ഞ്ഞുപൂക്കുന്ന കൊടൈക്കനാലിന്റെ താഴ്‌വരയില്‍ ഒരിക്കല്‍ക്കൂടി എത്തുമ്പോള്‍ ഒരു യാത്രികന്‍ എന്നതിലുപരി മറ്റെന്തൊക്കെയോ വികാരങ്ങള്‍ എന്നില്‍ നിറയുന്നു. വെറുമൊരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഏത് ദേശവും പുതിയപുതിയ വഴികളും കാഴ്ചകളും അനുഭവങ്ങളും മാത്രമാണ്. നാസിക്കിലും ഷിര്‍ദ്ദിയിലും കാര്‍ഗിലിലും ശനിശിംഗനാപൂരിലുമെല്ലാം സഞ്ചരിച്ചപ്പോള്‍ എനിക്കും അങ്ങിനെതന്നെയായിരുന്നു. അപരിചിതമായ ഒരു ദേശം എനിക്കു മുന്നില്‍ സ്​പന്ദിക്കുന്നതിന്റെ ആനന്ദം. എന്നാല്‍ കൊടൈക്കനാലിന്റെ തണുത്ത മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍, ഈറന്‍ കാറ്റില്‍ കുളിര്‍ന്നു വിറയ്ക്കുമ്പോള്‍ ഉളളില്‍ നിറയെ വേറൊരു അനുഭൂതിയാണ്.

ഒരു നര്‍ത്തകി ആദ്യമായി ചിലങ്കയണിഞ്ഞ വേദിയില്‍ നില്‍ക്കുന്നതുപോലെ, തായമ്പക്കാരന്‍ താനാദ്യമായി കൊട്ടിയ അമ്പലമുറ്റത്ത് നില്‍ക്കുംപോലെ, നാടകനടന്‍ ആദ്യ അരങ്ങില്‍ നില്‍ക്കുംപോലെ ഞാനും. മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെവെച്ചാണ് എന്റെ അഭിനയജീവിതം തുടങ്ങിയത്. മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ക്കു നടുവില്‍, മലയാളിയ്ക്കു മുന്നില്‍ കണ്ണില്‍ചോരയില്ലാത്ത വില്ലനായി നിന്നത്. ഞാന്‍ പോലും പ്രതീക്ഷിക്കാത്ത, സ്വപ്‌നം കാണാത്ത എന്റെ ഒരു ഒരു ദീര്‍ഘയാത്രയുടെ ആരംഭബിന്ദുവാണിത്.

കലാപാരമ്പര്യമൊന്നുമില്ലാത്ത മധ്യവര്‍ഗകുടുംബമായിരുന്നു എന്റേത്. എപ്പോഴും തിരക്കിലാണ്ട അച്ഛനേയും അദ്ദേഹത്തിനുചുറ്റും ഉയര്‍ന്ന ഫയലുകളേയും കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാ യുവാക്കളേയും പോലെ നേരമ്പോക്കിന് സിനിമയ്ക്കു പോകും എന്നതൊഴിച്ചാല്‍ യൗവ്വനത്തില്‍ എനിക്ക് സിനിമ വേരാഴ്ത്തിയ വികാരമൊന്നുമായിരുന്നില്ല. ലോക കഌസിക് സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. നടനാവുക എന്നത് എന്റെ വിദൂര സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നുമില്ല. എന്നിട്ടും എന്നെ സിനിമയിലേക്ക് തള്ളിവിട്ടത് എന്റെ സൗഹൃദങ്ങളായിരുന്നു. മണിയന്‍പിള്ള രാജുവും പ്രിയദര്‍ശനും സുരേഷ്‌കുമാറും അശോക് കുമാറുമെല്ലാം ചേര്‍ന്ന ആ സംഘമാണ് ഫാസിലിന്റെ പുതിയ സിനിമയിലേക്കുള്ള പുതുമുഖമായി എന്റെ അപേക്ഷ അയക്കുന്നത്. ഏറ്റവും അവസാനമായി അവിടെ കിട്ടിയ അപേക്ഷ എന്റെതായിരിക്കും. എന്നെ പറ്റിയും എന്റെ രൂപത്തെക്കുറിച്ചും നല്ല ബോധ്യമുള്ളതു കൊണ്ട് യാതൊരു ടെന്‍ഷനുമുണ്ടായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുത്തതായി അറിയിപ്പു കിട്ടിയപ്പോള്‍ ആണ് ഉള്ളില്‍ തീയാളിയത്. പ്രധാന വില്ലന്റെ വേഷമാണ്. കൊടൈക്കനാലിലാണ് ഷൂട്ടിങ്. ഒരു കമ്പിളിയുടുപ്പും അല്‍പം വസ്ത്രങ്ങളും കുത്തിനിറച്ച ബാഗുമായി അന്നൊരു നാള്‍ വീടുവിട്ടിറങ്ങുമ്പോള്‍ അമ്മയാണെ സത്യം ഞാന്‍ കരുതിയിരുന്നില്ല ആ യാത്രയ്ക്ക് ഇത്ര ദൂരമുണ്ടാകുമെന്ന്.

വിമാനത്തില്‍ കോയമ്പത്തൂരില്‍ വന്നിറങ്ങി അവിടെ നിന്ന് റോഡ്മാര്‍ഗമാണ് അന്ന് ഞാന്‍ കൊടൈക്കനാലില്‍ എത്തിയത് എന്നാണ് എന്റെ ഓര്‍മ. അന്നിവിടെ ഇത്രത്തോളം ബഹളമയമായിരുന്നില്ല. നീലത്തടാകവും അതിനെചുറ്റിനില്‍ക്കുന്ന നീലക്കുന്നുകളും പൈന്‍മരക്കാടും പച്ചപ്പുകളും യൂക്കാലിപ്റ്റസ് തോട്ടങ്ങളുമെല്ലാം അതുപോലെ തന്നെ. ആദ്യ ദിവസങ്ങളിലൊന്നും എനിക്ക് ഷൂട്ട് ഇല്ലായിരുന്നു. അതുകൊണ്ട് ഈ വഴിയില്ലൊം തോന്നിയത് പോലെ കറങ്ങിനടക്കാന്‍ സാധിച്ചു. ഒരു പക്ഷെ കൊടൈക്കനാലിനെ ഞാന്‍ കണ്‍നിറയെകണ്ടത് ആ ദിവസങ്ങളിലായിരിക്കണം. പിന്നീട് വന്നപ്പോഴെല്ലാം സമയവും തിരക്കും എന്നെ നാലുവശത്തേക്കും പിടിച്ചുവലിക്കുകയായിരുന്നു.

ഒടുവിലൊരു ദിനം പാച്ചിക്ക (ഫാസില്‍) എന്റെ ഷോട്ടെടുക്കാന്‍ തയ്യാറായി. ആ സ്ഥലം കൃത്യമായി എനിക്കിപ്പോഴും ഓര്‍മയുണ്ട്. കൊടൈ ബസ്റ്റാന്‍ഡിനടുത്ത് ഇപ്പോഴത്തെ അസ്‌റ്റോറിയ ഹോട്ടല്‍ നില്‍ക്കുന്നതിന്റെ തൊട്ടടുത്തുള്ള കടയുടെ മുന്‍വശമായിരുന്നു അത്. 'അയാം നരേന്ദ്രന്‍' എന്നു പറഞ്ഞ് ഞാന്‍ ഇറങ്ങിവരുന്നത് അവിടെ നിന്നാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഇടവേള അവിടെ തുടങ്ങുന്നു. ഇടവേളകളില്ലാതെ തുടരുന്ന എന്റെ അഭിനയജീവിതവും അവിടെ തുടങ്ങുന്നു. അതിനുമുമ്പ് എന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ 'തിരനോട്ട'ത്തില്‍ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചിരുന്നെങ്കിലും ആ ചിത്രം ജനങ്ങളിലേക്കെത്തിയിരുന്നില്ല. വീണ്ടും ആ സ്ഥലത്ത് ചെന്നു നിന്നപ്പോള്‍ വിവരണാതീതമായ ഏതോ വികാരം എന്നില്‍ പടരുന്നത് ഞാനറിഞ്ഞു. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.

 

പിന്നീട് കുറേ ദിവസങ്ങള്‍ ഞാന്‍ കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ക്യാമറയ്ക്കു മുന്നില്‍ നിന്നു. ഒരു യാത്രികനായി ഒരു ദേശത്ത് നില്‍ക്കുന്നതിന്റെയും നടനായി ഒരു ദേശത്തു നില്‍ക്കുന്നതിന്റെയും വ്യത്യാസം ഞാന്‍ അന്നാണ് അറിഞ്ഞത്. ആദ്യത്തേതില്‍ ആ ദേശം നമ്മില്‍ നിന്നും അന്യമായി, നിറയെ കാഴ്ചകളുള്ള ഒരിടമായി നമുക്ക് മുന്നിലുണ്ടാവും. എന്നാല്‍ അതേ സ്ഥലത്തുനിന്ന് അഭിനയിക്കുമ്പോള്‍ നമ്മളും ആ ദേശത്തിന്റെ ഭാഗമാണ്. സ്ഥലത്തിന്റെയും കാലത്തിന്റെയും ഭാഗമാണ്. പിന്നീടുള്ള എന്റെ യാത്രകളെല്ലാം ഇത്തരത്തിലുള്ളതായിരുന്നു. എല്ലായിടത്തും വീണ്ടും ഒരു യാത്രികന്‍ മാത്രമായി പോകേണ്ട അവസ്ഥ. അങ്ങിനെ പോയാല്‍ തന്നെ പലപല ഓര്‍മകള്‍ എന്നെ വന്ന് വലയം ചെയ്യും.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കു ശേഷം എന്റെ എത്രയോ സിനിമകള്‍ കൊടൈക്കനാലില്‍ വച്ച് ഷൂട്ട് ചെയ്തു. അങ്കിള്‍ബണ്‍, ജനവരി ഒരു ഓര്‍മ, ഹരികൃഷ്ണന്‍സ്.. ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ട്. ഈ മലയോരത്തിന്റെ ഓരോ വഴികളും എനിക്ക് അങ്ങിനെ നാട്ടുവഴികള്‍ പോലെ പരിചിതമായി.
mohanlal

തണുത്ത പ്രദേശങ്ങള്‍ എനിക്ക് പൊതുവേ ഇഷ്ടമാണ്. അതെന്നെ കൂടുതല്‍ ഊര്‍ജ്വസ്വലനാക്കുന്നുണ്ട്. എന്നാല്‍ അതിലുപരിയായി ഈ സ്ഥലത്തിനൊരു സുഖവും സൗന്ദര്യവുമുണ്ട്. ഒരു തടാകമാണ് കൊടൈക്കനാലിന്റെ കേന്ദ്രം എന്നതാണ് അതിന്റെ ഏറ്റവും വലിയ സൗന്ദര്യം. മഞ്ഞു വീഴുന്ന തണുപ്പിനുപരിയായി ഈ തടാകം മലയോരത്തിനാകെ ഒരു സൗഖ്യം നല്‍കുന്നുണ്ട്. ഇവിടെയെത്തിയാല്‍ കഴിയുന്നതും ഞാനീ നക്ഷത്രതടാക തീരത്തെവിടെയെങ്കിലുമാണ് താമസിക്കുക. രാവിലെ സമയമുണ്ടെങ്കില്‍ അതിനു ചുറ്റും നടക്കാം. വെറുതെ ആ നീലിമയിലേക്ക് നോക്കിയിരിക്കുന്നതു തന്നെ ഒരു സുഖമാണ്.

കൊടൈക്കനാലില്‍ കോക്കേഴ്‌സ് വാക്കിലൂടെയുള്ള നടത്തം ഞാന്‍ ഒരിക്കലും ഒഴിവാക്കാറില്ല. ഇത്രയും മനോഹരമായി മനുഷ്യന്‍ വെട്ടിയുണ്ടാക്കിയ ഒരു മലയോരപാത ഞാന്‍ മറ്റൊന്നു കണ്ടിട്ടില്ല. കോക്കേഴ്‌സ് വാക്ക് വെറുമൊരു വഴിയല്ല, അതിലലല്‍പം കവിതയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിരിട്ടു നില്‍ക്കുന്ന പൂക്കളും ആ പൂന്തോട്ടങ്ങള്‍ക്കു നടുവില്‍ അവിടവിടെയായി കൂടുവച്ചതുപോലുള്ള സമ്പന്ന ഗൃഹങ്ങളും എല്ലാറ്റിനേയും വാരിപ്പുതപ്പിച്ചു കൊണ്ട് വരുന്ന മഞ്ഞുപുകയും അവയ്ക്കിടയിലൂടെയുള്ള മങ്ങിയ വിദൂരക്കാഴ്ചയും പ്രഭാതങ്ങളിലെ തെളിഞ്ഞ വെയിലുമെല്ലാം ചേര്‍ന്ന അപൂര്‍വ്വ സൗന്ദര്യമാണ് ഈ വഴി. എത്രയോ തരം കൊച്ചുകൊച്ചു പക്ഷികളെ ഈ വഴിയില്‍ കാണാം. അവയുടെ ശബ്ദം നിശബ്ദതയിലേക്ക് തുളളിതുള്ളിയായി വീഴുന്നു.

കൊടൈക്കനാലിലെ പില്ലര്‍റോക്ക് കാണുമ്പോഴെല്ലാം എനിക്ക് സ്വയംഭൂ ശിവലിംഗം ഓര്‍മ വരാറുണ്ട്. അതിനെ ചുറ്റിപോകുന്ന മഞ്ഞുപുക വിഭൂതി പോലെയും. പില്ലര്‍ റോക്കിനടുത്തു നിന്നുള്ള ദൂരക്കാഴ്ച പലപ്പോഴും മറ്റൊരു ഭൂമിശാസ്ത്ര പ്രതീതി തരും. എവിടെയൊക്കെയോ ലഡാക്കി മലനിരകളുടെ സാമ്യം. പലപലപാളികളായി വെയില്‍ വന്നുവീഴുമ്പോള്‍ വ്യത്യസ്തമായ നിറക്കൂട്ട്.

മുപ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ് കൊടൈക്കനാലില്‍ വരുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു. എന്നാല്‍ ഇന്ന് യാത്രയില്‍ എനിക്കൊപ്പം ഒരുപാടു പേരുണ്ട്. അനില്‍, ആന്റണി, ശശി, മുരളി, പ്രബീഷ്, ലിജു, ബിജീഷ്, ഹരി. ഇവരെല്ലാം യാത്രയുടെ ഏതോ ഘട്ടത്തില്‍ എനിക്കൊപ്പം കൂടിയവരാണ്. എന്റെ കാര്യങ്ങളെല്ലാം ഇന്നവര്‍ നോക്കുന്നു. സ്‌നേഹത്തിന്റെ കൂട്ടില്‍ ഞങ്ങള്‍ ഒന്നിച്ചു വസിക്കുന്നു. മഞ്ഞും മഴയും വെയിലും വേദനയും സന്തോഷവുമെല്ലാം പങ്കുവെയ്ക്കുന്നു. എന്റെ എല്ലാ വിജയങ്ങള്‍ക്കും എന്റെയീ സഹയാത്രികരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ഇത്തവണ കൊടൈക്കനാലില്‍ ചെന്നപ്പോള്‍ യാദൃശ്ചികമായാണ് ഞാന്‍ ജെയിംസിനെ കണ്ടത്. എനിക്കാദ്യം അയാളെ മനസിലായില്ല. പറഞ്ഞപ്പോഴാണറിഞ്ഞത്, ജെയിംസായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ലൊക്കേഷന്‍ മാനേജര്‍! ഒറ്റ നിമിഷം കൊണ്ട് ഞാന്‍ ജെയിംസിന്റെ മുന്നില്‍ ചൂളിയൊതുങ്ങിച്ചെറുതായി നിന്നു. പഴയ നരേന്ദ്രനായി, അല്‍പം ലജ്ജയോടെ.

 

കൊടൈക്കനാലിലെ സൂയ്‌സൈഡ്‌പോയന്റ് കാണുമ്പോഴെല്ലാം മഞ്ഞില്‍ വിരിഞ്ഞപൂക്കളുമായി ബന്ധപ്പെട്ട രസകരമായ ഒരു ഓര്‍മയുണ്ട് എനിക്ക്. അതിന്റെ ക്‌ളൈമാക്‌സില്‍ ഞാന്‍ മരിച്ചുകിടക്കുകയും ഒരു ജീപ്പ് താഴെ അഗാധമായ കൊക്കയിലേക്ക് ഉരുണ്ടുരുണ്ട് വീണ് തകരുകയും ചെയ്യുന്ന രംഗമാണ്. ഷൂട്ടിങ് കഴിഞ്ഞ് തീവണ്ടിയില്‍ തിരിച്ചുപോകുമ്പോള്‍ പാതിയുറക്കത്തില്‍ നിന്നും ഞെട്ടി. എനിക്കൊരു തോന്നല്‍: അവസാനരംഗത്ത് മരിച്ചുകിടക്കുന്ന ഞാന്‍ ജീപ്പ് കൊക്കയിലേക്ക് ഉരുണ്ട് പോകുന്നത് കാണാന്‍ തലയൊന്ന് പൊക്കിനോക്കിയോ? അത്തരം കാഴ്ചകള്‍ കാണാന്‍ എനിക്ക് വലിയ ഇഷ്ടവുമാണ്. ഞാനീ സംശയം പാച്ചിക്കയോടു പറഞ്ഞു. അതു കേട്ടതും അദ്ദേഹം ബര്‍ത്തില്‍ ഞെട്ടിയെഴുന്നേറ്റിരുന്ന് പറഞ്ഞു: 'നീയൊന്ന് മിണ്ടാതിരിയെടാ, മനുഷ്യനെ പേടിപ്പിക്കാന്‍'

 

ഷൂട്ട് ചെയ്ത രംഗങ്ങള്‍ അപ്പപ്പോള്‍ തന്നെ കാണാനുള്ള സംവിധാനം വന്നിട്ടില്ലാത്ത കാലമാണ്. ദിവസങ്ങള്‍ കഴിഞ്ഞ് ഫിലിംഡെവലപ്പ് ചെയ്തു വരുമ്പോള്‍ മാത്രമേ ഷൂട്ട് ചെയ്ത രംഗങ്ങള്‍ കാണാന്‍ സാധിക്കൂ. അഥവാ ഞാന്‍ പറഞ്ഞതു പോലെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചു വന്ന് ആ രംഗം വീണ്ടും ചിത്രീകരിക്കുക എന്ന കാര്യം ഓര്‍ക്കാനേ സാധിക്കില്ല. അങ്ങിനെ സംഭവിച്ചിട്ടുണ്ടാവില്ല എന്ന സമാധാനത്തില്‍ ഞാനുറങ്ങി. വല്ലപ്പോഴും സംശയം വരുമ്പോള്‍ ഉള്ളൊന്നു കാളും. പിന്നെ സ്വയം സമാധാനിക്കും. അങ്ങിനെ കുറേ ദിവസങ്ങള്‍. എന്നാല്‍ ആ ദിവസങ്ങളിലൊന്നും പാച്ചിക്കയ്ക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്റെ സംശയം അദ്ദേഹത്തിന്റെ ഉള്ളില്‍ കിടന്നാണ് കത്തിയത്. ഒടുവില്‍ ഡെവലപ്പ് ചെയ്ത് ആ രംഗം കണ്ടപ്പോഴാണ് അദ്ദേഹത്തിന് മനസമാധാനമായത്. ഇന്ന് ഞാന്‍ ഏറെ അനുഭൂതികളോടെ ചവിട്ടി നില്‍ക്കുന്ന ഈ കൊടൈക്കനാലിലെത്തുമ്പോള്‍ ഓര്‍മകളില്‍ പച്ച പിടിച്ചു നില്‍ക്കുന്നത് ഈ അനുഭവമാണ്. അന്ന് മനസ് കാളിയിരുന്നെങ്കില്‍ ഇന്ന് ഓര്‍മ്മകളില്‍ മഞ്ഞുപുകയുടെ കുളിരാണത്. പാച്ചിക്കയുടെ ഉറക്കം വരാത്ത ദിനങ്ങള്‍ ഓര്‍ക്കുമ്പോള്‍ എന്നിലൊരു കുസൃതി ചിരി വിരിയുന്നുണ്ടോ?