കൊങ്ങിണിയുടെ കിലുക്കവും കടലിന്റെ താളവും പ്രണയത്തിന്റെ തിരയടിയും.
ഗോവ ഒരു പറുദീസയാണ്!

 ആകാശത്തു നിന്നു നോക്കുമ്പോള്‍ കടലിന്റെ നീലിമയിലേക്ക് കയറി നില്‍ക്കുന്ന പച്ചപ്പിന്റെ കഷണങ്ങള്‍ പോലെ തോന്നും ഗോവ. ആ പച്ചപ്പിന് കരയിട്ടു കൊണ്ട് പശ്ചിമതീരത്ത് പഞ്ചാരമണലിന്റെ ദീര്‍ഘമായ തീരങ്ങള്‍. തീരത്തു നിന്നും ജലത്തിലേക്ക് വിചിത്രമായ ആകൃതിയില്‍ ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകള്‍. എനിക്കേറെ ഇഷ്ടമുള്ള ഈ കാഴ്ച കണ്ടുകൊണ്ടു തന്നെയാണ് ഇത്തവണയും ഞാന്‍ ഡാബോളിം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്.

ഗോവന്‍ മണ്ണിലൂടെ സഞ്ചരിക്കുമ്പോള്‍ കാഴ്ചകളില്‍ മിക്കപ്പോഴും ജലസാന്നിധ്യമുണ്ടാകും. കാലം വളരെ വളരെ പിറകിലേക്കും പെട്ടെന്ന് പുത്തന്‍ നൂറ്റാണ്ടിലേക്കുമെത്തും. കപ്പലുകളുടെ കാഹളവും കിലുങ്ങുന്ന കൊങ്ങിണിഭാഷയും കടലിന്റെ താളമുള്ള സംഗീതവും കേള്‍ക്കാം. ഭൂമിയിലെ വിവിധരാജ്യക്കാരുടെ മുഖങ്ങള്‍ ഒന്നിച്ചുകാണാം. പലപല രുചികളിലുള്ള മീന്‍കറികളുടെ ഗന്ധം പാചകപ്പുരകളില്‍ നിന്ന് പുറത്തേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. പലവര്‍ണങ്ങളിലുള്ള കുടചൂടിയ ബീച്ചുകളില്‍ പ്രണയത്തിന്റെ തിരയടി കാണാം.

എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഗോവ. അതിന് പലപല കാരണങ്ങളുണ്ട്. ചരിത്രം മുതല്‍ ചന്ദ്രലേഖ വരെ എന്നു പറയാം. ജലസാന്നിധ്യം മുതല്‍ ജീവിതത്തിന്റെ സൗമ്യതയും ദര്‍ശനവും വരെ എന്നും പറയാം. കുട്ടിക്കാലത്ത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ വിനോദയാത്ര പോകാന്‍ ഞാന്‍ ഏറ്റവും കൊതിച്ചിരുന്ന സ്ഥലം ഗോവയായിരുന്നു. എന്തുകൊണ്ടാണ് ഈ സ്ഥലത്തെ പറ്റി ഒന്നുമറിയാത്ത കാലത്ത് അങ്ങിനെയൊരു മോഹം വന്നതെന്നറിയില്ല. പലപ്പോഴും പഌനിട്ടിരുന്നെങ്കിലും ഞങ്ങളുടെ യൗവനസംഘങ്ങള്‍ ഒരിക്കലും ഗോവയില്‍ വന്നില്ല. തിരുവനന്തപുരത്തുകാര്‍ക്ക് അത്രയും ദൂരെയായിരുന്നു ഈ തീരം. സിനിമയില്‍ എത്തിയതിനു ശേഷമാണ് ഞാന്‍ ആദ്യമായി ഗോവയില്‍ വരുന്നത്.

ഇത്തവണ ഞാന്‍ താമസിച്ചത് മാരിയറ്റ് ഹോട്ടലിലാണ്. മുറിയിലിരുന്നാല്‍, ജനലിനപ്പുറം മാണ്ഡവീ നദി. ഇരുണ്ട ഇരുമ്പയിര് കയറ്റി, തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലേക്ക് ഒഴുകി പോകുന്ന ഉരുക്ക് നൗകകള്‍, ഏതൊക്കെയോ ജലസാഹസികര്‍ ഓടിച്ചുപോകുന്ന സ്പീഡ്‌ബോട്ടുകള്‍, പലപല വര്‍ണങ്ങളില്‍ വന്നു വീഴുന്ന പ്രഭാതങ്ങളും സന്ധ്യകളും, ദൂരെ ഏതോ കപ്പല്‍ കര വിട്ടു പോകുന്നതിന്റെ അടയാള ശബ്ദം...

എന്റെ മുറിയില്‍ ഗോവയെ പറ്റിയുള്ള ഒരു അപൂര്‍വ്വഗ്രന്ഥമുണ്ടായിരുന്നു. ഒരുപാട് ചരിത്രരേഖകളും പെയിന്റിങ്ങുകളും കൊണ്ട് നിറഞ്ഞ ആ ഗ്രന്ഥത്തിലൂടെ ഗോവയുടെ പൗരാണികതയിലേക്ക് വളരെ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. യൂറോപ്യന്‍ ഭാഷകളിലേക്ക് ഗോവ എന്ന പദം വന്നത് പോര്‍ച്ചുഗീസില്‍ നിന്നാണെങ്കിലും അതിന്റെ വേരുകള്‍ എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. പൗരാണിക സാഹിത്യത്തില്‍ കാണുന്ന ഗോമന്ത, ഗോമാഞ്ചല, ഗോപകപട്ടം, ഗോപകപുരി, ഗോവപുരി, ഗോവം, ഗോമന്തക് എന്നീ പദങ്ങള്‍ ഗോവയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു. ഗ്രീസിലെ ഭൂമിശാസ്ത്രകാരനായ ടോളമി ഗോവയെ അപരാന്ത് എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ നെലികണ്ട എന്നും ഗ്രീക്കുകാര്‍ ഗോവയെ വിളിച്ചു.
++++++++++


മൗര്യന്‍മാര്‍ മുതല്‍ പോര്‍ച്ചുഗീസുകാര്‍ വരെയുള്ള പലപല രാജവംശങ്ങളിലൂടെ ചരിത്രത്തില്‍ ഗോവ കടന്നു പോയിട്ടുണ്ട്. വിശാലമായ കടല്‍തീരം ഇവര്‍ക്ക് ഒരേ സമയം രക്ഷയും ശിക്ഷയുമായി. മഡ്ഗാവിലെ കാബ്ദേരാം എന്ന ഗ്രാമത്തിലെ തകര്‍ന്നു കിടക്കുന്ന പോര്‍ച്ചുഗീസു കോട്ട ഒരിക്കല്‍ കണ്ടതോര്‍ക്കുന്നു. കടല്‍തീരത്ത് ഏറ്റവും തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥാപിച്ച ആ കോട്ട ഇന്ന് ജീര്‍ണാവസ്ഥയിലാണ്. കാട് പിടിച്ചു കിടക്കുന്ന കിടങ്ങുകളും കളിപ്പാട്ടങ്ങള്‍ പോലെ ഉപേക്ഷിക്കപ്പെട്ട പീരങ്കികളും ഇടിഞ്ഞുവീണ മതില്‍കെട്ടുകളും. എങ്കിലും ഓരോ കല്ലിലും അതിന്റെ പൗരാണിക പ്രൗഢിയുണ്ട്. കോട്ടയ്ക്കു നടുവില്‍ മനോഹരമായ ഒരു പള്ളി. പണ്ടേതോ പോര്‍ച്ചുഗീസുകാര്‍ പാര്‍ത്തിരുന്ന വീടുകള്‍, നരച്ച ഇലകള്‍ പൊഴിഞ്ഞ ആല്‍ച്ചുവടുകളും പാറക്കൂട്ടങ്ങളും. ഗോവയില്‍ വരുന്ന വിനോദസഞ്ചാരികള്‍ ഒന്നും ഇങ്ങോട്ട് എത്താറില്ല.

അതേ ഗ്രാമത്തിന്റെ മറ്റൊരു അടരിലേക്കിറങ്ങിയാല്‍ കുഡുംബികളുടെ ഗ്രാമമായി. ഈ നാടിന്റെ ഉപ്പുരസമുള്ള ആദിവാസികളാണവര്‍. പുല്ലുമേഞ്ഞ വീടും അര്‍ധനഗ്നതയുമൊക്കെയായി കഴിയുന്ന അവരില്‍ കുറച്ചുപേരൊക്കെ ആധുനിക ജീവിത്തിലേക്ക് വന്നിട്ടുണ്ട്.

കുഡുംബി കോളനി കഴിഞ്ഞ് പോരുമ്പോള്‍ കാറ്റിലാകെ കശുമാങ്ങയുടെ ഗന്ധം. ഗോവയുടെ ഗന്ധമാണത്. കശുമാങ്ങ വാറ്റിയുണ്ടാക്കുന്ന ഫെനി മദ്യം. ഗോവയ്ക്കു മാത്രം പകരാന്‍ കഴിയുന്ന ലഹരിയാണ്. കടലിനു മുകളിലൂടെ കടന്നു പോകുന്ന കാറ്റുപോലെ തന്നെ ആയാസരഹിതമാണ് ഗോവക്കാരുടെ ജീവിതവും. ഒരു ദിവസം കണ്ണുതുറന്നു വെച്ച് ഈ ദേശത്തിന്റെ പൂഴിമണലിലൂടെ ഒന്നു നടന്നാല്‍ മാത്രം മതി ഇത് അനുഭവിക്കാന്‍. നാളെ എന്ന ചിന്ത അവരുടെ ജീവിതപുസ്തകത്തിലില്ല. ഇന്നിന്റെ ആവശ്യങ്ങളും ഇന്നോടെ തീരുന്ന സ്വപ്‌നങ്ങളുമേ അവര്‍ക്കുള്ളൂ. അതിനുള്ളത് അവര്‍ സമ്പാദിക്കുന്നു, ആ സമ്പാദ്യം കൊണ്ട് ആഘോഷിക്കുന്നു. നാളത്തെ കാര്യം നാളെ പുലര്‍ന്നിട്ട് നോക്കാം. ഇത്തരമൊരു ജീവിതദര്‍ശനം കൊണ്ടാവാം ഗോവയില്‍ അലസതയുടെ ലക്ഷണങ്ങള്‍ എവിടെയും കാണാം. അവര്‍ ഓളങ്ങള്‍ പോലെ ഒഴുകി നടക്കുന്നു, ഒരു തിരക്കുമില്ലാതെ.

പ്രിയദര്‍ശന്റെ ചന്ദ്രലേഖ എന്ന സിനിമ ചിത്രീകരിച്ചത് ഗോവയില്‍ വച്ചാണ്. മാമുക്കോയയുടെ കഥാപാത്രത്തെ ഞാന്‍ കണ്ടുമുട്ടുന്നത് മെരാമര്‍ ബീച്ചില്‍ വെച്ചാണ്. അവിടെ ഞാന്‍ ഇത്തവണ പോയി. ഓര്‍മയില്‍ ഒരുപാട് നല്ല നിമിഷങ്ങള്‍...ഒരു യാത്രികന്റെയും കോളമെഴുത്തുകാരന്റെയും വേഷത്തില്‍ ഒരിക്കല്‍ ഞാനിവിടെ വരും എന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ല.

ബീച്ചുകളാണ് ഗോവയിലെ സ്വര്‍ഗം. ഓരോ ബീച്ചും ജീവിതത്തിന്റെ എല്ലാ നിറങ്ങളും കലര്‍ന്ന കാര്‍ണിവെല്‍ ആണ്. എത്രയോ ദേശക്കാര്‍, പലപലവേഷങ്ങള്‍, ഭാഷകള്‍, രുചികള്‍... പക്ഷേ, പങ്കുവെയ്ക്കപ്പെടുന്ന പ്രണയം മാത്രം ഒരേപോലെ. രാത്രിയില്‍ ഓരോ ബീച്ചും ഒരു നൃത്തശാലയാവുന്നു. ലഹരിയുടെ തിരകള്‍ വാനോളം ഉയരുന്നു. ഗിരീഷ് പുത്തഞ്ചേരി ഗോവയെ കുറിച്ചെഴുതിയ വരികള്‍ ശരിയാണ്.

 


'ആകാശമേഘജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ്‌പ്പൊഴിഞ്ഞു നീഹാരം...'


സായാഹ്നവും സന്ധ്യയും കടന്ന് പാതിരാത്രി കഴിഞ്ഞും ഒഴിയുന്നില്ല ഈ തീരങ്ങള്‍ നിറയ്ക്കുന്ന മധുചഷകം. കാരണം, ഇന്ന് മാത്രമാണ് ഇവര്‍ക്ക് യാഥാര്‍ഥ്യം, നാളെ എന്നത് ആരോ പറഞ്ഞറിഞ്ഞ സങ്കല്‍പം മാത്രം.

 

 

 

Travel Info: Goa

 

Location: Goa is India's smallest state by area Located in South West India in the region known as the Konkan, it is bounded by the state of Maharashtra to the north, and by Karnataka to the east and south, while the Arabian Sea forms its western coast.


How to reach
By Air:
Dabolim Airport, 30 kms from the state capital Panaji. All the major airline services have daily flights to Goa from Bangalore, Delhi, Mumbai and Pune and twice a week from Chennai and Kochi.
By Rail: Madgaon (33)The Konkan Railway makes Goa easily accessible by rail from cities like Delhi, Mumbai, Ahmedabad, Rajkot, Mangalore, Ernakulam, Thiruvanthapuram. Goa is also linked to Bangalore, Chennai, Hyderabad and Pune via Londa.
By Road: The Kadamba Transport Corporation runs long distance services throughout the state from their main stands at Panjim, Mapusa and Madgaon and from locations in the adjoining states of Maharashtra and Karnataka. Madgaon-Panaji (33km).

Contact
Airport Facilitation Counter:
0832 2540031, 2540829
Police Control Room, Panjim: 2428400
Railway Inquiry:+91-832-2235054
Airport (Dabolim): +91-832-2512788.
Dept of Tourism : +91-832-2438750/51/52

Stay
Panaji Residency, Ph:2223396,2433974,2227103
Mapusa Residency, Ph:2262794,2262694.
Calangute Residency, Ph: 2276109, 2276024, 2914076.
Farmagudi Residency, Ph:2335122,2335037.