തിരക്കിന്റെ ആവേഗങ്ങളില്‍ ക്ഷതമേല്‍ക്കുന്ന ശരീരത്തിനേയും മനസ്സിനേയും പുനരുജ്ജീവിപ്പിക്കുന്ന ആയുര്‍വേദത്തിന്റെ സുഖസ്പര്‍ശത്തെ കുറിച്ച് മോഹന്‍ലാല്‍
ഇരുപത്തിയാറ് വര്‍ഷംമുമ്പ് തുടങ്ങിയ ഒരു യാത്രയെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്. ഇന്നും തുടരുന്ന യാത്ര. ആയുര്‍വ്വേദത്തിന്റെ വഴികളിലൂടെയുള്ള എന്റെ യാത്ര......ഈ കര്‍ക്കിടകമാസത്തില്‍ വീണ്ടും ഞാന്‍ ആ യാത്ര നടത്തി. സസുഖം തിരിച്ചെത്തി.
ഇരുപത്തിയാറ് വര്‍ഷംമുമ്പ് പെെട്ടന്ന് എനിക്കൊരു നടുവേദന വന്നു. അസഹ്യമായിരുന്നു വേദന. ഡോക്ടറെ കാണിച്ചു. 'ഉടന്‍ ഓപ്പറേഷന്‍ ചെയ്യണം, നട്ടെല്ലില്‍ ഒരു സ്‌ക്രൂ ഇടണം'. ഇതായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ച പരിഹാരം. എനിക്ക് നല്ല ടെന്‍ഷന്‍ തുടങ്ങി. നട്ടെല്ലുള്ളവന്‍, നട്ടെല്ലില്ലാത്തവന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. നട്ടെല്ലിന് സ്‌ക്രൂ ഇട്ടവന്‍ എന്ന് ആദ്യമായി കേള്‍ക്കുകയാണ്. ദൈവമേ അതിതാ ഞാനാവാന്‍ പോകുന്നു.

എന്ത് കടുംകൈക്ക് മുമ്പെയും ഒരു സെക്കന്റ് ഒപ്പീനിയന്‍ വേണമല്ലോ. ഞാനും അത് ആരാഞ്ഞു. അപ്പോള്‍ ദാസേട്ടന്‍ (യേശുദാസ്) ആണ് ആയുര്‍വ്വേദം ഒന്ന് നോക്കാന്‍ പറഞ്ഞത്. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ പോകാനായിരുന്നു നിര്‍ദ്ദേശിച്ചത്
ഞാന്‍ പോയി. അവിടെ പിന്നീട് ഞാന്‍ അനിയന്‍ചേട്ടന്‍ എന്ന് വിളിച്ചുതുടങ്ങിയ ഡോ.കൃഷ്ണകുമാര്‍ ഉണ്ടായിരുന്നു. അങ്ങിനെ അന്ന് അവിടെ ഞാന്‍ ദീര്‍ഘമായി ചികിത്സയില്‍ ഏര്‍പ്പെട്ടു. ആയുര്‍വ്വേദത്തെ ശരീരത്തിലേക്ക് സ്വീകരിച്ചു. സ്‌ക്രൂ മുറുക്കാതെ എന്റെ നട്ടെല്ല് രക്ഷപ്പെട്ടു. ഇപ്പോഴും അത് 'വളയാതെ' നില്‍ക്കുന്നു.

പിന്നീടുള്ള വര്‍ഷങ്ങളില്‍ പലയിടങ്ങളിലായി ഞാന്‍ എന്റെ ചികിത്സ തുടര്‍ന്നു.'ആറാം തമ്പുരാന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് പൂമുള്ളിയിലെ സാക്ഷാല്‍ ആറാം തമ്പുരാനെ ഞാന്‍ പരിചയപ്പെടുന്നത്. മര്‍മ്മക്ഷതമായിരുന്നു എന്റെ നട്ടെല്ലിന് സംഭവിച്ചത് എന്ന് അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു. അദ്ദേഹത്തില്‍ നിന്നും ആയുര്‍വേദത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ അറിയാന്‍ സാധിച്ചു. പൂമുള്ളിയില്‍ത്തന്നെ ഞാന്‍ ചികിത്സയില്‍ക്കിടന്നു.


ആറാം തമ്പുരാന്റെ കാലശേഷം അവിടത്തെ ചികിത്സക്ക് അല്‍പ്പം ക്ഷീണം വന്നപ്പോഴാണ് പുതിയൊരു ചികിത്സാലയത്തെക്കുറിച്ച് ആലോചിച്ചത്. ഗ്രാമത്തിന്റെ എല്ലാ ശാന്തതയുമുള്ള സ്ഥലം വേണം എന്ന് മനസ്സ് പറഞ്ഞിരുന്നു. കാരണം ആയുര്‍വ്വേദ ചികിത്സ ശരീരത്തിന് മാത്രം ഉള്ളതല്ല, അത് മനസ്സിനെയും പരിചരിക്കുന്നു.ഇതില്‍ ചുറ്റുപാടുകള്‍ക്ക് വലിയ പങ്കുണ്ട്. ആ സമയത്താണ് ഉണ്ണികൃഷ്ണന്‍ വൈദ്യരുടെ നേതൃത്വത്തില്‍ പെരിങ്ങോട് 'ഗുരുകൃപ' ചികിത്സാലയം തുടങ്ങുന്നത്. പിന്നീട് എല്ലാവര്‍ഷവും ഞാന്‍ ഇവിടെ ചികിത്സക്കെത്തുന്നു.


++++++++++


പെരിങ്ങോട് അങ്ങാടിയില്‍നിന്നും അല്‍പ്പം അകലെ ഒരു കൊച്ചു കുന്നിന്റെ മുകളിലാണ് ഗുരുകൃപ. അധികം മുറികള്‍ ഒന്നുമില്ല. ഉള്ളത് വൃത്തിയായി, ശാന്തമായി, പ്രാര്‍ത്ഥനയോടെ. എല്ലാ വര്‍ഷവും ജൂണ്‍-ജൂലായ് മാസങ്ങളില്‍ ഞാന്‍ ഇവിടെയാണ്.
ഞാന്‍ ചികിത്സയില്‍ കിടക്കുന്നത് കണ്ട് ഒരുപാട് പേര്‍ ഇവിടെ വരാന്‍ താല്‍പ്പര്യപ്പെട്ടിട്ടുണ്ട്
'എത്ര ദിവസം വേണ്ടിവരും?' എല്ലാവരും ചോദിക്കും.
'ചുരുങ്ങിയത് 21 ദിവസം' ഞാന്‍ പറയും
'അയ്യോ അത്രയും ദിവസം ....ഒരു മൂന്ന് ദിവസം കൊണ്ട് തീരുന്ന എന്തെങ്കിലും ചികിത്സ ഉണ്ടാവുമോ?' അവര്‍ തിരിച്ചു ചോദിക്കും.
'ദയവുചെയ്ത് ചികിത്സ നടക്കുന്ന ആ ഏരിയയിലേക്ക് നിങ്ങള്‍ വരരുത്. നിങ്ങള്‍ക്ക് ആയുര്‍വ്വേദ ചികിത്സ നടത്താനുള്ള യോഗ്യതയില്ല എന്ന് കരുതിയാല്‍ മതി' ഞാന്‍ അവരോട് പറയും.

ആയുര്‍വ്വേദം എന്നാല്‍ വെറും ചികിത്സാരൂപം മാത്രമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതൊരു മതമാണ്. മതം എന്നത് സാമ്പ്രദായിക അര്‍ത്ഥത്തിലല്ല ഞാന്‍ പറഞ്ഞത്. ആഴത്തിലുള്ള വിശ്വാസം, സമര്‍പ്പണം എന്നീ അര്‍ത്ഥത്തിലാണ്. ഒരു വര്‍ഷം ഓടിത്തളര്‍ന്ന ഈ ശരീരമാകുന്ന വാഹനത്തെ ആന്തരികമായും ബാഹ്യമായും ഒന്ന് റീവൈന്‍ഡ് ചെയ്യുക. വേഗങ്ങള്‍ എല്ലാം കുറച്ച് സ്വാഭാവികമായ ശാന്തതയിലേക്ക് ഇറക്കിക്കൊണ്ടുവരിക. അതിന് സമയം വേണം, നല്ല ക്ഷമ വേണം, അണു തെറ്റാതെ പഥ്യം പിന്‍തുടരണം. പ്രകൃതിയുമായി തൊട്ടിരിക്കണം. തെറ്റി ചെയ്യുന്നതിനേക്കാള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. 21 ദിവസം ചികിത്സ, 21 ദിവസം നല്ലരിക്ക, 11 ദിവസം മറുനല്ലരിക്ക. ഇങ്ങിനെയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.

പെരിങ്ങോട് രാവിലെ വെറും വയറ്റില്‍ കഷായം കുടിച്ചാണ് എന്റെ ചികിത്സ തുടങ്ങുക. നല്ല വിരേചനത്തിന് വേണ്ടിയാണിത് ചെയ്യുന്നത്. 9 മണിയോടെ കുറുന്തോട്ടി കഞ്ഞിയില്‍ ഇട്ട് കുടിക്കും. പിന്നെ 2 മണിക്കൂറോളം ചവിട്ടിത്തിരുമ്മലാണ്. നിലം ഉഴുത് പാകമാക്കും പോലെ ശരീരവും.

ഉച്ചക്ക് എരിവും പുളിയും അധികമില്ലാത്ത ഭക്ഷണം, കാച്ചിയ മോരു സഹിതം. ഉച്ചക്ക് ഉറങ്ങാന്‍ പാടില്ല. കഫം വര്‍ദ്ധിപ്പിക്കുന്നതാണ് ഉച്ചയുറക്കം എന്നതുകൊണ്ടാണിത്. വൈകുന്നേരം ശിരോവസ്തി തുടങ്ങും. ക്ഷീരബല, ധാന്വന്തരം എന്നീ തൈലങ്ങള്‍ ആണ് ഇതിന് ഉപയോഗിക്കുക. 40 മിനിട്ടോളം വരും ഇത്. വൈകുന്നേരം വളരെ ലഘുവായ ഭക്ഷണങ്ങള്‍ മാത്രം. ഇഡ്ഡലി, ദോശ, പുട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന്. രാത്രി 9 മണിയാവുമ്പൊഴേക്കും ഉറങ്ങാന്‍ കിടക്കണം. ശരിക്കും ആശ്രമചര്യപോലെ.


ചികിത്സയുടെ അവസാനനാളുകളിലാണ് മലദ്വാരത്തിലൂടെ മരുന്ന് പ്രവേശിപ്പിച്ച് വയര്‍ ശുദ്ധീകരിക്കുക. കഷായവസ്തിയും സ്‌നേഹവസ്തിയുമുണ്ട്. കഷായം, ഇന്ദുപ്പ്, തേന്‍, നെയ്യ്, കല്‍ക്കണ്ടം, ഗോമൂത്രം, വെപ്പുകാടി എന്നിവയാണ് കഷായവസ്തിയില്‍ ഉണ്ടാവുക. കഴിയുമ്പോഴേക്കും വല്ലാതെ ക്ഷീണം വരും. ഇത്രയും കാലം കൊണ്ട് വയറ്റില്‍ അടിഞ്ഞ മാലിന്യങ്ങളെല്ലാംഒരു മിനിട്ടില്‍ത്താഴെയുള്ള സമയം കൊണ്ട് പുറത്തുകളയും.ആ അനുഭവത്തെ 'നിരൂഹം' എന്നാണ് ആയുര്‍വ്വേദം നിര്‍വ്വചിക്കുന്നത്.

ഇത്തവണ എന്റെ കൂടെ ചികിത്സക്ക് മധുസാറും ഉണ്ടായിരുന്നു. തെളിഞ്ഞ്, തികഞ്ഞ ഒരു മനുഷ്യന്റെ കൂടെയിരുന്ന സുഖം. ശാന്തമായ ഒരു കടലിനെ തൊട്ടിരിക്കും പോലെ. മഹാപുരുഷസാമീപ്യവും സുഖമാണ്, ചികിത്സയുമാണ്.