മഞ്ഞിന്റെ നിത്യപരിരംഭണത്തില്‍ മയങ്ങുന്ന കിര്‍ക്കിനെസിലെ ആകാശക്കാഴ്ച്ചകള്‍, അത്ഭുതങ്ങള്‍

ഒടുവില്‍ ഞാന്‍ എന്റെ ലക്ഷ്യസ്ഥാനത്തേക്ക് എത്തുകയാണ്. ധ്രുവദീപ്തിയുടെ ഉമ്മറത്തേക്ക്. മനുഷ്യനേത്രങ്ങള്‍കൊണ്ട് കാണാവുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് കാണാന്‍ .

ഞങ്ങളുടെ കപ്പല്‍ കിര്‍ക്കിനസിലെത്തുന്നതായുള്ള അറിയിപ്പ് ലഭിച്ചു. നോര്‍വ്വേ റഷ്യയുമായി പിരിയുന്നത് ഇവിടെവച്ചാണ്. ഹെര്‍ട്ടി ഗ്രുട്ടന്‍ അതിന്റെ യാത്ര ഇവിടെ അവസാനിപ്പിക്കും. ധ്രുവദീപ്തിയില്‍ക്കുളിച്ച് കപ്പല്‍മടങ്ങും. മറക്കാനാവാത്ത കാഴ്ചയെ മനസ്സില്‍ നിക്ഷേപിച്ച് യാത്രികരും.

മഞ്ഞിന്റെ വനം-അങ്ങിനെയൊരു സ്ഥലത്തെപ്പറ്റിപ്പറയാമെങ്കില്‍ അതാണ് കിര്‍ക്കനസ്. സൈബീരിയയെപ്പറ്റിയൊക്കെ നാം കേട്ടിട്ടേയുള്ളൂ. മഞ്ഞിന്റെ നരകത്തിലേക്ക് മനുഷ്യനെ നാടുകടത്തുന്ന കഥകള്‍. കിര്‍ക്കിനസ് കണ്ടാല്‍ സൈബീരിയ നമുക്ക് ഊഹിച്ചെടുക്കാം. അത്രയും ഏകാന്തമാണ് അവിടം.മഞ്ഞില്‍ പുതഞ്ഞുനില്‍ക്കുന്ന ഒരു വീട്ടിലാണ് ഞങ്ങള്‍ താമസിച്ചത്. കോട്ടുകള്‍ക്കുമേല്‍ കോട്ടുകളിട്ട്, രോമത്തൊപ്പി വച്ച് യഥാര്‍ത്ഥ ശൈത്യത്തിനുമുന്നില്‍ ഞങ്ങള്‍ വിറച്ചുനിന്നു. മഞ്ഞുകാറ്റ് എന്നാല്‍ എന്താണ് എന്നറിഞ്ഞു. രാത്രി തീരുന്നത് എപ്പോഴാണ് എന്നും പകല്‍ തുടങ്ങുന്നത് എപ്പോഴാണ് എന്നും അറിയാത്ത അവസ്ഥ. നമ്മള്‍ നമ്മിലേക്ക് ചുരുങ്ങിപ്പോകുന്ന അസഹ്യമായ ഏകാന്തത. സുചിയും മക്കളും ഇല്ലാതെയാണ് ഞാന്‍ ഈ യാത്രക്ക് വന്നിരുന്നതെങ്കിലോ? ആ ഓര്‍മ്മപോലും പേടിപ്പെടുത്തുന്നതാണ്.

ചരിത്രവുമായി ഏറെ തൊട്ടുകിടക്കുന്ന സ്ഥലമാണ് കിര്‍ക്കിനസ്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മ്മന്‍ പട്ടാളത്തിന്റെ റഷ്യന്‍ ബേസ് ഇവിടെയായിരുന്നു. ഇവിടെ നിന്നുകൊണ്ട് അവര്‍ റഷ്യയെ ആക്രമിച്ചു. പിന്നീട് ചെമ്പട റഷ്യയില്‍ നിന്നും ഇങ്ങോട്ട് കയറിവന്നു. ജര്‍മ്മന്‍ പടയെ പുറന്തള്ളി. പോകുന്ന പോക്കില്‍ കണ്ണില്‍ക്കണ്ടതെല്ലാം അവര്‍ അടിച്ചു തകര്‍ത്തു. വളരെ അപൂര്‍വ്വം കെട്ടിടങ്ങള്‍ മാത്രമേ ആ ആക്രമണത്തെ അതിജീവിച്ചുള്ളൂ. അവ ഇന്നും യുദ്ധ സ്മൃതികളാണ്.ആ ഹിമവനത്തില്‍ ഞാനും കുടുംബവും മൂന്ന് ദിവസം താമസിച്ചു. വെറുതെ താമസിക്കുകയല്ല,സത്യം പറഞ്ഞാല്‍ അലഞ്ഞുനടന്നു.'സ്‌നോ മൊബീല്‍' എന്ന മോട്ടോര്‍ സൈക്കിള്‍ യാത്ര മറക്കാനാവാത്തതാണ്. ഹെല്‍മറ്റണിഞ്ഞ് മഞ്ഞ്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒരു മിന്നായം.

ഡോഗ്‌സ് സ്ലെഡ് കിര്‍ക്കിനസില്‍ മാത്രം സാധിക്കുന്ന ഒന്നാണ്. പന്ത്രണ്ട് നായ്ക്കള്‍ വലിക്കുന്ന ഒരു വണ്ടിയിലുള്ള യാത്ര. സാധാരണകാലത്ത് ഓളങ്ങള്‍ ഞൊറിഞ്ഞ് ഒഴുകിയിരുന്ന ഒരു തടാകത്തിനുമുകളിലൂടെയാണ് ഞങ്ങളുടെ ശ്വാനവാഹനം ഓടിക്കൊണ്ടിരുന്നത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ വിസ്മയിച്ചുപോയി. ഇപ്പോള്‍ ആ തടാകം ചില്ലുപ്രതലം പോലെ വെട്ടിത്തിളങ്ങുന്നു. അതിനു മുകളിലൂടെ ഞങ്ങള്‍ കുതിച്ചുപാഞ്ഞു. ഒരുനിമിഷം ഞാന്‍ ഒരു എസ്‌കിമോ ആയി.

ഒടുവില്‍ രാത്രിയാണ് ഞങ്ങള്‍ ആ കാഴ്ചക്ക് സാക്ഷിയായത്. വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്നു. പെട്ടന്ന് ആകാശത്ത് ഒരു വെളിച്ചം പരന്നു. സെര്‍ച്ച് ലൈറ്റുപോലെ. ചിലപ്പോള്‍ മഴവില്ലുപോലെ. അരികുകളില്‍ പച്ച നിറം പുരട്ടിയ പ്രകാശപ്രളയം. കാത്തുകാത്തിരുന്ന ധ്രുവദീപ്തി.

സൂര്യപ്രകാശത്തിലെ വൈദ്യുതീകൃതകണികകള്‍ ആണ് ധ്രുവദീപ്തിക്ക് കാരണം എന്ന് ശാസ്ത്രം പറയുന്നു. പച്ചകലര്‍ന്ന വെള്ള, മഞ്ഞ, ചുകപ്പ് തുടങ്ങിയ പല നിറങ്ങളില്‍ ധ്രുവദീപ്തി തെളിയാറുണ്ട്. ആകാശത്ത് അപൂര്‍വ്വമായ ആ പ്രകശം തെളിയുമ്പോള്‍ ഒരുതവണ ഞാന്‍ എന്റെ കുടുംബത്തിന്റെ മുഖത്തുനോക്കി. ആ ദിവ്യദീപ്തിയില്‍ സുചിയുടെയും അപ്പുവിന്റെയും മായയുടെയും മുഖം. ആ ചന്തമാണോ ധ്രുവദീപ്തിയാണോ കൂടുതല്‍ ചേതോഹരം? അറിയില്ല. രണ്ടും ഇപ്പോഴും എന്റെ മനസ്സിലുണ്ട്, മായാതെ.