
വിനിമയവ്യത്യാസത്തിന്റെ പ്രയോജനം ശരിക്കറിഞ്ഞത് 1998-ലെ ഈസ്റ്റ് ഏഷ്യ സാമ്പത്തിക തകര്‍ച്ചയുടെ കാലത്തായിരുന്നു. അന്ന് ഞാന്‍ ബ്രൂണെയിലാണ്. അവിടെനിന്ന് മലേഷ്യയും ഇന്‍ഡൊനീഷ്യയും അധികം അകലെയല്ല. സാധാരണഗതിയില്‍ തന്നെ മലേഷ്യയില്‍ ഭക്ഷണത്തിനും പച്ചക്കറികള്‍ക്കും വില കുറവാണ്. മലേഷ്യയില്‍ പോവുക എന്ന് പറഞ്ഞാല്‍ ഒരു പുഴ കടക്കുന്ന കാര്യമേയുള്ളൂ. പുഴയ്ക്കപ്പുറം മിരി എന്ന മലേഷ്യന്‍ നഗരം. പോയിവരാന്‍ സാധാരണ അരമണിക്കൂര്‍ മതിയെങ്കിലും പുഴയില്‍ പാലമില്ലാത്തതിനാല്‍ ഫെറി കടക്കണം. ലാഭം നോക്കി എല്ലാ ബ്രൂണെക്കാരും വീക്കെന്‍ഡില്‍ അവിടെ എത്തുന്നതിനാല്‍ എത്തിപ്പറ്റാന്‍ രണ്ടുമണിക്കൂറെടുക്കുമെങ്കിലും സംഗതി മൊത്തത്തില്‍ ലാഭം തന്നെ.
എന്നാല്‍ സാമ്പത്തിക തകര്‍ച്ച മലേഷ്യയുടെയും ഇന്‍ഡൊനീഷ്യയുടെയും കറന്‍സിയെ സാരമായി ബാധിച്ചു. ഒരു ബ്രൂണെ ഡോളറിന് മൂവായിരത്തില്‍ താഴെ ഉണ്ടായിരുന്ന ഇന്‍ഡൊനീഷ്യന്‍ റുപ്പയ ഒരാഴ്ചയ്ക്കകം പതിനായിരത്തിന്റെ മുകളിലെത്തി. ബ്രൂണെയില്‍നിന്ന് ഇന്ഡൊനീഷ്യയിലെത്താനുള്ള വിമാന ടിക്കറ്റിന് നൂറു ഡോളറേ ഉള്ളൂ. അവിടെ ചെന്നാല്‍ ഷോപ്പിങ് അതീവ ലാഭമായതോടെ ബ്രൂണെയില്‍നിന്ന് പ്രത്യേക വിമാനങ്ങള്‍വരെ സര്‍വീസ് തുടങ്ങി. വിദേശ കറന്‍സി നാട്ടിലെത്തുകയും കച്ചവടം നടക്കുകയും ചെയ്യുന്നതിനാല്‍ ബ്രൂണെയില്‍നിന്ന് ആളുകള്‍ ചെല്ലുന്നത് അവിടത്തെ കച്ചവടക്കാര്‍ക്കും സര്‍ക്കാരിനും സന്തോഷമാണ്.
സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്‍ഡൊനീഷ്യ കരകയറിയെങ്കിലും ഇന്നും ഇന്‍ഡൊനീഷ്യയുടെ കറന്‍സിക്ക് ചെറിയ വിലയേ ഉള്ളൂ. ഒരു ഇന്ത്യന്‍ രൂപകൊടുത്താല്‍ ഇരുന്നൂറ് ഇന്‍ഡൊനീഷ്യന്‍ റുപ്പയ കിട്ടും. പണത്തിന്റെ വിനിമയം മാത്രമല്ല ടാക്സിയും ഹോട്ടലും ഭക്ഷണവുമെല്ലാം അവിടെ ഇന്ത്യയിലേതിനേക്കാള്‍ ലാഭമാണ്. പെട്രോളിന്റെ വില ഒന്‍പതിനായിരം റുപ്പയ ആണ്, അതായത് 45 രൂപ. എന്നാല്‍ ജക്കാര്‍ത്ത ചെലവുള്ള നഗരമാണ്. ഒരു ലഞ്ചിന് ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ ആദ്യമായി ചെലവാക്കിയത് ഇവിടെയാണ് (അഞ്ഞൂറ് രൂപ). ഫൈവ് സ്റ്റാര്‍ ഹോട്ടലോ പേരുകേട്ട റെസ്റ്ററന്റോ ആണെങ്കില്‍ ഡിന്നറിന്റെ ചെലവ് അഞ്ചുലക്ഷം റുപ്പയയില് കൂടിയാലും അതിശയിക്കാനില്ല. ഒരു ഡിന്നറിന് 35 ഡോളര്‍ വലിയ തുകയല്ല (ജനീവയില്‍ ശരാശരി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയാല്‍ പോലും അത്രയും കൊടുക്കാതെ പോരണമെങ്കില്‍ ടാപ്പിലെ വെള്ളം കുടിക്കണം). പക്ഷേ, ബില്ല് കൈയില്‍ കിട്ടുമ്പോള്‍ പേടിച്ച് ബോധംകേട്ട് വീഴാതെ നോക്കണമെന്ന് മാത്രം.
ഒരു രാജ്യത്തെ കറന്‍സിയുടെ വില കുറവാണെങ്കില്‍ ആ രാജ്യം സാമ്പത്തികമായി പിന്നാക്കമാണ് എന്നൊരു തെറ്റിദ്ധാരണ മിക്കവാറും ആളുകള്‍ക്കുണ്ട്, എനിക്കുമുണ്ടായിരുന്നു. സാമ്പത്തികമായി ഉയര്ന്നുനില്ക്കുന്ന രാജ്യങ്ങളില്‍ അവരുടെ കറന്‍സിയും ഉയര്ന്നുതന്നെയാണല്ലോ നില്‍ക്കുന്നത്. ഞാന്‍ ജോലി ചെയ്തിരുന്ന ഒമാനിലെ കറന്‍സിയുടെ വില ഡോളറിലും രണ്ടര ഇരട്ടിയാണ്. അറിയാവുന്നതില്‍ ഏറ്റവും ഉയര്‍ന്നത് കുവൈറ്റി ദിനാര്‍ ആണ്, മൂന്നു ഡോളറില്‍ കൂടുതല്‍ കൊടുക്കണം ഒരു കുവൈറ്റി ദിനാര്‍ കിട്ടണമെങ്കില്‍. പക്ഷേ, ഒമാനിലും കുവൈറ്റിലും വലിയ സമ്പദ്വ്യവസ്ഥയും സാമ്പത്തികശക്തിയുമായ ദക്ഷിണ കൊറിയയിലെ കറന്‍സിയുടെ (വോണ്‍) വില വളരെ കുറവാണ്. ഒരു ഡോളര്‍ കൊടുത്താല്‍ ആയിരം കൊറിയന്‍ വോണ്‍ കിട്ടും. എന്നുവെച്ച് ഒരു വോണോ, ആയിരം വോണോ കൊടുത്താല്‍ ഒരു പുല്ലും കിട്ടുകയുമില്ല. എന്റെ ജീവിതത്തില്‍ കുടിച്ചതില്വെച്ച് ഏറ്റവും വിലപിടിപ്പുള്ള ക്യാപ്പിച്ചീനോ കൊറിയന്‍ തലസ്ഥാനമായ സോളില്നിന്നാണ്, പന്തീരായിരം വോണ്‍. പൊതുവില്‍ ചെലവ് കൂടിയ ജനീവയില്‍ രണ്ട് ഫ്രാങ്കെ ഉള്ളൂ ക്യപ്പിച്ചിനോയ്ക്ക് അതായത് രണ്ടായിരം വോണ്‍. അതിന്റെ അഞ്ചിരട്ടിയാണ് വെള്ളത്തില്‍ പോയത്.
ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ജപ്പാനിലെ കറന്‍സിയും (Yen) കേട്ടാല്‍ ഒരു ഗുമ്മില്ലാത്തതാണ്. ഇന്ത്യന്‍ കറന്‍സിയുടെ വിലപോലും ഇല്ല അതിന്. ഒരു രൂപ കൊടുത്താല്‍ ഒന്നര യെന്‍ കിട്ടും. എന്നാല്‍ ചെലവിനൊന്നും ഒരു കുറവുമില്ല. ടോക്യോവില്‍നിന്ന് ഒസാക്കയിലേക്കുള്ള ട്രെയിന്‍ യാത്ര മൂന്നു മണിക്കൂര്‍ ഇല്ല, ഓരോ മൂന്നു മിനിറ്റിലും ട്രെയിന്‍ ഉണ്ട് താനും. എന്നിട്ടും ഒന്ന് പോയി വരണമെങ്കില്‍ 25000 യെന്‍ കൊടുക്കണം. ഇന്ത്യയില്‍ മൂന്നുമണിക്കൂര്‍ ട്രെയിന്‍ യാത്രക്ക് ശരാശരി മുന്നൂറു രൂപ പോലും ഇല്ല എന്നോര്‍ക്കണം. ലക്ഷപ്രഭുവാണ് എന്ന തോന്നല്‍ ശക്തമായത് കഴിഞ്ഞ തവണ ഇറാനില്‍ പോയപ്പോഴാണ്. പോക്കറ്റടിച്ചോ അല്ലാതെയോ നഷ്ടപ്പെട്ടാലോ എന്നു പേടിച്ച് സാധാരണഗതിയില്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ അധികം കറന്‍സി കൊണ്ടുപോകാറില്ല, ക്രെഡിറ്റ് കാര്‍ഡ് ആണ് പതിവ്. അന്താരാഷ്ട്ര ഉപരോധം കാരണം അവിടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റില്ലാത്തതിനാല്‍ ആവശ്യത്തിനുള്ള പണം ഡോളറായി കൊണ്ടുപോകണമെന്ന് ഇറാനില്‍ പോകുന്നതിന് മുന്‍പ് ഓഫീസില്‍നിന്ന് നിര്‍ദേശമുണ്ടായി.
അമേരിക്കന്‍ ഉപരോധം ഉള്ളതുകൊണ്ട് ഡോളറിന് അവിടെ വലിയ ഡിമാന്‍ഡാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന വിനിമയ റേറ്റിനും നാലിരട്ടിയാണ് പുറത്തെ നിരക്ക്. ഒരു ഡോളര്‍ കൊടുത്താല്‍ ഇന്നവിടെ നാല്പതിനായിരം ഇറാനിയന്‍ റിയാല്‍ കിട്ടും. ഒരു ഇറാനിയന്‍ റെസ്റ്ററന്റില്‍ പോയി നന്നായി ഭക്ഷണം കഴിച്ചാല്‍ പത്തുലക്ഷം റിയാല്‍ പോയിക്കിട്ടുകയും ചെയ്യും. ഒരു കാര്‍പെറ്റ് മേടിക്കണമെങ്കില്‍ ചെലവ് ഒരുകോടിക്കും മീതെ വരും. ആ... അതൊക്കെ ഒരു കാലം..! ഇറാനില്‍ മനുഷ്യനെ ആകെ കുഴപ്പിക്കുന്ന മറ്റൊരു പരിപാടിയുമുണ്ട്. അവിടെ ഏത് സാധനത്തിന്റെ വില ചോദിച്ചാലും ലിസ്റ്റില്‍ കാണിച്ചിരിക്കുന്നതിന്റെ പത്തിലൊന്നാണ് പറയുക. മീറ്ററില്‍ കാണിക്കുന്നതിന്റെ പത്തിലൊന്നായിരിക്കും ടാക്സിക്കാരന് നമ്മോട് ചോദിക്കുന്നത്. അതേസമയം അവര്‍ ചോദിക്കുന്ന പണം കൊടുത്താല്‍ 'ഇവന് എന്ത് പൊട്ടനാണ്' എന്ന തരത്തില്‍ നമ്മുടെ മുഖത്തേക്ക് നോക്കുകയും ചെയ്യും.
എന്താണീ പ്രശ്നമെന്ന് എനിക്ക് തീരെ മനസ്സിലായില്ല. അത് പറഞ്ഞുതന്നത് എന്റെ ഇറാനിയന്‍ സഹപ്രവര്‍ത്തകയായിരുന്ന നിലുഫര്‍ ആണ്. വളരെ പണ്ടുകാലത്ത് ഇറാനില്‍ തൊമാന്‍ എന്നൊരു കറന്‍സി ഉണ്ടായിരുന്നു. ഇതേത് കാലത്താണെന്നൊന്നും ആര്‍ക്കും ഓര്‍മയില്ല. ഒരു തൊമാന്‍ എന്നാല്‍ പത്ത് റിയാല്‍ എന്ന കണക്കിനാണ് സര്‍ക്കാര്‍ പുതിയ കറന്‍സി ഉണ്ടാക്കിയത്. പക്ഷേ, ഇറാനികള്‍ തൊമാനെ വിട്ടില്ല. അവര്‍ എല്ലാക്കാലത്തും കൊടുക്കലും വാങ്ങലും തൊമാനില് തന്നെ നടത്തി. സര്‍ക്കാര്‍ റിയാല്‍ അടിച്ചതും ബോര്‍ഡ് വെച്ചതും മിച്ചം (ഈ ലേഖനം എഴുതാന്‍വേണ്ടി ഗവേഷണം ചെയ്തു നോക്കിയപ്പോള്‍ 1932-ലാണ് തൊമാന്‍ മാറ്റി റിയാലാക്കിയത് എന്ന് കണ്ടു. ഒരു നൂറ്റാണ്ട് മാറി അടുത്ത നൂറ്റാണ്ട് വന്നിട്ടും ആളുകളുടെ സ്വഭാവം മാറാത്തത് ശ്രദ്ധിക്കൂ). എന്റെ ചെറുപ്പകാലത്ത് അമ്മ 25 പൈസയ്ക്ക് നാലണ, 50 പൈസയ്ക്ക് എട്ടണ എന്നൊക്കെ പറയുമായിരുന്നു. തിരുവിതാംകൂറിലെ നാണയമായിരുന്ന 'അണ'യില്‍ നിന്നാണീ നാലണയും എട്ടണയും ഉണ്ടായത്.
മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Murali Thummarukudi, travel of currencies in the world, Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..