണ് ഛായ? ചിലനേരം ഇരുളിന്റെ പാളികള്‍ തീര്‍ത്ത ഇരുമ്പ് ഷട്ടറിട്ട് ഇരുട്ട് കുടിച്ചിരിക്കാന്‍ തോന്നും. ഇരുട്ടില്‍ ഇളകിയാടിയിരിക്കുമ്പോള് എന്തായിരിക്കും ഇത്രയും നൊസ്റ്റാള്‍ജിയ? അന്നേരം ഓരോ കമ്പാര്‍ട്ട്മെന്റും അമ്മയുടെ ഗര്‍ഭപാത്രമായി മാറുംപോലെ. ജീവിതത്തിലേക്ക് ഇറങ്ങുംമുമ്പ് ഗര്‍ഭപാത്രത്തിലെ ഇളംകുഴമ്പില് കിടന്ന് വിരലീമ്പി പുളഞ്ഞ് കളിക്കുന്ന ഉണ്ണികളല്ലേ നമ്മള്.
മക്കളെ കാത്തിരിക്കുന്ന വീട്
സ്റ്റേഷന് വിട്ട് തെല്ലിട കഴിയുമ്പോള്‍ സ്കൂളില്‍ പോയ കുട്ടിയെ കാത്തിരിക്കുന്ന അമ്മയെ പോലെ ചില വീടുകളെ ട്രെയിന്‍ കാട്ടിത്തരും... വീടുകളുടെ കണ്ണുകള്‍ കുട്ടികളെ തേടിക്കൊണ്ടിരിക്കുന്നു, അക്ഷമയോടെ. പൂട്ടിയിട്ടുപോയ വീടുകളെ കാണുമ്പോള്‍ സങ്കടം വരും. അമ്മ ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ ചങ്ങലക്കിട്ട വാര്‍ത്ത വായിച്ചതോര്ക്കും. വിണ്ട ചുവരുമായി ആരുമില്ലാതെ കിടക്കുന്ന വീടുകളുടെ അടുത്തോടെ ഓടുമ്പോള്‍ ട്രെയിന്‍ പിറുപിറുക്കുന്നത് കേള്‍ക്കാം, നിനക്ക് ഞാനുണ്ട്, നിനക്ക് ഞാനുണ്ട്.
ജനല്‍ച്ചില്ലില്‍ പ്രത്യക്ഷപ്പെട്ട കുട്ടി
ഒരിക്കല്‍ ഇടപ്പള്ളി സ്റ്റേഷന് എത്തുംമുമ്പേ കാഴ്ച്ച. വിണ്ടടര്‍ന്ന, മഞ്ഞച്ചായം അലിഞ്ഞുപോയ കൊച്ചുവീട്. അതിന്റെ ജനലില്‍ അനങ്ങാതെ നില്ക്കുന്ന കുട്ടി.. അത് പാവയാണോ? വീട്ടില്‍ അറിയാതെ പൂട്ടിയിട്ടുപോയ കുട്ടിയാണോ? ഉറപ്പിക്കാനാകുന്നില്ല. ട്രെയിന്‍ അപ്പോഴേക്കും വിറങ്ങലിച്ച് നില്ക്കുന്ന മരങ്ങളെ കാണിച്ചുതരുന്നു. ആകാശനീലയുടെ പശ്ചാത്തലത്തില്‍ ചെറുസ്ട്രോക്കില് പറന്ന് വരയ്ക്കുന്ന കിളികളെ കാണിച്ചുതരുന്നു. തിരിഞ്ഞുനോക്കാതെ ഓടുന്നു.
കമ്പാര്‍ട്ട്മെന്റിന്റെ പ്രതലങ്ങളില്‍ യാത്രക്കാരുടെ അതുവരെയുള്ള ശബ്ദങ്ങള്‍ അടിഞ്ഞുകൂടി പറ്റിപ്പിടിച്ചിരിപ്പുണ്ടാകുമോ? അത്രയും നാളത്തെ കളിചിരിതമാശകള്‍ ? അത് വടിച്ചെടുത്ത് പ്ലേ ചെയ്താല്‍ എന്തെല്ലാം വിചിത്രമായ ശബ്ദങ്ങളെ തിരിച്ചെടുക്കാനായേക്കും? ഓഫീസിലെ പിരിമുറുക്കങ്ങളില്‍ നിന്നും വീട്ടിലെ പ്രാരാബ്ധങ്ങളില്‍ നിന്നും വിട്ട് മനസ്സ് തുറന്ന് ചിരിക്കാന്‍ വീണുകിട്ടുന്ന ഇടമായിരിക്കാം പലര്‍ക്കുമിത്. റിലീഫ് റിലീസ് സെന്റര്‍.
ഇനി, ലേഡീസ് കമ്പാര്‍ട്ട്മെന്റുകളെ കുറിച്ച് പറയാതെ പോയാല്‍ പിന്നെ ഇരിക്കപ്പൊറുതിയുണ്ടാകുമോ? പെണ്ണുങ്ങളുടെ മണമെല്ലാം ആ മുറിയില്‍ നിന്ന് മാഞ്ഞലിഞ്ഞ് പോയിരിക്കുമോ? ലോകത്തിലെ ഏറ്റവും ശക്തമായ സുഗന്ധലായനി കൂട്ടായി അതെല്ലാം അന്തരീക്ഷത്തില്‍ അലിഞ്ഞുനില്പ്പുണ്ടാകുമോ?
ആ ചൂളം ചൂഴ്ന്ന വൈകുന്നേരങ്ങള്‍, ആ ചില്ലില്‍ പറ്റിയ മഴത്തുള്ളികള്‍, ആ സീറ്റില്‍ വീണ കണ്ണീര്, ചുമകള്‍, സ്നേഹത്തോടെ കൈകോര്‍ത്ത സൗഹൃദങ്ങള്‍, ഗാനമേളകള്‍, തലയ്ക്ക് മുകളിലെ അപായച്ചങ്ങല, കഥകള്‍ പറയാന്‍ വെമ്പി നില്ക്കുന്ന ഇടനാഴികള്‍.
ആ പാസഞ്ചര്‍ ട്രെയിന്‍ എവിടെ കിടക്കുന്നുണ്ടാകും?
കറിക്കരിയുന്ന വീട്ടമ്മമാര്‍.. ബാഗില്‍ ഏത്തായി ഒലിപ്പിച്ച് കിടന്നുറങ്ങുന്നവര്‍, എത്രയെത്ര അനങ്ങാപ്രതിഷ്ഠകള്, കുഞ്ഞിനെ കൊഞ്ചിച്ച് മൊബൈലില്‍ വിളിക്കുന്നവര്‍. അന്തിയാത്രയില് മിക്കവാറും യാത്രികരുടെയും മുഖത്ത് വെളിച്ചമടിക്കുന്നുണ്ടാകും. പണ്ടത്തെ സിനിമാ തിയേറ്ററുകളില്‍ പ്രോജക്ടര്‍ റൂമില്‍ നിന്ന് വരുന്ന വെളിച്ചക്കുഴലുകളെ കണ്ടിട്ടില്ലേ..അതുപോലെ മൊബൈലില്‍ നിന്ന് പല നിറങ്ങള്‍ മാറിമാറി .
ആഴങ്ങളേറിയ വെള്ളമില്ലാത്ത കിണര്‍
ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് കയറുന്ന അമ്മയേയും മകനേയും ഓര്‍ക്കുന്നു. മകന്റെ ചികില്‍സയുടെ കുറിപ്പുകളായിരിക്കാം, സ്കാനിംഗ് റിപ്പോര്ട്ടായിരിക്കാം ആ അമ്മ ഭദ്രമായി പൊതിഞ്ഞ് പിടിച്ചിരിക്കുന്നത്. എത്ര കരുതലോടെയാണ് അവര്‍ മകനെ നോക്കിയിരിക്കുന്നത്. ഒന്നു ചുമയ്ക്കുമ്പോഴേക്കും ഫ്ളാസ്ക് തുറന്ന് ചുക്ക് കാപ്പി നീട്ടുന്നു. ചുമലില്‍ തലോടുന്നു.
ചുറ്റും കഥാപാത്രങ്ങളാണ്. മുടിയില്ലാത്ത തല സാരിയില്‍ മൂടിപ്പിടിച്ച മറ്റൊരു സ്ത്രീയെ ഓര്‍ക്കുന്നു. കീമോ തെറാപ്പിയാകാം അവരുടെ ശരീരത്തെ ഇത്രയും തകര്‍ത്തിരിക്കുന്നത്. കണ്ണുകളില്‍ എത്രയോ അടി ആഴത്തില്‍ വെള്ളമില്ലാതെ കിടക്കുന്ന കിണര്‍ കാണുന്നു. ഭര്‍ത്താവിന്റെ മടിത്തട്ടിലേക്ക് ആശ്വാസത്തിനായി കാല്ക്കയറ്റി വെച്ചിരിക്കുന്നു. ഇടയ്ക്ക് ദീര്‍ഘശ്വാസം..ട്രെയിന്‍ തിരിഞ്ഞുനോക്കാതെ ഓടിക്കൊണ്ടിരിക്കുന്നു. ഇനിയെന്ന് കാണും, ആ പാസഞ്ചറിനെ? അതില്‍ ജീവിതത്തിന്റെ മുഴുറോള് അഭിനയിക്കുന്ന യാത്രികരെ?
Content Highlights: Passenger Train Travel, Indian Railway, Purappettupokunna Yathrakal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..