മഴയുടെ രാഗരൗദ്ര ഭാവങ്ങള്‍ ആസ്വദിച്ചും ആഹരിച്ചും നാല് ആത്മാക്കള്‍ വിശാലമായ കാനനമധ്യത്തില്‍!


എഴുത്തും ചിത്രങ്ങളും: അസീസ് മാഹി

നിനയ്ക്കാത്ത നേരത്ത് കാടിനകത്ത് പെയ്‌തൊരു മഴ. ഒളിക്കാനിടം തേടുന്ന മാനും മയിലും, തൂവൽ കുടഞ്ഞ് ചിറകൊതുക്കുന്ന കിളിക്കൂട്ടങ്ങൾ.. പ്രിയരേ, ഉൾക്കാട്ടിലെ മഴ ഒരു അവിസ്മരണീയാനുഭവം തന്നെയാണേ!

ഹനുമാൻ കുരങ്ങുകൾ | ഫോട്ടോ: അസീസ് മാഹി

തുലാവര്‍ഷപ്പച്ച ചൂടിയ നീലഗിരിക്കാടിന്റെ ഉള്‍ത്തടങ്ങളിലൂടെ മഴയാരവങ്ങൾ ഒഴിഞ്ഞൊരു പ്രഭാതത്തില്‍ യാത്രയാരംഭിക്കുന്നു. നന്നേ പ്രഭാതത്തില്‍ കാടിനെപ്പോഴും ഒരു ഘനശ്യാമചാരുതയാണ്. ചലിക്കുന്ന ദലങ്ങളാല്‍, മര്‍മരങ്ങളുതിര്‍ത്ത് ചെറുകാറ്റ് ചാമരം വീശുന്നു. നാഗര്‍ഹോളയില്‍നിന്നാരംഭിച്ച്, ബന്ദിപ്പൂരും മുതുമലയും താണ്ടി, നീലഗിരിയുടെ ജൈവവൈവിധ്യം രുചിച്ച്, മഴക്കാഴ്ചകള്‍ തേടി മൂന്നുനാള്‍! ചെറുമഴ നനഞ്ഞ്, മരങ്ങള്‍ക്കിടയിലൂടെ സ്വയം കാടായിത്തീരുന്ന മനസ്സോടെ, സമര്‍പ്പിത ചേതസ്സോടെയുള്ള യാത്ര ഒരു വനസല്ലയനത്തിന്റെ ഊര്‍ജവും ചൈതന്യവുമാണ് പകര്‍ന്നേകുക.

Chenkeeri
ചെങ്കീരി

യാത്രാവാഹനം മുന്നോട്ടുനീങ്ങവെ പുല്‍പ്പരപ്പില്‍ ചെങ്കീരിയിണകള്‍ (Red Striped Mangoose) തീറ്റ തേടുന്നു. ''കീരിയെ കണി കണ്ടാല്‍ കടുവയെ കാണാം'' എന്ന് വനയാത്രകളിലെ സ്ഥിരം കൂട്ടാളിയായ മനോജ് ജനാര്‍ദനന്‍ പതുക്കെ കൊതിക്കെട്ടു തുറന്നു. ഇത്തിരി ദൂരം പിന്നിടുമ്പോഴേക്കും ഒരു കഴുകനും കൂട്ടുകാരിയും ചേര്‍ന്ന് നേരത്തേ കാട്ടുനായ്ക്കള്‍ ഭക്ഷിച്ചുപേക്ഷിച്ച പുള്ളിമാനിന്റെ മൃതാവശിഷ്ടങ്ങള്‍ ചികഞ്ഞ് ഭക്ഷിക്കുകയാണ്. ഞങ്ങളടുത്തെത്തിയതും ഒരാള്‍ കൂറ്റന്‍ ചിറകുകള്‍ ദ്രുതതാളത്തില്‍ ചലിപ്പിച്ച് പറന്നകന്നു. മറ്റേയാള്‍ ഭയമേതുമില്ലാതെ തീറ്റ തുടരുകയാണ്. ചെന്നിറമാര്‍ന്ന കഴുത്തും കാതുകളും താളത്തില്‍ ചലിപ്പിച്ച് തീറ്റയെടുക്കുന്നതിനിടയില്‍ ഇടയ്ക്ക് ഞങ്ങളുടെനേരേ നോട്ടമെറിഞ്ഞും പരിസരം ശ്രദ്ധയോടെ വീക്ഷിച്ചുമാണ് മൃതാവശിഷ്ടങ്ങള്‍ അകത്താക്കുന്നത്.

Kathila Kazhukan
കാതില കഴുകന്‍

കഴുകന്റെ ഭാവചേഷ്ടകള്‍ കൃത്യമായി വായിക്കാനാവുംവിധം അതിന്റെ സമീപദൃശ്യവും പകര്‍ത്തി മുന്നോട്ടു നീങ്ങവെ, നിനച്ചിരിക്കാതെ കാട് ഇരുളാന്‍ തുടങ്ങുന്നു. മഴയുടെ വരവറിയിച്ചുകൊണ്ട്, 'തിണ്ടുകുത്തിക്കളി'യിലേര്‍പ്പെട്ട ആനയുടെ ചന്തം പൂണ്ട് താഴ്വരകളെ തഴുകുന്ന മേഘങ്ങള്‍' ഗര്‍ജിക്കാന്‍ തുടങ്ങുന്നു. കാറ്റിന്റെ രൗദ്രഭാവത്തില്‍ വാനരക്കൂട്ടം ചില്ലകളില്‍നിന്നു ചില്ലകളിലേക്ക് ചാടിയകന്നും വള്ളിപ്പടര്‍പ്പുകളില്‍ ഊഞ്ഞാലാടിയും തിമര്‍ക്കുന്നു. വാനരന്മാര്‍ ശരീരത്തില്‍ പതിച്ച ജലകണങ്ങള്‍ കുടഞ്ഞുകളഞ്ഞും പക്ഷികള്‍ വൃക്ഷച്ഛായയിലേക്ക് ചിറകൊതുക്കിയും മഴ നിരീക്ഷിക്കുന്നു! പ്രിയരേ, ഉള്‍ക്കാട്ടിലെ മഴ ഒരു അവിസ്മരണീയാനുഭവം തന്നെയാണേ! പലപ്പോഴും നമ്മള്‍ വീടു വിട്ടു കാടു തേടുന്നത് ഉള്ളം കുളിര്‍പ്പിക്കുന്ന ഈ അനുഭവസാകല്യം തേടിയത്രേ.

Thithiri
ചെങ്കണ്ണി തിത്തിരി

മഴ കനക്കവേ, വന്‍വൃക്ഷങ്ങള്‍ ജലമിറ്റു വീഴുന്ന ചെറുചില്ലകളാം മുടിയഴിച്ചിട്ട് അണിമലര്‍ക്കുല പൊഴിച്ച് ഇലത്തുമ്പുകളുടെ ഹസ്തമുദ്ര കാട്ടി നൃത്തമാടാന്‍ തുടങ്ങുകയായി. വന്‍വൃക്ഷങ്ങളുടെ ശരീരത്തിലൂടെ വെള്ളിരേഖകളെന്നോണം നേരിയ ജലനൂലുകള്‍ താഴേക്കൊഴുകുന്നു. മഴക്കാലത്ത് കാടകത്ത് മുളച്ചു പൊന്തുന്ന മഞ്ഞനിറമാര്‍ന്ന കൂണ്‍കുടക്കീഴില്‍ കുഞ്ഞന്‍ തവളകള്‍ അഭയം തേടുകയാവും. പൊടുന്നനെ ഉരുവം കൊള്ളുന്ന നീര്‍ച്ചാലുകള്‍ ചുറ്റും ഒഴുകിപ്പരക്കുന്നു. ഇങ്ങനെയുള്ള കൗതുകക്കാഴ്ചയുടെ നടുവില്‍ മഴയുടെ രാഗരൗദ്രഭാവങ്ങള്‍ ആസ്വദിച്ചും ആഹരിച്ചും മൂന്നോ നാലോ ആത്മാക്കള്‍ വിശാലമായ കാനനമധ്യത്തില്‍! ഈയൊരു അനുഭവസാകല്യം നഗരകാന്താരത്തില്‍ എവിടെക്കിട്ടും!

കനത്ത മഴയില്‍ ഇത്തിരി നേരം വാഹനം നിര്‍ത്തി കാടകമാകെ ഉള്ളിലാവാഹിക്കവെ ഓര്‍ത്തുപോയത് വേനല്‍വറുതിയിലെ കാട്ടുകാഴ്ചകളാണ്. കഴിഞ്ഞ വേനലില്‍ കാട്ടുതീയിലമര്‍ന്നുപോയ ബന്ദിപ്പൂര്‍ കാടിടത്തിന്റെ ഹൃദയത്തില്‍നിന്ന് തപിക്കുന്ന ഓര്‍മകളുടെ സ്മാരകം പോലെ, വന്‍ വൃക്ഷങ്ങളുടെ വെന്തുപോയ ശരീരഭാഗങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നത് ഇപ്പോഴും കാണാം... ജലസമൃദ്ധമായ കബനീതടം നേര്‍ത്തൊരു നീര്‍ച്ചാലായി, മുന്നോട്ടു നീങ്ങാനാവാതെ വനഭൂമിയില്‍ നഷ്ടപ്പെടുന്നതും അവശേഷിക്കുന്ന ഇത്തിരി തണുപ്പിലും തണലിലും ആനകള്‍ കൂട്ടംകൂടി ആശ്വാസം കണ്ടെത്തുന്നതും ശരീരത്തില്‍ ചെളി വാരിയെരിഞ്ഞ് ചൂടകറ്റുന്നതും കടുവകള്‍ തീര്‍ത്തും വറ്റിപ്പോകാത്ത ഇത്തിരിപ്പോന്ന നീര്‍ത്തടങ്ങള്‍ തേടുന്നതും കണ്ട് മനംനൊന്തൊരു വനചാരിക്ക് ഇന്നിപ്പോള്‍ കാട് മഴയില്‍ക്കുളിച്ച് ആഹ്ലാദചിത്തയാകുന്നതു കാണുമ്പോള്‍ മഴപ്പെയ്ത്തിനൊപ്പം സ്വന്തം ഹൃദയം കൊരുത്തുവെയ്ക്കാന്‍ തോന്നും!

മഴയുടെ ഭാവാന്തരങ്ങള്‍ തേടി മുന്നോട്ടുനീങ്ങവെ, ഒരു ചെറുവൃക്ഷക്കൊമ്പില്‍ ചിറകൊതുക്കി മഴ നനയുകയാണ് ഒരു ആണ്‍മയില്‍. മയിലുകള്‍ അവയുടെ ശരീരത്തില്‍ നിറയെയുള്ള പീലിക്കണ്ണുകള്‍കൊണ്ട് കാടും മഴയും കണ്ടാസ്വദിക്കുകയാണോ എന്ന് തോന്നിപ്പോകും! തൊട്ടടുത്ത വെള്ളക്കെട്ടില്‍ ഒരു ആമയും മഴയെ പുണരാനെന്നോണം ചെറുപാറയില്‍ വിശ്രമിക്കുന്നത് കണ്ടു.

Tortoise
മാനം നോക്കി ആമച്ചങ്ങാതി

മാന്‍പേടകളുടെ വന്‍കൂട്ടങ്ങളും മഴയാസ്വദിച്ച് തീറ്റയെടുക്കുന്നുണ്ട്. ഒറ്റയ്‌ക്കോ ഇണകളായോ മേയുന്നവര്‍ ഇടയ്ക്ക് തീറ്റ നിര്‍ത്തി ഞങ്ങള്‍ക്കു മുഖം നല്‍കിയ ശേഷം വീണ്ടും മഴയിലലിയുന്നു. ഇത്തവണത്തെ വനയാത്രയില്‍ കാട്ടുനായ്ക്കൂട്ടങ്ങളുടെ കേളീമുഹൂര്‍ത്തങ്ങളാണ് ഏറ്റവും ആസ്വാദ്യമായിത്തോന്നിയത്. ഏഴു പേരടങ്ങുന്ന ഒരു സംഘം (Pack). കാട്ടുപാതയ്ക്കിരുവശവുമുള്ള ചെറുതോട്ടില്‍ മുങ്ങിക്കുളിച്ചും ശരീരം കുടഞ്ഞും പരസ്പരം കടികൂടിയും കലഹിച്ചും പ്രണയിച്ചും ഇടയ്ക്ക് ചെറുവിശ്രമത്തിലേര്‍പ്പെട്ടും വീണ്ടും വെള്ളക്കെട്ടില്‍ ചാടിത്തിമര്‍ത്തും മഴയനുഭവത്തെ ആഘോഷമാക്കി മാറ്റുകയായിരുന്നു അവര്‍.

Deers
മഴ നനഞ്ഞ് മാന്‍കൂട്ടം

മഴ ശാന്തമായതോടെ ഞങ്ങളും ആ അനുഭവം പകര്‍ന്ന അധികോര്‍ജത്തിന്റെ ആക്കത്തില്‍ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. ഞങ്ങളുടെ യാത്രാവാഹനത്തിന് കുറച്ചകലെയായി ഒരു കയറ്റത്തില്‍ വത്സലപ്രകൃതിയില്‍ ലയിച്ച് തീറ്റയെടുക്കുന്ന ഒരു കൊമ്പന്‍! വാഹനമടുത്തെത്തുമ്പോഴേക്കും മഴയില്‍ക്കുളിച്ചതിന്റെ കുസൃതിനിറഞ്ഞ ആഹ്ലാദത്തോടെയാവാം, അത് ചിന്നം മുഴക്കി തുമ്പിക്കൈ കുലുക്കി ഞങ്ങളുടെ വാഹനത്തിനുനേരേ ചീറിയടുക്കുകയാണ്. കയറ്റം കയറുകയായിരുന്ന വാഹനം സാരഥി തികഞ്ഞ മനസ്സാന്നിധ്യത്തോടെ പിന്നോട്ടെടുത്തപ്പോള്‍ ഞങ്ങള്‍ ഉപദ്രവകാരികളല്ലെന്നു തോന്നിയാവാം കൊമ്പന്‍ തെല്ലുനേരം വഴിവിലങ്ങി നിന്ന ശേഷം കാടു കയറി. സായാഹ്നമാകുമ്പോഴേക്കും മഴ മാറിയെങ്കിലും കാട് തെളിഞ്ഞിരുന്നില്ല. മഴക്കാലത്തിന്റെ ഇരുള്‍പ്പച്ചയില്‍ കാട് കനംതൂങ്ങിനിന്നു!

Elephant
ഒറ്റയ്‌ക്കൊരു കൊമ്പന്‍

ഞങ്ങള്‍ ഇപ്പോള്‍ കാടിടത്തില്‍ കടുവയോ പുള്ളിപ്പുലിയോ കരിമ്പുലിയോ പ്രത്യക്ഷപ്പെടുന്നതും കാത്തിരിക്കുകയാണ്. കാട്ടിലായിരിക്കുമ്പോള്‍ കാടായിത്തീരുക എന്നു പറയാറുണ്ടല്ലോ, അങ്ങനെ വനഭൂമിയില്‍ കണ്ണും കാതും മനസ്സും അര്‍പ്പിച്ചുള്ള കാത്തിരിപ്പ്. ഞങ്ങളുടെ ഉള്ളിലെ മോഹപ്പച്ചയെ ത്രസിപ്പിച്ചുകൊണ്ട് നിനച്ചിരിക്കാത്ത നിമിഷത്തില്‍ ഒരു കടുവാദര്‍ശനം സാധ്യമാകുന്നു. കാട്ടുപാതയോരത്ത് രണ്ടു വന്‍വൃക്ഷങ്ങളുടെ നടുവിലായി വിശ്രമിക്കുകയാണ് വനഭൂമിയുടെ രാജകുമാരന്‍. തൊട്ടുമുന്‍പിലായി മേയുന്ന ഒരു മ്ലാവിനെ ലക്ഷ്യംവെച്ചായിരുന്നു അല്പം ഒളിഞ്ഞുള്ള മൂപ്പരുടെ കിടപ്പ് എന്നുതോന്നുന്നു.

ഞങ്ങളുടെ വാഹനം കാട്ടുപാതയിലെത്തിയതോടെ മ്ലാവ് വഴിപിരിഞ്ഞ് രക്ഷപ്പെടുന്നു. ഞങ്ങളുടെ വരവോടെ അയാളുടെ ലക്ഷ്യം പിഴച്ചല്ലോ എന്ന മനഃപ്രയാസത്തോടെയായിരുന്നു കടുവയുമായുള്ള മുഖാമുഖം! ഇടയ്ക്ക് തലചെരിച്ച് വിദൂരതയിലേക്കു നോക്കിയും ചെവിയനക്കി ഈച്ചകളെയകറ്റിയും കോട്ടുവായിട്ടും ഇടയ്‌ക്കെപ്പോഴോ ക്രോധം പ്രകടിപ്പിച്ചും മുരണ്ടും ഉദാസീനഭാവമെടുത്തണിഞ്ഞും മടുപ്പുതോന്നിയപ്പോള്‍ വനതേജസ്സ് ഉള്‍ക്കാട്ടിലേക്കു പിന്‍വാങ്ങി! തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പുള്ളി മീന്‍കൊത്തിയും വെള്ളവയറന്‍ മീന്‍കൊത്തിയും, കാട്ടുമൂങ്ങയും ചുട്ടിപ്പരുന്തും മീന്‍കൂമനും കിന്നരിപ്പരുന്തും തണ്ടാന്‍ മരംകൊത്തിയുമെല്ലാം കൂട്ടുകൂടാനെത്തി.

Kinnari
കിന്നരിപ്പരുന്ത്

വനയാത്രയുടെ രണ്ടാം ദിവസവും നാഗര്‍ഹോളയില്‍ത്തന്നെ. ഇത്തവണ ദര്‍ശനമേകിയത് പുലിച്ചങ്ങാതിയായിരുന്നു. മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തില്‍ ചെറുവൃക്ഷക്കൊമ്പില്‍ വിശ്രമത്തിലാണയാള്‍. നിബിഡമായ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ തെളിയുന്ന നക്ഷത്രപ്പൊട്ടുകള്‍ എങ്ങനെ കണ്ടെത്തും എന്ന ഭാവമാണ് അതിന്.

കാടകത്തിന്റെ നിറകണ്‍ കാഴ്ചകളും ഉള്ളം തണുപ്പിക്കുന്ന മഴയനുഭവവും പകര്‍ന്നേകിയ രണ്ടു ദിവസത്തെ സഹവാസശേഷം രാജീവ് ഗാന്ധി ദേശീയോദ്യാനത്തോട് വിടയോതി നേരേ ബന്ദിപ്പൂരിലേക്ക്! ദൊമ്മന്‍കട്ട ഹാന്‍ഡ്പോസ്റ്റ് മൈസൂരു-ബെംഗളൂരു ദേശീയപാതയിലൂടെ ഗുണ്ടല്‍പ്പേട്ട് വഴി ബന്ദിപ്പൂര്‍ കവാടത്തിലെത്തുമ്പോള്‍ സായന്തനക്കാടേറ്റത്തിനുള്ള നേരമായിരുന്നു. ചെറുമഴ കഴിഞ്ഞ് ഉന്മേഷവതിയാണ് ബന്ദിപ്പൂര്‍. ഇത്തവണത്തെ യാത്രയില്‍ കാട്ടുപോത്തുകളെ ധാരാളം കണ്ടു. പ്രജനനകാലമായതിനാല്‍ കൂട്ടങ്ങള്‍ അത്യുത്സാഹത്തിലാണ്. കൂട്ടത്തില്‍നിന്ന് യോജിച്ച ഇണകളെ കണ്ടെത്തിക്കഴിഞ്ഞാല്‍ കമിതാക്കള്‍ കൂട്ടംപിരിഞ്ഞ് പ്രണയജോഡികളാവുന്നു. നാട്യമില്ലാത്ത പ്രണയം പൂക്കുന്നത് കാടകത്താണെന്ന് പേര്‍ത്തും പേര്‍ത്തും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഇക്കൂട്ടരുടെ പ്രണയകേളികള്‍. കാട്ടുപോത്തുകള്‍ക്കൊപ്പം ഹനുമാന്‍ കുരങ്ങുകളും മയിലുകളും മ്ലാവിണകളും കാട്ടുനായ്ക്കളുമെല്ലാം ബന്ദിപ്പൂരിലും കൂട്ടുകൂടാനെത്തി.

Bisons
മഴയാരവം ഒഴിഞ്ഞ നേരം

മുതുമലയിലെ ഈ പ്രഭാതയാത്രയോടെ നീലഗിരിയിലെ മഴയനുഭവം തേടിയുള്ള വനയാത്രയ്ക്ക് വിരാമമാകും. യാത്രാരംഭത്തില്‍ത്തന്നെ ഞങ്ങളെ എതിരേറ്റത് ഗംഭീരാകാരനായ ഒരു കൊമ്പനായിരുന്നു. മന്ദതാളത്തില്‍ മഴക്കുളിരാസ്വദിച്ച് മേയുന്ന ആനക്കൂട്ടങ്ങളും ജലാശയത്തില്‍ മുഖം നോക്കുന്ന മ്ലാവും കുസൃതിക്കുരുന്നുകളായ ഹനുമാന്‍ കുരങ്ങിന്‍കുഞ്ഞുങ്ങളും കാട്ടുപോത്തും പക്ഷിക്കൂട്ടവുമെല്ലാം ഒരു പെരുവിരുന്നിന്റെ രുചിയേകി. മനംനിറഞ്ഞ കാഴ്ചകളാല്‍ സ്മൃതിധന്യമായ ഒരു മടക്കയാത്ര! കൂട്ടരേ, കാട്ടുകാഴ്ചയുടെ പൊരുളറിയാന്‍ പെരുമഴക്കാലത്തൊന്നു കാടേറിനോക്കൂ!

(മാതൃഭൂമി യാത്രയില്‍ 2021 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: nilgiri forest, nagarhole national park, wildlife photography, azees mahe photography

മാതൃഭൂമി യാത്ര വാങ്ങാം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented