തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ യാത്രയാണ് എന്റെ ജീവിതം.
വളര്‍ച്ചയുടെ ഓരോ പടവിലും ഈ നഗരമാണ് സാക്ഷി.
മറ്റൊരു നഗരത്തിനുമില്ലാത്ത ചാരുത തിരുവനന്തപുരത്തിനുണ്ട്.
തിരുവനന്തപുരത്തിന്റെ വാത്സല്യങ്ങളിലേക്ക് ഓര്‍മ്മകളിലൂടെ
മോഹന്‍ലാലിന്റെ ഒരു മടക്കയാത്ര....കണ്ടറിഞ്ഞതും കടന്നുപോന്നതുമായ ഒരുപാട് ദേശങ്ങളെ കുറിച്ചും നഗരങ്ങളെ കുറിച്ചും ഞാന്‍ ഈ പംക്തിയില്‍ എഴുതി. കാഴ്ചകളും അനുഭവങ്ങളും ആ നാടുകളെ കുറിച്ച് എനിക്കറിയാവുന്ന ചരിത്രവും അവയിലുണ്ട്. എന്നാല്‍ ഒരിടത്തെക്കുറിച്ചു മാത്രം എഴുതാന്‍ മറന്നു; എന്റെ തിരുവനന്തപുരം. എനിക്കും എത്രയോ മുമ്പ് പിറന്ന്, ഒരുപാട് ചരിത്രസംഭവങ്ങള്‍ക്ക് തട്ടകമൊരുക്കി, എന്നെ വളര്‍ത്തി, എനിക്കും എത്രയോ മുന്‍പില്‍ പുതിയ കാലത്തിലേക്ക് പടരുന്ന ശ്രീപത്മനാഭപുരം. അതെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരേ സമയം അമ്മയും അച്ഛനും വീടും കുട്ടിക്കാലവും യൗവ്വനവും നടന്നുപോയ വഴികളുമെല്ലാം മനസില്‍ നിറയുന്നു. വീണ്ടും ഞങ്ങളുടെ പഴയ വീട്ടിലെത്തിയ പ്രതീതി.

ഒരുപാട് സ്‌നേഹവും സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വീട്. അച്ഛനും അമ്മയും ആദ്യം വാടകവീട്ടിലായിരുന്നു താമസം. എനിക്ക് മൂന്നു വയസുള്ളപ്പോഴാണ് ഇപ്പോള്‍ താമസിക്കുന്ന മുടവന്‍മുകളിലെ ഹില്‍വ്യൂ എന്ന വീട്ടിലേക്ക് വന്നത്. ഈ വീട്ടിനുള്ളില്‍ ഇപ്പോഴും ആ കാലത്തിന്റെ ഗന്ധങ്ങളുണ്ട്.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭംഗിയുള്ളതും വൃത്തിയുള്ളതുമായ നഗരമായിരുന്നു തിരുവനന്തപുരം. മരത്തണലുകള്‍ അതിരിട്ട അതിന്റെ വഴിയോരങ്ങള്‍ മനുഷ്യരെ അലസമായി നടക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. ഈ മരച്ചാര്‍ത്തുകള്‍ക്കപ്പുറം ഒരുപാട് പ്രസിദ്ധ സ്ഥാപനങ്ങളും കെട്ടിടങ്ങളും നഗരത്തിന് പ്രൗഢി നല്‍കി. കാഴ്ചബംഗഌവ്, കനകക്കുന്ന് ബംഗഌവ്, വാനനിരീക്ഷണകേന്ദ്രം, നിയമസഭാമന്ദിരം, തുടങ്ങി നിരവധി തലയെടുപ്പുകള്‍. ഇവയ്‌ക്കെല്ലാം മുകളില്‍ നൂറ്റാണ്ടുകളുടെ സ്മൃതികളുമായി പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ശില്‍പാലംകൃത ശീര്‍ഷം. ഇവയൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്.

തിരുവനന്തപുരത്തെ പലരേയും പോലെ അച്ഛനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. എപ്പോഴും ജോലിയില്‍ മുഴുകിയ മനുഷ്യന്‍. രാത്രി ഏറെ വൈകിയും കൂമ്പാരമായ ഫയലുകള്‍ക്കു മുന്നിലിരിക്കുന്ന അച്ഛനെ ഓര്‍മ്മയുണ്ട്. അച്ഛന്റെ അടുത്തിരുന്ന് ഒന്നും മനസിലാവാതെ ഉറക്കം തൂങ്ങുന്ന എന്നെയും.

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ഈ നഗരത്തിലൂടെ ഞങ്ങള്‍ സംഘം ചേര്‍ന്നു നടക്കുമായിരുന്നു. നടത്തത്തിന്റെ ഒടുവില്‍ എത്തുക പഴയ സെക്രട്ടറിയറ്റിനു മുന്നിലാണ്. അവിടെ നിന്നാല്‍ ബസ് കിട്ടാന്‍ എളുപ്പമാണ്. ഫുട്പാത്തില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ തൊട്ടു പിറകിലുള്ള സെക്രട്ടറിയറ്റ് മന്ദിരത്തിലേക്ക് ഇടക്കിടെ ഞാന്‍ തിരിഞ്ഞുനോക്കാറുണ്ടായിരുന്നു. കാരണം അതിനുള്ളിലാണ് എന്റെ അച്ഛന്‍ ജോലി ചെയ്യുന്നത്. അതിനുള്ളിലെ വഴികളും കടലാസും മഷിയും മണക്കുന്ന മുറികളും എനിക്ക് സുപരിതമായിരുന്നു. തൊട്ടടുത്തുള്ള സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണത്തിനായി ഞാന്‍ അച്ഛന്റെ മുറിയിലേക്ക് ഓടിയെത്തും. അവിടെയുള്ളവരെല്ലാം എന്നെ വാത്സല്യത്തോടെ നോക്കും. അച്ഛനൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് സ്‌കൂളിലേക്ക് തിരിച്ചോടും.
++++++++++തന്‍മാത്ര എന്ന സിനിമയുടെ കുറച്ചുഭാഗങ്ങള്‍ പഴയ സെക്രട്ടറിയറ്റിനുള്ളില്‍ വെച്ച് ചിത്രീകരിച്ചിരുന്നു. ആ ദിവസങ്ങളില്‍ പലപ്പോഴും ഞാന്‍ അച്ഛന്‍ ഇരുന്ന് ജോലി ചെയ്തിരുന്ന പഴയ ആ മുറിയില്‍ പോയി നില്‍ക്കും, അതേ കസേരയില്‍ ഇരിക്കും. അപ്പോള്‍ ഒരു കടലുപോലെ കണ്ണീര്‍ സ്പര്‍ശമുള്ള ഓര്‍മ്മകള്‍ ഒഴുകി വന്ന് എന്നെ എങ്ങോട്ടോ എടുത്തെറിയും.

ചരിത്രമാണ് തിരുവനന്തപുരത്തിന്റെ ചമത്കാരം എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇവിടുത്തെ കെട്ടിടങ്ങളിലും സംസാരങ്ങളിലും വാക്കുകളിലും കഥകളിലുമെല്ലാം ചരിത്രത്തിന്റെ തിളക്കങ്ങള്‍ കാണാം. രാജഭരണകാലത്തിന്റെ നിഴല്‍ എവിടെയൊക്കെ നീണ്ടുകിടക്കുന്നുണ്ട്, ഇപ്പോഴും. കന്യാകുമാരിയിലേക്കുള്ള പാതയിലും നിറയെ ചരിത്രഗന്ധമാണ്. മാര്‍ത്താണ്ഡവര്‍മ്മയെയും എട്ടുവീട്ടില്‍പിള്ളമാരെയും മാടമ്പികളെയും മറന്നൊരു നിലനില്‍പ് ഈ നഗരത്തിനില്ല. പിന്നെ സ്വാതിതിരുനാള്‍ പകര്‍ന്ന സംഗീതസുധയും. കുതിരമാളികയില്‍ പോകുമ്പോഴെല്ലാം ഞാന്‍ ആ വലിയ കലാകാരനേയും അദ്ദേഹത്തിന്റെ സംഗീതലോകത്തേയുമോര്‍ക്കും. അദ്ദേഹമുള്ളപ്പോള്‍ അവിടെ വന്നുപോയ ഗായകര്‍, അവര്‍ പാടിയ സ്വരങ്ങള്‍ എല്ലാത്തിന്റെയും നന്‍മ ഈ നഗരത്തിനു മുകളില്‍ ഇപ്പോഴും ഒരു നീര്‍മേഘം പോലെയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു.

യൗവ്വനത്തില്‍ എനിക്കീ നഗരം ഒരുപാട് ആഘോഷങ്ങളും സുഹൃത്തുക്കളെയും തന്നു. ആ വലയത്തില്‍ ഒരാളായി ഞാന്‍ തമ്പാനൂരിലും പൂജപ്പുരയിലും സ്റ്റാച്യുവിലുമൊക്കെ കറങ്ങിനടന്നു. ഒരുപാട് സിനിമകള്‍ കണ്ടു. കോഫീഹൗസില്‍ കയറി കാപ്പിക്കുടിച്ച്, പലപല ചര്‍ച്ചകള്‍ നടത്തി. പ്രിയന്‍, രാജീവ്കുമാര്‍, സുരേഷ്‌കുമാര്‍... അവരെല്ലാം ഇപ്പോഴും എനിക്കൊപ്പമുണ്ട്, ഇതെഴുതുമ്പോഴും പ്രിയന്റെ സിനിമയിലാണ് ഞാന്‍ അഭിനയിക്കുന്നത്. കഴിഞ്ഞലക്കത്തില്‍ പറഞ്ഞതുപോലെ, തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ യാത്ര തുടരുന്നു.

അപ്രതീക്ഷതമായി സിനിമയില്‍ വന്നയാളാണ് ഞാന്‍. അതിനും ഈ നഗരമാണ് സാക്ഷിയായത് എന്ന് സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. അന്ന് അച്ഛന്‍ ചോദിച്ചു. പഠനം പൂര്‍ത്തിയാക്കിയിട്ടു പോരെയെന്ന്. പക്ഷെ സിനിമയിലൂടെ ഒഴുകാനായിരുന്നു എന്റെ വിധി. എന്തോ ഭാഗ്യത്തിന് പിടിച്ചുനല്‍കാനായി. സ്വാഭാവികമായും തിരക്കുകള്‍ വര്‍ധിച്ചു. തിരുവനന്തപുരത്തു നിന്നും പതുക്കെപ്പതുക്കെ ഞാന്‍ പറിഞ്ഞു പോന്നു. ഈ നഗരത്തില്‍ വല്ലപ്പോഴും വരുന്ന ഒരു വിരുന്നുകാരനായി ഞാന്‍. പലരേയും കാണാതായി. നടന്ന വഴികള്‍ ഓര്‍മ്മയിലേക്കൊതുങ്ങി.

നാലു വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചപ്പോഴാണ് വളരെക്കാലത്തിനു ശേഷം ആദ്യമായി ഞാന്‍ രണ്ടാഴ്ചയോളം തുടര്‍ച്ചയായി തിരുവനന്തപുരത്തെ വീട്ടില്‍ തങ്ങുന്നത്. ആ ദിവസങ്ങളില്‍ എന്നെയും അമ്മയേയും സുചിയേയും കാണാനും ആശ്വസിപ്പിക്കാനുമായി തിരുവനന്തപുരത്തു തന്നെയുള്ള പലരും വന്നിരുന്നു. മിക്കവരും എനിക്ക് പ്രിയപ്പെട്ടവരും കുട്ടിക്കാലത്തും യൗവ്വനത്തിലും ഞാന്‍ കണ്ടുപരിചയിച്ചവരുമാണ്. അവരെയിങ്ങനെ നോക്കിയിരിക്കുമ്പോള്‍ ആണ് കടന്നുപോയ കാലത്തെക്കുറിച്ച് ഞാന്‍ ആദ്യമായി ബോധവാനാകുന്നത്. എല്ലാവരും എത്രമേല്‍ മാറിയിരിക്കുന്നു. ഞാനും ഒരുപാട് മാറിയതായി അവര്‍ക്കും ബോധ്യപ്പെട്ടിരിക്കാം.

അതിനു ശേഷമാണ് തിരുവനന്തപുരത്തിനു വന്ന മാറ്റങ്ങളെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്. പഴയകാലത്ത് അതിനെ പച്ചയണിച്ചിരുന്ന മരചാര്‍ത്തുകള്‍ പലതും മറഞ്ഞു. നഗരം പുതിയ ദിശകളിലേക്ക് നീണ്ടു. ബസ്സുകളും സെക്രട്ടറിയേറ്റും മാറി. മാലിന്യങ്ങള്‍ എവിടെത്തെയും പോലെ അടിഞ്ഞു തുടങ്ങി.

ഇങ്ങിനെയൊക്കെയാണെങ്കിലും തിരുവനന്തപുരത്തിന് മറ്റൊരു നഗരത്തിനുമില്ലാത്ത ചാരുതയുണ്ട് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ആരോ പറഞ്ഞ ഒരു കഥ പോലെയാണ് ഈ നഗരം. ഒരുപാട് വിസ്മയങ്ങള്‍ നിറഞ്ഞ കഥ. ഇപ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്നതിന്റെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിക്കുമ്പോഴും അതും ഈ നഗരം പറയുന്ന ഒരു കഥയാണ് എന്ന് എനിക്കു തോന്നാറുണ്ട്. ഇവിടെ കഥകളുടേയും ചരിത്രത്തിന്റേയും നിലവറകള്‍ ഒഴിയുന്നേയില്ല.