ഊഷരഭൂമിയില്‍ എണ്ണയും ഇച്ഛാശക്തിയും വിരിയിച്ച വസന്തത്തെക്കുറിച്ച്


അത്ര പെട്ടെന്ന് കണ്ടു തീരുന്ന കാഴ്ച്ചകളും പറഞ്ഞു തീരുന്ന കഥകളുമല്ല അബുദാബിയുടേത്. ബദുക്കളുടെ ഏകാന്തമായ ഗ്രാമത്തില്‍ നിന്നും ലോകം സംഘം ചേര്‍ന്ന് വന്നടിയുന്ന ബിസിനസ് ലോകമായി അബുദാബി മാറിയത് വളരെപ്പെട്ടന്നാണ്.


പല പല ഗോത്രങ്ങള്‍ പാര്‍ത്തിരുന്ന തീരമായിരുന്നു പണ്ട് ഇത്. മരുഭൂമിയില്‍ ചിതറിക്കിടന്ന ഇവര്‍ പരസ്പരം പോരടിച്ചും കൊച്ച് കൊച്ച് രാജ്യങ്ങള്‍ തീര്‍ത്തും ജീവിച്ചു. ഇവരില്‍ മിക്കവരും ദരിദ്രരായിരുന്നു. ഒട്ടകങ്ങളെ മേച്ചും മത്സ്യം പിടിച്ചുമാണ് ജീവിച്ചു പോന്നത്. അതിനിടയില്‍ ഗോത്രങ്ങളുടെ കുടിപ്പകകള്‍ നിലനിന്നു. അതും ജീവിതത്തിന്റെ ഭാഗമായി കണ്ട് അവര്‍ മരുഭൂമിയില്‍ പാര്‍ത്തു.

പെട്ടന്നാണ് തലമുറകളായി ഒട്ടകങ്ങളേയും മേച്ച് അവര്‍ നടന്നിരുന്ന മണല്‍പ്പരപ്പിന് താഴെ എണ്ണയുടെ ഉറവ കണ്ടെത്തിയത്. അത് ദരിദ്രരായ ബദുക്കളുടെ ജീവിതത്തെ മാറ്റിമറിച്ചു. എണ്ണ പണമാണെന്ന് അവര്‍ മനസ്സിലാക്കി. ആഴങ്ങളില്‍ എണ്ണയുടെ ഉറവ് കൂടി കൂടി വന്നപ്പോള്‍ പണവും പെരുകി. മരുഭൂമിയുടെ മുഖം മാറി. മാനം മുട്ടുന്ന കെട്ടിടങ്ങളും ഒന്നാംകിട റോഡുകളും വന്നു. അബുദാബി വാനോളം വളര്‍ന്നു. അതിരുകള്‍ക്കപ്പുറത്തേക്ക് വികസിച്ചു.

യു എ ഇ യിലെ ഏറ്റവും വെട്ടിത്തിളങ്ങുന്ന സ്ഥലം ദുബായ് ആണെങ്കിലും ഭരണസിരാ കേന്ദ്രവും ഗൗരവമുള്ള മറ്റുകാര്യങ്ങളും അബുദാബിയിലാണ്. കാലം മാറി, മരുഭൂമി സമ്പന്നത പുതച്ചുവെങ്കിലും പഴയ ഏടുകള്‍ മറന്നിട്ടില്ല. അബുദാബിയിലെ 'പൈതൃക ഗ്രാമം' (Heritage village) ഇതിന്റെ ഉദാഹരണമാണ്. പഴയകാര്യങ്ങള്‍ കാണാനും മനസ്സിലാക്കാനും പറ്റുമെങ്കില്‍ പലതും വാങ്ങി സൂക്ഷിക്കാനും താത്പ്പര്യപ്പെടുന്ന എനിക്ക് ഈ ഗ്രാമം ഒഴിച്ചു കൂടാനാവാത്ത ഒരു കാഴ്ച്ചയായിരുന്നു.

നനുത്ത വെയില്‍ പാറുന്ന ഒരു വൈകുന്നേരമാണ് ഞാന്‍ പൈതൃക ഗ്രാമത്തിലെത്തിയത്. വലിയ ആള്‍ത്തിരക്കില്ല, കടലിന്റെ തീരത്ത് കൃത്രിമമായി ഉണ്ടാക്കിയ ഒരു പുരാതന ലോകമാണത്. അവിടെയെത്തുമ്പോള്‍ നാം പുതിയ അബുദാബി മറക്കും. ഏകാന്തമായ പഴയ മണല്‍പ്പരപ്പിലെ ബദുവന്റെ ജീവിതം അതിന്റെ ഗന്ധങ്ങള്‍ സഹിതം നമ്മെ വലയം ചെയ്യും.
++++++++++

ബദുക്കളുടെ വീട് പഴയ അതേ മാതിരിയില്‍ ഉണ്ടാക്കി നിലനിര്‍ത്തിയിട്ടുണ്ട്. ഈന്തപ്പനപ്പട്ട കൊണ്ടാണ് അതിന്റെ സകല നിര്‍മ്മിതിയും. ചീ ന്തിയ പട്ടകള്‍ കൊണ്ട് ചുമരും മേല്‍ ക്കൂരയും. ചുമരുകള്‍ക്കിടയിലെ വിള്ളലിലൂടെ നിരന്തരം കാറ്റ് പാഞ്ഞു കൊണ്ടേയിരിക്കും. അകത്ത് പ്രത്യേ കമായി മുറികള്‍ വേര്‍തിരിച്ചിട്ടൊന്നുമില്ല. മണലില്‍ വിരച്ച കട്ടിമെത്ത, കംബളങ്ങള്‍. ചിലതില്‍ മരക്കട്ടില്‍ കണ്ടു. അതില്‍ കിടക്കയും. വെള്ളം സൂക്ഷിച്ചുവെയ്ക്കനുള്ള ആട്ടിന്‍തോല്‍ സഞ്ചിയും അത്യാവശ്യത്തിനുള്ള പാത്രങ്ങളും. അപൂര്‍വ്വം ചില ആയുധങ്ങളുമുണ്ട്.

വീടിന്റെ കാഴ്ച്ചയില്‍ നിന്ന് മനസ്സിലാകും പോലെ അത്രമേല്‍ ലളിതവും സൗമ്യവുമായിരുന്നു ബദുവിന്റെ ജീവിതവും. അന്നന്നേക്കുവേണ്ടി അവര്‍ നായാടിത്തിന്നു. ഒട്ടകവും കിണറുകളുടെ സാമീപ്യവുമായിരുന്നു അവരുടെ ഏറ്റവും വലിയ സമ്പന്നത. മറ്റു ലോകങ്ങളെക്കുറിച്ചോ അതിന്റെ അത്ഭുതങ്ങളെക്കുറിച്ചോ അവര്‍ക്കറിയില്ലായിരുന്നു. അതിന്റെ ശാന്തിയും സമാധാനവും അവരുടെ ജീവിതത്തിലും ഉണ്ടായിരുന്നിരിക്കണം.

മരത്തില്‍ തീര്‍ത്ത ഒരു നൗക തീരത്തു കിടപ്പുണ്ട്. ജലത്തിന്റെ മറുകരയില്‍ പലപല വലിപ്പത്തില്‍ എണ്ണിയാലൊടുങ്ങാത്ത കെട്ടിടങ്ങള്‍. ഈ നൗകയില്‍ തൊട്ടുനിന്ന് അപ്പുറത്തെ ലോകത്തെ നോക്കുന്നതില്‍ ഒരു കൗതുകമുണ്ട്. കാരണം ഇതില്‍ നിന്നാണ് ആ ഉയര്‍ച്ച ഉണ്ടായത്. തുടക്കം ഈ ചെറുവഞ്ചിയായിരുന്നു.

പഴയ രീതിയിലുള്ള ഒരു കിണറും ആളും കാളയുമടക്കമുള്ള മൃഗങ്ങളും ചേര്‍ന്ന ഒരുഭാഗം ഇവിടെയുണ്ട്. പഴയ ഗ്രാമത്തിന്റെ തനിപ്പകര്‍പ്പ്. പലപല പരിമളങ്ങള്‍ പടരുന്ന നഗരങ്ങളിലൂടെ വന്ന് ഇവിടെയെത്തുമ്പോള്‍ അവയെല്ലാം മാഞ്ഞ് ആ പഴയ ഗന്ധങ്ങള്‍. അതിനൊരു പ്രത്യേക സുഖമുണ്ട്. കാളയുടെയും ആടിന്റെയും ചൂര്. അതില്‍ ഒട്ടകത്തിന്റെ ഗന്ധം കൂടിച്ചേ ര്‍ന്നാല്‍ ബദുഗ്രാമത്തിന്റെ മണമായി.

വെറും എണ്ണപ്പണം കൊണ്ട് മാത്രമാണ് അബുദാബി ഈ വിധത്തില്‍ വികസിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് ഒരു വലിയ ഘടകം തന്നെയാണ്, സംശയമില്ല. അതിനൊപ്പം മറ്റ് കറകള്‍ ഒന്നും ഏല്‍ക്കാത്ത ദീര്‍ഘവീക്ഷണവും കാര്യങ്ങള്‍ ദ്രുതഗതിയില്‍ നടപ്പില്‍ വരുത്താനുള്ള ഇച്ഛാശക്തിയും വാശി യും എല്ലാം ഒപ്പമുണ്ട്. ജനങ്ങള്‍ നന്നായി സൗകര്യപൂര്‍വ്വം സുഖങ്ങള്‍ ആസ്വദിച്ച് ജീവിക്കണം എന്ന് അധികാരികള്‍ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് എല്ലാം നടപ്പിലാവുന്നു. മണിക്കൂറുകള്‍ കെണ്ട് പറന്നെത്താവുന്ന ദൂരമേയുള്ളു നമുക്കിങ്ങോട്ട്. പക്ഷേ പഠിക്കുന്നില്ല. ഇങ്ങനെയെന്നുമായില്ലെങ്കിലും ഉള്ള പണം കൊണ്ട് കുറച്ചുകൂടിയൊക്കെ മുന്നോട്ട് പൊയ്ക്കൂടെ നമുക്ക്?

അബുദാബിയില്‍ നിന്നും ദുബായിലേക്ക് പോകും വഴിയാണ് 'യാസ് ഐലന്‍ഡ്'. അത്ഭുതകരമായ ഈ ലോകം മുഴുവന്‍ മണ്ണിട്ട് ഉണ്ടാക്കിയതാണ്. അത് കാണുമ്പോള്‍ ഇവര്‍ വേണമെങ്കില്‍ ഒരു കടല്‍ തന്നെ പുതുതായുണ്ടാക്കുകയും വേണ്ടി വന്നാല്‍ അത് മണ്ണിട്ട് വറ്റിക്കുകയും ചെയ്യുമെന്ന് തോന്നിപ്പോകും.

യാസ് ഐലന്‍ഡില്‍ നിങ്ങള്‍ക്ക് വേണ്ടത് എല്ലാം ഉണ്ട്. കൊട്ടാരം പോലുള്ള ഹോട്ടലുകള്‍, രമ്യമായ വില്ലകള്‍, ഷോപ്പിങ്ങ് മാളുകള്‍ എല്ലാറ്റിലുമുപരി ഫെറാറി വേള്‍ഡും ഫെറാറി തീം പാര്‍ക്കും. ലോകത്തെ ആദ്യത്തെ ഫെറാറി തീം പാര്‍ക്ക് ഇവിടെയാണ്.

പ്രിയദര്‍ശനും ഞാനും മിക്കദിവസവും യാസ് ഐലന്‍ഡിലെ പാര്‍ക്കിലൂടെ നടക്കാന്‍ പോകും അപ്പോള്‍ ഞങ്ങള്‍ ഓര്‍ക്കും തിരുവനന്തപുരത്തെ ആ പഴയ വഴികളില്‍ നിന്നു സഞ്ചരിച്ച് സഞ്ചരിച്ച് ഞങ്ങ ള്‍ ഇവിടെ വരെയെത്തി. അത് മറ്റൊരു യാത്രയുടെ കാഴ്ച്ചയാണ്. ആ യാത്ര ഇനിയുമെങ്ങോട്ടൊക്കെയോ നീണ്ട് പോകുന്നു. ലക്ഷ്യത്തെക്കുറിച്ച് ഞങ്ങള്‍ ബോധവാന്‍മാരല്ല.