Dubrovnik Daze


'Non bene pro toto libertas venditur auro' (Freedom is not sold for all the gold in the world) -inscription at the etnrance to the fortress Lovrijenac in Dubrovnik


A diadem on the adriatic coast, invasions have left their inedible marks on this history-pocked port


ആഡ്രിയാറ്റിക്കിലെ കാറ്റേറ്റുറങ്ങുന്ന പൗരാണിക നഗരത്തിലൂടെ

എത്ര സ്വര്‍ണം കൊടുത്താലും കിട്ടാത്തതാണ് ഡുബ്രോവ്‌നിക്കിന്റെ ഹൃദയം. ആഡ്രിയാറ്റിക് കടലിലൂടെ കടന്നു പോകുന്ന എല്ലാ നാവികരും കപ്പിത്താന്മാരും കടല്‍ക്കൊള്ളക്കാരും അങ്ങിനെ വിശ്വസിച്ചു. ഡുബ്രോവ്‌നിക്ക് തീരത്തെ കോട്ടയില്‍ നഗരവാസികള്‍ അതെഴുതി വെക്കുകയും ചെയ്തു. സഞ്ചാരികള്‍ക്കല്ലാതെ, കീഴടക്കാന്‍ വരുന്നവര്‍ക്ക് ഇവിടേക്കു പ്രവേശനമില്ല.

കടലോരത്തെ പാറയില്‍ പുരാതനമായ പള്ളിയുടെ മണിഗോപുരം നിന്നു. അനുഗ്രഹത്തിനായുയര്‍ത്തിയ കൈ പോലെ. ആഡ്രിയാറ്റിക്കിലൂടെ കടന്നു പോകുന്ന എല്ലാ കപ്പലുകളും പള്ളിക്കു മുന്നിലെത്തിയപ്പോള്‍ സൈറന്‍ മുഴക്കി. അപ്പോള്‍ മറുപടിയായി പള്ളി മണികള്‍ നിറുത്താതെ മുഴങ്ങി. ഈ പള്ളിമണികള്‍ കേള്‍ക്കാതെ ഒരു കപ്പലും മുന്നോട്ടു നീങ്ങിയിട്ടില്ല. മണിമേടയില്‍ നിറുത്താതെ മണിയടിക്കുന്നത് അന്നും ഇന്നും കന്യാസ്ത്രീകളാണ്. സമുദ്രത്തിലെ മാലാഖമാരെപ്പോലെ അവരെന്നും കപ്പലുകളെ പ്രാര്‍ഥനകളാല്‍ കാത്തു. അപകടം കൂടാതെ ആഡ്രിയാറ്റിക്ക് കടക്കാന്‍ ഡുബ്രോവ്‌നിക്കിലെ പള്ളിമണികള്‍ക്കു മാത്രമേ സഹായിക്കാനാവൂ എന്ന് ഇന്നും നാവികര്‍ വിശ്വസിക്കുന്നു. ഇതിലേ കടന്നു പോകുന്ന എല്ലാ കപ്പലുകളും സൈറന്‍ മുഴക്കിക്കൊണ്ട് ആ വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.ക്രൊയേഷ്യന്‍ ടൂറിസ്റ്റ് ഭൂപടത്തിലെ പൊന്‍തൂവലാണ് ഡുബ്രോവ്‌നിക്. മെഡിറ്ററേനിയന്‍ മേഖലയിലെ സുന്ദരമായ ഒരു പൗരാണിക തുറമുഖനഗരം. മധ്യകാലത്തെ കടല്‍ വ്യാപാരത്തിന്റെ ഹൃദയകേന്ദ്രം. ആഡ്രിയാറ്റിക് കടലില്‍ വെനീസിനെ വെല്ലുവിളിക്കാന്‍ ഒരു കാലത്ത് ഈ നഗരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 15, 16 നൂറ്റാണ്ടുകളില്‍ ഒരു സ്വതന്ത്ര പ്രവിശ്യയായി നിലനില്‍ക്കാനും വളരാനും സമുദ്രവ്യാപാരം അതിനു കരുത്തു നല്‍കി. ഓട്ടോമാന്‍ തുര്‍ക്കിയും വെനീസും മാറി മാറി കീഴടക്കിയെങ്കിലും അതു തകര്‍ന്നില്ല. ഇന്ന് രാഷ്ട്രീയമായി ക്രൊയേഷ്യയുടെ ഭാഗമാണെങ്കിലും ഡുബ്രോവ്‌നിക്ക് സ്വതന്ത്ര പ്രവിശ്യയാണ്. കാലത്തെയും പടയോട്ടങ്ങളെയും അധിനിവേശശ്രമങ്ങളെയും തോല്‍പ്പിച്ച് അതു നിലനില്‍ക്കുന്നു, എത്ര സ്വര്‍ണം കൊടുത്താലും വാങ്ങാന്‍ കിട്ടാത്ത മനക്കരുത്തിന്റെ ബലത്തില്‍.

ഇന്നും ഒരദ്ഭുതനഗരമാണ് ഇത്. നിഗൂഢവും വിചിത്രവുമായ ഒരു പൗരാണികതയും പ്രാക്തനസൗന്ദര്യവും ഇതിനെ ചൂഴ്ന്നു നില്‍ക്കുന്നു. കടും നീലനിറമുള്ള മനോഹരമായ ആകാശവും ടെറാകോട്ടയും മഞ്ഞയും നിറങ്ങള്‍ വാരിപ്പൂശിയ വീടുകളും സ്തൂപാഗ്രങ്ങളോടുകൂടിയ കെട്ടിടങ്ങളുടെ നീണ്ട നിരയും ഡുബ്രോവ്‌നിക്കിന്റെ സ്‌കൈസ്‌കേപ്പിനെ മറ്റൊരനുഭവമാക്കുന്നു. അമ്പരപ്പിക്കുന്ന നിര്‍മാണചാതുരിയാണ് ഇതിന്റെ മുഖമുദ്ര. നഗരത്തിലെ മൊണാസ്ട്രികളും ചര്‍ച്ചുകളും മ്യൂസിയങ്ങളും ജലധാരകളും അപൂര്‍വഭംഗിയുള്ള നിര്‍മിതികളാണ്. ലോകത്തെ മിക്ക ധനികര്‍ക്കും ഇവിടെ വസതികളുണ്ട്. ജോര്‍ജ് ബെര്‍ണാഡ് ഷാ തൊട്ട് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ വരെയുള്ളവര്‍ ഡുബ്രോവ്‌നിക്കിന്റെ ആരാധകരാണ്. (മാര്‍പാപ്പ ഡുബ്രോവ്‌നിക്കിന്റെ ഓണററി പൗരത്വം സ്വീകരിച്ച വ്യക്തി കൂടിയാണ്).പഴയ കാലത്തെ തുറമുഖ നഗരങ്ങളെ ഓര്‍മിപ്പിക്കുന്ന കല്ലു പാകിയ പട്ടണം -ഓള്‍ഡ് ടൗണ്‍- ആണ് ഡുബ്രോവ്‌നിക്കിലെ പ്രധാന കാഴ്ച. മധ്യകാലഘട്ടത്തിലെ ഏതോ നഗരത്തില്‍ എത്തിയ്പ്രതീതി. ഇടുങ്ങിയ തെരുവുകളും സത്രങ്ങളും വ്യാപാരശാലകളും. കടലോര വിഭവങ്ങളും മദ്യവും നാവികരും കപ്പല്‍ തൊഴിലാളികളും സഞ്ചാരികളും നിറഞ്ഞൊഴുകുന്ന തെരുവുകള്‍. പാതയോരത്തെ റെസ്‌റ്റോറന്റുകള്‍. വീഞ്ഞുകടകള്‍. കടലോരം നിറയെ ബോട്ടുകള്‍. എങ്ങും സഞ്ചാരികള്‍. ഓള്‍ഡ് ടൗണിന്റെ മതിലുകള്‍ക്കകത്ത് വാഹനമില്ല, നടന്നു തന്നെ കാണണം. ഒറ്റ നോട്ടത്തില്‍ ചുറ്റിക്കാണാന്‍ വിഷമമുള്ളതായി തോന്നും. എന്നാല്‍ വിശദമായ സൈന്‍ ബോര്‍ഡുകള്‍ മിക്ക തെരുവുകളുടെയും തുടക്കത്തില്‍ കാണാം. നിറങ്ങളണിഞ്ഞ കെട്ടിടങ്ങളും വൃത്തിയുള്ള നടപ്പാതകളും പഴയ കടകളുമുള്ള ഓള്‍ഡ് ടൗണ്‍ അപൂര്‍വമായ ഒരു പൈതൃകവീഥി തന്നെ. അവിടത്തെ കല്ലു പാകിയ പാതകള്‍ പോലും ഒരപൂര്‍വ കാഴ്ചയാണ്. നൂറ്റാണ്ടുകളായി സഞ്ചാരികള്‍ നടന്നു നടന്ന് അതു കണ്ണാടി പോലെ മിനുസപ്പെട്ടിരിക്കുന്നു. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ വഴുക്കി വീഴാം.

ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗരിബില്‍ നിന്നാണ് ഞങ്ങള്‍ ഡുബ്രോവ്‌നിക്കിലേക്കു പുറപ്പെട്ടത്. ഒരു മണിക്കൂര്‍ വിമാനയാത്രയുണ്ട് ഇവിടേയ്ക്ക്. വിമാനത്താവളത്തില്‍ ഞങ്ങളെ കാത്ത് ഡ്രൈവര്‍ ബെഞ്ചമിന്‍ നിന്നിരുന്നു. ചുറുചുറുക്കുള്ള ഒരു യുവാവ്. അയാളൊരു ഫുട്‌ബോള്‍ താരം കൂടിയായിരുന്നു. ആഴ്ചയിലൊരു ദിവസം അയാള്‍ അവിടു ത്തെ ഒരു ക്ലബ്ബിനു വേണ്ടി പന്തു കളിക്കാന്‍ പോകും. എന്നാല്‍ യൂറോപ്പിലെ മറ്റു പ്രദേശങ്ങള്‍ പോലെ ഫുട്‌ബോള്‍ ഏറെ വികസിച്ച പ്രദേശമല്ല ഡുബ്രോവ്‌നിക്ക്. അതു കൊണ്ടു മാത്രം ജീവിക്കാനും പറ്റില്ല. നൂറു കുനയാണ് (ഏതാണ്ട് 700 രൂപ) ഒരു ദിവസം കളിച്ചാല്‍ കിട്ടുക. എല്ലാ ആഴ്ചയും കളി ഉണ്ടാവില്ല. ടീമില്‍ ഇടം കിട്ടാനും പ്രയാസം. വണ്ടി ഓടിച്ചും ടൂറിസ്റ്റ് ഗൈഡായും ജീവിക്കാനുള്ള വഴി കണ്ടെത്തുന്നു. അയാള്‍ പറഞ്ഞു.

ഇവിടെ ഫുട്‌ബോള്‍ വ്യാപകമായി ഉണ്ടോ? ഞാന്‍ ചോദിച്ചു. ഉണ്ട് സാര്‍, കളി വെള്ളത്തിലാണെന്നു മാത്രം. സഹജമായ നര്‍മത്തോടെ, ഉറക്കെ ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു. അതു തമാശയായിരുന്നില്ല. ഡുബ്രോവ്‌നിക്കില്‍ ഫുട്‌ബോളിനേക്കാള്‍ വലിയ ഗെയിം വാട്ടര്‍ പോളോ ആണ്. ഡുബ്രോവ്‌നിക്കിന്റെ ദേശീയ ഗെയിം അതാണ്. നിലവില്‍ വാട്ടര്‍പോളോയില്‍ ലോകചാമ്പ്യന്മാരുമാണ് ക്രൊയേഷ്യ. എങ്കിലും ഫുട്‌ബോളിനെ വലിയ ഇഷ്ടമാണ് അവര്‍ക്ക്. ടിവിയില്‍ എല്ലാ കളികളും കാണും. സ്‌കൂളുകളില്‍ ടീമൊക്കെ ഉണ്ട്. ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങള്‍ക്കൊക്കെ വലിയ വീറും വാശിയുമാണ്.മനോഹരമായ വഴികളിലൂടെയാണ് ഡുബ്രോവ്‌നിക്കിലേക്കുള്ള യാത്ര. ഒരു വശത്ത് കടല്‍. മറുവശത്ത് കൂറ്റന്‍ മല. വീതിയില്ലാത്ത പാത. ഇതിലൂടെ ഡ്രൈവ് ചെയ്യാന്‍ തോന്നുന്നുവെന്നു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. ഡുബ്രോവ്‌നിക്ക് നടന്നു കാണാനുള്ള നഗരമാണ്, ഡ്രൈവര്‍മാര്‍ക്കുള്ളതല്ല. അവിടെ ഡ്രൈവിങ് ഒരു സാഹസമാണ്. ഒന്നാമത്തെ കാര്യം കടലിലേക്കു തുറക്കുന്ന വലിയൊരു മലയുടെ പള്ളയിലാണ് ഈ പട്ടണം. വഴികള്‍ അപകടകരം. വഴിയുടെ ഒരു ഭാഗം കടലിലേക്കു തൂങ്ങി നില്‍ക്കുന്നതാണ്. രണ്ടാമത് പാരമ്പര്യമായി ആടുകള്‍ക്കും കഴുതകള്‍ക്കും കുതിരകള്‍ക്കും സഞ്ചരിക്കാനുള്ളതാണ് ഇവിടുത്തെ ചെറിയ നടവഴികള്‍. വാഹനങ്ങള്‍ക്കു പോകാന്‍ വീതിയില്ല. കാലാവസ്ഥയും ഡ്രൈവര്‍മാര്‍ക്ക് പ്രതികൂലമാണ്. പകല്‍ പോലും ഹെഡ്‌ലൈറ്റിട്ടേ വാഹനങ്ങള്‍ സഞ്ചരിക്കാവൂ എന്നു നിയമമുള്ള നഗരമാണ് ഡുബ്രോവ്‌നിക്ക്. പലപ്പോഴും എതിരെ വരുന്ന വണ്ടി കാണാതെ പോകും. മറ്റൊന്നു കൂടി അയാള്‍ പറഞ്ഞു. ഇപ്പോള്‍ ജര്‍മനിയിലുള്ളതിനേക്കാള്‍ മേഴ്‌സിഡസ് ബെന്‍സുകള്‍ ഡുബ്രോവ്‌നിക്കിലുണ്ട്. കാറുകളുടെ എണ്ണം ദിനം പ്രതി പെരുകുകയാണ്. എന്നാല്‍ വീടുകള്‍ക്കൊന്നും കാര്‍ പോര്‍ച്ചില്ല. എല്ലാവരും ഈ ഇടുങ്ങിയ വഴിയില്‍ തന്നെയാണ് കാര്‍ പാര്‍ക്ക് ചെയ്യുന്നത്. 1991ലെ യുദ്ധത്തിനു ശേഷമാണ് ഇങ്ങിനെ കാറുകള്‍ പെരുകിയതെന്ന് തമാശ കലര്‍ന്ന ഒരു പരിഹാസത്തോടെ അയാള്‍ പറഞ്ഞു. യുദ്ധം ചിലരെ ധനികരും ചിലരെ കൂടുതല്‍ ദരിദ്രരുമാക്കും.

തുടര്‍ന്നുള്ള ദിവസങ്ങളിലും വ്യത്യസ്തമായ ഒരുപാട് അനുഭവങ്ങളിലൂടെ അയാള്‍ ഞങ്ങളെ നയിച്ചു. സഹജമായ ഒരു നര്‍മം അയാള്‍ പുലര്‍ത്തിയിരുന്നു. ലാസറേറ്റി ക്വാറന്റൈന്‍ ഹോസ്പിറ്റലിലേക്കു പോകുമ്പോള്‍ നൈറ്റ്ക്ലബ്ബുള്ള ആസ്പത്രി കാണിച്ചു തരാം എന്നാണ് അയാള്‍ പറഞ്ഞത്. പണ്ടു കാലത്ത് കടല്‍ വഴി വരുന്ന പകര്‍ച്ചവ്യാധിക്കാരെ പാര്‍പ്പിച്ചു ചികിത്സിച്ചിരുന്ന സ്ഥലമാണിത്. ഇന്നത് സംഗീതമേളകള്‍, ശില്‍പ്പശാലകള്‍, പ്രദര്‍ശനങ്ങള്‍, തീയേറ്ററുകള്‍, നൈറ്റ് ക്ലബ്ബുകള്‍, സാഹിത്യക്യാമ്പുകള്‍, ഗ്യാലറികള്‍, തുടങ്ങി നിരവധി ഏര്‍പ്പാടുകളുള്ള ഒരു സാസ്‌കാരികകേന്ദ്രം കൂടിയാണ്. മറ്റൊരിക്കല്‍ അയാള്‍ പറഞ്ഞു. ഒരു ദുഷ്‌പേര് ഡുബ്രോവ്‌നിക്കിനുണ്ട്. മൂട്ടകളുള്ള നഗരം. ഹൈഡ്രോ കോര്‍ടിസോണ്‍ കരുതിക്കോളൂ എന്ന ഉപദേശമാണ് മിക്ക ടൂറിസ്റ്റുകള്‍ക്കും പലരും നല്‍കാറുള്ളത്. എന്നാല്‍ ക്രൊയേഷ്യയില്‍ ആകെയുള്ള 23 ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ 13ഉം ഡുബ്രോവ്‌നിക്കിലാണ്. ഫൈവ്സ്റ്റാര്‍ മൂട്ടകടി കൊള്ളാന്‍ ഇവിടെ തന്നെ വരണം. അതു പറഞ്ഞ് അയാള്‍ ഉറക്കെ ചിരിച്ചു.കടലാക്രമണങ്ങളില്‍ നിന്നും പട്ടണത്തെ രക്ഷിക്കാന്‍ കെട്ടിയ വലിയൊരു കോട്ടമതിലുണ്ട് ഇവിടെ. 'സിറ്റി വാള്‍'. അതിനു മുകളിലൂടെയുള്ള സവാരിയാണ് ഡുബ്രോവ്‌നിക്കിലെ പ്രധാന ആകര്‍ഷണം. നഗരത്തെ ചുറ്റി കിടക്കുന്ന കോട്ടമതിലിനു മുകളില്‍ ഒരു പാടു മ്യൂസിയങ്ങളുമുണ്ട്. ഇതും നടന്നു തന്നെ തീര്‍ക്കണം. അതിരാവിലെയോ വൈകീട്ടോ മാത്രമേ ഈ നടത്തം സാധിക്കൂ. കോട്ടമതിലില്‍ നിന്നു കടല്‍ക്കരയിലേക്കുള്ള കാഴ്ച മനോഹരം തന്നെയാണ്. റൊളാണ്ട് ധ്വജസ്തംഭം, മണി ഗോപുരം, സ്‌പോണ്‍സ പ്ലാസ, റെക്ടറുടെ കൊട്ടാരം, ഓള്‍ഡ് ടൗണിലേക്കുള്ള പ്രവേശനകവാടമായ പൈല്‍ ഗേറ്റ്, ബിഗ് ഓണോഫിറോ ജലധാര, പഴയ തുറമുഖം, കടലില്‍ 37 മീറ്റര്‍ ഉയരമുള്ള പാറമേല്‍ പണിത ലോവ്‌റിയനാക് കോട്ട, മനോഹരമായ അക്വേറിയം, 5റ തീയേറ്റര്‍, ക്രൊയേഷ്യന്‍ യുദ്ധചിത്രങ്ങളുടെ കലവറയായ വാര്‍ ഫോട്ടോ മ്യൂസിയം തുടങ്ങി ഓള്‍ഡ് ടൗണില്‍ കാഴ്ചകളേറെയാണ്. ഒരു ദിവസം പോരാ ഇതൊന്നും കണ്ടുതീരാന്‍.

പുരാതനമായ 22 പള്ളികളും മഠങ്ങളും 15 മ്യൂസിയങ്ങളും 27 സ്മാരകങ്ങളും ഈ പഴയ പട്ടണത്തിലുണ്ട്. രണ്ടു സുന്ദരമായ ബീച്ചുകള്‍ നഗരത്തെ വലയം ചെയ്തു കിടക്കുന്നു. ഇവിടെ സദാ സഞ്ചാരികള്‍ ആഡ്രിയാറ്റിക് കടലില്‍ നീന്തിത്തുടിക്കുന്നു. ക്ലിഫ് ജമ്പിങ്ങിനും യോട്ടിങ്ങിനും കടലോരത്ത് സൗകര്യമുണ്ട്. ഓടിപ്പോയി വരാനുള്ള സ്ഥലമല്ല ഡുബ്രോവ്‌നിക്ക്. അലസമായി നടക്കാനും ആസ്വദിച്ചു കാണാനുമുള്ളതാണ്. നഗരം മുഴുവന്‍ ഒറ്റയടിക്കു കാണണമെങ്കില്‍ മധ്യത്തിലുള്ള മൗണ്ട് സര്‍ദില്‍ കയറിയാല്‍ മതി. മലമുകളിലേക്കു വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയിലൂടെ നടന്നു കയറാം. പത്തിരുനൂറു പടികളുണ്ട്. കൂടെയുള്ള പ്രമോദ് പല വട്ടം പലയിടത്തും ഇരുന്നാണ് കയറ്റം പൂര്‍ത്തിയാക്കിയത്. ഈയിടെയായി ഇവിടെ കേബിള്‍ കാര്‍ സര്‍വീസും തുടങ്ങിയിട്ടുണ്ട്. നഗരക്കാഴ്ചയെ അതു വ്യത്യസ്തമായ അനുഭവമാക്കുന്നു.തെരുവോരത്തെ റെസ്‌റ്റോറന്റുകളില്‍ പല പല രുചികളില്‍ ഭക്ഷണം കിട്ടും. സീഫുഡാണ് പ്രധാനം. അപ്പോള്‍ പിടിച്ച മീന്‍ വെച്ചു കൊടുക്കുന്ന കടകളുമുണ്ട്. കടലില്‍ നിന്നു കൊണ്ടുവന്ന് അകത്തു വളര്‍ത്തുന്ന മീനുകളില്‍ നിന്ന് ഏതു വേണമെന്നു കാണിച്ചു കൊടുത്താല്‍ മതി. വെജിറ്റേറിയന്‍ ആവശ്യപ്പെട്ട എന്നോട് മത്സ്യം കഴിക്കുമോ എന്ന് സപ്ലയര്‍ ആരാഞ്ഞു. അയാള്‍ ഇന്ത്യയിലൊക്കെ വന്നിട്ടുണ്ടെന്നും എല്ലാവരും മത്സ്യപ്രിയരാണെന്നു തനിക്കറിയാമെന്നും അയാള്‍ പറഞ്ഞു. പ്രമോദ് മത്സ്യപ്രിയനാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ സന്തോഷത്തോടെ അകത്തേക്കു കൊണ്ടുപോയി. പല തരം മീനുകള്‍ അവിടെയുണ്ട്. നമ്മുടെ നാട്ടില്‍ കാണാത്ത തരമാണ് പലതും. മുരു, ടൈഗര്‍പ്രോണ്‍സ് തുടങ്ങി എവിടെയും കിട്ടുന്ന മീനുകളും ഉണ്ട്. പ്രമോദിനു വേണ്ടി അയാള്‍ അവസാനം വലിയൊരു ലോബ്‌സ്റ്റര്‍ തിരഞ്ഞെടുത്തു. ഡുബ്രോവ്‌നിക്ക് സ്‌റ്റൈലില്‍ പാചകം ചെയ്ത ഒരു 'ബേക്ക്ഡ് ലോബ്‌സ്റ്റ'റായിരുന്നു അന്നത്തെ പ്രമോദിന്റെ അത്താഴം.

കടലിനു മുകളിലേക്കു തള്ളിനില്‍ക്കുന്ന ഒരു ഹോട്ടലിലാണ് ഞങ്ങള്‍ താമസിച്ചത്. ജനല്‍ തുറന്നാല്‍ താഴെ കപ്പലും ബോട്ടുമൊക്കെ പോവുന്നതു കാണാം. കടലില്‍ നിരവധി ചെറുദ്വീപുകളുണ്ട്. അതിലേക്കൊക്കെ ടൂറിസ്റ്റ് സര്‍വീസുകളുമുണ്ട്. സഞ്ചാരികള്‍ക്കു ചുറ്റിക്കാണാന്‍ അത്തരം നിരവധി സ്ഥലങ്ങള്‍ ഡുബ്രോവ്‌നിക്കിലും പരിസരത്തുമുണ്ട്. ഈലാഫിറ്റി ജലപാതം, മനോഹരമായ കാവ്റ്റാറ്റ് നഗരം, കോണ്‍വാലി താഴ്‌വര, മിയേറ്റ് ദ്വീപ്, ക്രോക്യൂല ദ്വീപ്, സ്റ്റോണ്‍-പ്ലേയിസാക് സമുദ്രമുനമ്പുകള്‍ തുടങ്ങി കണ്ടാലും മതിവരാത്ത കാഴ്ചകളുടെ പരിസരം ഡുബ്രോവ്‌നിക്കിനെ ചൂഴ്ന്നു നില്‍ക്കുന്നു. തൊട്ടടുത്ത രാജ്യമായ മോണ്ടിനെഗ്രോയിലെ കൊടോര്‍-പെരാസ്ത് ഇരട്ട നഗരങ്ങളും മോസ്തര്‍ നഗരവും കൈയെത്തും ദൂരത്താണ്.ഓള്‍ഡ് ടൗണിലെ കാല്‍നടസവാരി തന്നെയാണ് ഡുബ്രോവ്‌നിക്ക് സമ്മാനിക്കുന്ന ഏറ്റവും അവിസ്മരണീയമായ അനുഭവം. തെരുവിലൂടെ നടന്നു കൊണ്ടിരിക്കെ താഴെ പാതയിലും ചില വീടുകളുടെ കരിങ്കല്‍ ചുമരിലും വലിയ ചില തുളകള്‍ ഞങ്ങള്‍ കണ്ടു. അതെന്താണെന്നു ഞാന്‍ ബെഞ്ചമിനോടു ചോദിച്ചു. നൂറ്റാണ്ടുകള്‍ താണ്ടിയ ഈ പട്ടണത്തില്‍ ആദ്യമായി വീണ ബോംബിന്റെ അടയാളങ്ങളാണവ. അയാള്‍ പറഞ്ഞു. വലിയ യുദ്ധങ്ങളൊന്നും നേരിട്ടിട്ടില്ലാത്ത ഡുബ്രോവ്‌നിക്കില്‍ 1991 മുതല്‍ 95 വരെ നടന്ന ക്രൊയേഷ്യന്‍ യുദ്ധകാലത്താണ് ആദ്യമായി ബോംബിങ് ഉണ്ടായത്. ആ പരിക്കുകള്‍ മായ്ക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. കാരണം പാതയും വീടുകളും കരിങ്കല്ലില്‍ തീര്‍ത്തതാണ്. അതില്‍ വീണ തുളകള്‍ എളുപ്പം മായ്ക്കാനാവില്ല. എത്രയോ പടയോട്ടങ്ങള്‍ ഇതു വഴിയേ കടന്നു പോയിട്ടുണ്ട്. എന്നാല്‍ ആരും ഈ പട്ടണത്തെ ആക്രമിച്ചിട്ടില്ല. ആധുനിക കാലത്തെ മനുഷ്യന്‍ പക്ഷെ അതിനും മടിച്ചില്ല. ആഴ്ചകള്‍ നീണ്ട ബോംബിങ്ങാണ് സെര്‍ബുകള്‍ ഈ നഗരത്തിനു മേല്‍ നടത്തിയത്. കാലത്തിനു പോലും മായ്ക്കാനാവാത്ത പരിക്കുകള്‍ സമ്മാനിച്ച് യുദ്ധം അവസാനിച്ചപ്പോള്‍ ഈ സുന്ദരനഗരം കടലിനു മേല്‍ കമഴ്ത്തിയ അരിപ്പ പോലെയായി. അതിനു ശേഷമാണ് യു.എന്‍ ഈ നഗരത്തെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചത്. സ്വന്തം പൈതൃകം തിരിച്ചറിയാനാവാത്ത ജനതക്ക് അതിന്റെ അര്‍ഥം മനസ്സിലായിട്ടുണ്ടോ ആവോ!

ഓള്‍ഡ് ടൗണില്‍ നിന്നു പുറത്തു കടന്നപ്പോള്‍ താഴെ കടലില്‍ ഒരു കപ്പല്‍ നിറുത്താതെ സൈറന്‍ മുഴക്കിക്കൊണ്ട് കടന്നു പോകാന്‍ അനുവാദം ചോദിക്കുന്നു. കടല്‍വിളുമ്പിലെ പാറയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മണിഗോപുരത്തില്‍ നിന്ന് നിറുത്താതെ മണിനാദം മുഴങ്ങുന്നു. റോഡില്‍ പക്ഷെ നീണ്ട ട്രാഫിക്ക് ജാം. കാറുകള്‍ നിറുത്താതെ ഹോണടിക്കുന്നു. രണ്ടു കാലങ്ങള്‍ക്കിടയ്ക്കു പെട്ടു പോയ വിചിത്രമായ ഈ അനുഭവമാണ് ഡുബ്രോവ്‌നിക്ക് ഒരു സഞ്ചാരിയില്‍ അവശേഷിപ്പിക്കുന്നത്. ചരിത്രം കപ്പലോട്ടങ്ങള്‍ നടത്തിയ പഴയ പട്ടണത്തില്‍ കാലം നിശ്ചലമായി നില്‍ക്കുമ്പോള്‍ പുറത്തു വാഹനങ്ങളും കെട്ടിടങ്ങളും നിറഞ്ഞ പുതിയൊരു നഗരം വളര്‍ന്നു കൊണ്ടിരിക്കുന്നു.


Travel Info


Dubrovnik


Dubrovnik is a city on the Adriatic Sea coast of Croatia, positioned at the terminal end of the Isthmus of Dubrovnik. It is one of the most prominent tourist destinations on the Adriatic, a seaport and the centre of Dubrovnik-Neretva county. The city of Dubrovnik joined the UNESCO list of World Heritage Sites. Dubrovnik is 624 km away from Zagrab, the capital of Croatia.

Website:http://www.tzdubrovnik.hr